Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ...

🇦🇪ദുബൈ വിമാനത്താവളത്തിലെ റണ്‍വേ അടയ്ക്കുന്നു; കേരളത്തിലേക്കുള്ള സര്‍വീസുകളിലടക്കം മാറ്റം.

✒️റണ്‍വേ നവീകരിക്കുന്നതിന്‍റെ ഭാഗമായി ദുബൈ രാജ്യാന്തര വിമാനത്താവളം ഭാഗികമായി അടയ്ക്കുന്നു. മെയ് 9 തിങ്കളാഴ്ച മുതല്‍ ജൂണ്‍ 22 വരെ 45 ദിവസത്തേക്കാണ് ദുബൈ വിമാനത്താവളത്തിന്‍റെ നോര്‍ത്തേണ്‍ റണ്‍വേ അടയ്ക്കുന്നത്. ഇതോടെ കേരളത്തിലേക്ക് ഉള്‍പ്പെടെയുള്ള സര്‍വീസുകളില്‍ മാറ്റമുണ്ടാകും.

ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് സര്‍വീസ് നടത്തിവരുന്ന വിമാനങ്ങളെല്ലാം അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളം, ഷാര്‍ജ രാജ്യാന്തര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്നാകും സര്‍വീസ് നടത്തുക. ചെന്നൈ, ബംഗളൂരു, ഗോവ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് ഷാര്‍ജ വിമാനത്താവളം വഴി സര്‍വീസ് നടത്തുക. 

കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള ചില സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. എയര്‍ ഇന്ത്യയുടെ ചില സര്‍വീസുകള്‍ മക്തൂം വിമാനത്താവളത്തിന് പുറമെ ഷാര്‍ജ വിമാനത്താവളത്തിലേക്കും മാറ്റിയിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം, മംഗളൂരു, തിരുച്ചിറപ്പള്ളി, അമൃത്സര്‍, ലക്നൗ, ജയ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ വിമാനങ്ങളാണ് അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയത്. ജൂണ്‍ 16- മുതല്‍ 22 വരെ സര്‍വീസ് നടത്തുന്ന ദുബൈ- കോഴിക്കോട് വിമാനവും തിരിച്ചുള്ള സര്‍വീസും ഷാര്‍ജയിലേക്ക് മാറ്റും.

റണ്‍വേ നവീകരണ കാലയളവില്‍ യാത്രക്കാര്‍ക്ക് സൗജന്യമായി ദുബൈ വിമാനത്താവള ടെര്‍മിനലുകള്‍ക്കും അല്‍ മക്തൂം വിമാനത്താവളത്തിനും ഇടയില്‍ ഇന്‍റര്‍ എയര്‍പോര്‍ട്ട് സൗജന്യ ഷട്ടില്‍ ബസ് സര്‍വീസുകളും ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക്: www.airindia.in / 06-5970444 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ ). എയർ ഇന്ത്യ എക്സ്പ്രസ് - www.airindiaexpress.in / 06-5970303 (തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ).

🇸🇦കൊവിഡ്: സൗദിയിൽ ഇന്ന് മരണമില്ല, പുതിയ കേസുകളുടെ എണ്ണമുയർന്നു.

✒️റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഉയരുന്നുണ്ടെങ്കിലും മരണമില്ലാത്തത് ആശ്വാസമായി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 234 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗബാധിതരിൽ 103 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 755,076 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 742,451 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,099 ആയി തുടരുന്നു. രോഗബാധിതരിൽ 3,526 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 55 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 12,178 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 77, റിയാദ് 40, മദീന 36, മക്ക 31, ദമ്മാം 10, അബഹ 7, ജീസാൻ 3, ഹുഫൂഫ് 3, ത്വാഇഫ് 2, യാംബു 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 64,460,861 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,454,660 ആദ്യ ഡോസും 24,795,875 രണ്ടാം ഡോസും 13,210,326 ബൂസ്റ്റർ ഡോസുമാണ്.

🇦🇪മരുഭൂമിയിലെ മണല്‍ചുഴിയില്‍ കുടുങ്ങിയ ഒട്ടകത്തിന് രക്ഷകരായി പ്രവാസി ദമ്പതികള്‍.

✒️മരുഭൂമിയിലെ മണല്‍ചുഴിയില്‍ അകപ്പെട്ട ഒട്ടകത്തെ രക്ഷപ്പെടുത്തി ദമ്പതികള്‍. ദുബൈയില്‍ താമസിക്കുന്ന അയര്‍ലന്‍ഡ് സ്വദേശികളായ ഇയാന്‍ മര്‍ഫി, ക്രിസ്റ്റ്യന്‍ വില്‍സണ്‍ എന്നിവരാണ് ഒട്ടകത്തിന് രക്ഷകരായത്.

