Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ.

🇦🇪യാത്രക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി യുഎഇ ആരോഗ്യ മന്ത്രാലയം.

✒️കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ വിജയിച്ച യുഎഇയില്‍ യോഗ്യരായ 98 ശതമാനം ആളുകളും വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രതിദിന രോഗികളുടെ എണ്ണം ഏകദേശം 400ല്‍ ഒതുങ്ങി. കൊവിഡ് മൂലം ഏറ്റവും കുറവ് മരണ നിരക്കുള്ള രാജ്യം കൂടിയാണ് യുഎഇ.

കൊവിഡ് 19 സുരക്ഷാ നിയമങ്ങളും നിയന്ത്രണങ്ങളും രാജ്യത്ത് ലഘൂകരിച്ചിരുന്നു. അതേസമയം കൊവിഡ് വ്യാപനം കുറയുകയും യാത്രക്കാരുടെ എണ്ണം വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ യാത്രയ്ക്ക് മുമ്പും ശേഷവും പാലിക്കേണ്ട പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആരോഗ്യ പ്രതിരോധ മന്ത്രാലയം.

യാത്രയ്ക്ക് മുമ്പ് പാലിക്കേണ്ട കാര്യങ്ങള്‍

  • പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ യാത്ര ചെയ്യുന്ന രാജ്യത്തെ കൊവിഡ് സാഹചര്യം വിലയിരുത്തുക.  അടിയന്തര ഘട്ടത്തില്‍ മാത്രം യാത്ര ചെയ്യുക.
  •  പ്രായമായവര്‍, പ്രമേഹ രോഗികള്‍, ഹൃദയ സംബന്ധമായ അസുഖങ്ങളുള്ളവര്‍ എന്നിവര്‍ വൈറസ് പടരുന്ന സ്ഥലങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കുക.
  • നിര്‍ദ്ദേശിച്ച വാക്സിന്‍ ഡോസുകള്‍ പൂര്‍ത്തിയാക്കുക.

യാത്രക്കിടെ ശ്രദ്ധിക്കേണ്ടവ

  • കൈകള്‍ പതിവായി കഴുകുക(സോപ്പും വെള്ളവും അല്ലെങ്കില്‍ 70 ശതമാനം ആല്‍ക്കഹോള്‍ ഉള്ള സാനിറ്റൈസറുകള്‍ ഉപയോഗിക്കുക)
  • മറ്റുള്ളവരുമായി ശാരീരിക അകലം പാലിക്കുക.
  • തിരക്കേറിയ സ്ഥലങ്ങള്‍ ഒഴിവാക്കുക.
  • അസുഖം തോന്നിയാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. 
  • യാത്രകള്‍ക്കും ഒത്തുചേരലുകള്‍ക്കുമായി പ്രാദേശിക കൊവിഡ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
യാത്രയ്ക്ക് ശേഷം 

നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും വൈറസ് പടരാതിരിക്കാനും പിസിആര്‍ പരിശോധന നടത്തുക.

🇦🇪കുരങ്ങുപനി; ക്വാറന്‍റീനും ഐസൊലേഷനും ഏര്‍പ്പെടുത്തി യുഎഇ.

✒️കുരങ്ങുപനി അടക്കമുള്ള എല്ലാ സാംക്രമിക രോഗങ്ങളും വൈറസുകളും അതിവേഗം കണ്ടെത്താന്‍ ശക്തമായ സംവിധാനം നടപ്പിലാക്കിയതായി യുഎഇ അധികൃതര്‍. രോഗം ബാധിച്ച വ്യക്തികള്‍ക്കും അവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഐസൊലേഷനും ക്വാറന്‍റീന്‍ നടപടികളും ആരോഗ്യ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

പോസിറ്റീവ് കേസുകള്‍, രോഗം ഭേദമാകുന്നത് വരെ ആശുപത്രിയില്‍ ഐസൊലേഷനില്‍ കഴിയണം. അവരുമായി അടുത്ത് ഇടപെട്ടിട്ട് ഉള്ളവര്‍ 21 ദിവസത്തില്‍ കുറയാതെ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയും വേണം. അടുത്ത സമ്പര്‍ക്കമുള്ളവര്‍ ഹോം ഐസൊലേഷന്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അവരുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുമെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

🇸🇦സൗദിയിൽ കൊവിഡ് ബാധിച്ച് മൂന്ന് മരണവും 667 കേസുകളും.

✒️സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് മൂന്നുപേർ കൂടി മരിച്ചു. 24 മണിക്കൂറിനിടെ 667 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. നിലവിലെ രോഗികളിൽ 518 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,68,079 ആയി.

ആകെ രോഗമുക്തരുടെ എണ്ണം 7,52,316 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,148 ആയി. രോഗബാധിതരിൽ 6,415 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 80 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 28,711 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 184, ജിദ്ദ 150, ദമ്മാം 57, മക്ക 49, മദീന 30, ത്വാഇഫ് 23, അബഹ 21, ഹുഫൂഫ് 15, അൽ ബാഹ 9, ദഹ്റാൻ 7, അൽഖോബാർ 6, തബൂക്ക്, ബുറൈദ, ജീസാൻ, അൽഖർജ് 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,786,492 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,593,345 ആദ്യ ഡോസും 24,953,738 രണ്ടാം ഡോസും 14,239,409 ബൂസ്റ്റർ ഡോസുമാണ്.

🎙️ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിങ് ബാഗുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി യൂണിയന്‍ കോപ്.

✒️ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് ജൂലൈ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് യുഎഇയിലെ ഏറ്റഴും വലിയ കണ്‍സ്യൂമര്‍ കോഓപ്പറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. പരിസ്ഥിതിയെ സംരക്ഷിക്കാനും അമിതമായ പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാനും ലക്ഷ്യമിട്ട് ദുബൈ എക്സിക്യൂട്ടീവ് കൗണ്‍സില്‍ നല്‍കിയ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണിത്. 

'ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം പലതവണ ഉപയോഗിക്കാന്‍ കഴിയുന്ന തുണി സഞ്ചികള്‍ പോലുള്ള നിരവധി മറ്റ് ഓപ്ഷനുകള്‍ യൂണിയന്‍ കോപ് നല്‍കുന്നതിനാല്‍ ഉപഭോക്താക്കള്‍ ആശങ്കപ്പെടേണ്ടതില്ല. കഴുകി ഉപയോഗിക്കാവുന്നതും പുനരുപയോഗിക്കാവുന്നതുമാണ് എന്നതാണ് ഇതിന്‍റെ ഏറ്റവും നല്ല വശം'- യൂണിയന്‍ കോപ് അഡ്മിന്‍ അഫയേഴ്സ് ഡയറക്ടര്‍ മുഹമ്മദ് ബെറിഗാഡ് അല്‍ ഫലസി പറഞ്ഞു. 

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്ക്കുന്ന പദ്ധതി ആദ്യ ഘട്ടമെന്ന നിലയില്‍ ദുബൈയിലെ യൂണിയന്‍ കോപ് സ്റ്റോറുകളില്‍ ജൂലൈ ആദ്യം മുതല്‍ നടപ്പിലാക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദുബൈയിലെ എക്സിക്യൂട്ടീവ് കൗണ്‍സിലിന്‍റെ നിര്‍ദ്ദേശം അടിസ്ഥാനമാക്കിയാണിത്. ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്ന ആദ്യ ഏജന്‍സിയും സെയില്‍സ് ഔട്ട്ലറ്റുമാണ് യൂണിയന്‍ കോപ്.  പരിസ്ഥിതി സംരക്ഷിക്കാനും സമൂഹത്തില്‍ പ്ലാസ്റ്റിക് ബാഗുകള്‍ കുറയ്ക്കുന്ന ആശയത്തിന് തുടക്കമിടാനും പ്ലാസ്റ്റിക് ബാഗുകള്‍ പരിസ്ഥിതിക്ക് ഏല്‍പ്പിക്കുന്ന ആഘാതം തെളിയിക്കാനുമാണിത്.

