Ticker

6/recent/ticker-posts

Header Ads Widget

ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫിന് മേൽക്കൈ

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിയ മേല്‍ക്കൈ. അതേസമയം, തൃപ്പൂണിത്തുറ നഗരസഭയിലെ രണ്ടുവാർഡുകളില്‍ ഇടതുസീറ്റുകള്‍ പിടിച്ചെടുത്ത് ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണി ഭരിക്കുന്ന കൊല്ലം ജില്ലയിലെ വെളിനല്ലൂർ പഞ്ചായത്തില്‍ ഭരണമാറ്റത്തിനും കളമൊരുങ്ങി.

സംസ്ഥാനത്തെ 42 തദ്ദേശസ്ഥാപനങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഫലം പുറത്തുവരുമ്പോള്‍ ഇടതുമുന്നണിക്കാണ് ഒരുപോലെ നേട്ടവും കോട്ടവും. കൂടുതല്‍ വാർഡുകളില്‍ ഇടതുമുന്നണി സ്ഥാനാർത്ഥികള്‍ വിജയിച്ചെങ്കിലും പലയിടത്തും നടന്ന അട്ടിമറികള്‍ ഇടതുമുന്നണിക്ക് തിരിച്ചടിയായി. അതിലേറ്റവും പ്രധാനം, തൃപ്പൂണിത്തുറ നഗരസഭയിലെ തെരഞ്ഞെടുപ്പ് ഫലമാണ്. തെരഞ്ഞെടുപ്പ് നടന്ന രണ്ടുവാർഡുകളില്‍ ബിജെപി അട്ടിമറി വിജയം നേടി. ഇടതുമുന്നണിയുടെ നിർണായകമായ രണ്ടുസീറ്റുകള്‍ ബിജെപി പിടിച്ചെടുത്തതോടെ, തൃപ്പൂണിത്തുറ നഗരസഭയില്‍ എല്‍ ഡി എഫിന്‍റെ കേവലഭൂരിപക്ഷം നഷ്ടമായി.

കൊല്ലം ജില്ലയിലെ രണ്ടു പഞ്ചായത്തുകളില്‍ ഭരണമാറ്റത്തിന് കളമൊരുങ്ങി. എല്‍ ഡി എഫ് ഭരിക്കുന്ന വെളിനല്ലൂർ പഞ്ചായത്തിലെ മുളയറച്ചാൽ വാർഡ് യുഡിഎഫ് പിടിച്ചെടുത്തതോടെ പഞ്ചായത്തിൽ ഭരണമാറ്റമുണ്ടാകും. ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാർഡ് യുഡിഎഫിൽ നിന്ന് എൽഡിഎഫും പിടിച്ചെടുത്തു. ഇതോടെ യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ഇരുമുന്നണികള്‍ക്കും തുല്യനിലയാണ്. 8 വീതം അംഗങ്ങള്‍. ഇവിടെ ഓരോ അംഗങ്ങള്‍ വീതമുളള എസ് ഡി പി ഐയുടെയും ബിജെപിയുടെയും നിലപാടാകും നിർണായകമാവുക.

കൊച്ചി, കണ്ണൂർ നഗരസഭകളില്‍ മുന്നണികള്‍ സിറ്റിങ് സീറ്റുകള്‍ നിലനിർത്തിയതിനാല്‍ പഴയസ്ഥിതി തുടരും. കണ്ണൂരില്‍ ഏറെ ശ്രദ്ധേയ മത്സരം നടന്ന മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴുപ്പിലങ്ങാട് പഞ്ചായത്ത് ആറാം വാർഡ് ഇടതുമുന്നണി നിലനിർത്തി. നെടുമ്പാശേരി 17–ാം വാർഡില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിജയിച്ചതോടെ, ത്രിശങ്കുവിലായിരുന്ന ഭരണം നിലനിർത്താന്‍ യുഡിഎഫിനായി. തിരുവനന്തപുരത്ത് തെരഞ്ഞെടുപ്പ് നടന്ന നാലുവാർഡുകളില്‍ രണ്ടിടത്ത് വീതം യുഡിഎഫും എല്‍ഡിഎഫും വിജയിച്ചു. പത്തനംതിട്ടയിൽ 3 വാർഡുകളിൽ 2 എണ്ണം എൽഡിഎഫിനും ഒരെണ്ണം യുഡിഎഫിനും ലഭിച്ചു.