റാസല്‍ഖൈമയിലായിരുന്നു സംഭവം ഉണ്ടായത്. ദുബൈയില്‍ നിന്ന് റാസല്‍ഖൈമയിലേക്ക് സഞ്ചരിക്കുകയായിരുന്നു ദമ്പതികള്‍. ഡോഗ് പാര്‍ക്കിലേക്കുള്ള യാത്രക്കിടെയാണ് ഒട്ടകം മണലില്‍ പൂണ്ടു കിടക്കുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒട്ടകത്തിന്‍റെ കാല്‍ഭാഗം മുഴുവനായും മണ്ണിനടിയിലായിരുന്നു. സമയോചിതമായി ഇടപെട്ട ഇവര്‍ ഉടന്‍ തന്നെ മണല്‍ മാറ്റി രക്ഷാപ്രവര്‍ത്തനം തുടങ്ങി. ഇത് കണ്ട് സമീപത്തുള്ളവരും ഇവര്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുകയായിരുന്നു. ഒട്ടകത്തിന്‍റെ മുന്‍കാലുകള്‍ തളര്‍ന്ന നിലയിലായിരുന്നു. ദമ്പതികള്‍ക്കൊപ്പം 15ഓളം ആളുകളും ഒട്ടകത്തെ രക്ഷിക്കാന്‍ കൂടി. തുടര്‍ന്ന് ഒട്ടകത്തെ രക്ഷപ്പെടുത്തിയ ഇവര്‍ അതിന് ആവശ്യമായ പരിചരണം നല്‍കിയ ശേഷം വിട്ടയച്ചു.

ഒട്ടകങ്ങള്‍ വഴിതെറ്റി ഇവിടെ എത്തിയതാകാമെന്നാണ് കരുതുന്നത്. ഒട്ടകത്തിന്‍റെ ഉടമകളും സ്ഥലത്തെത്തിയിരുന്നു. ഒട്ടകത്തിന്‍റെ ജീവന്‍ രക്ഷിച്ചതിന് പകരമായ ഇവര്‍ ഒരു ആട്ടിന്‍ കുട്ടിയെയും രണ്ട് പക്ഷികളെയും ദമ്പതികള്‍ക്ക് സമ്മാനമായി നല്‍കിയെങ്കിലും തങ്ങള്‍ മൃഗങ്ങളെ വളര്‍ത്താറില്ലെന്ന് പറഞ്ഞ് ഇവര്‍ ഇത് നിരസിച്ചു. ഒട്ടകത്തിന്‍റെ ഉടമകള്‍ നിര്‍ബന്ധിച്ചതോടെ അവരുടെ സല്‍ക്കാരം സ്വീകരിക്കാന്‍ തയ്യാറായി.

🇦🇪ചെറിയ പെരുന്നാള്‍ അവധിക്കിടെ യുഎഇയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു.

✒️ചെറിയ പെരുന്നാള്‍ അവധിക്കിടെ യുഎഇയില്‍ രണ്ടുപേര്‍ മുങ്ങി മരിച്ചു. ഷാര്‍ജയില്‍ 31കാരന്‍ മുങ്ങി മരിച്ചു. ഇന്ത്യക്കാരനാണ് മരിച്ചത്. അല്‍ ഹംരിയയില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടത്തെ കുറിച്ച് ബുധനാഴ്ച രാവിലെ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. ഉടന്‍ തന്നെ പൊലീസ്, ആംബുലന്‍സും രക്ഷാപ്രവര്‍ത്തക, പട്രോള്‍ സംഘങ്ങളുമായി സ്ഥലത്തെത്തുകയായിരുന്നു.

രാവിലെ ആറരയ്ക്ക് സ്ഥലത്തെത്തിയ ലൈഫ് ഗാര്‍ഡിനോട് അപകട വിവരം അറിയിച്ചു. യുവാവ് രാവിലെ അഞ്ച് മണിയോടെ കടലില്‍ ഇറങ്ങിയതാണെന്നും പിന്നീട് ഇയാളെ കാണാതാവുകയായിരുന്നെന്നും മരണപ്പെട്ട യുവാവിന്‍റെ സുഹൃത്ത് ലൈഫ് ഗാര്‍ഡിനോട് പറഞ്ഞു.