ഉപഭോക്താക്കളെ പ്ലാസ്റ്റിക് ബാഗുകള്‍ ഉപയോഗിക്കുന്നതിലെ അപകടത്തെ കുറിച്ച് ബോധവത്കരിക്കാനും വ്യക്തിഗതവും സാമൂഹികവുമായ നല്ല തുടക്കങ്ങളെ പിന്തുണയ്ക്കാനും  പരിസ്ഥിതിയോുള്ള സാമൂഹിക പ്രതിബദ്ധത പ്രകടമാക്കാനും ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ നിലവില്‍ ഉപയോഗിക്കുന്ന ബാഗുകള്‍ക്ക് പകരം പരിഹാര മാര്‍ഗം അവതരിപ്പിക്കാനും പ്ലാസ്റ്റിക് ബാഗുകളുടെ ഉപയോഗം, ശേഖരണം എന്നിവയുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും ലക്ഷ്യമിട്ടാണിത്.

ഈ പദ്ധതി നടപ്പിലാക്കുന്നതിന്‍റെ വിവിധ ഘട്ടങ്ങള്‍ക്കായി കോ ഓപ്പറേറ്റീവ് സമഗ്രമായ രീതികള്‍ വികസിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കളെ ബോധവത്കരിക്കുന്നതില്‍ നിന്ന് ആരംഭിച്ച് അവര്‍ക്ക് പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പകരം മറ്റൊന്ന് നല്‍കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍, പദ്ധതി നടപ്പിലാക്കിയ ശേഷം ഉപഭോക്താക്കളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കാനും അത് അനുസരിച്ച് ഉപഭോക്താക്കളുടെ ഹാപ്പിനസ് ഗോളിലേക്ക് എത്താനും യൂണിയന്‍ കോപ് ജാഗ്രത പുലര്‍ത്തുന്നു. ഇതിനെല്ലാം പുറമെ ലോകം മുഴുവന്‍ സുസ്ഥിര രീതികളിലേക്ക് നീങ്ങേണ്ടതുണ്ട്. വ്യക്തികളുടെ പെരുമാറ്റരീതികള്‍ മെച്ചപ്പെടുത്താനും മാറ്റം വരുത്താനും സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. പ്രത്യേകിച്ച്, ഉപഭോക്താക്കള്‍ പ്രകൃതിദത്ത സ്രോതസ്സുകള്‍ സംരക്ഷിക്കുകയും തെറ്റായ രീതികളിലൂടെയുണ്ടാക്കുന്ന നെഗറ്റീവ് പ്രത്യാഘാതങ്ങള്‍ കുറയ്ക്കാനും ശ്രമിക്കേണ്ടതുണ്ട്.

🇦🇪യുഎഇയില്‍ 381 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; രോഗമുക്തരായത് 389 പേര്‍.

✒️യുഎഇയില്‍ ഇന്ന്  381 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 389 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. വലിയ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച രാജ്യത്ത് രണ്ട് കൊവിഡ് മരണങ്ങളും തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‍തിരുന്നു.

പുതിയതായി നടത്തിയ 2,05,134 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,08,205 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,91,844 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,056 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.


🇰🇼നിയമലംഘകര്‍ക്കായി പരിശോധന ശക്തം; 17 പ്രവാസികള്‍ കൂടി അറസ്റ്റിലായി.

✒️കുവൈത്തില്‍ നിയമ ലംഘകരായ പ്രവാസികളെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം ഹവല്ലിയില്‍ നടത്തിയ പരിശോധനയില്‍ 17 പ്രവാസികളെ അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെ താമസകാര്യ വകുപ്പിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് കഴിഞ്ഞുവന്നിരുന്നവരായിരുന്നു പിടിയിലായതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ പറയുന്നു. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. അറസ്റ്റ് ചെയ്ത എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഫര്‍വാനിയയില്‍ നടത്തിയ പരിശോധനയില്‍ 13 പ്രവാസികളെ അറസ്റ്റ് ചെയ്തിരുന്നു.

തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്യുന്നവരെയും താമസ നിയമ ലംഘകരെയും കണ്ടെത്താന്‍ ലക്ഷ്യമിട്ട് കുവൈത്തിലെ വിവിധ വകുപ്പുകള്‍ രാജ്യത്തുടനീളം വ്യാപക പരിശോധന നടത്തിവരികയാണ്. ആയിരക്കണക്കിന് പ്രവാസികളെ ഇതിന്റെ ഭാഗമായി അറസ്റ്റ് ചെയ്യുകയും നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തുകയും ചെയ്‍തു.

കൊവിഡ് പ്രതിസന്ധിക്കാലത്ത് അനധികൃത താമസക്കാരായ പ്രവാസികള്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ നേരത്തെ അവസരം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ച് പേര്‍ മാത്രമാണ് ഈ സൗകര്യം അന്ന് ഉപയോഗപ്പെടുത്തിയിരുന്നത്. വിമാന സര്‍വീസുകള്‍ക്ക് വിലക്കുള്ളതും കൊവിഡ് പ്രതിസന്ധിയും കണക്കിലെടുത്ത് ആ സമയത്ത് പരിശോധനകളും നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ പിന്നീട് കൊവിഡ് പ്രതിസന്ധിക്ക് അയവ് വരികയും വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കുകയും ചെയ്തതോടെ വ്യാപക പരിശോധനകള്‍ ആരംഭിച്ചു. നിലവില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ച് രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ നടന്നുവരുന്നുണ്ട്.

🇴🇲നാളെ മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍; ജോലി സ്ഥലങ്ങളില്‍ പരിശോധന.

✒️ചൂട് ശക്തമാവുന്ന സാഹചര്യത്തില്‍ ഒമാനില്‍ ജൂണ്‍ ഒന്ന് മുതല്‍ ഉച്ച വിശ്രമ നിയമം പ്രാബല്യത്തില്‍ വരുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഉച്ചയ്ക്ക് 12.30 മുതല്‍ വൈകുന്നേരം 3.30 വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യിക്കാന്‍ പാടില്ലെന്നാണ് നിബന്ധന. ഒമാന്‍ തൊഴില്‍ നിയമത്തിലെ 16-ാം അനുച്ഛേദം പ്രകാരമാണ് ഉച്ചവിശ്രമം അനുവദിക്കുന്നത്.

ജൂണ്‍ ആദ്യം മുതല്‍ ആരംഭിക്കുന്ന ഉച്ച സമയത്തെ തൊഴില്‍ നിയന്ത്രണം ഓഗസ്റ്റ് അവസാനം വരെ നീണ്ടുനില്‍ക്കും. നിയന്ത്രണം കര്‍ശനമായി പാലിക്കണമെന്നും നിയമലംഘനങ്ങള്‍ പാടില്ലെന്നും തൊഴില്‍ മന്ത്രാലയം രാജ്യത്തെ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കും. തൊഴില്‍ സ്ഥലങ്ങളില്‍ ഉച്ച വിശ്രമ നിയമം പാലിക്കപ്പെടുന്നുണ്ടോയെന്ന് കണ്ടെത്താനായി മന്ത്രാലയത്തിലെ പരിശോധനാ വിഭാഗങ്ങള്‍ ഫീല്‍ഡ് വിസിറ്റുകള്‍ നടത്തും. രാജ്യത്ത് പലയിടത്തും താപനില 50 ഡിഗ്രി സെല്‍ഷ്യസോളം ഉയരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

🇰🇼കുവൈറ്റ്: പ്രവാസികളുടെ റെസിഡൻസി കാലാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് അംഗീകാരം.


