🇸🇦തൊഴിൽ, താമസ നിയമലംഘനം, സൗദി അറേബ്യയിൽ ഒരാഴ്‍ചയ്‍ക്കിടെ 10,842 വിദേശികൾ അറസ്റ്റിൽ.
✒️സൗദി അറേബ്യയിൽ തൊഴിൽ, താമസ നിയമലംഘനം, അതിർത്തി സുരക്ഷാചട്ട ലംഘനം എന്നിവ നടത്തി അനധികൃതമായി കഴിയുന്നവരെ കണ്ടെത്തുന്നതിനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്‍റെ പരിശോധന തുടരുന്നു. ഒരാഴ്‍ചയ്‍ക്കിടെ രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഇത്തരം നിയമലംഘകരായ 10,842 വിദേശികളെ അറസ്റ്റ് ചെയ്തു.
ഏപ്രിൽ 28 മുതൽ മെയ് നാലുവരെയുള്ള കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും (ജവാസത്ത്) നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ്. അറസ്റ്റിലായവരിൽ 6,916 പേർ താമസ നിയമലംഘകരാണ്. 2,918 പേർ അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ചു. 1,008 ലേറെ പേർ തൊഴിൽ നിയമലംഘകരുമാണ്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ 352 പേർ പിടിയിലായി. ഇതിൽ 56 ശതമാനം യമൻ പൗരന്മാരും 36 ശതമാനം എത്യോപ്യക്കാരുമാണ്. ബാക്കി 8 ശതമാനം മറ്റ് വിവിധ രാജ്യക്കാരാണ്. 103 പേർ രാജ്യത്തുനിന്നും പുറത്തേക്ക് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി.
നിയമലംഘകർക്ക് അഭയംനൽകിയ ഒമ്പത് പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. നിലവിൽ ശിക്ഷാനടപടികൾക്ക് വിധേയരായ മൊത്തം നിയമലംഘകരുടെ എണ്ണം 84,915 ആയി. ഇതിൽ 80,938 പുരുഷന്മാരും 3,977 സ്ത്രീകളും ഉൾപ്പെടുന്നു. അതിർത്തി സുരക്ഷാചട്ടങ്ങൾ ലംഘിച്ച് ആർക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാൻ സൗകര്യമൊരുക്കുകയോ യാത്രാസൗകര്യമോ അഭയമോ മറ്റേതെങ്കിലും വിധത്തിലുള്ള സഹായമോ സേവനമോ നൽകുകയോ ചെയ്താൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. 10 ലക്ഷം റിയാൽ വരെ പിഴയും കൂടാതെ ലംഘകരുടെ പേരുകൾ പ്രാദേശിക മാധ്യമങ്ങളിൽ പരസ്യപ്പെടുത്തുകയും ഗതാഗത മാർഗങ്ങൾ, അഭയത്തിനായി ഉപയോഗിച്ച താമസസ്ഥലം എന്നിവ കണ്ടുകെട്ടുകയും ചെയ്യും.
🇦🇪ചെറിയ പെരുന്നാള്‍ അവധിക്കിടെ ദുബൈയില്‍ 31 അപകടങ്ങള്‍; മൂന്ന് മരണം, 30 പേര്‍ക്ക് പരിക്ക്.
✒️ചെറിയ പെരുന്നാള്‍ അവധിക്കിടെ ദുബൈയിലുണ്ടായത് 31 വാഹനാപകടങ്ങള്‍. അപകടങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും 30 പേര്‍ക്ക് പരിക്കേറ്റതായും ദുബൈ ട്രാഫിക് പൊലീസ് വെളിപ്പെടുത്തി. ഇവരില്‍ 20പേരുടെ പരിക്ക് ഗുരുതരമല്ല. ആറുപേരുടെ പരിക്ക് നിസ്സാരമാണ്.