രാവിലെ 10 മണിയോടെ മൃതദേഹം കടലില്‍ നിന്ന് കണ്ടെത്തി. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തുടര്‍ന്ന് മൃതദേഹം ഫോറന്‍സിക് ലബോറട്ടറിക്ക് കൈമാറി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. തിങ്കളാഴ്ച ഉമ്മുല്‍ഖുവൈനില്‍ ഏഷ്യക്കാരന്‍ മുങ്ങി മരിച്ചു. മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ഇതില്‍ രണ്ടുപേരെ രക്ഷപ്പെടുത്തി. മൂന്നാമത്തെയാള്‍ മുങ്ങി മരിക്കുകയായിരുന്നു. ഉമ്മുല്‍ഖുവൈന്‍ പൊലീസാണ് അന്വേഷണം നടത്തുക. അപകട സാധ്യത മുന്നറിയിപ്പ് കാണുന്ന സ്ഥലങ്ങളില്‍ നീന്താനിറങ്ങരുതെന്നും വലിയ തിരമാലകളുള്ളപ്പോഴും കടല്‍ പ്രക്ഷുഭ്തമായിരിക്കുമ്പോഴും നീന്തരുതെന്നും ഷാര്‍ജ പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

🇦🇪യുഎഇയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 191 പേർക്ക്; പുതിയ മരണങ്ങളില്ല.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 191 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 235 പേരാണ് രോഗമുക്തരായത്. രാജ്യത്ത് കൊവിഡ് ബാധിച്ച് ഇന്നും പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 1,70,219 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,00,026 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,83,975 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,302 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ രാജ്യത്ത് 13,749 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.

🇦🇪തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയതിലൂടെ ഉണ്ടായത് വന്‍ അപകടം; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്.

✒️തിരക്കേറിയ ഹൈവേയില്‍ വാഹനം നിര്‍ത്തിയത് കാരണമുണ്ടായ അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് അബുദാബി പൊലീസ്. പൊതുജനങ്ങള്‍ക്കും വാഹനം ഓടിക്കുന്നവര്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കുന്നതിന്റെ ഭാഗമായാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടത്.

നിരവധി ലേനുകളുള്ള ഹൈവേയിലൂടെ പോകുന്ന വാഹനത്തിന് ചില തകരാറുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് റോഡിന്റെ മദ്ധ്യഭാഗത്തായി നിര്‍ത്തുന്നതാണ് വീഡിയോയിലുള്ളത്. വാഹനം നിര്‍ത്തുമ്പോള്‍ തന്നെ ഡ്രൈവര്‍ ഹസാര്‍ഡ് ലൈറ്റുകള്‍ ഓണ്‍ ചെയ്‍തിരുന്നു. തൊട്ടുപിന്നാലെയെത്തിയ ഏതാനും വാഹനങ്ങള്‍ അപകടമുണ്ടാക്കാതെ വശങ്ങളിലൂടെ മുന്നോട്ട് നീങ്ങി.

എന്നാല്‍ അല്‍പസമയത്തിന് ശേഷം പിന്നാലെയെത്തിയ ഒരു വാന്‍ ഈ കാറിനെ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു വശത്തേക്ക് നീങ്ങി മറ്റൊരു ലേനിലെത്തിയ കാര്‍, അവിടെ വേറൊരു കാറുമായി കൂട്ടിയിടിച്ചു. അതുകൊണ്ടും അവസാനിക്കാതെ പിന്നാലെയെത്തിയ മറ്റൊരു കാര്‍ രണ്ടാമത്തെ കാറിനെയും ഇടിച്ച് തെറിപ്പിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ കാണാം.


ഒരു കാരണവശാലും വാഹനങ്ങള്‍ റോഡിന്റെ മദ്ധ്യഭാഗത്ത് നിര്‍ത്തരുതെന്ന് അബുദാബി പൊലീസ് ട്രാഫിക് ആന്റ് പട്രോള്‍സ് ഡയറക്ടറേറ്റ് മൂന്നറിയിപ്പ് നല്‍കി. അത്യാവശ്യ സാഹചര്യമുണ്ടായാല്‍ റോഡിന്റെ വശങ്ങളിലുള്ള സുരക്ഷിതമായൊരു സ്ഥാനത്തേക്ക് മാറ്റി വാഹനം നിര്‍ത്തണം. വാഹനം നീങ്ങാത്ത സ്ഥിതിയാണെങ്കില്‍ എത്രയും വേഗം പൊലീസിന്റെ കണ്‍ട്രോള്‍ സെന്ററില്‍ വിളിച്ച് സഹായം തേടണമെന്നും അറിയിപ്പില്‍ പറയുന്നു.