മലപ്പുറം ജില്ലയിൽ തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ മൂന്നിൽ രണ്ടിടത്ത് യുഡിഎഫാണ് വിജയിച്ചത്. ഇടുക്കി ജില്ലയിൽ മൂന്ന് തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒരിടത്ത് ബിജെപിയും വിജയിച്ചു. മൂന്ന് ഫലങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ ഭരണത്തെ സ്വാധീനിക്കുന്നതല്ല. തൃശൂർ ജില്ലയിൽ ആറ് തദ്ദേശ വാർഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് മാത്രമാണ് യു.ഡി.എഫിന് വിജയിക്കാനായത്. 12 ജില്ലകളിലായി സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിലേയ്ക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍.ഡി.എഫിന്റെ രണ്ട് സിറ്റിങ് സീറ്റുകള്‍ ബി.ജെ.പി. പിടിച്ചെടുത്തു. ഉപതിരഞ്ഞെടുപ്പ് നടന്ന ഇളമനത്തോപ്പില്‍, പിഷാരികോവില്‍ വാര്‍ഡുകളിലാണ് ബിജെപിയുടെ ജയം. ഇതോടെ നഗരസഭയില്‍ 15 സീറ്റുകളുണ്ടായിരുന്ന ബിജെപി സീറ്റുകളുടെ എണ്ണം 17 ആയി ഉയര്‍ത്തി. എല്‍ഡിഎഫിന്റെ സീറ്റുകള്‍ 25-ല്‍നിന്ന് 23 ആയി.

കൊച്ചി കോര്‍പ്പറേഷനിലെ എറണാകുളം സൗത്ത് വാര്‍ഡ് ബിജെപി നിലനിര്‍ത്തി. 75 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ബിജെപി സ്ഥാനാര്‍ഥി പത്മജ എസ്.മേനോന്‍ യുഡിഎഫ് സ്ഥാനാര്‍ഥി അനിത വാര്യരെ പരാജയപ്പെടുത്തിയത്.

കണ്ണൂര്‍ കോര്‍പ്പറേഷനിലെ കാക്കാട് വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി. കൗലത്ത് വിജയിച്ചു

തിരുവനന്തപുരം ജില്ലയിലെ പൂവാര്‍, കല്ലറ പഞ്ചായത്തുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫിനാണ് ജയം. അതിയന്നൂര്‍, നാവായിക്കുളം എന്നിവിടങ്ങളില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു.

കൊല്ലം ജില്ലയിലെ ശൂരനാട് വടക്ക് പഞ്ചായത്തിലെ സംഗമം വാര്‍ഡ്, ആര്യങ്കാവിലെ കഴുത്തുരുത്തി വാര്‍ഡ്, വെളിയത്തെ ക്ലാപ്പില, പെരിനാട് പഞ്ചായത്തിലെ നന്തിരിക്കല്‍ എന്നീ വാര്‍ഡുകള്‍ എല്‍ഡിഎഫ് നേടി. വെളിനെല്ലൂര്‍ പഞ്ചായത്തിലെ മുളയറച്ചാലില്‍ യുഡിഎഫിനാണ് ജയം.

കോന്നി പഞ്ചായത്തിലെ ചിറ്റൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ അര്‍ച്ചന ബാലന്‍ വിജയിച്ചു.

ഇടുക്കി ഇടമലക്കുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ബിജെപിക്ക് വിജയം. ബിജെപി സ്ഥാനാര്‍ഥി നിമലാവതി കണ്ണന്‍ 54 വോട്ടും എല്‍ഡിഎഫിലെ പാര്‍വ്വതി പരമശിവന്‍ 33 വോട്ടും യുഡിഎഫിലെ രമ്യാ ഗണേശന്‍ 17 വോട്ടും നേടി.

