Ticker

6/recent/ticker-posts

Header Ads Widget

സൗദി അറേബ്യ: ഇന്നത്തെ ചില പ്രധാന വാർത്തകൾ.

🇸🇦വൈദ്യപരിശോധനകൾ പൂര്‍ത്തിയാക്കി സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു.

✒️വൈദ്യപരിശോധനകൾക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സൗദി ഭരണാധികാരി സൽമാൻ രാജാവ് ആശുപത്രി വിട്ടു. വൈദ്യപരിശോധനകൾ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഞായറാഴ്ചയാണ് സൽമാൻ രാജാവ് കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രി വിട്ടതെന്ന് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. 

ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സുഖാരോഗ്യങ്ങൾക്കായി പ്രാർഥിച്ച സൗദിയിലെ ജനങ്ങൾക്കും സന്ദേശങ്ങൾ അയച്ച് ആരോഗ്യക്ഷേമത്തിനായി ആശംസിച്ച രാഷ്ട്ര നേതാക്കൾക്കും സൽമാൻ രാജാവ് നന്ദി അറിയിച്ചു. മെയ് ഏഴിന് വൈകുന്നേരമാണ് വൈദ്യപരിശോധനകൾക്കായി സൽമാൻ രാജാവിനെ ജിദ്ദയിലെ കിങ് ഫൈസൽ സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മെയ് എട്ടിന് ഉച്ചക്ക് ശേഷം അദ്ദേഹത്തെ കൊളോനോസ്കോപ്പി പരിശോധനക്ക് വിധേയമാക്കിയിരുന്നു. തുടർന്ന് കുറച്ചുദിവസം ആശുപത്രിയിൽ വിശ്രമിക്കാൻ ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

🇸🇦സൗദി അറേബ്യയിൽ ഇന്നും കൊവിഡ് മുക്തി നിരക്ക് ഉയർന്നു.

✒️റിയാദ്: സൗദി അറേബ്യയിൽ ഇന്നും കൊവിഡ് രോഗമുക്തരുടെ എണ്ണം ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നിലവിലെ രോഗികളിൽ 406 പേരാണ് സുഖം പ്രാപിച്ചത്. പുതുതായി 630 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധഭാഗങ്ങളിലായി രണ്ട് മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 759,856 ആയി. ആകെ രോഗമുക്തരുടെ എണ്ണം 744,327 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,118 ആയി. 

രോഗബാധിതരിൽ 6,411 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 64 പേരുടെ നില ഗുരുതരമാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 29,032 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ - 153, റിയാദ് - 130, മക്ക - 78, മദീന - 46, ദമ്മാം - 28, തായിഫ് - 24, ജീസാൻ - 24, അബഹ - 15, അൽബാഹ - 12, ബുറൈദ - 6, തബൂക് - 5, അബൂ അരീഷ് - 5, ബൽ ജുറൈഷി - 5, ഖമീസ് മുശൈത്ത് - 4, ഖോബാർ - 4, ഹുഫൂഫ് - 4, യാംബു - 4, ഉനൈസ - 4, മഖ്വ - 4, ബീഷ - 4, ഹായിൽ - 3, ജുബൈൽ - 3, ഖർജ് - 3, ഖുലൈസ് - 2, അഹദ് റുഫൈദ - 2, അറാർ - 2, നജ്റാൻ - 2, അഫീഫ് - 2, അൽറസ് - 2, ഖത്വീഫ് - 2, ദഹ്റാൻ - 2, മഹായിൽ - 2, കാമിൽ - 2, സാംത - 2, സബ്യ - 2, തുർബ - 2, അൽഉല - 2, വാദി ദവാസിർ - 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,982,807 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,504,826 ആദ്യ ഡോസും 24,856,482 രണ്ടാം ഡോസും 13,621,499 ബൂസ്റ്റർ ഡോസുമാണ്.

🇸🇦നിയോം സൗദിക്കുള്ളിലെ മറ്റൊരു രാജ്യമായി മാറുമോ? പറക്കും ടാക്സി വരെ സജ്ജമാവുന്ന നഗരത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ.

✒️അര ലക്ഷം കോടി ഡോളര്‍ ചെലവിട്ട് ചെങ്കടല്‍ തീരത്ത് സൗദി അറേബ്യ നിര്‍മിക്കുന്ന ഭാവിയുടെ നഗരമായ നിയോമില്‍ (Neom) 2024 മുതല്‍ താമസക്കാര്‍ എത്തിത്തുടങ്ങും. 2030ഓടെ ദശലക്ഷക്കണത്തിന് പേര്‍ 'നിയോം' സ്വന്തം മേല്‍വിലാസമാക്കി മാറ്റും. അടുത്ത പതിറ്റാണ്ടോടെ 20 ലക്ഷം പേരെങ്കിലും നിയോമില്‍ താമസമാകുമെന്ന് പദ്ധതിയുടെ ടൂറിസം വിഭാഗം മേധാവിയായ ആന്‍ഡ്രൂ മക്ഇവോയ് പറഞ്ഞു.