ഡ്രൈവിങില്‍ നിന്ന് ശ്രദ്ധ തെറ്റുന്ന തരത്തിലുള്ള മറ്റ് പ്രവൃത്തികളില്‍ ഏര്‍പ്പെടരുത്. മൊബൈല്‍ ഫോണ്‍ ഉപയോഗം, മറ്റ് യാത്രക്കാരുമായുള്ള സംസാരം, ഫോട്ടോ എടുക്കല്‍, മേക്കപ്പ് ചെയ്യല്‍ തുടങ്ങിയവയെല്ലാം ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റുന്ന ഘടകങ്ങളാണ്. ഡ്രൈവിങിനിടെ വാഹനം ഓടിക്കുകയോ ശ്രദ്ധ തെറ്റുന്ന തരത്തിലുള്ള പ്രവൃത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് 800 ദിര്‍ഹം പിഴയും ഡ്രൈവിങ് ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.

🛫നോര്‍ക്ക വഴി ജര്‍മനിയിലേക്കുള്ള നഴ്‍സ് റിക്രൂട്ട്മെന്റ് അന്തിമ ഘട്ടത്തിലേക്ക്.


✒️നോര്‍ക്ക റൂട്ട്‌സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്‌മെന്റ് ഏജന്‍സിയുമായി 2021 ഡിസംബര്‍ രണ്ടിന് ഒപ്പു വച്ച ട്രിപ്പിള്‍ വിന്‍ പ്രോഗ്രാം വഴിയുള്ള നഴ്‌സ് റിക്രൂട്ട്‌മെന്റിന്റെ നടപടിക്രമങ്ങള്‍ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. 13,000ത്തോളം അപേക്ഷകരില്‍ നിന്നും ഷോര്‍ട്ടു ലിസ്റ്റു ചെയ്ത നാനൂറോളം ഉദ്യോഗാര്‍ഥികളുടെ ഇന്റര്‍വ്യൂ തിരുവനന്തപുരത്ത് പുരോഗമിക്കുന്നു. ഫെഡറല്‍ എംപ്ലോയമെമെന്റ് ഏജന്‍സിയിലെയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ ഓപ്പറേഷനിലേയും എട്ട് ഉദ്യാഗസ്ഥര്‍ തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്താണ് ഇന്റര്‍വ്യൂ നടത്തിവരുന്നത്. ഈ മാസം നാലിന് ആരംഭിച്ച ഇന്റര്‍വ്യൂ ഈ മാസം 13ന് അവസാനിക്കും.

ആദ്യ ദിനം മുപ്പതോളം പേരുമായുള്ള അഭിമുഖമാണ് നടന്നത്. ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനം ജര്‍മ്മന്‍ ഓഫീസര്‍മാരുടെ പ്രശംസ നേടിയെടുത്തിട്ടുണ്ട്. ആദ്യ വര്‍ഷം തന്നെ അഞ്ഞൂറിലധികം നഴ്‌സുമാര്‍ക്ക് ജര്‍മ്മനിയില്‍ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവിയില്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെടുന്ന നഴ്‌സുമാര്‍ക്ക് തിരുവനന്തപുരത്ത് തന്നെ ജര്‍മന്‍ ഭാഷയില്‍ ബി - 1 ലെവല്‍ വരെ സൗജന്യ പരിശീലനം നല്‍കിയതിനു ശേഷമാണ് ജര്‍മനിയിലേക്ക് കൊണ്ടു പോകുന്നത്. ജര്‍മനിയില്‍ എത്തിയ ശേഷവും ഭാഷാപരിശീലനവും അവിടത്തെ തൊഴില്‍ സാഹചര്യവുമായി ഇണങ്ങി ചേരാനും ജര്‍മന്‍ രജിസ്‌ടേഷന്‍ നേടാനുമുള്ള പരിശീലനവും സൗജന്യമായി ലഭിക്കും.