✒️രാജ്യത്തെ പ്രവാസികളുടെ റെസിഡൻസി കാലാവധി പരമാവധി അഞ്ച് വർഷം വരെ നീട്ടുന്നതിനുള്ള പ്രമേയത്തിന് കുവൈറ്റ് അംഗീകാരം നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

കുവൈറ്റ് പാർലിമെന്ററി ഇന്റീരിയർ ആൻഡ് ഡിഫെൻസ് അഫയേഴ്‌സ് കമ്മിറ്റിയാണ് ഈ പ്രമേയത്തിന് അംഗീകാരം നൽകിയത്. നിലവിൽ കുവൈറ്റിലെ പ്രവാസികൾക്ക് അവരുടെ തൊഴിൽ അനുസരിച്ച് രണ്ടോ, മൂന്നോ വർഷം വരെയാണ് പരമാവധി റെസിഡൻസി കാലാവധിയുടെ സാധുത ലഭിക്കുന്നത്.

വിദേശ നിക്ഷേപകരുടെ പരമാവധി റെസിഡൻസി കാലാവധി 15 വർഷമാക്കി ഉയർത്തുന്നതിനും ഈ പ്രമേയത്തിൽ ശുപാർശ ചെയ്തിട്ടുണ്ട്. കുവൈറ്റിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപമുളളവർക്ക് 10 വർഷം വരെ റെസിഡൻസി അനുവദിക്കുന്നതിനും ഈ പ്രമേയം ശുപാർശ ചെയ്യുന്നു.

ഈ പ്രമേയത്തിന് കമ്മിറ്റി അംഗീകാരം നൽകിയതായും, പ്രമേയം പാർലിമെന്റിൽ വോട്ടിങ്ങിന് അവതരിപ്പിക്കുമെന്നും കമ്മിറ്റി ചെയർമാൻ എം പി സാദൗൻ ഹമ്മദ് വ്യക്തമാക്കിയിട്ടുണ്ട്.

🇴🇲ഒമാൻ: വിദേശത്ത് നിന്നെത്തുന്ന യാത്രികർ കൈവശം വെക്കുന്ന മരുന്നുകളുടെ കുറിപ്പടി കരുതേണ്ടതാണ്.


✒️വിദേശത്ത് നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രികർ, തങ്ങളുടെ കൈവശമുള്ള മുഴുവൻ മരുന്നുകളുടെയും കുറിപ്പടി യാത്രാവേളയിൽ കയ്യിൽ കരുതേണ്ടതാണെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. കൃത്യമായ കുറിപ്പടികൾ കൂടാതെ മരുന്നുകൾ കൈവശം വെക്കുന്ന യാത്രികർ നേരിടേണ്ടി വരാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തമാക്കിയിട്ടുണ്ട്.

കൃത്യമായ കുറിപ്പടികൾ കൂടാതെ മരുന്നുകളുമായെത്തുന്ന യാത്രികർക്ക് പരിശോധനകൾ മൂലം യാത്രകൾ വൈകുന്നതിന് ഇടയുണ്ടെന്നും, ഇത്തരം മരുന്നുകൾ റോയൽ ഒമാൻ പോലീസ് പിടിച്ചെടുക്കുന്നതിന് സാധ്യതയുണ്ടെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനാൽ ഒമാനിലേക്ക് യാത്ര ചെയ്യുന്ന അവസരത്തിൽ, നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനായും, യാത്ര സുഗമമാക്കുന്നതിനായും തങ്ങളുടെ കൈവശമുള്ള മരുന്നുകളുടെ കുറിപ്പ് കൈവശം കരുതാൻ യാത്രികരോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമാനിൽ നിരോധിക്കപ്പെട്ടിട്ടുള്ളതായ മരുന്നുകളുമായി രാജ്യത്തേക്ക് പ്രവേശിക്കുന്ന അവസരത്തിൽ ഉണ്ടായേക്കാവുന്ന നിയമപ്രശ്നങ്ങൾ ഒഴിവാക്കുന്നതിന് ഇത് പ്രധാനമാണ്.

🇸🇦ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്റർ.


✒️2021-ൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മൂല്യമുള്ള ഈന്തപ്പഴ കയറ്റുമതി നടത്തിയ രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനം നേടിയതായി ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ്മാപ്പ് ചൂണ്ടിക്കാട്ടുന്നു. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സൗദി അറേബ്യയുടെ 2021-ലെ മൊത്തം ഈന്തപ്പഴ കയറ്റുമതി 1.2 ബില്യൺ സൗദി റിയാൽ (320 മില്യൺ ഡോളർ) രേഖപ്പെടുത്തിയതായി ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വാർഷികാടിസ്ഥാനത്തിലുള്ള കയറ്റുമതിയിൽ ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയിരിക്കുന്നതും സൗദി അറേബ്യയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സൗദിയുടെ ഈന്തപ്പഴ കയറ്റുമതി 12.5 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആഗോളതലത്തിൽ 113 രാജ്യങ്ങളിലേക്ക് സൗദി അറേബ്യ ഈന്തപ്പഴം കയറ്റുമതി ചെയ്യുന്നുണ്ട്.

എണ്ണ ഇതര കയറ്റുമതി മേഖലകളെ ശക്തിപ്പെടുത്തുന്നതിന് സൗദി നേതൃത്വം നൽകുന്ന പ്രാധാന്യമാണ് ഈ നേട്ടം ചൂണ്ടികാട്ടുന്നതെന്ന് സൗദി നാഷണൽ സെന്റർ ഫോർ പാംസ് ആൻഡ് ഡേറ്റ്സ് അറിയിച്ചു. ഏതാണ്ട് 7.5 ബില്യൺ റിയാൽ മൂല്യം രേഖപ്പെടുത്തുന്ന ഈന്തപ്പന ഉത്പാദന മേഖല സൗദി അറേബ്യയുടെ കാർഷിക ഉത്പാദനത്തിന്റെ 12 ശതമാനത്തോളം വരുന്നതാണ്.

🇦🇪യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം.

✒️അബുദാബി: യുഎഇയില്‍ മൂന്ന് പേര്‍ക്ക് കൂടി കുരങ്ങുപനി (മങ്കിപോക്സ്) സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കില്‍ മൃഗവുമായോ ഉള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. ശരീരസ്രവങ്ങള്‍ വഴിയോ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങള്‍ വഴിയോ അല്ലെങ്കില്‍ വൈറസ് സാന്നിദ്ധ്യമുള്ള സാധനങ്ങളില്‍ നിന്നോ ആണ് രോഗബാധയുണ്ടാകുന്നത്. ഗര്‍ഭിണികളില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കും രോഗം പകരാമെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. അതേസമയം രോഗ പരിശോധനയും രോഗികളുടെ സമ്പര്‍ക്ക പരിശോധനയും ആരോഗ്യ നിരീക്ഷണവും ഉള്‍പ്പെടെ എല്ലാ നടപടികളും രാജ്യത്തെ ആരോഗ്യ വിഭാഗം അധികൃതര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സുസ്ഥിരമായ പ്രതിരോധവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്ത് ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച് അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരെ പൂര്‍ണമായും സുഖപ്പെടുന്നതുവരെ ആശുപത്രികളില്‍ തന്നെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് 21 ദിവസത്തില്‍ കുറയാത്ത ഭവന നിരീക്ഷണവും നിഷ്‍കര്‍ഷിച്ചിട്ടുണ്ട്. ഈ സമയത്ത് ആരോഗ്യസ്ഥിതിയും ഭവന നിരീക്ഷണ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും.