മേയ് രണ്ട് മുതല്‍ എട്ടു വരെയുള്ള പെരുന്നാള്‍ അവധി ദിവസങ്ങളിലാണ് ഈ അപകടങ്ങളുണ്ടായത്. മതിയായ അകലം പാലിക്കാതെ വാഹനം ഓടിച്ചതും അമിതവേഗത, ലേയ്ന്‍ നിയമം പാലിക്കാതിരിക്കല്‍ എന്നിവയാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണമെന്ന് ദുബൈ ട്രാഫിക് പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്റൂയി പറഞ്ഞു. പെരുന്നാള്‍ അവധി ദിവസങ്ങളില്‍ ദുബൈ പൊലീസിന്‍റെ എമര്‍ജന്‍സി ഹോട്ടലൈന്‍ നമ്പരില്‍ (999) 118,078 കോളുകളും നോണ്‍ എമര്‍ജന്‍സി ടോള്‍ നമ്പരില്‍ (901) 10,697 കോളുകളും ലഭിച്ചതായി ദുബൈ പൊലീസിലെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ ആക്ടിങ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് അബ്ദുള്ള അല്‍ മുഹൈരി പറഞ്ഞു.
🇸🇦സൗദി അറേബ്യയില്‍ തടവുകാർക്ക് പൊതുമാപ്പ്; നടപടികൾ തുടങ്ങി.
✒️സൗദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകുന്ന നടപടികൾക്ക് തുടക്കമായി. കൊടുംകുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടാത്തവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവ് എല്ലാവർഷവും നൽകുന്ന പൊതുമാപ്പിന്റെ ഈ വർഷത്തെ നടപടികളാണ് ആരംഭിച്ചത്. ഇതിനാവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു.
36 ഇനം കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാര്‍ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, ഖുര്‍ആനെ അവഹേളിക്കല്‍, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങള്‍, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കല്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ അതീവ ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല.
സൗദിയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന പൊതുമാപ്പിന്റെ നിബന്ധനകളും മാനദണ്ഡങ്ങളുമാണ് ഭരണകൂടം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷവും അതില്‍ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവര്‍, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.
🇰🇼കുവൈത്തില്‍ റോഡിന് സമീപം കുഴിബോംബ് കണ്ടെത്തി.
✒️കുവൈത്തിലെ സാല്‍മിയില്‍ റോഡിന് സമീപം കുഴിബോംബ് കണ്ടെത്തി. അലി അല്‍ സലീം എയര്‍ ബേസിന് ശേഷമുള്ള സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. ഒരു കുവൈത്ത് പൗരനാണ് മൈന്‍ കണ്ടെത്തിയ വിവരം ആഭ്യന്തര മന്ത്രാലയത്തില്‍ അറിയിച്ചത്. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രദേശത്തു നിന്ന് ആളുകളെ ഒഴിപ്പിച്ച ശേഷം സ്‍ഫോടനം നടത്തി കുഴിബോംബ് നീക്കം ചെയ്യുകയായിരുന്നു.
🇸🇦പ്രവാസി മലയാളി യുവാവ് ജീവനൊടുക്കിയ നിലയില്‍.
✒️റിയാദ്: സൗദി അറേബ്യയിൽ മലയാളി യുവാവ് ജീവനൊടുക്കി. കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ കൊല്ലം അഞ്ചൽ കരുകോൺ കുറവന്തേരി ഷീല വിലാസത്തിൽ സുധീഷിനെ (25) ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
രണ്ടു വർഷം മുമ്പ് സൗദിയിലെത്തിയ സുധീഷ് നാട്ടിൽ പോകാനുള്ള ഒരുക്കത്തിലായിരുന്നു. പിതാവ് ഷിബു വർഷങ്ങൾക്കു മുന്നേ മരണപ്പെട്ടിരുന്നു. അച്ഛമ്മയുടെ സംരക്ഷണയിലാണ് സുധീഷ് പഠിച്ചതും വളർന്നതും. മരിക്കുന്നതിന് നാലു ദിവസം മുമ്പ് നാട്ടിലെ ബന്ധുവിനെ വിളിച്ചു ഉടൻ നാട്ടിലെത്തും എന്ന് അറിയിച്ചിരുന്നു. പൊലീസ് എത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്കു മാറ്റി.
🇦🇪യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണം വര്‍ദ്ധിപ്പിക്കാന്‍ നീക്കം.