ഇതിനു പുറമെ നിലവില്‍ ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ള നഴ്സുമാരുടെ റിക്രൂട്ട്മെന്റിനായി ആവിഷ്‌കരിച്ചിരിക്കുന്ന ഫാസ്റ്റ്ട്രാക് പ്രോഗ്രാമിന്റെ ഭാഗമായി വാക്ക് ഇന്‍ ഇന്റര്‍വ്യൂവും ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ ആറു മാസത്തിനിടയില്‍ ബി-1, ബി-2 ലവല്‍ സര്‍ട്ടിഫിക്കറ്റ് നേടിയിട്ടുള്ള ഉദ്യോഗാര്‍ഥികളെയാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് പരിഗണിക്കുന്നത്. ഇടനിലക്കാരില്ലാതെ ഉടന്‍ തന്നെ ജര്‍മനിയില്‍ ജോലി നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്.


ഇന്‍ഡോ-ജര്‍മന്‍ മൈഗ്രേഷന്‍ ഉന്നതതല ശില്‍പശാല
ഇന്ത്യയില്‍ നിന്നും ജര്‍മ്മനിയിലേക്കുള്ള ആദ്യ ഗവണ്‍മെന്റ് ടു ഗവണ്‍മെന്റ് റിക്രൂട്ട്‌മെന്റ് കരാറാണ് ട്രിപ്പിള്‍ വിന്നിലൂടെ യാഥാര്‍ഥ്യമായത്. അതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങള്‍ സമയബന്ധിതമായി മുന്നേറുന്നത് കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തില്‍ മാത്രമല്ല, യൂറോപ്പില്‍ തൊഴിലവസരം തേടുന്ന യുവജനങ്ങള്‍ക്ക് പൊതുവില്‍ ആഹ്ലാദം പകരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്.

ആരോഗ്യമേഖലയില്‍ നിന്നും ഹോസ്‍പിറ്റാലിറ്റി അടക്കമുള്ള മറ്റു തൊഴില്‍ മേഖലകളിലേക്കു കൂടി റിക്രൂട്ടുമെന്റ് വ്യാപിക്കാനുള്ള എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താന്‍ നോര്‍ക്ക റൂട്ട്‌സ് സാധ്യമായ ശ്രമങ്ങള്‍ തുടരും. എഞ്ചിനീയറിംഗ്, ഐ.ടി, ഹോട്ടല്‍ മാനേജ്‌മെന്റ് അടക്കമുള്ള മേഖലകളില്‍ ധാരാളം ഒഴിവുകള്‍ പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

അത്തരം രംഗത്ത് കേരളത്തിന്റെ അക്കാദമിക നിലവാരം പരിശോധിക്കുന്നതിനും ജര്‍മനിയിലെ കരിക്കുലം തൊഴില്‍ നിയമങ്ങള്‍ പരിചയപ്പെടുത്തുന്നതിനുമായി ജര്‍മന്‍ ഉദ്യോഗസ്ഥരും കേരളത്തില്‍ നിന്നുള്ള ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരും ഒത്തുചേര്‍ന്നുകൊണ്ട് ഇന്‍ഡോ ജര്‍മന്‍ മൈഗ്രേഷന്‍ ഉന്നതതല ശില്‍പശാലയും മെയ് ആറിന് നടന്നു. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചുകൊണ്ട് തുടര്‍ നടപടികള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് മുന്‍കയ്യെടുക്കും.

🇸🇦പ്രവാസികള്‍ക്ക് തിരിച്ചടി; നാല് ജോലികളിൽ നിന്ന് ഞായറാഴ്‍ച മുതൽ പുറത്താകും.

✒️സൗദി അറേബ്യയില്‍ നാല്​ തൊഴിലുകൾ കൂടി പൂർണമായും സൗദി പൗരന്മാർക്ക്​ മാത്രമായി നിജപ്പെടുത്തിയ നിയമം ഞായറാഴ്ച പ്രാബല്യത്തിൽ വരും. ഓഫീസ് സെക്രട്ടറി, ട്രാൻസ്‍ലേറ്റർ, സറ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ ജോലികളാണ് സമ്പൂർണമായും സ്വദേശിവത്‍കരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇത് സംബന്ധിച്ച തീരുമാനം സൗദി മാനവവിഭവശേഷി മന്ത്രി എൻജി. അഹ്‍മദ്‍ ബിൻ സുലൈമാൻ അൽറാജിഹി പുറപ്പെടുവിച്ചത്.

ഇതോടെ ഓഫീസ് സെക്രട്ടറി, ട്രാൻസ്‍ലേറ്റർ, സ്‍റ്റോർ കീപ്പർ, ഡാറ്റാ എൻട്രി എന്നീ മേഖലകളിലെ നൂറ് ശതമാനം തസ്‍തികകളും സ്വദേശികൾക്ക്​ മാത്രമായിരിക്കും. സ്വദേശികളായ യുവതീ - യുവാക്കൾക്ക് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നതിനും തൊഴിൽ വിപണിയിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനും മന്താലയം നടത്തിവരുന്ന പ്രവർത്തന പദ്ധതിയുടെ ഭാഗമാണിത്. 20,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ സ്വദേശികൾക്ക് ലഭിക്കുക. 