ഔദ്യോഗിക സ്രോതസുകളില്‍ നിന്നുമാത്രമേ വിവരങ്ങള്‍ ശേഖരിക്കാവൂ എന്നും തെറ്റായ വിവരങ്ങളും ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. അധികൃതര്‍ ഓരോ സമയത്തും പുറത്തിറക്കുന്ന നിര്‍ദേശങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കണമെന്നും അഭ്യര്‍ത്ഥിച്ചു.

🇸🇦സൗദി: ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകൾ അടുത്ത ആഴ്ച്ച മുതൽ ലഭ്യമാകുമെന്ന് സൂചന.

✒️2022 ഹജ്ജ് സീസണിലെ സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജുകളുടെ ബുക്കിംഗ് അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുമെന്ന് സൂചന. ആഭ്യന്തര തീർത്ഥാടകരുമായി ബന്ധപ്പെട്ട കോഓർഡിനേഷൻ കൗൺസിൽ ചെയർമാൻ സഈദ് അൽ ജുഹാനിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഈ വർഷത്തെ ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് പാക്കേജ് ബുക്കിംഗ് അടുത്ത ആഴ്ച്ച മുതൽ ആരംഭിക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആഭ്യന്തര തീർത്ഥാടകർക്കായി 3 തരം പാക്കേജുകൾ ലഭ്യമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകൾ പ്രകാരമുള്ള ഭക്ഷണപദാർത്ഥങ്ങളായിരിക്കും ആഭ്യന്തര തീർത്ഥാടകർക്ക് (പൗരന്മാരും, പ്രവാസികളും ഉൾപ്പടെയുള്ള) വിതരണം ചെയ്യുന്നതെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ആകെ ഒന്നരലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ ഹജ്ജ് സീസണിൽ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു. ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു.

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2022 മെയ് 26, വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.

🇴🇲ഒമാൻ: പ്രവാസികളുടെ പെർമിറ്റുകളുമായി ബന്ധപ്പെട്ട ഇ-സേവനങ്ങളിൽ മെയ് 31-ന് തടസം നേരിടുമെന്ന് തൊഴിൽ മന്ത്രാലയം.

✒️രാജ്യത്തെ പ്രവാസി തൊഴിലാളികളുടെ പെർമിറ്റുകളുമായി ബന്ധപ്പെട്ട സേവനങ്ങൾ നൽകുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം 2022 മെയ് 31-ന് ഒരു ദിവസത്തേക്ക് താത്കാലികമായി നിർത്തിവെക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 മെയ് 29-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

“വിദേശ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട പെർമിറ്റുകൾ നൽകുന്നതിനുള്ള ഇ-സേവനങ്ങളുടെ പ്രവർത്തനം 2022 മെയ് 31, ചൊവ്വാഴ്ച വൈകീട്ട് 3 മണിമുതൽ താത്‌കാലികമായി നിർത്തലാക്കുന്നതാണ്. 2022 ജൂൺ 1, ബുധനാഴ്ച മുതൽ ഈ സംവിധാനം സാധാരണ രീതിയിൽ സേവനങ്ങൾ നൽകുന്നത് പുനരാരംഭിക്കുന്നതാണ്.”, ഒമാൻ തൊഴിൽ മന്ത്രാലയം നൽകിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.


🇰🇼കുവൈറ്റ്: വരും ദിനങ്ങളിൽ ശക്തമായ കാറ്റ് മൂലം കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

✒️ശക്തമായ കാറ്റ് മൂലം രാജ്യത്ത് വരുന്ന ദിനങ്ങളിൽ കാഴ്ച്ച തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. 2022 മെയ് 29-ന് കുവൈറ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2022 മെയ് 30, തിങ്കളാഴ്ച്ച ഉച്ച മുതൽ കുവൈറ്റിൽ ശക്തമായ വടക്ക്പടിഞ്ഞാറൻ കാറ്റ് അനുഭവപ്പെടാൻ ഇടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കാറ്റിന്റെ വേഗത മണിക്കൂറിൽ 55 കിലോമീറ്റർ വരെ രേഖപ്പെടുത്താമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.

കാറ്റിന്റെ വേഗത ഇതിലും ഉയരുന്നതിന് സാധ്യത ഉണ്ടെന്നും, കാറ്റിന്റെ തീവ്രത മൂലം കാഴ്ച്ച ആയിരം മീറ്ററിൽ താഴെ എന്ന രീതിയിലേക്ക് ചുരുങ്ങാമെന്നും കാലാവസ്ഥാ അധികൃതർ കൂട്ടിച്ചേർത്തു. കടലോരമേഖലകളിൽ ആറ് അടി വരെ ഉയരമുള്ള തിരമാലകൾ അനുഭവപ്പെടാവുന്നതാണ്. ജൂൺ 1 ബുധനാഴ്ച്ച മുതൽ കാറ്റിന്റെ തീവ്രത പടിപടിയായി കുറയുന്നതിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

🇶🇦ഖത്തറില്‍ തുറസ്സായ സ്ഥലങ്ങളിലെ പകല്‍ ജോലിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും.


✒️ചൂട് ഉയരുന്നതോടെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ച് മന്ത്രാലയം. നിയന്ത്രണം ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. സെപ്തംബര്‍ 15 വരെ ഇത് തുടരുമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. 

രാവിലെ 10 മണി മുതല്‍ വൈകിട്ട് 3.30 വരെ തുറസ്സായി സ്ഥലങ്ങളില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് കമ്പനികള്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. അതേസമയം താപനില ഉയര്‍ന്ന് തുടങ്ങിയതോടെ ആരോഗ്യ, തൊഴില്‍ സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കി മന്ത്രാലയം ബോധവത്കരണ ക്യാമ്പയിന്‍ തുടങ്ങി. ഈ മാസം പകുതിയോടെ മന്ത്രാലയത്തിന്‍റെ പരിശോധന ടീം ഇതുമായി ബന്ധപ്പെട്ട് ബോധവത്കരണം സജീവമാക്കിയിരുന്നു.

🇦🇪അബുദാബി റെസ്റ്റോറന്‍റിലെ പൊട്ടിത്തെറി; പരിക്കേറ്റവരെ പൊലീസ് മേധാവി സന്ദര്‍ശിച്ചു.


✒️അബുദാബിയിലെ റെസ്റ്റോറന്‍റിലുണ്ടായ പൊട്ടിത്തെറിയില്‍ പരിക്കേറ്റവരെ പൊലീസ് മേധാവി സന്ദര്‍ശിച്ചു. ഖാലിദിയയിലെ റെസ്റ്റോറന്‍റ് കെട്ടിടത്തിലെ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ അബുദാബി പൊലീസ് മേധാവി സന്ദര്‍ശിച്ചു.

പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്ക് കമാന്‍ഡര്‍ ഇന്‍ ചീഫ് ഫാരിസ് ഖലാഫ് അല്‍ മസ്റൂയി പിന്തുണ അറിയിച്ചു. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കുന്ന മെഡിക്കല്‍ ജീവനക്കാരെ അദ്ദേഹം അഭിനന്ദിച്ചു.

തിങ്കളാഴ്ച ഉച്ചയോടെ മലയാളികള്‍ നടത്തുന്ന ഫുഡ് കെയര്‍ റെസ്റ്റോറന്‍റ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്‍റെ പാചക വാതക സംഭരണിയിലാണ് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ രണ്ട് മലയാളികളും ഒരു പാകിസ്ഥാനിയും മരിച്ചു. 120 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ 106 പേരും ഇന്ത്യക്കാര്‍ ആണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിരുന്നു. 56 പേര്‍ക്ക് സാരമായ പരിക്കുകളും 64 പേര്‍ക്ക് നിസ്സാര പരിക്കുകളും ഏറ്റിരുന്നു. പൊട്ടിത്തെറിയില്‍ നിരവധി കടകള്‍ക്കും ആറ് കെട്ടിടങ്ങള്‍ക്കുമാണ് നാശനഷ്ടങ്ങള്‍ സംഭവിച്ചത്.

🇦🇪അടിയന്തര ഫോണ്‍ സന്ദേശം ലഭിച്ചാല്‍ 1.16 മിനിറ്റിനുള്ളില്‍ പ്രതികരണം; നായിഫില്‍ വാഹനാപകടങ്ങളില്‍ മരണങ്ങളില്ല.


✒️ദുബൈ: ദുബൈയിലെ നായിഫ് ഏരിയയില്‍ കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി വാഹനാപകടങ്ങളില്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ദുബൈ പൊലീസ്. നായിഫ് പൊലീസ് സ്റ്റേഷനില്‍ കഴിഞ്ഞ വര്‍ഷം അടിയന്തര സന്ദേശങ്ങളില്‍ ശരാശരി 1.16 മിനിറ്റില്‍ പ്രതികരിക്കാനായി.

100,000 പേര്‍ക്കിടയില്‍ പൂജ്യം മരണമാണ് ട്രാഫിക് സേഫ്റ്റി ആന്‍ഡ് റോഡ് കണ്‍ട്രോള്‍ യൂണിറ്റ് റെക്കോര്‍ഡ് ചെയ്തത്. അടിയന്തര ഫോണ്‍ സന്ദേശങ്ങളില്‍ പ്രതികരണ സമയം 2.6 മിനിറ്റായിരുന്നു. എന്നാല്‍ ഇത് 1.16 മിനിറ്റില്‍ എത്തിക്കാന്‍ സാധിച്ചതായി ദുബൈ പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്സ് അസി.കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി പറഞ്ഞു. സുരക്ഷ, കുറ്റകൃത്യം, ഭരണം, ഗതാഗതം എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം നടത്താനായി.

🇰🇼ചൂട് കനക്കുന്നു: കുവൈത്തില്‍ ജൂണ്‍ മുതല്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കും.


✒️കുവൈത്തില്‍ ചൂട് കനക്കുന്ന സാഹചര്യത്തില്‍ തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം ആരംഭിക്കുന്നു. ജൂണ്‍ മാസം മുതലാണ് ഉച്ചവിശ്രമം ആരംഭിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് നാലു വരെയാണ് കുവൈത്തിലെ തൊഴിലാളികള്‍ക്ക് മധ്യാഹ്ന ഇടവേള നല്‍കേണ്ടത്. ഈ സമയം തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കരുതെന്നാണ് നിര്‍ദ്ദേശം. കുവൈത്ത് മാനവശേഷി അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.

കുവൈത്തില്‍ ജൂണ്‍, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയിരിക്കുന്നതെന്ന് മാനവശേഷി അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍ മൂസ വ്യക്തമാക്കി.

നിയമം ലംഘിച്ച്‌ തൊഴിലെടുപ്പിക്കുന്ന കമ്ബനികള്‍ക്ക് ആളൊന്നിന് 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വീതം പിഴ ചുമത്തുമെന്നും അദ്ദേഹം അറിയിച്ചു. നിയമലംഘകരെ കണ്ടെത്താന്‍ പരിശോധന ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🇶🇦മാമ്പഴങ്ങളുടെ വൈവിധ്യ ശേഖരവുമായി ലുലു; ‘കിങ്​ഡം ഓഫ്​ മാങ്കോസ്​’ ഫെസ്റ്റിവലിന്​ തുടക്കമായി.


✒️വൈവിധ്യമാർന്ന മാമ്പഴങ്ങളുടെ ശേഖരമൊരുക്കി ലുലുവിൽ കിങ്​ഡം ഓഫ്​ മാങ്കോസ്​’ ഫെസ്റ്റിവലിന് തുടക്കമായി. ആറ്​ രാജ്യങ്ങളിൽ നിന്നായി 50 വ്യത്യസ്ത ഇനം മാമ്പഴങ്ങളും മാങ്ങയിലെ വിവിധങ്ങളായ ഉൽപന്നങ്ങളുമെല്ലാം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും.

ഇന്ത്യയിൽ നിന്നുള്ള വൈവിധ്യവും രുചികരവുമായ മാമ്പഴങ്ങളും ശ്രീലങ്ക, ബ്രസീൽ, ഐവറി കോസ്റ്റ്, കൊളംബിയ, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള മാമ്പഴങ്ങളും പ്രദർശനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്.

മാമ്പഴങ്ങൾക്ക്​ പുറമെ, അച്ചാർ, സോസുകൾ, കറി, മാ​ങ്കോ പുരീ, സലാഡ്​ ഉൾപ്പെടെ വിവിധ ഉൽപന്നങ്ങൾ ഫെസ്റ്റിന്‍റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്​.

ലുലു ​ഐൻഖാലിദിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക്​ മിത്തൽ ഫെസ്റ്റ്​ ഉദ്​ഘാടനം ചെയ്തു. വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും, ഖത്തർ ചേംബർ ഓഫ്​ ​കൊമേഴ്​സ്​ ആന്‍റ്​ ഇൻഡസ്​ട്രി പ്രതിനിധികളും, ഇന്ത്യൻ കമ്യൂണിറ്റി നേതാക്കളും, ലുലു റീജ്യനൽ ഡയറക്ടർ എം.ഒ ഷൈജാൻ, ​റീജ്യനൽ മാനേജർ പി.എം ഷാനവാസ്​ ഉൾപ്പെടെ മേധാവികളും പ​ങ്കെടുത്തു. മെയ് 30 വരെയാണ് ലുലു ‘കിംഗ്‌ഡം ഓഫ് മാംഗോസ്’ നടക്കുക.

കിങ്​ഡം ഓഫ്​ മാങ്കോസ്​’ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന്​ അംബാസഡർ ഡോ. ദീപക്​ മിത്തൽ പറഞ്ഞു. ഖത്തറിൽ 18 ഹൈപ്പർമാർക്കറ്റുകളിലൂടെ ലുലു രാജ്യത്തിന്‍റെ ഭക്ഷ്യ സുരക്ഷയിൽ വഹിക്കുന്ന പങ്കിനെയും ചെയർമാൻ എം.എ യുസുഫ്​ അലി, ഡയറക്ടർ ഡോ. മുഹമ്മദ്​ അൽതാഫ്​ എന്നിവരുടെ നേതൃത്വത്തെയും അദ്ദേഹം പ്രശംസിച്ചു.