ഇടുക്കി ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡായ വെള്ളാന്താനത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായി മത്സരിച്ച സി.പി.ഐയിലെ ജിന്‍സി സാജന്‍ വിജയിച്ചു. ജിന്‍സി സാജന് 612 വോട്ടും യു.ഡി.ഫിനായി മത്സരിച്ച കോണ്‍ഗ്രസില്‍ നിന്നുള്ള മിനി ബെന്നിക്ക് 381 വോട്ടും, എന്‍.ഡി.എക്കായി മത്സരിച്ച ബി.ജെ.പിയില്‍ നിന്നുള്ള ഷൈനി മോള്‍.കെ.കെയ്ക്ക് 59 വോട്ടുമാണ് ലഭിച്ചത്. ആകെ 1052 വോട്ടാണ് പോള്‍ ചെയ്തത്. വനിതാ സംവരണമായ വാര്‍ഡില്‍ കോണ്‍ഗ്രസിലെ ബിന്ദു സജീവ് പഞ്ചായത്തംഗത്വം രാജി വച്ച് വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

ഇടുക്കി അയ്യപ്പന്‍കോവില്‍ ഗ്രാമ പഞ്ചായത്ത് നാലാം വാര്‍ഡ് ചേമ്പളത്ത് നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഷൈമോള്‍ രാജന്‍ 78 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി.

കൊടുവള്ളി നഗരസഭയിലെ 14-ാം ഡിവിഷന്‍ വാരിക്കുഴിത്താഴം ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ സി സോജിത്ത് 418 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. യു ഡിഎഫ് സ്ഥാനാര്‍ഥി ഹരിദാസന്‍ കുടക്കഴിയിലിന് 115 വോട്ടു. ബിജെപി സ്ഥാനാര്‍ഥി കെ അനില്‍ കുമാറിന് 88 വോട്ടും ലഭിച്ചു.

നെടുമ്പാശ്ശേരി പഞ്ചായത്തിലെ 17-ാം വാര്‍ഡ് അത്താണി ടൗണില്‍ യുഡിഎഫിലെ ജോബി നെല്‍ക്കര വിജയിച്ചു. കുന്നത്തുനാട് പഞ്ചായത്തിലെ വെമ്പിള്ളി വാര്‍ഡില്‍ എല്‍ഡിഎഫിലെ എന്‍.ഒ. ബാബുവിനാണ് ജയം.

മലപ്പുറം ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് യു.ഡി.എഫിനും ഒരു വാര്‍ഡില്‍ എല്‍.ഡി.എഫിനും ജയം. ഉപതിരഞ്ഞെടുപ്പ് നടന്ന കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുടയില്‍ യു.ഡി.എഫും ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പില്‍ യു.ഡി.എഫും വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാടില്‍ എല്‍.ഡി.എഫുമാണ് വിജയിച്ചത്.

കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുട വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ സി.കെ അഹമ്മദ് (ബാപ്പു) 273 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 620 വോട്ടുകളാണ് സി.കെ അഹമ്മദിന് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥിയായ കെ.ടി മുഹമ്മദ് ജുനൈദിന് 347 വോട്ടുകളും ലഭിച്ചു.ആലംകോട് പഞ്ചായത്തിലെ ഉദിനുപറമ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ ശശി പൂക്കെപ്പുറത്ത് 215 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. 600 വോട്ടുകളാണ് ശശി പൂക്കെപ്പുറത്തിന് ലഭിച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ കെ.സി ജയന്തിക്ക് 385 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായ സുബി ചേലാക്കലിന് 17 വോട്ടുമാണ് ലഭിച്ചത്. വള്ളിക്കുന്ന് പഞ്ചായത്തിലെ പരുത്തിക്കാടില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം രാധാകൃഷ്ണന്‍ 280 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചു. പി.എം രാധാകൃഷ്ണന് 808 വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായ മേലയില്‍ വിജയന് 528 വോട്ടും ബി.ജെ.പി സ്ഥാനാര്‍ഥിയായ ലതീഷ് ചുങ്കംപള്ളിക്ക് 182 വോട്ടുകളുമാണ് ലഭിച്ചത്.

Post a Comment

0 Comments