ദുബൈ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടക്കുന്ന അറേബ്യന്‍ ട്രാവല്‍ മാര്‍ട്ടില്‍ പങ്കെടുക്കാനെത്തിയ ആന്‍ഡ്രൂ മക്ഇവോയുമായി യുഎഇ മാധ്യമമായ 'ദ നാഷണല്‍' പ്രതിനിധി നടത്തിയ സംഭാഷണത്തിലാണ് അദ്ദേഹം പദ്ധതിയുടെ വിശദ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. 2024 മുതല്‍ നിയോമിലെ സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാവും. ഇപ്പോള്‍ നിര്‍മാണം നടക്കുന്ന ടൂറിസം കേന്ദ്രങ്ങളും പിന്നാലെ പ്രവര്‍ത്തനം തുടങ്ങും.

2026ഓടെ സ്‍കൈ സ്ലോപ്പ്, മൌണ്ടന്‍ ബൈക്കിങ്, വാട്ടര്‍ സ്‍പോര്‍ട്സ് സംവിധാനങ്ങള്‍ തുടങ്ങിയവയൊക്കെ സജ്ജമാവും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പര്‍വത കേന്ദ്രവും നിയോമിലുണ്ട്. നിയോമിനെക്കുറിച്ചുള്ള ആന്‍ഡ്രൂ മക്ഇവോയുടെ ചില പ്രസ്‍താവനകള്‍ സൗദി അധികൃതര്‍ തള്ളിക്കളഞ്ഞു.

ശുദ്ധമായ ഊര്‍ജം മാത്രം ഉപയോഗപ്പെുടുത്തുന്ന സ്‍മാര്‍ട്ട് സിറ്റിയായിട്ടാണ് നിയോം വിഭാവന ചെയ്‍തിരിക്കുന്നത്. പറക്കും ടാക്സികള്‍ ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്താനുള്ള പദ്ധതികളിലൂടെ നേരത്തെ തന്നെ നിയോം ലോകശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന്റെ പൂര്‍ണമായ ഉടമസ്ഥതയിലാണ് നിയോമെന്നും സൗദി അറേബ്യയുടെ പരമാധികാരവും നിയമങ്ങളും അവിടെ ബാധകമായിരിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട അറിയിപ്പില്‍ വ്യക്തമാക്കി.

ഊര്‍ജം, ആരോഗ്യം, ജലം എന്നിങ്ങനെ വിവിധ മേഖലകളിലെ നിരവധി വിദഗ്ധര്‍ നിയോമില്‍ താമസിക്കാനെത്തും. ഇപ്പോള്‍ തന്നെ ഉന്നതരായ നിരവധിപ്പേരെ ഇവിടേക്ക് ആകര്‍ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ നിയോം പൂര്‍ണമായി കാര്‍ രഹിതമാക്കാനും പദ്ധതിയുണ്ട്. പൂര്‍ണമായും കാര്‍ രഹിതമാവുന്ന തരത്തിലാണ് നിയോം നിര്‍മിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ അതിലേക്കുള്ള മാറ്റത്തിന് അല്‍പം സമയം ആവശ്യമായി വരും.

ഇലക്ട്രിക് ഹൈബ്രിഡ് ഉള്‍പ്പെടെ ഒട്ടേറെ ഭാവിയില്‍ അധിഷ്‍ഠിതമായ ഗതാഗത സംവിധാനങ്ങള്‍ അവിടെയുണ്ടാവും. പറക്കും ടാക്സികള്‍ പോലുള്ളവയും അവിടെ പരീക്ഷിക്കുന്നുണ്ട്. ഭാവിയിലേക്കുള്ള ടൂറിസം സാധ്യതകളാണ് നിയോം പ്രയോജനപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

🇸🇦തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ.

✒️തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടതിന്റെ പേരില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മൂന്ന് പേരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. രണ്ട് സൗദി സ്വദേശികളുടെയും ഒരു യെമന്‍ പൗരന്റെയും വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്‍തു.