21ാമത്തെ മാമ്പഴ മേളയും വൻ വിജയമാവുമെന്നും മാമ്പഴ ഫെസ്റ്റിന്​ മികച്ച സ്വീകാര്യതയാണ്​ ലഭിക്കുന്നതെന്നും, റീജ്യനൽ ഡയറക്ടർ ഷൈജാൻ പറഞ്ഞു.

🇦🇪78-ാമത് മഹ്‌സൂസ് ഗ്രാന്‍ഡ് ഡ്രോയില്‍ രണ്ട് മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ട് 36 വിജയികള്‍.

✒️യുഎഇയിലെ മഹ്‌സൂസ് സ്റ്റുഡിയോയില്‍ വെച്ച് 2022 മേയ് 28 ശനിയാഴ്ച നടന്ന 78-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ 1609 വിജയികള്‍ ആകെ 2,849,500 ദിര്‍ഹത്തിന്റെ സമ്മാനം സ്വന്തമാക്കിയതായി മഹ്സൂസ് മാനേജിങ് ഓപ്പറേറ്റര്‍ ഈവിങ്സ് എല്‍എല്‍സി അറിയിച്ചു. 

രണ്ടാം സമ്മാനമായ രണ്ട് മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത 36 വിജയികളില്‍ ഓരോരുത്തരും 55,555,55 ദിര്‍ഹം വീതം സ്വന്തമാക്കി. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചു വന്നതോടെയാണ് ഇവര്‍ സമ്മാനാര്‍ഹരായത്. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ മൂന്നെണ്ണം യോജിച്ച് വന്ന 1570 പേര്‍ 350 ദിര്‍ഹം വീതം നേടി. 5,10,14,33,37 എന്നിവയായിരുന്നു നറുക്കെടുത്ത സംഖ്യകള്‍. 

എല്ലാ ആഴ്ചയിലെയും പോലെ ഈ ആഴ്ചയും റാഫിള്‍ ഡ്രോയിലൂടെ മൂന്ന് ഭാഗ്യശാലികള്‍ 100,000 ദിര്‍ഹം സ്വന്തമാക്കി. 14776359, 14927588, 14925667 എന്നീ ഐഡികളിലൂടെ അദ്നാന്‍, ബിനു, മാര്‍ക് എന്നിവര്‍ യഥാക്രമം വിജയികളായി. 

10,000,000 ദിര്‍ഹത്തിന്റെ ഒന്നാം സമ്മാനം ഇപ്പോഴും വിജയികളെ കാത്തിരിക്കുകയാണ്. 2022 ജൂണ്‍ നാല് ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്ക് നടക്കാനിരിക്കുന്ന അടുത്ത ഗ്രാന്‍ഡ് ഡ്രോയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇത് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക.

www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. ഇത് കൂടാതെ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഈ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന മൂന്ന് ഭാഗ്യശാലികള്‍ക്ക് 100,000 ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിക്കുക. 

മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. യോഗ്യരായ എല്ലാവര്‍ക്കും മഹ്സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.

🇴🇲ഒമാനില്‍ പ്രവാസികള്‍ക്കുള്ള തൊഴില്‍ പെര്‍മിറ്റുകളുടെ ഇ-സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കും.

✒️വിദേശ തൊഴിലാളികളെ ഒമാനിലേക്ക് കൊണ്ടുവരുന്നതിന് പെര്‍മിറ്റുകള്‍ ലഭിക്കുന്നതിനുള്ള ഇലക്ട്രോണിക് സേവനങ്ങള്‍ 2022 മെയ് 31 ചൊവ്വാഴ്ച ഒരു ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കും.

2022 മെയ് 31ചൊവ്വാഴ്ച വൈകുന്നേരം 3 മണി മുതലായിരിക്കും ഇലക്ട്രോണിക് സേവനങ്ങള്‍ നിര്‍ത്തിവെക്കുകയെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു. ഇലക്ട്രോണിക് സേവനങ്ങള്‍ 2022 ജൂണ്‍ 1 ബുധനാഴ്ച പുനരാരംഭിക്കുമെന്ന് തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦സൗദി: പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുന്നവർക്ക് 2 വർഷം തടവും, കനത്ത പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.

✒️രാജ്യത്ത് പൊതു ഉപയോഗത്തിനായി ലഭ്യമാക്കിയിട്ടുള്ള സംവിധാനങ്ങൾ മനപ്പൂർവം കേട് വരുത്തുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

പൊതു ഉപയോഗത്തിനുള്ള സംവിധാനങ്ങൾ നശിപ്പിക്കുകയും, അവയുടെ പ്രവർത്തനത്തെ തടസപ്പെടുത്തുകയും ചെയ്യുകയും, അവയുമായി ബന്ധപ്പെട്ട നിർമ്മിതികൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്യുന്ന എല്ലാ തരം പ്രവർത്തനങ്ങളും സൗദിയിലെ പബ്ലിക് യൂട്ടിലിറ്റീസ് പ്രൊട്ടക്ഷൻ സിസ്റ്റത്തിന് കീഴിൽ നിരോധിച്ചിട്ടുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും സേവനങ്ങൾ ലഭ്യമാക്കുന്നതിനായി നിർമ്മിച്ചിട്ടുള്ള ഇത്തരം സംവിധാനങ്ങളെ മനപ്പൂർവം തടസപ്പെടുത്തുന്ന വ്യക്തികൾക്കും, അത്തരം പ്രവർത്തനങ്ങൾക്ക് സഹായം നൽകുന്നവർക്കുമെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

ഇത്തരം പ്രവർത്തികൾക്ക് സൗദി അറേബ്യയിൽ 2 വർഷം വരെ തടവും, ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണ്. ഇത്തരം പ്രവർത്തനങ്ങൾക്ക് ശിക്ഷിക്കപ്പെടുന്നവരുടെ വിവരങ്ങൾ മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുമെന്നും അധികൃതർ കൂട്ടിച്ചേർത്തു. ഇതിനായി വരുന്ന തുക ശിക്ഷ ലഭിക്കുന്ന വ്യക്തിയിൽ നിന്ന് ഈടാക്കുന്നതാണ്. ഇതിന് പുറമെ, നശിപ്പിക്കപ്പെട്ട പൊതുവിതരണ സംവിധാനങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള ചെലവ് ഇത്തരം വ്യക്തികളിൽ നിന്ന് നഷ്‌ടപരിഹാരമായി ഈടാക്കുന്നതാണ്.

🇰🇼കുവൈറ്റ്: ഗാർഹിക വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം രാജ്യത്ത് നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് അധികൃതർ.

✒️രാജ്യത്ത് ആർട്ടിക്കിൾ 20 (ഗാർഹിക ജീവകർക്ക്) പ്രകാരമുള്ള റെസിഡൻസി വിസകളിലുള്ളവർക്ക് ആറ് മാസത്തിലധികം കുവൈറ്റിൽ നിന്ന് വിട്ട് നിൽക്കുന്നതിന് അനുമതിയില്ലെന്ന് കുവൈറ്റ് റെസിഡൻസി അഫയേഴ്‌സ് അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ആറ് മാസത്തിലധികം കുവൈറ്റിൽ നിന്ന് വിട്ട് നിൽക്കുന്ന ഇത്തരം വിസകളിലുള്ളവരുടെ റെസിഡൻസി സാധുത റദ്ദാകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. 2021 ഡിസംബർ 1, അല്ലെങ്കിൽ അതിന് മുൻപുള്ള തീയതികളിൽ കുവൈറ്റിൽ നിന്ന് മടങ്ങിയിട്ടുള്ള ഇത്തരം വിസകളിലുള്ളവരുടെ റെസിഡൻസി കാലാവധി, തിരികെയെത്താത്ത പക്ഷം, 2022 മെയ് 31-ന് അവസാനിക്കുന്നതാണ്.

