Ticker

6/recent/ticker-posts

Header Ads Widget

പൂര നഗരിയിൽ ആനയിടഞ്ഞു; ഉടൻ തളച്ചു; ആശങ്കയൊഴിഞ്ഞു.

പൂര നഗരിയിൽ ആനയിടഞ്ഞു. മച്ചാട് ധർമൻ എന്ന ആനയാണ് ഇടഞ്ഞത്. ആന അൽപ സമയം പരിഭ്രാന്തി സൃഷ്ടിച്ചുവെങ്കിലും പാപ്പാന്റെ സമയോചിതമായ ഇടപടെലിൽ ആനയെ ശാന്തമാക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല.

എഴുന്നള്ളിപ്പ് വന്ന് മുകളിലേക്ക് കയറുന്ന ഘട്ടത്തിലാണ് ആനയിടഞ്ഞത്. പക്ഷേ കൂട്ടു വിലങ്ങുണ്ടായതിനാൽ വലിയ അപകടങ്ങൾ സംഭവിച്ചില്ല. വിരണ്ട ആന ശ്രീമൂലസ്ഥാനം വഴി വന്നു നിന്നപ്പോഴേക്കും എലിഫന്റ് ടാസ്‌ക് ഫോഴ്‌സും പാപ്പാൻമാരും ചേർന്ന് തോട്ടി ഉപയോഗിച്ച് ആനയെ തളച്ചു.

ഇടഞ്ഞ മച്ചാട് ധർമനെ ഇനി എഴുന്നള്ളിക്കില്ല എന്നാണ് റിപ്പോർട്ട്. അൽപനേരം മാത്രം നീണ്ട് നിന്ന ആശങ്കകൾക്കൊടുവിൽ പൂരം അതിന്റെ ഭംഗിയോടെ തുടരുകയാണ്.

കൊവിഡ് നിയന്ത്രണങ്ങളില്ലാതെയാണ് വിപുലമായാണ് ഇത്തവണ തൃശൂർ പൂരം ചടങ്ങുകൾ നടക്കുന്നത്. കാഴ്ചക്കാരുടെ എണ്ണം കൂടുമെന്ന വിലയിരുത്തലിൽ നഗരത്തില്‍ നാലായിരം പൊലീസുകാരെ വിന്യസിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. നഗരം മുഴുവനും ക്യാമറ നിരീക്ഷണത്തിലാണ്. 

തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്തിലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.

രാവിലെ എട്ട് മണിയോടെ നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങി. എറണാകുളം ശിവകുമാറെന്ന കൊമ്പനാണ് തിടമ്പേറ്റിയത്.
വടക്കുംനാഥക്ഷേത്രത്തിലേക്കുള്ള വഴിയരികിൽ ദേവിയെ കാത്തുനിന്നത് നൂറുകണക്കിനാളുകൾ. വാദ്യഘോഷങ്ങളുടെ അകമ്പടിയിലാണ് നെയ്തലക്കാവ് ഭഗവതി തട്ടകംവിട്ടിറങ്ങിയത്. മണികണ്ഠനാലിൽ എത്തിയത് പതിനൊന്ന് മണിയോടെയാണ്. ​ഗണപതി ക്ഷേത്രത്തിനടുത്തുനിന്നും മേളം തുടങ്ങി.

മേളത്തിന്റെ അകമ്പടിയിൽ മണിക്ഠനാലിൽ നിന്ന് ശ്രീമൂലസ്ഥാനത്തേക്ക്. അവിടെനിന്നും പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലേക്ക്. എല്ലാ കണ്ണുകളും തെക്കേ ഗോപുര നടയിലേക്ക്. എറണാകുളം ശിവകുമാറിന്റെ പുറമേറി നെയ്തലക്കാവ് ഭഗവതി തെക്കേ നടതുറന്നു. ആരവങ്ങളോടെ ദേശം പൂരത്തിന്റെ വിളംബരമറിയിച്ചു. ഈ ആരവത്തെ സാക്ഷിയാക്കി നെയ്തലക്കാവ് ഭഗവതി തെക്കേ ഗോപുരം തുറന്ന് കടന്നുപോയി. തൃശൂർ പൂരലഹരിയിലമർന്നു.

Post a Comment

0 Comments