Ticker

6/recent/ticker-posts

Header Ads Widget

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം; ജിസാറ്റ് 24 വിക്ഷേപണം വിജയകരം.

ന്യൂ സ്‌പേസ് ഇന്ത്യ ലിമിറ്റഡിന്റെ ആദ്യ കരാര്‍ ഉപഗ്രഹ ദൗത്യം ജിസാറ്റ് 24 വിക്ഷേപണം വിജയകരം. ടാറ്റ പ്ലേയ്ക്ക് വേണ്ടി നിര്‍മിച്ച നാല് ടണ്‍ ഭാരമുള്ള കെയു ബാന്റ് ഉപഗ്രഹം ഏരിയന്‍ 5 ഭ്രമണപഥത്തിലെത്തിച്ചു. ഉപഗ്രഹത്തില്‍ നിന്നുള്ള ആദ്യ സിഗ്നലുകള്‍ ലഭിച്ചുതുടങ്ങി. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമാണ് ന്യൂ സ്‌പേസ്.

ഫ്രഞ്ച് ഗയാനയിലെ വിക്ഷേപണതറയില്‍ നിന്ന് പുലര്‍ച്ചെ 3 20നാണ് ജിസാറ്റ് 24 കുതിച്ചുയര്‍ന്നത്. ഇന്ത്യയില്‍ നിന്നും മലേഷ്യയില്‍ നിന്നുമുള്ള ഓരോ വാര്‍ത്താ വിനിമയ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. ഇന്ത്യന്‍ ബഹിരാകാശ മേഖലയുടെ വാണിജ്യ സാധ്യതകള്‍ കൂടുതല്‍ ഉപയോഗപ്പെടുത്തുന്നതിന് 2019ലാണ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായി എന്‍എസ്‌ഐല്‍ രൂപീകരിക്കുന്നത്.

2020ലെ ബഹിരാകാശ നയം മാറ്റത്തോടെയാണ് ഐഎസ്ആര്‍ഒയുടെ വിക്ഷേപണ വാഹനങ്ങളില്‍ വിദേശ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള കരാറുകള്‍ക്കപ്പുറം ഉപഗ്രഹ നിര്‍മാണ കരാര്‍ കൂടി ഏറ്റെടുക്കാന്‍ എന്‍എസ്‌ഐഎല്ലിന് അനുമതി നല്‍കുന്നത്. ഈ വിഭാഗത്തില്‍ ആദ്യത്തേതായിരുന്നു ടാറ്റ പ്ലേയുമായുള്ളത്. 2022ലെ ഏരിയന്‍ സ്‌പേസിന്റെ രണ്ടാമത്തെ ദൗത്യമാണിത്. ഏരിയന്റെ 257ാമത് വിക്ഷേപണമായതിനാല്‍ va 257 എന്നും പേരുണ്ട്.

ടിഡിഎച്ച് സേവനങ്ങള്‍ക്കായി പാന്‍ ഇന്ത്യ കവറേജുള്ള 4180 കിലോ ഭാരമുള്ള 24 കെയു ബാന്റ് ആശയ വിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 24. ഉപഗ്രഹത്തിന് 15 വര്‍ഷത്തെ പ്രവര്‍ത്തന കാലയളവാണ് നിശ്ചയിച്ചിട്ടുള്ളത്.

Post a Comment

0 Comments