✒️അബുദാബി: യുഎഇയിലെ സ്വകാര്യ മേഖലയില്‍ സ്വദേശിവത്കരണ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ നീക്കം. 2026 ആവുമ്പോഴോക്കും 10 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ക്യാബിനറ്റ് യോഗത്തിന് ശേഷം യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
സ്വകാര്യ മേഖലയില്‍ 50 ജീവനക്കാരില്‍ അധികമുള്ള സ്ഥാപനങ്ങളിലെ വിദഗ്ധ തൊഴിലുകളെ മിനിമം സ്വദേശിവത്കരണം വാര്‍ഷികാടിസ്ഥാനത്തില്‍ രണ്ട് ശതമാനമായി നിജപ്പെടുത്തിയിട്ടുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്‍തു. ഇങ്ങനെ 2026 ആവുമ്പോഴേക്കും 10 ശതമാനം സ്വദേശിവത്കരണം കൈവരിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വദേശികളെ ജോലിക്ക് നിയമിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച 50 ഇന ഫെഡറല്‍ പദ്ധതിയുടെ ഭാഗമായി സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് രണ്ട് ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി വര്‍ദ്ധിപ്പിക്കുമെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. അഞ്ച് വര്‍ഷത്തേക്ക് പ്രതിമാസം 5000 ദിര്‍ഹം വീതം നല്‍കുന്ന സാലറി സപ്പോര്‍ട്ട് സ്‍കീം ഉള്‍പ്പെടെ ഇതിനായി രൂപം നല്‍കിയിട്ടുണ്ട്. ബിരുദധാരികളുടെ തൊഴിലില്ലായ്‍മ പരിഹരിക്കാനും തൊഴിലില്ലായ്‍മയ്‍ക്കെതിരായ പിന്തുണയ്‍ക്കും വേണ്ടി 100 കോടി ദിര്‍ഹത്തിന്റെ പ്രത്യേക ഫണ്ടാണ് നീക്കിവെയ്‍ക്കുന്നത്.
🇦🇪ജീവനക്കാരുടെ നിസഹകരണം; യുഎഇയിലെ ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടു.
✒️ദുബൈ: യുഎഇയിലെ പ്രമുഖ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളായ സൊമാറ്റോയുടെയും തലബാത്തിന്റെയും സേവനങ്ങള്‍ തടസപ്പെട്ടതായി റിപ്പോര്‍ട്ട്. ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജീവനക്കാര്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്ന് യുഎഇ മാധ്യമമായ 'ഖലീജ് ടൈംസ്' റിപ്പോര്‍ട്ട് ചെയ്‍തു. ലഭിച്ച ഓര്‍ഡറുകള്‍ പോലും വിതരണം ചെയ്യാന്‍ സാധിക്കുന്നില്ലെന്ന് റസ്റ്റോറന്റ് ജീവനക്കാരും അറിയിച്ചു.
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് ഡെലിവറി ജീവനക്കാരില്‍ ചിലര്‍ സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചിട്ടുണ്ട്. അതേസമയം ജീവനക്കാര്‍ക്ക് ഒരു വരുമാന മാര്‍ഗമെന്ന നിലയില്‍ തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യാമെന്നും ശരാശരി 3500 ദിര്‍ഹം വരെയുള്ള സ്ഥിരമായ പ്രതിമാസ വരുമാനം ഉറപ്പാക്കുന്നുണ്ടെന്നും തലബാത്ത് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. കഴിഞ്ഞയാഴ്‍ച വരെ ശമ്പളത്തിന്റെ കാര്യത്തില്‍ ജീവനക്കാരുടെ സംതൃപ്‍തി നിരക്ക് 70 ശതമാനത്തിന് മുകളിലായിരുന്നു. അടുത്തിടെയൊന്നും ശമ്പള രീതിയില്‍ മാറ്റം വരുത്തിയിട്ടുമില്ല. എന്നാല്‍ സാമ്പത്തിക, രാഷ്‍ട്രീയ യാഥാര്‍ത്ഥ്യങ്ങളെ തങ്ങള്‍ ഉള്‍ക്കൊള്ളുന്നുവെന്നും ജീവനക്കാര്‍ക്ക് പറയാനുള്ളത് എപ്പോഴും കേള്‍ക്കാന്‍ തയ്യാറാണെന്നുമാണ് കമ്പനിയുടെ അവകാശവാദം.
