Ticker

6/recent/ticker-posts

Header Ads Widget

UAE President : ഇന്ത്യൻ ജനത ഒപ്പമുണ്ട്, യുഎഇ പ്രസിഡന്‍റിന്‍റെ വേർപാടിൽ 'അഗാധ ദുഃഖം' അറിയിച്ച് പ്രധാനമന്ത്രി.


UAE President : ഇന്ത്യൻ ജനത ഒപ്പമുണ്ട്, യുഎഇ പ്രസിഡന്‍റിന്‍റെ വേർപാടിൽ 'അഗാധ ദുഃഖം' അറിയിച്ച് പ്രധാനമന്ത്രി.

യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അഗാധ ദുഃഖം രേഖപ്പെടുത്തി. ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ത്യ - യു എ ഇ ബന്ധം അഭിവൃദ്ധി പ്രാപിപ്പിക്കുന്നതിൽ വലിയ പങ്ക് വഹിച്ച നേതാവായിരുന്നെന്ന് മോദി ഓർമ്മിപ്പിച്ചു. ഇന്ത്യൻ ജനതയുടെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്ന് ട്വിറ്ററിലൂടെ വ്യക്തമാക്കിയ മോദി യുഎഇയിലെ ജനങ്ങൾക്കൊപ്പം വേദനയിൽ പങ്കുചേരുന്നുവെന്നും കുറിച്ചു.

യുഎഇ പ്രസിഡന്‍റും അബുദാബി ഭരണാധികാരിയുമായ ശൈഖ് ഖലീഫ ബിൻ സായിദ് ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് അന്തരിച്ചത്. 73 വയസായിരുന്നു. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്. രാഷ്ട്രത്തലവൻ്റെ മരണത്തെ തുട‍ര്‍ന്ന് യുഎഇയിൽ 40 ദിവസത്തെ ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. 

യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

2004 നവംബര്‍ മൂന്നിനാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍ യുഎഇയുടെ ഭരണാധികാരിയായി സ്ഥാനമേറ്റെടുത്തത്. യുഎഇ സ്ഥാപകനും ആദ്യ ഭരണാധികാരിയുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്നായിരുന്നു അദ്ദേഹം ഭരണം ഏറ്റെടുത്തത്. 2004 നവംബര്‍ രണ്ടിനായിരുന്നു ശൈഖ് സായിദ് വിടപറഞ്ഞത്.

1948ല്‍ ജനിച്ച ശൈഖ് ഖലീഫ യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്റും അബുദാബിയിലെ 16-ാമത് ഭരണാധികാരിയുമായിരുന്നു. രാഷ്‍ട്ര സ്ഥാപകന്‍ ശൈഖ് സായിദിന്റെ മൂത്ത മകനായിരുന്നു ശൈഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ശൈഖ് ഖലീഫ നേതൃത്വം നല്‍കി. വന്‍ വികസന കുതിപ്പിലേക്ക് രാജ്യത്തെ നയിക്കുകയും ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ആ രാജ്യത്തെ പ്രിയങ്കരമാക്കുകയും ചെയ്‍ത ഭരണാധികാരിയാണ് വിടപറഞ്ഞത്.

യുഎഇയിലെ സ്വദേശികളുടെയും പ്രവാസികളുടെയും ക്ഷേമത്തിന് പ്രഥമ പരിഗണന നല്‍കി സുസ്ഥിരമായ വികസന പദ്ധതികളിലൂടെ ഭാവിയിലേക്ക് രാഷ്‍ട്രത്തെ സജ്ജമാക്കിയ ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ. രാജ്യത്തെ എണ്ണ, വാതക രംഗത്തെ വന്‍ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും സാമ്പത്തിക വൈവിദ്ധീകരണത്തിനും അദ്ദേഹം നേതൃത്വം നല്‍കി. വടക്കന്‍ എമിറേറ്റുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കുകയും ഭവന, വിദ്യാഭ്യാസ പദ്ധതികളുള്‍പ്പെടെ ഒട്ടേറെ പ്രത്യേക പദ്ധതികള്‍ അവിടങ്ങളില്‍ നടപ്പാക്കുകയും ചെയ്‍തു.

യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ശൈഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. ജനങ്ങളുടെ പ്രശ്‍നങ്ങളില്‍ എപ്പോഴും ശ്രദ്ധപതിപ്പിച്ചിരുന്ന ജനങ്ങളാല്‍ അത്യധികം സ്‍നേ‍ഹിക്കപ്പെട്ട ഭരണാധികാരി കൂടിയായിരുന്നു ശൈഖ് ഖലീഫ.

യുഎഇ പ്രസിഡന്റിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മഹ്‍സൂസ്; ശനിയാഴ്‍ചയിലെ നറുക്കെടുപ്പ് മാറ്റിവെച്ചു.


യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തില്‍ മഹ്‍സൂസ് മാനേജിങ് ഓപ്പറേറ്ററായ ഈവിങ്സ് എല്‍.എല്‍.സി യുഎഇയിലെ ജനങ്ങളോട് അനുശോചനം അറിയിച്ചു. മേയ് 14 ശനിയാഴ്‍ച നടക്കേണ്ടിയിരുന്ന മഹ്‍സൂസിന്റെ 77-ാമത് പ്രതിവാര നറുക്കെടുപ്പ് പ്രസിഡന്റിന്റെ നിര്യാണത്തെ തുടര്‍ന്ന് മാറ്റിവെച്ചതായും ഈവിങ്സ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. 