ട്രാൻസ്‍ലേറ്റർ, സ്‍റ്റോർ കീപ്പർ എന്നീ ജോലികൾക്ക് ഏറ്റവും കുറഞ്ഞ ശമ്പളം 5,000 റിയാലായും നിജപ്പെടുത്തിയിട്ടുണ്ട്. മാർക്കറ്റിങ്​ വിഭാഗത്തിൽ അഞ്ചിൽ കൂടുതൽ ജീവനക്കാരുള്ള സ്ഥാപനത്തിലെ 30 ശതമാനം മാർക്കറ്റിങ് ജോലികൾ സ്വദേശിവത്കരിക്കാനുള്ള തീരുമാനവും മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനവും ഞായറാഴ്‍ച​ മുതൽ പ്രാബല്യത്തിൽ വരും. ഇതിലൂടെ 12,000 തൊഴിലവസരങ്ങളാണ് ലക്ഷ്യമിടുന്നത്. മാർക്കറ്റിങ്​ ജോലികളിലേർപ്പെടുന്നവർക്ക് കുറഞ്ഞ ശമ്പളം 5,500 റിയാലായും നിജപ്പെടുത്തിയിട്ടുണ്ട്.

🇰🇼കുവൈറ്റ്: റെസിഡൻസി നിയമങ്ങൾ ലംഘിച്ച 62 പ്രവാസികളെ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 62 പ്രവാസികളെ അറസ്റ്റ് ചെയ്തതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 2022 മെയ് 5-നാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഷുവൈഖിലെ ഫ്രൈഡേ മാർക്കറ്റിൽ നടത്തിയ പ്രത്യേക പരിശോധനകളിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി അഫയേഴ്സിന്റെ നേതൃത്വത്തിലാണ് ഈ പരിശോധനകൾ നടത്തിയത്.

പിടിയിലായവർക്കെതിരെ നിയമനടപടികൾ കൈക്കൊള്ളുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦സൗദി: വ്യാജ ഹജ്ജ് വെബ്സൈറ്റുകളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.

✒️ഹജ്ജ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ സൗദി ഹജ്ജ്, ഉംറ മന്ത്രാലയം ആഭ്യന്തര തീർത്ഥാടകർക്ക് മുന്നറിയിപ്പ് നൽകി. സൗദിയിൽ നിന്ന് ഹജ്ജ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം വ്യാജ വെബ്സൈറ്റുകളുടെ തട്ടിപ്പിന് ഇരയാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.

2022 മെയ് 6, വെള്ളിയാഴ്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഹജ്ജ് സേവനങ്ങൾ, ഹജ്ജ് റജിസ്ട്രേഷൻ മുതലായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സംശയകരമായ വെബ്സൈറ്റുകളുമായി ഒരു രീതിയിലുമുള്ള ഇടപാടുകളിൽ ഏർപ്പെടരുതെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

സൗദിയിൽ നിന്നുള്ള തീർത്ഥാടകരുടെ ഈ വർഷത്തെ ഹജ്ജ് റജിസ്ട്രേഷൻ നടപടിക്രമങ്ങൾ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ തന്നെ പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. https://haj.gov.sa/ എന്ന വിലാസത്തിൽ സൗദി ഹജ്ജ്, ഉംറ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റ് ലഭ്യമാണ്.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് ഒരു ദശലക്ഷം തീർത്ഥാടകർക്ക് അനുമതി നൽകുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം 2022 മാർച്ച് 9-ന് അറിയിച്ചിരുന്നു.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി ലഭിക്കുന്നവരിൽ ഏതാണ്ട് 85 ശതമാനം പേരും വിദേശ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരായിരിക്കുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം പിന്നീട് വ്യക്തമാക്കിയിരുന്നു.

🇴🇲ഒമാൻ: വിനോദമേഖലകളിൽ തീക്കൂട്ടുന്നതിനെതിരെ മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

✒️വിനോദമേഖലകളിലും, മരങ്ങൾക്ക് കീഴിലും വിവിധ ആവശ്യങ്ങൾക്കായി തീക്കൂട്ടുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിൽ ഇതുമായി ബന്ധപ്പെട്ട് മുൻസിപ്പാലിറ്റി ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.

