Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ...

🇸🇦ഹജ്ജ്: വിസിറ്റ് വിസക്കാർക്ക് സൗദിയിലേക്ക് താൽക്കാലിക വിലക്ക്.

✒️ഹജ്ജ് പ്രമാണിച്ച് വിസിറ്റ് വിസക്കാർക്ക് സൗദിയിലെ ജിദ്ദ, മദീന, യാംബു, തായിഫ് വിമാനത്താവളങ്ങളിൽ ഇറങ്ങാൻ താൽക്കാലിക വിലക്ക്. ജൂൺ 9 മുതൽ ജൂലൈ 9 വരെയാണ് നിയന്ത്രണം. എല്ലാ തരത്തിലുള്ള വിസിറ്റ് വിസക്കാർക്കും വിലക്ക് ബാധകമായിരിക്കും. ഹജ്ജ് വിസയിൽ രാജ്യത്തെത്തുന്ന തീർത്ഥാടകരുടെ യാത്രാതിരക്ക് കണക്കിലെടുത്താണ് തീരുമാനം. വിസിറ്റ് വിസയുള്ളവർക്ക് ഈ സമയത്ത് റിയാദ് വിമാനത്താവളത്തിൽ വന്നിറങ്ങാം. എന്നാൽ ഇവർക്ക് റിയാദ് വിമാനത്താവളത്തിൽ നിന്ന് തന്നെ തിരിച്ചുപോവുന്നതിനുള്ള റിട്ടേൺ ടിക്കറ്റ് ഉണ്ടായിരിക്കണം.

🇶🇦ലോകകപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബൈയില്‍ നിന്ന് ഖത്തറിലേക്ക് ഫ്ലൈ ദുബായ് സർവീസ്.

✒️ഈ വർഷം നവംബർ 21 മുതൽ ഡിസംബർ 18 വരെ ഖത്തറിൽ നടക്കുന്ന ഫുട്ബോൾ ലോക കപ്പ് മൽസരങ്ങൾ കാണാൻ എല്ലാ ദിവസവും ദുബായിൽ നിന്ന് ദോഹയിലക്ക് വിമാന സർവീസുകള്‍ നടത്തുമെന്ന് ഫ്ലൈ ദുബായ് അറിയിച്ചു. ദിവസേന ദുബൈയില്‍ നിന്ന് ഖത്തറിലേക്കും തിരിച്ചുമായി 30 സര്‍വീസുകള്‍ വരെയുണ്ടാവും. ഖത്തർ എയർവേയ്സുമായും മറ്റ് ജി.സി.സി രാജ്യങ്ങളിലെ എയർലൈനുകളുമായും സഹകരിച്ചാണ് ഷട്ടിൽ സർവീസുകൾ നടത്തുകയെന്ന് ഫ്ലൈ ദുബായ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഗെയ്ത് അൽ ഗെയ്ത് പറഞ്ഞു. 

ഓരോ ദിവസത്തെയും മത്സരം കണ്ടതിന് ശേഷം അന്ന് തന്നെ തിരിച്ചു വരാൻ പാകത്തിലാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഫുട്ബോൾ മൽസരങ്ങൾ വീക്ഷിക്കുന്നതിനോടൊപ്പം ഇരു രാജ്യങ്ങളിലേയും കാഴ്ചകൾ കാണാനുള്ള അവസരങ്ങളുമുണ്ടാവും. ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്ക് ദുബായിൽ സ്വതന്ത്രമായി സഞ്ചരിച്ച് അവിടത്തെ ആതിഥേയത്വം സ്വീകരിക്കാവുന്നതാണ്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവർക്കും ഈ അവസരം ഉപയോഗപ്പെടുത്താവുന്നതാണെന്ന് ഗെയ്ത് വ്യക്തമാക്കി . 