പകരം ഇപ്പോഴത്തെ എന്‍ട്രികള്‍ മേയ് 21ന് രാത്രി ഒന്‍പത് മണിക്ക് നടക്കാനിരിക്കുന്ന നറുക്കെടുപ്പില്‍ ഉള്‍പ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് അന്വേഷണങ്ങള്‍ക്കായി customer.support@mahzooz.ae എന്ന ഇ-മെയിലിലൂടെയോ 8005825 (Toll Free); +971 4 588 0100 (International) എന്നീ ഫോണ്‍ നമ്പറുകളിലൂടെയോ ബന്ധപ്പെടാം.

‘എന്നും സുഹൃത്തായി നിലകൊണ്ടു, പ്രളയ കാലത്തെ സഹായ ഹസ്തം’; വലിയ നഷ്ടമെന്നും മുഖ്യമന്ത്രി.

യുഎഇ പ്രസിഡൻ്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനമറിയിച്ചു. അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. യു.എ.ഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നുവെന്നും പിണറായി വിജയൻ അനുശോചന കുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

യു.എ.ഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.

യു.എ.ഇയുടെ ആധുനികവൽക്കരണത്തിന് നേതൃത്വം നൽകിയ അദ്ദേഹം കേരളവുമായി എന്നും അടുത്ത ബന്ധം സൂക്ഷിച്ച ഭരണാധികാരിയായിരുന്നു. നമ്മുടെ രാജ്യവുമായുള്ള ബന്ധം സുദൃഢമാക്കുന്നതില്‍ വലിയ പങ്കാണ് ബിന്‍ സായിദ് വഹിച്ചിരുന്നത്._
_യു.എ.ഇ.ലെ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിന്‍റെ ക്ഷേമം ഉറപ്പാക്കുന്ന കാര്യത്തില്‍ ആദ്ദേഹം പുലര്‍ത്തിയ കരുതല്‍ എക്കാലവും ഓര്‍മ്മിക്കപ്പെടും. പ്രളയസമയത്തുൾപ്പെടെ കേരളത്തിനായി സഹായഹസ്തം നീട്ടിയ അദ്ദേഹം എന്നും കേരളത്തിന്റെ സുഹൃത്തായി നിലകൊണ്ടു. വലിയ നഷ്ടമാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ വേർപാട് സൃഷ്ടിച്ചിരിക്കുന്നത്. അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ടവരുടെ ദു:ഖത്തിൽ പങ്കു ചേരുന്നു. ആദരാഞ്ജലികൾ.

ശൈഖ് ഖലീഫയുടെ നിര്യാണം; യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു.

അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ നിര്യാണത്തെ തുടര്‍ന്ന് രാജ്യത്ത് 40 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വെള്ളിയാഴ്‍ച ഉച്ചയ്‍ക്ക് ശേഷം യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയമാണ് രാഷ്‍ട്രത്തലവന്റെ നിര്യാണ വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.

ഔദ്യോഗിക ദുഃഖാചരണ സമയത്ത് രാജ്യത്ത് ദേശീയ പതാക പകുതി താഴ്‍ത്തിക്കെട്ടും. രാജ്യത്തെ മന്ത്രാലയങ്ങളും സര്‍ക്കാര്‍ വകുപ്പുകളും ഫെഡറല്‍, പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്നു മുതല്‍ തന്നെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടുണ്ട്. മൂന്ന് ദിവസമാണ് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി നല്‍കിയിരിക്കുന്നത്. സ്വകാര്യ മേഖലയിലും മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം ഖബറടക്കി.

അന്തരിച്ച യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്റെ മൃതദേഹം അബുദാബിയിലെ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുല്‍ത്താന്‍ ബിന്‍ സായിദ് പള്ളിയില്‍ നടന്ന മരണാനന്തര പ്രാര്‍ത്ഥനകളില്‍ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു.

പള്ളിയില്‍ വെച്ചുനടന്ന നമസ്‍കാരത്തിന് ശേഷം കുടുംബാംഗങ്ങള്‍ അല്‍ ബത്തീന്‍ ഖബര്‍സ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്‍രിബ് നമസ്‍കാരത്തിന് ശേഷം ശൈഖ് ഖലീഫയ്‍ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാര്‍ത്ഥനകള്‍ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേര്‍ വിവിധ പള്ളികളില്‍ നടന്ന നമസ്‍കാരത്തില്‍ പങ്കെടുത്തു. രാഷ്‍ട്രത്തലവന്റെ നിര്യാണത്തെ തുടര്‍ന്ന് യുഎഇയില്‍ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎഇയുടെ രൂപീകരണത്തിന് ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്റാണ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‍യാന്‍. പ്രസിഡന്റിന്റെ നിര്യാണത്തില്‍ യുഎഇയിലെയും അറബ്, ഇസ്ലാമിക രാജ്യങ്ങളിലെയും ലോകമെമ്പാടുമുള്ള ജനങ്ങളോടും അനുശോചനം അറിയിക്കുന്നതായി യുഎഇ പ്രസിഡന്‍ഷ്യല്‍കാര്യ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവന പറയുന്നു.

യുഎഇ പ്രസിഡന്‍റിന് ആദരാഞ്ജലി; നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച് ഇന്ത്യ.

യു എ ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാന്‍റെ നിര്യാണത്തിൽ ആദരാഞ്ജലി അർപ്പിച്ച് ഇന്ത്യ. ശൈഖ് ഖലീഫ ബിൻ സായിദ് അല്‍ നഹ്‍യാനോടുള്ള ആദര സൂചകമായി ഇന്ത്യയിൽ നാളെ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു. ദുഃഖാചരണത്തിന്റെ ഭാഗമായി ദേശീയ പതാക താഴ്ത്തിക്കെട്ടും.

Post a Comment

0 Comments