ഈ അറിയിപ്പിൽ, വിനോദമേഖലകളിലും, മരങ്ങൾക്ക് കീഴിലും തീ കത്തിക്കുന്നവർക്ക് 20 റിയാൽ പിഴ ചുമത്തുമെന്ന് മുൻസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. മരങ്ങൾക്കും, ചുറ്റുമുള്ള മേഖലയ്ക്കും കോട്ടം വരുത്തുന്ന രീതിയിലും, ചുറ്റുമുള്ള വ്യക്തികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലും പാചകം ചെയ്യുന്നതിനും മറ്റുമായി തീ ഉപയോഗിക്കുന്നത് ഇത്തരം പിഴ ചുമത്തപ്പെടുന്നതിലേക്ക് നയിക്കാമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

🇴🇲ഒമാൻ: മാലിന്യങ്ങൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.

✒️മാലിന്യവസ്തുക്കൾ അലക്ഷ്യമായി വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. 2022 മെയ് 5-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള ഇടങ്ങളിലല്ലാതെ അവ വലിച്ചെറിയുന്നവർക്ക് 100 റിയാൽ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴ ചുമത്തുമെന്നും മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.

ഇത്തരം ലംഘനങ്ങളിൽ ഏർപ്പെടുന്ന വ്യക്തികൾക്ക് അലക്ഷ്യമായി നിക്ഷേപിച്ച മാലിന്യം കൃത്യമായ ഇടങ്ങളിൽ നിർമ്മാർജ്ജനം ചെയ്യുന്നതിന് ഒരു ദിവസത്തെ സമയം അനുവദിക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചിട്ടുണ്ട്.

🇶🇦മൂന്നാം വാർഷികം: 3 റിയാലിന് ദിവസം മുഴുവന്‍ സഞ്ചരിക്കാവുന്ന പ്രത്യേക പാസുമായി ദോഹ മെട്രോ.

✒️3 റിയാലിന് ദിവസം മുഴുവന്‍ സഞ്ചരിക്കാവുന്ന പ്രത്യേക പാസുമായി ദോഹ മെട്രോ. ദോഹ മെട്രോയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ചാണ് പ്രത്യേക ഓഫർ ഒരുക്കിയിരിക്കുന്നത്. മെട്രോ സേവനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഉപഭോക്താക്കൾക്കുള്ള അഭിനന്ദമായിട്ടാണ് പ്രത്യേക പാസ്സ് പ്രഖ്യാപിച്ചതെന്ന് അധികൃതർ പറഞ്ഞു.

മെയ് 8, 9, 10 തീയതികളിലാണ് ഈ പ്രത്യേക പാസ് ഉപയോഗിക്കാനാവുക. 3 ദിവസത്തെ പാസ് പേപ്പര്‍ ടിക്കറ്റുകള്‍ക്ക് മാത്രമേ ബാധകമാവുകയുള്ളൂ. ട്രാവല്‍ കാര്‍ഡ് വെന്‍ഡിംഗ് മെഷീനുകളില്‍ നിന്നോ ഗോള്‍ഡ് ക്ലബ്ബ് ഓഫീസുകളില്‍ നിന്നോ ഇവ ശേഖരിക്കാം.

🇸🇦വിസിറ്റിങ്​ വിസക്കാർക്ക്​ ഹജ്ജിനു അനുമതിയില്ല.

✒️സൗദി അറേബ്യയിൽ വിസിറ്റിങ്​ വിസയിലെത്തിയവരെ ഹജ്ജ്​ നിർവഹിക്കാൻ അനുവദിക്കില്ലെന്ന്​ ഹജ്ജ്​-ഉംറ മന്ത്രാലയം അറിയിച്ചു. ഹജ്ജ്​ വിസയിലെത്തുന്നവർക്കും രാജ്യത്ത്​ നിയമാനുസൃത ഇഖാമയുള്ളവർക്കും മാത്രമായിരിക്കും ഹജ്ജിന്​ അനുമതി നൽകുക. വിസിറ്റിങ്​ വിസയിലുള്ളവർക്ക്​ ഹജ്ജ്​ അനുമതി പത്രം നേടാനാകില്ലെന്ന്​ ഇതു സംബന്ധിച്ച ആളുകളുടെ ചോദ്യത്തിനുള്ള മറുപടിയായാണ്​ ഹജ്ജ്​ ഉംറ മന്ത്രാലയം വ്യക്തമാക്കിയത്​.