മത്സര ദിവസങ്ങളിൽ അങ്ങോട്ടുമിങ്ങോട്ടുമായി ഇക്കണോമിക് ക്ലാസിൽ 258 ഡോളറും ബിസിനസ് ക്ലാസിന് 998 ഡോളറുമാണ് ടിക്കറ്റ് നിരക്ക്. ഹാന്റ് ബാഗേജ് അലവൻസ്, ഫ്ലൈറ്റിൽ ലഭിക്കുന്ന ലഘു ഭക്ഷ്യ പദാർഥങ്ങളുടെ വില, വിമാനത്താവളത്തിൽ നിന്ന് സ്റ്റേഡിയത്തിലേക്കുള്ള സൗജന്യ യാത്രാ സൗകര്യം എന്നിവ ഇതിൽ ഉൾപ്പെടും. മത്സരങ്ങൾ തുടങ്ങുന്നതിന് നാല് മണിക്കൂർ മുമ്പ് ദോഹയിലെത്തുന്ന വിധത്തിലാണ് ഫ്ലൈറ്റുകൾ തെരഞ്ഞെടുക്കേണ്ടത്. 

കൂടാതെ ഹയ്യാ കാർഡിനായി (ഫാൻ ഐ.ഡി) ൻകൂർ രജിസ്റ്റർ ചെയ്യേണ്ടതുമുണ്ട്. എല്ലാ ദിവസവും വിമാനത്തിൽ യാത്ര ചെയ്യുന്നതിനും ഖത്തറിൽ പ്രവേശിക്കുന്നതിനും ഇത് ആവശ്യമാണ്. ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് സർവീസ് നടത്തുന്ന ഈ ഷട്ടിൽ ഫ്ലൈറ്റുകൾ ലോകകപ്പ് ടിക്കറ്റ് കൈവശമുള്ളവർക്ക് വേണ്ടി മാത്രമായിരിക്കും. ഈ ഫ്ലൈറ്റുകൾക്ക് പ്രത്യേകമായിത്തന്നെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യേണ്ടതാണ്. സാധാരണഗതിയിൽ കണക്ഷൻ ഫ്ലൈറ്റുകൾക്ക് ബുക്ക് ചെയ്യുന്ന നടപടിക്രമമല്ല ഇതിനായി വേണ്ടത്. ബോയിങ് 737 മാക്സ് വിമാനങ്ങളാണ് ഷട്ടിൽ സർവീസിന് ഉപയോഗപ്പെടുത്തുക.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദോഹ ഹമദ് ഇന്റർ നാഷണൽ എയർപോർട്ടിലേക്കുള്ള പതിവ് സർവീസുകൾ ലോകകപ്പ് കാലയളവിലും ഉണ്ടാവും. മൽസര ദിവസങ്ങളിലെ ഷട്ടിൽ സർവീസ് സംബന്ധിച്ച വിവരങ്ങൾ https://www.flydubai.com/en/plan/match-day-shuttle-flights-to-doha എന്ന ലിങ്കില്‍ ലഭിക്കുന്നതാണ്. ഹയ്യാ കാർഡിനെ സംബന്ധിച്ച വിശദാംശങ്ങൾ https://hayya.qatar2022.qa/ എന്ന വെബ്‍സൈറ്റിൽ ലഭ്യമാണ്. ഷട്ടിൽ സർവീസുകൾക്ക് ബുക്ക് ചെയ്യേണ്ടത് flydubai.com എന്ന വെബ്‍സൈറ്റിലാണ്.

🇴🇲പ്രവാസികളുടെ വിസ പുതുക്കുന്നതിനുള്ള കുറഞ്ഞ നിരക്കുകള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

✒️ഒമാനില്‍ വിസ പുതുക്കുന്നതിനുള്ള നിരക്കുകള്‍ കുറച്ചത് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ നിര്‍ദേശപ്രകാരമാണ് പ്രവാസികളുടെ വിസാ നിരക്കുകള്‍ കുറച്ചത്. പുതിയ നിരക്കുകള്‍ ഇന്ന് പ്രാബല്യത്തില്‍ വരുന്ന പശ്ചാത്തലത്തില്‍ തൊഴില്‍ പെര്‍മിറ്റുകളുടെ കാലാവധി പുതുക്കുന്നതില്‍ കാലതാമസം വരുത്തിയവര്‍ക്കുള്ള പിഴയും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ സെപ്‍റ്റംബര്‍ ഒന്നിനകം നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥയുണ്ട്.