ജോലി ചെയ്യാന്‍ വിസമ്മതിക്കുന്നത് ശരിയായ രീതിയല്ലെന്നും അത് യുഎഇയിലെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്നും കമ്പനികള്‍ വാദിക്കുന്നു. നിലവില്‍ പല റസ്റ്റോറന്റുകളും പ്രവര്‍ത്തിക്കുന്നില്ലെന്നോ അല്ലെങ്കില്‍ തിരക്കാണെന്നോ ആണ് അപ്പുകളില്‍ കാണിക്കുന്നത്. പ്രവര്‍ത്തനത്തിന് കാലതാമസം നേരിടുന്നതായ അറിയിപ്പും ആപ്പുകളിലുണ്ട്. രാവിലെ ലഭിച്ച ഓര്‍ഡറുകള്‍ തയ്യാറാക്കിയെങ്കിലും അവ കൊണ്ടുപോകാന്‍ ഡെലിവറി ജീവനക്കാര്‍ എത്തിയില്ലെന്ന് റസ്റ്റോറന്റുകളും അറിയിച്ചു. ഓര്‍ഡറുകള്‍ റദ്ദാക്കപ്പെടുമ്പോള്‍ 40 ശതമാനം തുകയാണ് കമ്പനികള്‍ റീഫണ്ട് നല്‍കുന്നത്. ഇത് വലിയ നഷ്‍ടമാക്കുണ്ടാക്കുന്നുവെന്നും റസ്റ്റോറന്റ് ഉടമകള്‍ പറയുന്നു. ഫുഡ് ഡെലിവറി ആപ്പുകളുടെ പ്രവര്‍ത്തനം നിലച്ചതിനെപ്പറ്റി യുഎഇയിലെ സാമൂഹിക മാധ്യമങ്ങളില്‍ കാര്യമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
🇦🇪യുഎഇയില്‍ ഇന്ന് 280 പുതിയ കൊവിഡ് കേസുകള്‍, പുതിയ മരണങ്ങളില്ല..
✒️അബുദാബി: യുഎഇയില്‍ ഇന്ന് 280 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 259 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
പുതിയതായി നടത്തിയ 3,66,233 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,00,764 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,84,771 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത് 13691 കൊവിഡ് രോഗികളാണുള്ളത്.
🇴🇲ഒമാനില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 19 കൊവിഡ് കേസുകള്‍ മാത്രം.
✒️ഒമാനില്‍ ഇന്ന് 19 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന ഏഴു പേര്‍ രോഗമുക്തരായി. അതേസമയം രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇതുവരെ 3,89,325 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 3,84,516 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 4259 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 98.8 ശതമാനമാണ് രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് കൊവിഡ് രോഗികളെയാണ് രാജ്യത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു. ഇവര്‍ ഉള്‍പ്പെടെ 12 പേര്‍ ഇപ്പോള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇവരില്‍ ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത് മൂന്ന് പേര്‍ മാത്രമാണ്.
🇶🇦കൊവിഡ് നിയമ ലംഘനം; ഖത്തറില്‍ 161 പേര്‍ക്കെതിരെ കൂടി നടപടി.
✒️ദോഹ: ഖത്തറില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 161 പേര്‍ കൂടി തിങ്കളാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 158 പേരെയും മാസ്‌ക് ധരിക്കാത്തതിനാണ് അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് മൂന്നുപേരെയും അധികൃതര്‍ പിടികൂടി. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
🇦🇪മൂന്ന് മാസത്തിനിടെ ദുബൈയില്‍ അറസ്റ്റിലായത് 1,000 യാചകര്‍.
✒️മൂന്ന് മാസത്തിനിടെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തത് 1,000 യാചകരെ. മാര്‍ച്ച് പകുതി മുതല്‍ ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങള്‍ വരെ നടത്തിയ പരിശോധനകളിലാണ് ഇത്രയും യാചകര്‍ അറസ്റ്റിലായത്. 902 പുരുഷന്‍മാരും 98 സ്ത്രീകളും അറസ്റ്റിലായി.