🔊പോസ്റ്റമോർട്ടം നടപടികൾ പൂർത്തിയായി; റിഫയുടെ മൃതദേഹം വീണ്ടും ഖബറടക്കി......

✒️ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്ത് വീണ്ടും ഖബറടക്കി. സബ് കളക്ടര്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍നിന്ന് ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് കോഴിക്കോട് തഹസില്‍ദാറുടെ മേല്‍നോട്ടത്തില്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. ഫൊറന്‍സിക് വിദഗ്ധരും സ്ഥലത്തുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടിക്ക് ശേഷം മൃതദേഹം വീണ്ടും പാവണ്ടൂര്‍ ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ ഖബറടക്കുകയായിരുന്നു.

പള്ളി പരിസരത്തുവെച്ച് തന്നെ പോസ്റ്റുമോര്‍ട്ടം നടത്താനുള്ള പ്രത്യേക സൗകര്യങ്ങള്‍ അധികൃതര്‍ നേരത്തെ ഒരുക്കിയിരുന്നു. എന്നാല്‍ മൃതദേഹം കാര്യമായി അഴുകിയിട്ടില്ലാത്തതിനാല്‍ മെഡിക്കല്‍ കോളേജില്‍വെച്ച് പോസ്റ്റുമോര്‍ട്ടം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവരുന്നതോടെ മരണത്തിലെ ദുരൂഹത നീങ്ങുമെന്നാണ് പ്രതീക്ഷയെന്ന് റിഫയുടെ കുടുംബം പ്രതികരിച്ചു. മൃതദേഹം പുറത്തെടുക്കുന്നതറിഞ്ഞ് ഒട്ടേറെനാട്ടുകാരും സ്ഥലത്തെത്തിയിരുന്നു.

മാര്‍ച്ച് ഒന്നാം തീയതിയാണ് വ്ളോഗറും യൂട്യൂബറുമായ റിഫ മെഹ്നുവിനെ ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. റിഫയുടെ മരണത്തില്‍ തുടക്കംമുതലേ ദുരൂഹതകള്‍ നിലനിന്നിരുന്നു. ഭര്‍ത്താവ് മെഹ്നാസ് റിഫയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചിരുന്നു. പിന്നീട് മൃതദേഹം ദുബായില്‍നിന്ന് നാട്ടിലെത്തിച്ചപ്പോള്‍ അവിടെവെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയെന്ന് പറഞ്ഞ് ഭര്‍ത്താവ് മെഹ്നാസ് കബളിപ്പിച്ചതായും കുടുംബം ആരോപിച്ചിട്ടുണ്ട്. ഇതിനുപിന്നാലെ റിഫയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്.

റിഫയുടെ മരണത്തില്‍ വ്‌ളോഗറും ഭര്‍ത്താവുമായ കാസര്‍കോട് സ്വദേശി മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. മാനസികവും ശാരീരികവുമായി ഉപദ്രവിക്കല്‍, ആത്മഹത്യാപ്രേരണാക്കുറ്റം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്.

ജനുവരിമാസം അവസാനമാണ് റിഫ സ്വദേശമായ കാക്കൂരില്‍നിന്നും വിദേശത്ത് എത്തിയത്. ദുബായിലെ കരാമയില്‍ പര്‍ദ ഷോപ്പിലായിരുന്നു റിഫ ജോലിചെയ്തിരുന്നത്. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള തന്റെ രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോകോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്ന് രാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്.

മരണത്തില്‍ അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് റിഫ മെഹ്നുവിന്റെ പിതാവ് കാക്കൂര്‍ പാവണ്ടൂര്‍ ഈന്താട് അമ്പലപ്പറമ്പില്‍ റാഷിദ് റൂറല്‍ എസ്.പി. എ. ശ്രീനിവാസന് പരാതി നല്‍കിയിരുന്നു. പോലീസ് പ്രാഥമിക അന്വേഷണം നടത്തിയതിനുശേഷമാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

മൂന്നുവര്‍ഷംമുമ്പ് ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ടാണ് മെഹ്നാസിനെ റിഫ വിവാഹം കഴിച്ചത്. തുടര്‍ന്ന് ഭര്‍ത്താവിനോടൊപ്പം യുട്യൂബ് വീഡിയോകളും മറ്റും ചിത്രീകരിക്കുന്നതില്‍ റിഫ സജീവവുമായിരുന്നു. മെഹ്നാസ് നിലവില്‍ നാട്ടിലാണുള്ളത്.


Post a Comment

0 Comments