വിസ ഇഷ്യൂ ചെയ്യുന്നതിനും പുതുക്കുന്നതിനുമുള്ള നിരക്കുകളാണ് കുറച്ചിട്ടുണ്ട്. സുല്‍ത്താന്റെ നിര്‍ദേശത്തിന് പിന്നാലെ പുതിയ വിസാ നിരക്കുകള്‍ ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം നേരത്തെ തന്നെ പുറത്തിറക്കുകയും ചെയ്‍തിരുന്നു. കൃത്യമായി സ്വദേശിവത്കരണ നിരക്ക് പാലിച്ചിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് പുതിയ ഫീസില്‍ 30 ശതമാനം ഇളവും ലഭിക്കും.

നേരത്തെ 2001 റിയാല്‍ ഈടാക്കിയിരുന്ന ഏറ്റവും ഉയര്‍ന്ന വിഭാഗത്തില്‍ 301 റിയാലാക്കി ഫീസ് കുറച്ചു. സൂപ്പര്‍വൈസറി തസ്‍തികകളായ മാനേജര്‍മാര്‍, സ്ഥാപന മേധാവികള്‍, സ്‍പെഷ്യലിസ്റ്റുകള്‍, കണ്‍സള്‍ട്ടന്റുമാര്‍ എന്നിങ്ങനെയുള്ളവരാണ് ഈ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഇതില്‍ തന്നെ സ്വദേശിവത്‍കരണ നിബന്ധനകള്‍ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്ക് 201 റിയാലായിരിക്കും ഫീസ്.

നേരത്തെ 601 റിയാല്‍ മുതല്‍ 1001 റിയാല്‍ വരെ ഈടാക്കിയിരുന്ന തസ്‍തികകളിലേക്ക് ഇനി മുതല്‍ 201 റിയാലായിരിക്കും വിസാ ഫീസ്. സ്‍പെഷ്യലൈസ്‍ഡ്, സാങ്കേതിക വിഭാഗങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇതില്‍ ഉള്‍പ്പെടുന്നവരില്‍ അധികവും. ഈ വിഭാഗത്തിലെ സ്വദേശിവത്‍കരണം നടപ്പാക്കിയ സ്ഥാപനങ്ങള്‍ക്ക് 176 റിയാല്‍ ആയിരിക്കും ഫീസ്.

നിലവില്‍ 301റിയാല്‍ മുതല്‍ 361 റിയാല്‍ വരെ ഈടാക്കുന്ന വിഭാഗത്തില്‍ ഇനി മുതല്‍ വിസ ഇഷ്യൂ ചെയ്യാനും പുതുക്കാനും 201 റിയാല്‍ ആയിരിക്കും പുതിയ ഫീസ്. ഇതും സ്വദേശിവത്കരണം പൂര്‍ത്തിയാക്കിയവര്‍ക്ക് 141 റിയാല്‍ ആയിരിക്കും ഇത്. വീട്ടുജോലിക്കാരുടെ ഫീസ് 141ല്‍ നിന്ന് 101 റിയാലായും കുറച്ചിട്ടുണ്ട്. കാര്‍ഷിക വിസാ നിരക്ക് 201 റിയാലില്‍ നിന്ന് 141 റിയാലാക്കി കുറച്ചു.

🇸🇦സൗദിയിൽ പുതിയ കൊവിഡ് കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ്.

✒️റിയാദ്: സൗദി അറേബ്യയിൽ പുതുതായി രേഖപ്പെടുത്തിയ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ്. അറുന്നൂറിൽ താഴെയായി. 24 മണിക്കൂറിനിടെ 569 പേർക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 523 പേർ സുഖം പ്രാപിച്ചു. ഒരു മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,68,648 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,52,839 ആയി ഉയർന്നു.

ആകെ മരണസംഖ്യ 9,149 ആയി. രോഗബാധിതരിൽ 6,660 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 78 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 23,673 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് 209, ദമ്മാം 76, ജിദ്ദ 49, മദീന 32, ഹുഫൂഫ് 17, ത്വാഇഫ് 16, അബഹ 16, മക്ക 15, അൽഖോബാർ 8, അൽ ബാഹ 7, ജുബൈൽ 7, ജീസാൻ 6, ദഹ്റാൻ 6 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,852,711 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,600,895 ആദ്യ ഡോസും 24,961,862 രണ്ടാം ഡോസും 14,289,954 ബൂസ്റ്റർ ഡോസുമാണ്.