തീവ്രവാദ സംഘടനയില്‍ അംഗമായതിനും രാജ്യത്തെ സുരക്ഷ അട്ടിമറിച്ചതിനും കലാപമുണ്ടാക്കിയതിനും വീട്ടില്‍ ആയുധങ്ങളും സ്‍ഫോടക വസ്‍തുക്കളും സൂക്ഷിച്ചതിനുമാണ് വധശിക്ഷയ്‍ക്ക് വിധേയനായ രണ്ട് സൗദി പൗരന്മാരിലൊരാള്‍ നേരത്തെ അറസ്റ്റിലായത്. സുരക്ഷാ ഉദ്യോഗസ്ഥരെ വധിക്കാന്‍ പദ്ധതിയിട്ടതിനും പൊതുമുതല്‍ നശിപ്പിച്ചതിനും കൂടി ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിനാണ് രണ്ടാമത്തെ സൗദി പൗരന്‍ പിടിയിലായത്. ഇയാള്‍ സൗദി സുരക്ഷാ സേനയിലെ ഒരു അംഗത്തെ കൊലപ്പെടുത്തുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുകയും ചെയ്‍തിരുന്നു. 

ഇറാന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഹൂതി വിമത സംഘത്തില്‍ അംഗമായിരുന്നു വധശിക്ഷക്ക് വിധിക്കപ്പെട്ട യെമന്‍ സ്വദേശി. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയ ഇയാള്‍ ഹൂതികള്‍ക്ക് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുകയും രാജ്യത്തെ സൈനിക കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഹൂതികള്‍ക്ക് എത്തിച്ചുനല്‍കുകയും ചെയ്‍തു. ഇയാള്‍ നല്‍കിയ വിവരമനുസരിച്ചാണ് രാജ്യത്തെ ഒരു കേന്ദ്രത്തിന് നേരെ ഹൂതികളുടെ ആക്രമണമുണ്ടായതെന്നും കണ്ടെത്തിയിരുന്നു.

മൂവരുടെയും കേസുകളില്‍ രാജ്യത്തെ ക്രിമിനല്‍ കോടതിയിലാണ് വിചാരണ നടന്നത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ക്രിമനല്‍ കോടതി വധശിക്ഷ വിധിച്ചു. ഈ ശിക്ഷാ വിധി പിന്നീട് അപ്പീല്‍ കോടതിയും രാജ്യത്തെ സുപ്രീം കോടതിയും ശരിവെച്ച ശേഷമാണ് ആഭ്യന്തര മന്ത്രാലയം വധശിക്ഷ നടപ്പാക്കിയത്.

🇸🇦സൗദി: രണ്ടാം ബൂസ്റ്റർ ഡോസ് പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം.

✒️രാജ്യത്തെ പതിനാറ് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ വിഭാഗക്കാർക്കും COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് നിലവിൽ ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മെയ് 14-നാണ് സൗദി ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

രാജ്യത്തെ അമ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്ക് COVID-19 വാക്സിന്റെ രണ്ടാം ബൂസ്റ്റർ ഡോസ് കുത്തിവെപ്പ് ലഭ്യമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം 2022 ഏപ്രിൽ 26-ന് അറിയിച്ചിരുന്നു. പിന്നീട് രോഗപ്രതിരോധ ശേഷി സംബന്ധമായ രോഗങ്ങളുള്ള അമ്പത് വയസിന് താഴെ പ്രായമുള്ളവർക്കും രണ്ടാം ഡോസ് ലഭ്യമാക്കിയിരുന്നു.

ആദ്യ ഡോസ് ബൂസ്റ്റർ കുത്തിവെപ്പെടുത്ത് എട്ട് മാസം പൂർത്തിയാക്കിയവർക്കാണ് രണ്ടാം ഡോസ് ബൂസ്റ്റർ ലഭ്യമാക്കുന്നത്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച പതിനായിരത്തിലധികം പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 10850 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 മെയ് 5 മുതൽ 2022 മെയ് 11 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 മെയ് 14-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 6565 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1273 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3012 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 289 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 47 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 35 ശതമാനം പേർ യെമൻ പൗരന്മാരും, 18 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

🇸🇦സൗദി കിരീടാവകാശി യു.എ.ഇയിലേക്ക് പുറപ്പെട്ടു.

✒️യു.എ.ഇ പ്രസിഡൻറായിരുന്ന ശൈഖ് ഖലീഫ് ബിൻ സായിദിന്‍റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ യു.എ.ഇ യിലേക്ക് പുറപ്പെട്ടു. സൽമാൻ രാജാവിന്‍റെ നിർദേശത്തെ തുടർന്നാണ് തിങ്കളാഴ്ച കിരീടാവകാശി യു.എ.ഇയിലേക്ക് പുറപ്പെട്ടതെന്ന് റോയൽകോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

Post a Comment

0 Comments