റമദാന് മുമ്പാണ് 321 പേര്‍ അറസ്റ്റിലായത്. 604 പേര്‍ റമദാനിലും ചെറിയ പെരുന്നാള്‍ അവധി ദിവസങ്ങളില്‍ 75 പേരും അറസ്റ്റിലായി. ഭിക്ഷാടനത്തിനെതിരായ ക്യാമ്പയിന്‍ വിജയകരമാണെന്നും യാചകരുടെ എണ്ണം, പ്രത്യേകിച്ച് റമദാനിലും ഈദുല്‍ ഫിത്തറിലും കുറയ്ക്കാനായെന്നും സിഐഡി ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജല്ലാഫ് പറഞ്ഞു. പൊതു സുരക്ഷ ഉറപ്പാക്കുന്നതിനായി ഭിക്ഷാടകർ കൂടുതലായി എത്തുമെന്ന് പ്രതീക്ഷിക്കുന്ന സ്ഥലങ്ങൾ സംഘം നിരീക്ഷിച്ചതായി സിഐഡി ജനറൽ ഡിപാർട്ട്‌മെന്‍റിലെ നുഴഞ്ഞുകയറ്റ വിരുദ്ധ ഡയറക്ടർ കേണൽ അലി സാലിം പറഞ്ഞു.
🇸🇦സൗദി ഭരണാധികാരിയുടെ വൈദ്യപരിശോധനകള്‍ വിജയകരം.
✒️സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ വൈദ്യപരിശോധനകള്‍ വിജയകരമെന്ന് സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. ശനിയാഴ്ച വൈകിട്ടാണ് ജിദ്ദയിലെ കിങ് ഫൈസല്‍ സ്പെഷ്യലിസ്റ്റ് ആശുപത്രിയില്‍ സല്‍മാന്‍ രാജാവിനെ വൈദ്യ പരിശോധനകള്‍ക്കായി പ്രവേശിപ്പിച്ചത്.
ഞായറാഴ്ച ഉച്ചക്ക് ശേഷം കൊളനോസ്കോപ്പി പരിശോധന നടത്തി. ഇത് വിജയകരമാണെന്നും അദ്ദേഹത്തിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും പരിശോധനാ ഫലത്തില്‍ വ്യക്തമാണ്. കുറച്ച് സമയം ആശുപത്രിയില്‍ വിശ്രമിക്കാന്‍ സല്‍മാന്‍ രാജാവിനോട് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതായി റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
🇸🇦ലയണല്‍ മെസ്സി സൗദിയില്‍; ഉജ്ജ്വല വരവേല്‍പ്പ്.
✒️ഫുട്ബോള്‍ താരം ലയണല്‍ മെസ്സി സൗദി അറേബ്യയില്‍. ജിദ്ദയില്‍ വന്‍ വരവേല്‍പ്പാണ് മെസ്സിക്ക് ഒരുക്കിയത്. തിങ്കളാഴ്ചയാണ് മെസ്സി ജിദ്ദയിലെത്തിയത്. സൗദി ടൂറിസം മന്ത്രി അഹ്മദ് അല്‍ഖത്തീബ് മെസ്സിയെ സ്വീകരിച്ചു. ജിദ്ദ സീസണ്‍ ആഘോഷങ്ങളിലും ചെങ്കടല്‍ ടൂറിസ, പര്യവേഷണ പദ്ധതികളിലും പങ്കെടുക്കുന്നതിനാണ് മെസ്സിയും സുഹൃത്തുക്കളും ജിദ്ദയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു.
സൗദി ടൂറിസത്തിന്‍റെ അംബാസഡറായി മെസ്സി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് അദ്ദേഹത്തിന്‍റെ ആദ്യത്തെ സന്ദര്‍ശനമല്ല, അവസാനത്തേതും ആയിരിക്കില്ലെന്നും മന്ത്രി വിശദമാക്കി. മെസ്സിയും സുഹൃത്തുക്കളും സൗദിയിലെത്തിയ ചിത്രങ്ങളും അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
🇸🇦സൗദിയിൽ അഞ്ഞൂറിന് മുകളിൽ ഇന്നും പുതിയ കൊവിഡ് കേസുകൾ.
