മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളുടെ പശ്ചാത്തലത്തിൽ കോഴിക്കോട്ടും കർശന സുരക്ഷ. മലപ്പുറത്തെ രണ്ട് പരിപാടികൾക്കും ശേഷം ഉച്ച കഴിഞ്ഞാണ് മുഖ്യമന്ത്രി കോഴിക്കോട്ടേക്ക് എത്തുന്നത്. ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയുളള അമിത സുരക്ഷാ ക്രമീകരണത്തിനെതിരെ പ്രതിഷേധമുയര്‍ന്നെങ്കിലും പൊലീസ് വിട്ടുവീഴ്ച ചെയ്തിട്ടില്ല. 700 ലേറെ പൊലീസുകാരെ വിന്യസിച്ചാണ് മലപ്പുറത്ത് കേരളാ പൊലീസ് മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കിയതെങ്കിൽ 500 ലേറെ പൊലീസുകാരെയാണ് കോഴിക്കോട് വിന്യസിക്കുക. വാഹനങ്ങൾ മണിക്കൂറുകൾക്ക് മുമ്പ് തടഞ്ഞും ജനങ്ങളുടെ കറുത്ത് മാസ്ക് അടക്കം മാറ്റിച്ചുമാണ് മുഖ്യമന്ത്രിക്ക് മലപ്പുറത്ത് സുരക്ഷയൊരുക്കിയത്. സമാനമായ രീതിയിലാകും കോഴിക്കോട്ടും പൊലീസ് വിന്യാസവും സുരക്ഷാ ക്രമീകരണവും.
മലപ്പുറത്തെ പരിപാടിക്ക് ശേഷം ഉച്ചക്ക് ശേഷമാണ് മുഖ്യമന്ത്രി കോഴിക്കോട്ടെത്തുക. ജില്ലയിൽ 500 പൊലീസുകാരെയാണ് സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നത്. 11 ഡിവൈഎസ്പി മാരും 30 എസ് ഐമാരും സുരക്ഷയ്ക്ക് മേൽനോട്ടം വഹിക്കും. രാമനാട്ടുകര മുതൽ മാഹി വരെ പൊലീസിനെ വിന്യസിക്കും. ഉച്ചമുതൽ വേദികളുടെ നിയന്ത്രണം പൊലീസ് ഏറ്റെടുക്കും. ഉച്ചയ്ക്ക് 3.30ന് ട്രൈപ്പന്‍റ ഹോട്ടലിൽ നടക്കുന്ന പുസ്തക പ്രകാശനമാണ് മുഖ്യമന്ത്രിയുടെ കോഴിക്കോട്ടെ ആദ്യപരിപാടി. തുടർന്ന് നാലുമണിക്ക് ജില്ല സഹകരണ ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക് ഉദ്ഘാടനം നടക്കും. 5.30ന് കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തിലും മുഖ്യമന്ത്രി പങ്കെടുക്കും. പരിപാടികൾക്ക് ഒരു മണിക്കൂർ മുമ്പേ എത്തുന്നവരെ മാത്രമേ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്നാണ് നിര്‍ദ്ദേശം. മാധ്യമ പ്രവർത്തകർക്കുൾപ്പെടെ ഈ നിയന്ത്രണം ബാധകമാണ്.
സ്വപ്ന സുരേഷ്, സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നടക്കുന്നത്. ഈ സാഹചര്യത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളായി മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളിൽ അതീ സുരക്ഷാ വിന്യാസമാണ് പൊലീസ് ഉറപ്പ് വരുത്തുന്നത്. എന്നിരുന്നാലും യൂത്ത് കോൺഗ്രസ് യൂത്ത് ലീഗ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പലയിടത്തും പ്രതിഷേധമുയര്‍ത്തി. പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നിൽ കണ്ട് പലയിടത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കരുതൽ തടങ്കലിലാക്കി. മലപ്പുറത്ത് പൊതുജനങ്ങൾ ധരിച്ച കറുത്ത മാസ്ക്കുകൾ അഴിപ്പിച്ചു.
ലത്തീന്‍ കത്തോലിക്ക സഭയുടെ കോഴിക്കോട് രൂപതയുടെ ശതാബ്ദി ചടങ്ങിലും കറുത്ത മാസ്കിനും വസ്ത്രങ്ങൾക്കും വിലക്ക്. ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തുന്നവർ കറുത്ത മാസ്കോ ഷാളുകളോ ധരിക്കരുതെന്ന് സംഘാടക സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൊലീസ് നിർദ്ദേശ പ്രകാരമാണ് ഇതെന്ന് അധികൃതർ പറഞ്ഞു. കോഴിക്കോട് രൂപതയുടെ ശതാബ്ദി ആഘോഷത്തില്‍ വൈകിട്ട് 5.30 ന് മുഖ്യമന്ത്രി പങ്കെടുക്കും.
കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. വലിയ സുരക്ഷാ സംവിധാനങ്ങളുടെ നടുവില്‍ നിന്നുകൊണ്ട് ഇത് ജനുസ് വേറെയാണ് ഇങ്ങോട് കളിവേണ്ട എന്ന് മുഖ്യമന്ത്രി ജനങ്ങളെ വെല്ലുവിളിക്കുന്നു. ആരെയും ഭയമില്ലെന്ന് ഇടക്കിടക്ക് പറയുമെങ്കിലും അദ്ദേഹത്തിന് എല്ലാത്തിനേയും ഭയമാണെന്നും സതീശന്‍ പറഞ്ഞു.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്തത് കാണാനേ പാടില്ല. കറുത്ത മാസ്‌ക് പാടില്ല, വസ്ത്രം പാടില്ല. എന്താണ് കേരളത്തില്‍ നടക്കുന്നത്. മുഖ്യമന്ത്രിയുടെ കണ്ണിലും മനസിലും ഇരുട്ട് കേറിയിരിക്കുകയാണ്. അതുകൊണ്ടാണ് കാണുന്നതെല്ലാം കറുപ്പായി കാണുന്നത്. ഇനി കറുപ്പ് നിറം നിരോധിക്കുമോ? ഒരു മുഖ്യമന്ത്രിയാണോ ഇങ്ങനെ സംസാരിക്കുന്നത്? മുഖ്യമന്ത്രി പുറത്തിറങ്ങാതിരിക്കുന്നതാണ് നാട്ടുകാര്‍ക്കും മുഖ്യമന്ത്രിക്കും നല്ലത്. ആരെയാണ് മുഖ്യമന്ത്രി ഭയപ്പെടുന്നത്? മുണ്ടുടുത്ത നരേന്ദ്രമോദിയാണ് കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയനെന്ന ഞങ്ങളുടെ ആക്ഷേപം പൂര്‍ണമായി ശരിവെക്കുന്നതാണ് ഇത്. നരേന്ദ്രമോദി എന്തെല്ലാമാണ് ചെയ്യുന്നത് അതെല്ലാം കേരളത്തില്‍ ആവര്‍ത്തിക്കുന്നു.
മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹം ഞെട്ടിക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. നാല്പതിലധികം പോലീസുകാരും ഒരു ഡസനിലധികം ഉദ്യോഗസ്ഥരും ഫയര്‍ഫോഴ്‌സ് വണ്ടി, മെഡിക്കല്‍ ടീം, ആംബുലന്‍സ് അടങ്ങി 35-40 വാഹനങ്ങളുടെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി പോകുന്നത്. പോകുന്ന വഴിയില്‍ 20 മീറ്റര്‍ അകലം പാലിച്ച് പോലീസ് നില്‍ക്കുകയാണ്. ഏത് ജില്ലയില്‍ ചെന്നാലും ആ ജില്ലയിലെ മുഴുവന്‍ പോലീസുകാരെയും മുഖ്യമന്ത്രിയുടെ പരിപാടിക്ക് നിയോഗിക്കേണ്ട സ്ഥിതിയാണ്. 300 മുതല്‍ 500 വരെ പോലീസുകാരെയാണ് ഓരോ പരിപാടിക്കും നിയോഗിക്കുന്നത്.
2016-ല്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് മുഖ്യമന്ത്രി പത്രസമ്മേളനം നടത്തി ഒരു അവതാരങ്ങളേയും ഭരണത്തില്‍ കാണില്ലെന്നാണ് പറഞ്ഞത്. ഒന്‍പതാമത്തെ അവതാരമാണ് ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട പഴയകാല മാധ്യമപ്രവര്‍ത്തകന്‍. അവതാരങ്ങളെ മുട്ടിയിട്ട് ഈ ഭരണകാലത്ത് നടക്കാന്‍ വയ്യ. സെക്രട്ടറിയേറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിനും വഴിയിലുമെല്ലാം അവതാരങ്ങളാണ്. എന്തുകൊണ്ടാണ് ഈ പുതിയ അവതാരത്തിനെ ചോദ്യം ചെയ്യാന്‍ പോലും പോലീസ് തയ്യാറാക്കാത്തതെന്നും സതീശന്‍ ചോദിച്ചു.
0 Comments