അഗ്നിപഥ് പദ്ധതിയിൽ കേന്ദ്രം കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചെങ്കിലും അണയാതെ യുവരോഷം. പ്രതിഷേധത്തിന്റെ നാലാം ദിനത്തിൽ കൂടുതൽ അക്രമാസക്തമായ സമരം ബിഹാറിൽ കലാപസമാനമായി. കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്കും പ്രക്ഷോഭം വ്യാപിച്ചു.
ബിഹാറിൽ പ്രക്ഷോഭകർ ആഹ്വാനം ചെയ്ത ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ബിഹാറിൽ മാത്രം റെയിൽവേക്ക് 200 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായി. പട്ന മസോഡിയിലെ തരെഗാന റെയിൽവേ സ്റ്റേഷന് സമരക്കാർ തീയിട്ടു. പൊലീസ് ജീപ്പ് കത്തിച്ചു.
കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. മാധ്യമപ്രവർത്തകർക്കും മർദനമേറ്റു. പൊലീസ് വെടിവെപ്പു നടത്തി. ധനാപുരിൽ ആംബുലൻസ് തകർത്തു. ജെഹ്നബാദ് തെഹ്ത പൊലീസ് ഔട്ട്പോസ്റ്റിനു പുറത്ത് ബസും ലോറിയും ഉൾപ്പെടെ വാഹനങ്ങൾക്ക് തീയിട്ടു. ബന്ദിനെ ആർ.ജെ.ഡി, കോൺഗ്രസ്, ആം ആദ്മി തുടങ്ങിയ പാർട്ടികൾ പിന്തുണച്ചിരുന്നു. ബിഹാറിൽ 12 ജില്ലകളിലെ ഇന്‍റർനെറ്റ് വിലക്ക് മൂന്നു ദിവസംകൂടി തുടരും. സംസ്ഥാനത്ത് 32 ട്രെയിനുകൾ റദ്ദാക്കി. ഹരിയാനയിലെ മഹേന്ദർഘട്ട് റെയിൽവേ സ്റ്റേഷനു പുറത്ത് വാഹനങ്ങൾക്ക് തീയിട്ടു. പഞ്ചാബിലെ ലുധിയാന റെയിൽവേ സ്റ്റേഷനിലേക്ക് മുഖംമറച്ചെത്തിയ 50ലധികം പ്രതിഷേധക്കാർ വാഹനങ്ങളും ടിക്കറ്റ് കൗണ്ടറുകളും തകർത്തു. ജലന്ധറിൽ ദേശീയപാത ഉപരോധിച്ചു.
ഹരിയാനയിൽ റോത്താങ്-പാനിപത്ത് പാത ഉപരോധിച്ചു. പശ്ചിമബംഗാളിലെ നോർത്ത് 23 പർഗാനാസ് ജില്ലയിൽ റെയിൽവേ ട്രാക്കിൽ പുഷ് അപ് എടുത്തുള്ള പ്രതിഷേധത്തിൽ സീൽദ- ബരാക്പൊരെ റൂട്ടിൽ ട്രെയിൻ സർവിസ് തടസ്സപ്പെട്ടു. ഇവിടെനിന്നുള്ള 13 ട്രെയിനുകൾ റദ്ദാക്കി. പൊലീസിന്‍റെ വെടിയേറ്റ് യുവാവ് കൊല്ലപ്പെട്ട തെലങ്കാന സെക്കന്ദരാബാദ് റെയിൽവേ സ്റ്റേഷനിൽനിന്ന് ട്രെയിൻ സർവിസുകൾ പുനരാരംഭിച്ചു. കൊല്ലപ്പെട്ട യുവാവിന്‍റെ കുടുംബാംഗങ്ങൾക്ക് തെലങ്കാന സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
രാജസ്ഥാനിലെ ജയ്പുർ, ജോധ്പുർ എന്നിവിടങ്ങളിൽ പ്രതിഷേധമുണ്ടായി. ജയ്പുർ-ഡൽഹി പാത ഉപരോധിച്ചു. പട്നയിൽ ലോക്സഭ എം.പി ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് പൊലീസ് തടഞ്ഞു. ജൻ അധികാർ പാർട്ടി അധ്യക്ഷൻ രാജേഷ് രഞ്ജനും (പപ്പു യാദവ്) ഉദ്യോഗാർഥികളുടെ പ്രതിഷേധത്തിൽ പങ്കെടുത്തു. ഉത്തർപ്രദേശിൽ ബസിന് തീയിട്ടു. ബലിയയിൽ 400ലധികം പേർക്കെതിരെ കേസെടുത്തു.
അഞ്ചു ജില്ലകളിലായി 260 പേർ അറസ്റ്റിലായി. ബിഹാറിൽ ഇതുവരെ 325ലധികം പേരാണ് അറസ്റ്റിലായത്. 170ലധികം പേർക്കെതിരെ എഫ്.ഐ.ആർ എടുത്തു. 60ലധികം ട്രെയിൻ കോച്ചുകൾ, 10 എൻജിനുകൾ തുടങ്ങിയവയാണ് കത്തിനശിച്ചത്.