✒️സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ രണ്ടാം ദിവസവും അഞ്ഞൂറിന് മുകളിൽ. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 569 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 105 പേർ സുഖം പ്രാപിച്ചു. എന്നാൽ ആശ്വാസം പകർന്ന് രാജ്യത്താകെ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 756,549 ആയി. ആകെ രോഗമുക്തരുടെ എണ്ണം 742,782 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,104 ആയി തുടരുന്നു. രോഗബാധിതരിൽ 4,663 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 49 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 20,428 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി.
ജിദ്ദ 137, റിയാദ് 108, മദീന 60, മക്ക 50, ദമ്മാം 30, അബഹ 22, ജീസാൻ 20, താഇഫ് 19, അൽബാഹ 9, ഹുഫൂഫ് 7, തബൂക്ക് 6, ബുറൈദ 5, ഹാഇൽ 4, ഖമീസ് മുശൈത്ത് 4, അബൂ അരീഷ് 4, യാംബു 4, സബ്യ 4, ഖുലൈസ് 3, ഖോബാർ 3, റാബിഖ് 3, ഉനൈസ 3, ദഹ്റാൻ 3, ബീഷ 3, അൽഖർജ് 3, അബൂ ഉർവ 3, അഹദ് റുഫൈദ 2, നജ്റാൻ 2, ബേയ്ഷ് 2, സറാത് ഉബൈദ 2, അൽറസ് 2, ജുബൈയിൽ 2, ബൽജുറൈഷി 2, അൽഉല 2, ഹഫർ അൽബാത്വിൻ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,659,350 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,471,565 ആദ്യ ഡോസും 24,817,035 രണ്ടാം ഡോസും 13,370,750 ബൂസ്റ്റർ ഡോസുമാണ്.
🇦🇪ദുബായ് വിമാനത്താവളത്തിന്റെ നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾക്കായി അടച്ചു; സർവീസുകൾ പുനഃക്രമീകരിക്കുന്നു.
✒️ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ (DXB) നോർത്തേൺ റൺവേ വികസനപ്രവർത്തനങ്ങൾ 2022 മെയ് 9 മുതൽ ആരംഭിക്കുമെന്ന് വിമാനത്താവള അധികൃതർ വ്യക്തമാക്കി. റൺവേ പുനഃസ്ഥാപിക്കുന്ന പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിനായാണ് ഈ നടപടി.
2022 മെയ് 9-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. പുനഃസ്ഥാപന നടപടികളുമായി ബന്ധപ്പെട്ട് 2022 മെയ് 9 മുതൽ ജൂൺ 22 വരെയാണ് ദുബായ് വിമാനത്താവളത്തിന്റെ നോർത്തേൺ റൺവേ അടച്ചിടുന്നത്.
ഇതോടെ ആഗോളതലത്തിലെ ഏറ്റവും തിരക്കേറിയ എയർപോർട്ടായ ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ ഒരു റൺവേ മാത്രം ഉപയോഗപ്പെടുത്തുന്ന രീതിയിലേക്ക് ചുരുങ്ങുന്നതാണ്. യാത്രാ തടസങ്ങൾ പരമാവധി കുറയ്ക്കുന്നതിന്റെ ഭാഗമായി 45 ദിവസം നീണ്ട് നിൽക്കുന്ന ഈ കാലയളവിൽ ആഴ്ച്ച തോറും ഏതാണ്ട് ആയിരത്തിലധികം വിമാനസർവീസുകൾ ദുബായ് വേൾഡ് സെൻട്രലിൽ (DWC) നിന്ന് യാത്രകൾ നടത്തുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നതാണ്.
