വയനാട്ടിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ ഇനി മുതല്‍ സഞ്ചാരികളുടെ ക്യാമറകള്‍ പ്രവേശിപ്പിക്കുന്നതിന് ഫീസ് ഈടാക്കില്ല. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴില്‍ വരുന്ന മുഴുവന്‍ വിനോദസഞ്ചാര കേന്ദ്രങ്ങളിലുമാണ് സന്ദര്‍ശകര്‍ക്ക് ഏത് തരം ക്യാമറകളും ഉപയോഗിക്കാമെന്ന തീരുമാനമുണ്ടായിരിക്കുന്നത്. ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളെ കുറിച്ചുള്ള വീഡിയോകളും ചിത്രങ്ങളും ഇവിടെയെത്തുന്ന സഞ്ചാരികള്‍ കൂടി പ്രചരിപ്പിക്കുന്നതോടെ കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനാകും എന്ന് കണ്ടാണ് ക്യാമറകള്‍ പ്രത്യേക ചാര്‍ജ് ഈടാക്കാതെ അനുവദിക്കാനുള്ള തീരുമാനം അധികൃതര്‍ കൈക്കൊണ്ടിരിക്കുന്നത്.
അതിനിടെ മലയാളികളുടെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഊട്ടി വിനോദ സഞ്ചാര കേന്ദ്രം ഉള്‍പ്പെടുന്ന നീലഗിരി ജില്ലയില്‍ കുടിവെള്ളവും ഇനി ചില്ലുകുപ്പിയിലായിരിക്കും ലഭിക്കുക. നീലഗിരിയെ പ്ലാസ്റ്റിക് വിമുക്ത ജില്ലയാക്കുന്നതിന്റെ ഭാഗമായാണ് പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികള്‍ ഒഴിവാക്കുന്നത്. പശ്ചിമഘട്ട മലനിരകളുടെ വലിയൊരു ഭാഗം ഉള്‍പ്പെടുന്ന നീലഗിരിയില്‍ പ്ലാസ്റ്റിക് മാലിന്യം നിറയുന്നത് പരിസ്ഥിതിക്ക് അപകടഭീഷണിയുയര്‍ത്തുകയാണ്.
ഇക്കാര്യം കണക്കിലെടുത്താണ് ജില്ലയിലുടനീളം പ്ലാസ്റ്റിക് ഉപയോഗം ജില്ലാ ഭരണകൂടം പൂര്‍ണമായും നിരോധിച്ചിരിക്കുന്നത്. നിര്‍ദ്ദേശം വന്നതുമുതല്‍ നിയമലംഘനം കണ്ടെത്തുന്നതിനുള്ള പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്. പ്ലാസ്റ്റിക്, ഒഴിഞ്ഞ മദ്യക്കുപ്പികള്‍ തുടങ്ങിയവ പൊതുയിടങ്ങളില്‍ വലിച്ചെറിയുന്നത് തടയാന്‍ ജില്ലയിലെ പ്രധാനസ്ഥലങ്ങളില്‍ ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
നിലവില്‍ ജില്ലയിലുട നീളമുള്ള കടകളില്‍ ചില്ലുകുപ്പിയിലാണ് വെള്ളം വില്‍ക്കുന്നത്. ഒരു കുപ്പി വെള്ളത്തിന്റെ വില 60 രൂപവരെയാണെങ്കിലും കാലിയാകുന്ന കുപ്പികള്‍ തിരിച്ചുനല്‍കിയാല്‍ 30 രൂപ തിരികെ ലഭിക്കും. കര്‍ശനമാക്കിയതോടെ നീലഗിരിയിലെത്തുന്ന ഇതര സംസ്ഥാനക്കാരായ വിനോദസഞ്ചാരികളും കുപ്പിവെള്ളം ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും പൊതുസ്ഥലത്ത് വലിച്ചെറിയാതെ സഹകരിക്കണമെന്നാണ് ജില്ലാഭരണകൂടത്തിന്റെ അഭ്യര്‍ഥന.
0 Comments