അടിയന്തിര ഘട്ടങ്ങളിൽ സാധുത നീട്ടി ലഭിക്കേണ്ട സാഹചര്യങ്ങളിൽ ഇത്തരം തൊഴിലാളികളെ സ്പോൺസർ ചെയ്യുന്ന വ്യക്തികൾക്ക് ആഭ്യന്തര മന്ത്രാലയത്തിലെ റെസിഡൻസി അഫയേഴ്‌സ് വിഭാഗവുമായി ബന്ധപ്പെട്ട് കൊണ്ട് കാലാവധി നീട്ടുന്നതിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഇത്തരം അപേക്ഷകൾ 2022 മെയ് 31-ന് മുൻപായി സമർപ്പിക്കേണ്ടതാണ്.

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12358 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12358 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 മെയ് 19 മുതൽ 2022 മെയ് 25 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 മെയ് 28-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 7626 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1495 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3237 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 285 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 32 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 67 ശതമാനം പേർ യെമൻ പൗരന്മാരും, 1 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2022 മെയ് 12 മുതൽ 2022 മെയ് 18 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 12458 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.


🇰🇼കുവൈത്തിലെ പമ്പുകളില്‍ ഇനി സ്വയം ഇന്ധനം നിറയ്‍ക്കണം; സൗജന്യ സേവനം അവസാനിപ്പിക്കുന്നു.


✒️കുവൈത്തിലെ പെട്രോള്‍ പമ്പുകളില്‍ ഇന്ധനം നിറച്ചു നല്‍കുന്ന സേവനത്തിന് ഇനി പണം നല്‍കണം. ജീവനക്കാരുടെ ക്ഷാമം രൂക്ഷമായതിന് പിന്നാലെയാണ് കമ്പനികള്‍ പ്രവര്‍ത്തന രീതി മാറ്റുന്നത്. വാഹനത്തിലുള്ളവര്‍ തന്നെ ഇറങ്ങി ഇന്ധനം നിറയ്‍ക്കുന്ന തരത്തില്‍ പ്രവര്‍ത്തനം ക്രമീകരിക്കുകയാണ് പമ്പുകള്‍.

രാജ്യത്തെ പെട്രോള്‍ പമ്പുകളില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുകയാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് പലയിടങ്ങളിലും വലിയ തിരക്കുകള്‍ക്ക് കാരണമാവുകയും ചെയ്‍തു. പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഇന്ധനം നിറച്ചുനല്‍കണമെങ്കില്‍ 200 ഫില്‍സ് ഫീസ് ഈടാക്കുമെന്നാണ് ഔല ഫ്യുവര്‍ മാര്‍ക്കറ്റിങ് കമ്പനി അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കള്‍ സ്വയം ഇന്ധനം നിറയ്‍ക്കുന്ന സെല്‍ഫ് സര്‍വീസ് സംവിധാനം ചില പമ്പുകളില്‍ തുടങ്ങിയതായി ഔല ചെയര്‍മാന്‍ അബ്‍ദുല്‍ ഹുസൈന്‍ അല്‍ സുല്‍ത്താന്‍ പറഞ്ഞു.

സെല്‍ഫ് സര്‍വീസ് രീതി കൊണ്ടുവന്നിട്ടുണ്ടെങ്കിലും പമ്പുകളില്‍ ജീവനക്കാരുടെ സേവനം നിര്‍ത്തലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സ്‍ത്രീകള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെ വാഹനങ്ങള്‍ക്ക് കമ്പനി പ്രത്യേകം സ്റ്റിക്കറുകള്‍ നല്‍കും. ഇവര്‍ക്ക് അധിക ഫീസ് കൊടുക്കാതെ ജീവനക്കാരുടെ സേവനം പമ്പുകളില്‍ ലഭ്യമാവുകയും ചെയ്യും.

🇦🇪കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെ ഭര്‍ത്താവ് ജയിലിലായി; ഭക്ഷണത്തിന് പോലും വകയില്ലാതെ യുഎഇയില്‍ ഒരു മലയാളി കുടുംബം.

✒️കൊവിഡില്‍ കച്ചവടം തകര്‍ന്നതോടെ ഷാര്‍ജയില്‍ ജയിലിലായ ഭര്‍ത്താവിനെ മോചിപ്പിക്കാന്‍ സഹായം തേടുകയാണ് കണ്ണൂരുകാരി സ്വപ്‍ന. വിസാ കാലവധി കഴിഞ്ഞതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുകയാണ് ഈ പ്രവാസി കുടുംബം

രണ്ട് പതിറ്റാണ്ടിലേറെയായി ഗള്‍ഫില്‍ കഴിയുന്ന രാജേഷും കുടുംബവും 2019ലാണ് ഷാര്‍ജയില്‍ സ്വന്തമായി ജിംനേഷ്യം തുടങ്ങിയത്. കൊവിഡ് വ്യാപനത്തോടെ ബിസിനസ് തകര്‍ന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നിശ്ചിത സമയത്ത് വീടിന്റെ വാടക കൊടുക്കാൻ സാധിക്കാതെ ചെക്ക് കേസിൽ അകപ്പെട്ട രാജേഷ് ജയിലിലായി. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ പിഴ സംഖ്യയായ എണ്ണായിരം ദിര്‍ഹത്തിനായി മുട്ടാത്ത വാതിലുകളില്ലെന്ന് സ്വപ്‍ന പറയുന്നു

ഗള്‍ഫിലെ സമ്പാദ്യം കൊണ്ട് നാട്ടില്‍ പണിത വീട് പണയം വെച്ചാണ് ബിസിനസ് തുടങ്ങിയത്. ഭര്‍ത്താവിനെ പുറത്തിറക്കാന്‍ സഹായത്തിനായി അപേക്ഷിച്ചെങ്കിലും കുടുംബക്കാരും കൈമലര്‍ത്തി. നാളുകളായി ഫീസടക്കാത്തതിനാല്‍ പ്ലസ്‍ടു വിദ്യാര്‍ത്ഥിയായ മകന്റെ പഠനവും അനിശ്ചിതത്വത്തിലാണ്. മൂന്നുപേരുടേയും വിസാ കാലാവധിയും കഴിഞ്ഞു. ആഹാരത്തിനു പോലും വകയില്ലാതെ ആശ്രയം നഷ്ടപ്പെട്ടിരിക്കുന്ന സ്വപ്‍ന, ഭര്‍ത്താവിനെ ജയില്‍ മേചിതനാക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ്.

🇰🇼സന്ദര്‍ശക വിസയുടെ കാലാവധി കഴിഞ്ഞ് രാജ്യം വിടാത്തത് 14,653 പേര്‍; സ്‍പോണ്‍സര്‍മാര്‍ക്ക് പിഴ ചുമത്തും.

✒️സന്ദര്‍ശക വിസയിലെത്തിയ 14,653 പേര്‍ വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോയിട്ടില്ലെന്ന് കുവൈത്ത് താമസകാര്യ വകുപ്പ് അറിയിച്ചു. ഇവരുടെ സ്‍പോണ്‍സര്‍മാര്‍ക്കെതിരെ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. അതേസമയം അനധികൃത താമസക്കാരെ പിടികൂടാന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ രാജ്യമെമ്പാടും പുരോഗമിക്കുകയാണ്.