പ്രധാനമായും ഫ്ലൈ ദുബായ്, സ്‌പൈസ് ജെറ്റ്, ഇൻഡിഗോ, എൽ അൽ മുതലായ കമ്പനികളുടെ വിമാനസർവീസുകളാണ് DWC-യിൽ നിന്ന് സേവനങ്ങൾ നൽകുന്ന രീതിയിൽ പുനഃക്രമീകരിക്കുന്നത്. ഈ കാലയളവിൽ ദുബായ് വിമാനത്താവളത്തിലൂടെ സഞ്ചരിക്കുന്നവർക്ക് പരമാവധി സുഗമമായ യാത്രകൾ ഉറപ്പ് വരുത്തുന്നതിനായി അധികൃതർ ഏതാനം നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്:
യാത്ര പുറപ്പെടുന്നതിന് മുൻപായി എയർലൈൻ അധികൃതരുമായി ബന്ധപ്പെട്ട് കൊണ്ട് ഡിപ്പാർച്ചർ എയർപോർട്ട്, ടെർമിനൽ എന്നിവ ഏതാണെന്ന് ഉറപ്പ് വരുത്തുക. https://www.dubaiairports.ae/ എന്ന വിലാസത്തിൽ നിന്നും ഇക്കാര്യം അറിയാവുന്നതാണ്.
ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), ദുബായ് വേൾഡ് സെൻട്രൽ (DWC) എന്നീ എയർപോർട്ടുകളുടെ ടെർമിനലുകൾക്കിടയിലെ യാത്രകൾക്കായി പ്രത്യേക ബസ് സർവീസുകൾ ഉപയോഗപ്പെടുത്താവുന്നതാണ്.
ഇത്തരം യാത്രകൾക്ക് യൂബർ ഉപയോഗിക്കുന്നവർക്ക് യൂബർ ആപ്പിൽ DWC2022 എന്ന കോഡ് ഉപയോഗിച്ച് കൊണ്ട് യാത്രാ നിരക്കിൽ പ്രത്യേക ഇളവുകൾ നേടാവുന്നതാണ്.
ദുബായ് വേൾഡ് സെൻട്രലിൽ (DWC) നിന്ന് യാത്ര പുറപ്പെടുന്നവർക്ക് എയർപോർട്ട് പാർക്കിംഗ് ഉപയോഗപ്പെടുത്താവുന്നതാണ്.
🇸🇦സൗദി: സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കി.
✒️രാജ്യത്തെ സ്വകാര്യ മേഖലയിലെ കൂടുതൽ തൊഴിലുകളിൽ സ്വദേശിവത്കരണം നടപ്പിലാക്കുന്ന നടപടികൾ സൗദി അറേബ്യയിൽ 2022 മെയ് 8 മുതൽ ആരംഭിച്ചു. സ്വകാര്യ മേഖലയിലെ നാല് പ്രധാന തൊഴിലുകളിലാണ് സൗദി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ്സ് ആൻഡ് സോഷ്യൽ ഡെവലപ്മെന്റ് സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്.
സ്വകാര്യ മേഖലയിൽ സെക്രട്ടറി, ട്രാൻസ്ലേറ്റർ, സ്റ്റോർ കീപ്പർ, ഡാറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തൊഴിൽ പദവികളിലാണ് മന്ത്രാലയം സ്വദേശിവത്കരണം നടപ്പിലാക്കിയിരിക്കുന്നത്. രാജ്യത്തുടനീളമുള്ള സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ ഈ തീരുമാനം നടപ്പിലാകുന്നതാണ്.
ഈ നടപടിയിലൂടെ ഏതാണ്ട് ഇരുപതിനായിരത്തോളം സൗദി പൗരന്മാർക്ക് തൊഴിൽ നൽകുന്നതിനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് മന്ത്രാലയം ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
🇴🇲ഒമാൻ: പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി.
✒️പൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്നാണ് മുനിസിപ്പാലിറ്റി അറിയിച്ചിരിക്കുന്നത്.
പരിസ്ഥിതി മലിനമാക്കുന്നതും, പരിസര ശുചിത്വം ഹനിക്കുന്നതുമായ ഇത്തരം പ്രവർത്തികൾ തടയാൻ മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പ്രവർത്തിക്കാൻ അധികൃതർ പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.
🇶🇦ഖത്തർ: മെയ് 10 മുതൽ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം.
