നാണയപ്പെരുപ്പം രൂക്ഷമായതിനാൽ ബ്രിട്ടാനിയ ഇൻഡസ്ട്രീസ് (Britannia Industries) തങ്ങളുടെ ഉത്പന്നങ്ങളുടെ അളവ് കുറയ്ക്കാൻ ഒരുങ്ങുന്നു. വർധിച്ചു വരുന്ന പണപ്പെരുപ്പത്തെ നേരിടാൻ വില വർധിപ്പിക്കുന്നതിന് പകരമാണ് ഉത്പന്നത്തിന്റെ അളവിൽ കുറവ് വരുത്തുന്നത്. എന്നാൽ തുടർന്നും നിലവിലെ അസംസ്‌കൃത വസ്തുക്കളുടെ (raw material) വില ഉയരുകയാണെങ്കിൽ 10 ശതമാനം വില വർധിപ്പിക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
നാണയപ്പെരുപ്പത്തെ കൂടുതൽ വഷളാക്കുന്നു സാഹചര്യങ്ങളാണ് നിലവിലുള്ളത്. അത് ഉടനെ അവസാനിക്കുമെന്ന് കരുതുന്നില്ല. മുൻകൂറായി തയ്യാറെടുപ്പുകൾ നടത്തിയതിനാൽ ചില ചെലവുകൾ നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു, എന്നിരുന്നാലും പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തിൽ അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നേക്കാം. ഇതിനാലാണ് അളവ് കുറയ്ക്കുന്നതെന്ന് ബ്രിട്ടാനിയ ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ വരുൺ ബെറി വ്യക്യതമാക്കി.
ഇതോടെ ഇനി ഉത്പാദിപ്പിക്കുന്ന എല്ലാ ഉത്പന്നങ്ങളുടെയും അളവ് കമ്പനി കുറച്ചേക്കും. അതേസമയം മാർച്ചിൽ കമ്പനിയുടെ അറ്റാദായം 4.3 ശതമാനം വർധിച്ച് 379.9 കോടി രൂപയായി. ഈ പാദത്തിലെ മൊത്തം ചെലവ് 3,000.77 കോടി രൂപയായിരുന്നു. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 14.3 ശതമാനം കൂടുതലാണ്. എന്നാൽ ഈ പാദത്തിൽ 15 ശതമാനം ഉയർന്ന ഉയർച്ച കൈവരിച്ചതായി വരുൺ ബെറി കൂട്ടിച്ചേർത്തു.
ബ്രിട്ടാനിയയുടെ പുതിയ ഡയറി ഗ്രീൻഫീൽഡ് ഫാക്ടറി നിർമ്മാണം പുരോഗമിക്കുന്നതായും ഉത്തർപ്രദേശ്, തമിഴ്നാട്, ബിഹാർ എന്നിവിടങ്ങളിൽ ഗ്രീൻഫീൽഡ് യൂണിറ്റുകൾ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി. അസംസ്‌കൃത വസ്തുക്കളുടെ വില ഉയർന്നതാണ് പുതിയ നീക്കത്തിന് കാരണം. പാമോയിലിന്റെ വില വർധനവും പാക്കിങ് മെറ്റീരിയലുകളുടെ വില വർധനവും ഒരു പ്രധാന കാരണമാണെന്നും വരുൺ ബെറി കൂട്ടിച്ചേർത്തു.
ഇന്ത്യയിൽ വളരെ അധികം ജനപ്രീതി ആർജിച്ച ഭക്ഷ്യ കമ്പനികളിലൊന്നാണ് ബ്രിട്ടാനിയ ഇൻഡസ്ട്രീസ്. ബിസ്‌ക്കറ്റ്, ബ്രെഡ്, കേക്ക്, റസ്ക്, ചീസ്, പാനീയങ്ങൾ, പാൽ, തൈര് എന്നിവയാണ് ബ്രിട്ടാനിയ പ്രധാനമായും വിപണിയിലെത്തിക്കുന്നത്.
0 Comments