വിസാ കാലാവധി കഴിഞ്ഞും രാജ്യം വിടാത്ത സന്ദര്‍ശകരുടെ വിവരങ്ങള്‍ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള റെസിഡന്‍സ് അഫയേഴ്‍സ് സെക്ടര്‍ മേധാവി ബ്രിഗേഡിയര്‍ ജനറല്‍ വാലിദ് അല്‍ തറാവയാണ് സമര്‍പ്പിച്ചത്. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അഹ‍മദ് അല്‍ നവാഫിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ഇത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ കണക്കുകളാണ് മന്ത്രാലയം നല്‍കിയത്. 

2022 മേയ് മാസം ആദ്യം വരെ 14,653 പേര്‍ സന്ദര്‍ശക വിസകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യത്തു നിന്ന് പുറത്തുപോയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരുടെ വിസകള്‍ സ്‍പോണ്‍സര്‍ ചെയ്തവര്‍ക്കെതിരെ നടപടിയെടുക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം.  ശിക്ഷാ നടപടിയായി ഫാമിലി വിസകള്‍ ഉള്‍പ്പെടെ ഒരു തരത്തിലുമുള്ള വിസകള്‍ അടുത്ത രണ്ട് വര്‍ഷത്തേക്ക് ഇവര്‍ക്ക് സ്‍പോണ്‍സര്‍ ചെയ്യാനാവില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

🇸🇦സൗദി: മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങളുമായി കിംഗ് ഫഹദ് കോസ്‌വേയിലൂടെ പ്രവേശിക്കുന്നവർ അവ വെളിപ്പെടുത്തേണ്ടതാണ്.

✒️ബഹ്‌റൈനിൽ നിന്ന് മൂവായിരം റിയാലിൽ കൂടുതൽ മൂല്യമുള്ള സാധനങ്ങൾ വാങ്ങിക്കൊണ്ട് കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള ഇത്തരം വസ്തുക്കൾ വെളിപ്പെടുത്തേണ്ടതാണെന്ന് സൗദി അധികൃതർ വ്യക്തമാക്കി. സൗദി സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ബഹ്‌റൈനിൽ നിന്ന് സൗദി അറേബ്യയിലേക്ക്, കിംഗ് ഫഹദ് കോസ്‌വേയിലൂടെ, സഞ്ചരിക്കുന്നവർ തങ്ങളുടെ കൈവശമുള്ള പുതിയ വസ്തുക്കൾക്ക് പ്രത്യേക തീരുവ നൽകേണ്ടതായുണ്ടോ എന്നതിൽ വ്യക്തത നൽകുന്നതിനായാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ബഹ്‌റൈനിൽ നിന്ന് വിലയ്ക്ക് വാങ്ങിയിട്ടുള്ളതും, നിർമ്മാതാക്കൾ നൽകുന്ന ഒറിജിനൽ പാക്കേജിങ്ങിൽ തന്നെയുള്ളതും, ഇതുവരെ ഉപയോഗിക്കാത്തതുമായ വസ്തുക്കൾക്ക് മാത്രമാണ് പ്രത്യേക ഫീസ് ഈടാക്കുന്നതെന്ന് അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

ഇത്തരം യാത്രികർ സൗദിയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും 15 ശതമാനം VAT നികുതി ചുമത്തുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

🇶🇦ലോകകപ്പ്​ ടിക്കറ്റ്​ ഭാഗ്യച്ചെപ്പ്​ തുറന്നു; ജൂൺ 15 വരെ പണമടക്കാം.

✒️ഖത്തർ ലോകകപ്പ്​ ടിക്കറ്റ്​ വിൽപനയുടെ രണ്ടാം ഘട്ട റാൻഡം നറുക്കെടുപ്പ്​ പൂർത്തിയായി. നറു​ക്കെടുപ്പിൽ ടിക്കറ്റ്​ ലഭിച്ച ഭാഗ്യവാന്മാർ ജൂൺ 15ന്​ ഖത്തർ സമയം ഉച്ച 12ന്​ മുമ്പായി പണമടച്ച്​ തങ്ങളുടെ ടിക്കറ്റ്​ സ്വന്തമാക്കണമെന്ന്​ ഫിഫ അറിയിച്ചു. ഏപ്രിൽ 28ന്​ അവസാനിച്ച രണ്ടാം ഘട്ട ബുക്കിങ്ങിന്‍റെ റാൻഡം നറുക്കെടുപ്പ്​ ഫലങ്ങളാണ്​ ​ചൊവ്വാഴ്​ച ഉച്ചയോടെ fifa.com/tickets വെബ്​സൈറ്റ്​ വഴിയും ബുക്ക്​ ചെയ്തവരുടെ ഇ മെയിൽ വഴിയും അറിയിച്ചു തുടങ്ങിയത്​.

ടിക്കറ്റ്​ ലഭ്യമായവർക്ക്​ ഫിഫ ടിക്കറ്റ്​സിലെ ​അക്കൗണ്ട്​ വഴി തന്നെ വിശദാംശങ്ങൾ നൽകി പണം അടക്കാവുന്നതാണ്​. ജൂൺ 15 ഉച്ച 15ന്​ മുമ്പായി പണം അടച്ചില്ലെങ്കിൽ ലഭ്യമായ ടിക്കറ്റുകൾ അസാധുവായി മാറും. ഈ സമയത്ത്​ പുതിയ ടിക്കറ്റ്​ അപേക്ഷ സമർപ്പിക്കാൻ കഴിയില്ലെന്ന്​ ഫിഫ അറിയിച്ചു.

രണ്ടാം ഘട്ടത്തിൽ 2.35 കോടി ടിക്കറ്റിനാണ്​ ആവശ്യക്കാരുണ്ടായത്​. എന്നാൽ, ഈ റൗണ്ടിൽ 10 ലക്ഷം ടിക്കറ്റുകൾ മാത്രമാണ്​ ഫിഫ നീക്കിവെച്ചത്​. അർജന്‍റീന, ബ്രസീൽ, ഇംഗ്ലണ്ട്​, ഫ്രാൻസ്​, മെക്സികോ, ഖത്തർ, സൗദി അറേബ്യ, അമേരിക്ക രാജ്യങ്ങളിൽ നിന്നാണ്​ ഏറ്റവും കൂടുതൽ ബുക്കിങ്ങുണ്ടായത്​. ഖത്തറിൽ നിന്നും സ്വദേശികളും വിദേശികളും ഉൾപ്പെടെയുള്ള ഫുട്​ബാൾ ആരാധകർ വ്യാപകമായി ടിക്കറ്റിന്​ അപേക്ഷിച്ചിട്ടുണ്ട്​. ഡിസംബർ 18ന്​ നടക്കുന്ന ലോകകപ്പിന്‍റെ ഫൈനലിനാണ്​ ഏറ്റവും കൂടുതൽ അപേക്ഷകർ. അർജന്‍റീന - മെക്സികോ, അർജന്‍റീന -സൗദി അറേബ്യ, ഇംഗ്ലണ്ട്​ - അമേരിക്ക, പോളണ്ട്​ -അർജന്‍റീന മത്സരങ്ങൾക്കാണ്​ ഗ്രൂപ്പ്​ റൗണ്ടിൽ ഏറെ ആവശ്യക്കാരുള്ളത്​.


Post a Comment

0 Comments