✒️2022 മെയ് 10 മുതൽ വെസ്റ്റ് ബേയിലെ അൽ ശാഖിയ സ്ട്രീറ്റിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ഖത്തർ പബ്ലിക് വർക്സ് അതോറിറ്റി അറിയിച്ചു. അൽ ശാഖിയ സ്ട്രീറ്റിൽ വടക്കൻ ദിശയിലാണ് ഈ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.
വടക്കൻ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് മാത്രമാണ് ഈ നിയന്ത്രണം ബാധകമാകുന്നതെന്നും, അൽ ശാഖിയ സ്ട്രീറ്റിൽ തെക്കൻ ദിശയിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് തടസം നേരിടില്ലെന്നും അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മെയ് 10 മുതൽ രണ്ട് മാസത്തേക്കാണ് ഈ നിയന്ത്രണം.
ഈ മേഖലയിലെ റോഡ് വികസനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായാണ് ഈ നിയന്ത്രണം ഏർപ്പെടുത്തുന്നത്. ബല്ഹമ്പർ സ്ട്രീറ്റിൽ നിന്ന് അൽ ശാഖിയ സ്ട്രീറ്റിലേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ബാൽഹനീൻ സ്ട്രീറ്റ് ഉപയോഗപ്പെടുത്താമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
🇰🇼കുവൈറ്റ്: COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.
✒️രാജ്യത്തെ വിവിധ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. 2022 മെയ് 8-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം കുവൈറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ താഴെ പറയുന്ന സമയക്രമം പാലിച്ച് പ്രവർത്തിക്കുന്നതാണ്:
മിഷ്‌രിഫ് എക്സിബിഷൻ ഗ്രൗണ്ടിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 3 മണിമുതൽ രാത്രി 8 മണിവരെ.
ജലീബ് യൂത്ത് സെന്ററിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 3 മണിമുതൽ രാത്രി 8 മണിവരെ.
ജാബിർ ബ്രിഡ്ജിൽ പ്രവർത്തിക്കുന്ന വാക്സിനേഷൻ കേന്ദ്രം – ഞായർ മുതൽ വ്യാഴം വരെ വൈകീട്ട് 4 മണിമുതൽ രാത്രി 9 മണിവരെ.
ഷർഖ് മേഖലയിലെ ഷെയ്‌ഖ ഫത്തോഹ് അൽ സൽമാൻ ഹെൽത്ത് സെന്റർ – വൈകീട്ട് 3 മണിമുതൽ രാത്രി 9 മണിവരെ.
സിദീഖ്, ഒമറിയ, അൽ മസായാൽ, അൽ നഈം കേന്ദ്രങ്ങൾ – വൈകീട്ട് 3 മണിമുതൽ രാത്രി 9 മണിവരെ.
🇰🇼പാസ്പോർട്ട് അപേക്ഷ പോർട്ടലിന് സാങ്കേതിക തകരാർ.
✒️സാങ്കേതിക കാരണങ്ങളാൽ പാസ്പോർട്ട് അപേക്ഷ പോർട്ടർ ഇപ്പോർ പ്രവർത്തിക്കുന്നില്ലെന്ന് അധികൃതർ അറിയിച്ചു. ടെക്നിക്കൽ ടീം പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും വൈകാതെ ശരിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വാർത്താക്കുറിപ്പിൽ പറഞ്ഞു. പാസ്പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ്, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട് ബി.എൽ.എസ് ഔട്ട്സോഴ്സ് സെന്റർ സന്ദർശിക്കുന്നതിന് മുമ്പ് അവരുടെ കാൾ സെന്ററുമായി ബന്ധപ്പെടണം. 22211228 എന്ന ഫോൺ നമ്പറിലോ 65506360 എന്ന വാട്സാപ് നമ്പറിലോ ബന്ധപ്പെടാം. വാട്സാപിൽ ടെക്സ്റ്റ്, ഓഡിയോ മെസേജ് അയച്ചാണ് ബന്ധപ്പെടേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് info.indkwi@blsinternational.net എന്ന വിലാസത്തിലും ബന്ധപ്പെടാം. വിസ, കോൺസുലർ ഡോക്യൂമെന്റ് അറ്റസ്റ്റേഷൻ സേവനങ്ങൾ പതിവുപോലെ തുടരുന്നതായും എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
0 Comments