🇸🇦ആഘോഷത്തിമിര്‍പ്പില്‍ ജിദ്ദ സീസണ്‍; ഒരു മാസത്തിനിടെ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍.

✒️ജിദ്ദ: ജിദ്ദ സീസണ്‍ പരിപാടികള്‍ ആസ്വദിക്കാന്‍ ഒരു മാസത്തിനുള്ളില്‍ എത്തിയത് 20 ലക്ഷം സന്ദര്‍ശകര്‍. മേയ് രണ്ടിനാണ് ജിദ്ദ സീസണ്‍ ഫെസ്റ്റിവല്‍ ആരംഭിച്ചത്. 

ഒമ്പത് ഇവന്‍റ് ഏരിയകളിലെയും പരിപാടികളിലേക്ക് സന്ദര്‍ശക പ്രവാഹം തുടരുകയാണ്. 'അവര്‍ ലവ്ലി ഡേയ്സ്' (Our Lovely Days) എന്ന പ്രമേയത്തില്‍ നടക്കുന്ന ജിദ്ദ സീസണില്‍ ഏറെ വൈവിധ്യമാര്‍ന്ന ഇവന്‍റുകള്‍, അനുഭവങ്ങള്‍, പ്രദര്‍ശനങ്ങള്‍, നാടകങ്ങള്‍, അന്താരാഷ്ട്ര സംഗമങ്ങള്‍ എന്നിവയും അങ്ങേറുന്നുണ്ട്. വൈവിധ്യമാര്‍ന്ന 2,800 പരിപാടികളാണ് ഒമ്പത് സോണുകളിലായി നടക്കുക. 60 ദിവസമാണ് ജിദ്ദ സീസണ്‍ നീണ്ടുനില്‍ക്കുക. ജിദ്ദ സീസണിലെ ഇന്ത്യന്‍ കലാപരിപാടികള്‍ ജൂണ്‍ രണ്ടിനാണ് അരങ്ങേറുക. 

ജിദ്ദ സീസണ്‍ പരിപാടികള്‍ നടക്കുന്ന പ്രധാന പ്രദേശമായ ജിദ്ദ ആര്‍ട്ട് പ്രൊമനേഡ് ഏരിയയിലേക്ക് മുഴുവന്‍ സന്ദര്‍ശകര്‍ക്കും കഴിഞ്ഞയാഴ്ച മുതല്‍ സൗജന്യ പ്രവേശനം നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്. നേരത്തെ ഇവിടേക്ക് പ്രവേശന ടിക്കറ്റ് നിരക്ക് 25 റിയാലായിരുന്നു. ആര്‍ട്ട് പ്രൊമനേഡ് ഏരിയയില്‍ ദിവസേന ലൈവ് പ്രദര്‍ശനങ്ങളും കരിമരുന്ന് പ്രയോഗങ്ങളും മറ്റ് വിനോദ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

🇦🇪കുരങ്ങുപനി; യുഎഇയില്‍ നാല് പുതിയ കേസുകള്‍ കൂടി സ്ഥിരീകരിച്ചു.

✒️അബുദാബി: യുഎഇയില്‍ നാല് പുതിയ കുരങ്ങുപനി (Monkeypox) കേസുകള്‍ കൂടി സ്ഥിരീകരിച്ചു. രാജ്യത്തെ സാംക്രമികരോഗ നിരീക്ഷണ സംവിധാനത്തിന്‍റെ ഭാഗമായാണ് ഈ കേസുകള്‍ കണ്ടെത്തിയത്. ഇതോടെ യുഎഇയില്‍ സ്ഥിരീകരിച്ച കുരങ്ങുപനി കേസുകളുടെ എണ്ണം ആകെ എട്ടായി. 