രോഷാഗ്നി കെടുത്താൻ പത്ത് ശതമാനം സംവരണം
ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിപ്രകാരം നാലു വർഷ സൈനിക സേവനത്തിനുശേഷം പുറത്തിറങ്ങേണ്ടിവരുന്നവർക്ക് കേന്ദ്ര അർധസേനകൾ, അസം റൈഫിൾസ്, പ്രതിരോധ മന്ത്രാലയത്തിന് കീഴിലെ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 10 ശതമാനം സംവരണം പ്രഖ്യാപിച്ച് സർക്കാർ. പരാതികൾ 'തുറന്ന മനസ്സോടെ' പരിശോധിക്കാമെന്ന വാഗ്ദാനവും മുന്നോട്ടുവെച്ചു. ഉയർന്ന പ്രായപരിധിയിൽ ഇളവും പ്രഖ്യാപിച്ചു. രാജ്യമാകെ കത്തിപ്പടർന്ന യുവരോഷം ശമിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് പ്രഖ്യാപനം. പ്രായപരിധിയിൽ മൂന്നു വർഷത്തെ ഇളവാണ് ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചത്. ആദ്യ ബാച്ച് അഗ്നിവീരന്മാർക്ക് പ്രായപരിധി ഇളവ് അഞ്ചു വർഷമായിരിക്കും.
പ്രതിഷേധം കനത്ത പശ്ചാത്തലത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വിവാദ പദ്ധതിയിലെ വ്യവസ്ഥകളെക്കുറിച്ച് മൂന്നു സേനാ വിഭാഗങ്ങളുടെയും ഉന്നത നേതൃത്വവുമായി ചർച്ച നടത്തി. ഇതിനു പിന്നാലെയാണ് പ്രതിരോധ വകുപ്പിന്റെ പ്രത്യേക സംവരണം പ്രഖ്യാപിച്ചത്. നിശ്ചിത യോഗ്യത മാനദണ്ഡങ്ങളുള്ള അഗ്നിവീരന്മാർക്ക് പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള തൊഴിലവസരങ്ങളിൽ 10 ശതമാനം സംവരണം നൽകുന്നതിനൊപ്പം തീരസംരക്ഷണ സേനയിലും 16 പ്രതിരോധ പൊതുമേഖല സ്ഥാപനങ്ങളിലും ഇതേതോതിൽ സംവരണം ലഭ്യമാക്കും.
വിമുക്ത ഭടന്മാർക്ക് നിലവിലുള്ള സംവരണത്തിന് പുറമെയാണിതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമായ പ്രായപരിധി ഇളവും അനുവദിക്കും.
അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കൾക്ക് പിന്തുണയായി കോൺഗ്രസ് ഇന്ന് ദില്ലിയില്‍ സത്യഗ്രഹം നടത്തും. ജന്തർമന്തറില്‍ രാവിലെ പതിനൊന്ന് മണിക്ക് സംഘടിപ്പിക്കുന്ന സത്യഗ്രഹ സമരത്തില്‍ എംപിമാരും പ്രവർത്തക സമിതി അംഗങ്ങളും പങ്കെടുക്കും. മുന്‍ സൈനിക ഉദ്യോഗസ്ഥരുമായടക്കം വിശദമായ കൂടിയാലോചന നടത്തിയതിന് ശേഷമേ പദ്ധതി നടപ്പാക്കാവൂയെന്നും താല്‍കാലികമായി നിർത്തി വയ്ക്കണമെന്നുമാണ് കോൺഗ്രസിന്‍റെ ആവശ്യം. കേരളത്തില്‍നിന്നുള്ള എംപിമാരും സത്യഗ്രഹത്തില്‍ പങ്കെടുക്കുന്നുണ്ട്.
അതേസമയം, അഗ്നിപഥ് പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധം രാജ്യമാകെ ഉയരുമ്പോൾ ബിഹാറിലെ ബിജെപി നേതാക്കൾക്ക് വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. ഉത്തരവ് വന്നതിന് പിന്നാലെ നേതാക്കളുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. അഗ്നിപഥ് പ്രതിഷേധത്തിൽ ബിഹാർ ഉപമുഖ്യമന്ത്രിയുടേയും എംഎൽഎമാരുടേയും വീടുകൾ ആക്രമിക്കപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇവർക്ക് സിആർപിഎഫ് സുരക്ഷ ഏർപ്പെടുത്തിയത്. അഗ്നിപഥ് പദ്ധതിക്കെതിരെ ഇന്നലെയും രാജ്യവ്യാപക പ്രതിഷേധമാണ് ഉണ്ടായത്.
0 Comments