രോഗത്തിനെതിരായ പ്രതിരോധ മാര്‍ഗങ്ങള്‍ പിന്തുടരണമെന്നും യാത്ര ചെയ്യമ്പോഴും വലിയ ആള്‍ക്കൂട്ടങ്ങളിലും ജാഗ്രത പാലിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കില്‍ മൃഗവുമായോ ഉള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. ശരീരസ്രവങ്ങള്‍ വഴിയോ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങള്‍ വഴിയോ അല്ലെങ്കില്‍ വൈറസ് സാന്നിദ്ധ്യമുള്ള സാധനങ്ങളില്‍ നിന്നോ ആണ് രോഗബാധയുണ്ടാകുന്നത്. ഗര്‍ഭിണികളില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിലേക്കും രോഗം പകരാമെന്നും ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. അതേസമയം രോഗ പരിശോധനയും രോഗികളുടെ സമ്പര്‍ക്ക പരിശോധനയും ആരോഗ്യ നിരീക്ഷണവും ഉള്‍പ്പെടെ എല്ലാ നടപടികളും രാജ്യത്തെ ആരോഗ്യ വിഭാഗം അധികൃതര്‍ സ്വീകരിച്ചുവരുന്നുണ്ടെന്നും അറിയിച്ചിട്ടുണ്ട്.

മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്. പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സുസ്ഥിരമായ പ്രതിരോധവും സംരക്ഷണവും ലക്ഷ്യമിട്ട് രാജ്യത്ത് ആരോഗ്യ വിഭാഗങ്ങളുമായി സഹകരിച്ച് അന്താരാഷ്‍ട്ര മാനദണ്ഡങ്ങള്‍ പ്രകാരം ഒരു പകര്‍ച്ചവ്യാധി നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയാണെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.

രോഗം സ്ഥിരീകരിച്ചവരെ പൂര്‍ണമായും സുഖപ്പെടുന്നതുവരെ ആശുപത്രികളില്‍ തന്നെ ചികിത്സിക്കുകയാണ് ചെയ്യുന്നത്. ഇവരുമായി അടുത്ത സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്ക് 21 ദിവസത്തില്‍ കുറയാത്ത ഭവന നിരീക്ഷണവും നിഷ്‍കര്‍ഷിച്ചിട്ടുണ്ട്. ഈ സമയത്ത് ആരോഗ്യസ്ഥിതിയും ഭവന നിരീക്ഷണ നിബന്ധനകള്‍ പാലിക്കുന്നുണ്ടോ എന്നും നിരീക്ഷിക്കും.

🇦🇪ബിഗ് ടിക്കറ്റിന്‍റെ യുഎഇയിലെ കമ്മ്യൂണിക്കേഷന്‍സ് പാര്‍ട്ണറായി റെഡ് ഹവാസ് മിഡില്‍ ഈസ്റ്റ്.

✒️യുഎഇയില്‍ ദീര്‍ഘകാലമായി തുടരുന്ന പ്രമുഖ നറുക്കെടുപ്പായ ബിഗ് ടിക്കറ്റ് അബുദാബിയുടെ ഔദ്യോഗിക പിആര്‍ ഏജന്‍സിയായി റെഡ് ഹവാസ് മിഡില്‍ ഈസ്റ്റിനെ നിയമിച്ചു. യുഎഇയിലുടനീളമുള്ള കമ്മ്യൂണിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനാണിത്. 

എല്ലാ മാസവും മള്‍ട്ടി മില്യനയറുകളെ സൃഷ്ടിക്കുന്ന മേഖലയിലെ ഒരേയൊരു റാഫിള്‍ ഡ്രോയാണ് ബിഗ് ടിക്കറ്റ്. 1992ല്‍ പ്രതിമാസ നറുക്കെടുപ്പായി ആരംഭിച്ച ബിഗ് ടിക്കറ്റിലൂടെ ക്യാഷ് പ്രൈസുകളും ആഢംബര വാഹനങ്ങളും പ്രതിമാസ നറുക്കെടുപ്പില്‍ 10 ലക്ഷം ദിര്‍ഹം ക്യാഷ് പ്രൈസുമാണ് നല്‍കിയിരുന്നത്. മേഖലയിലെ ഏറ്റവും വലിയ ക്യാഷ് പ്രൈസുകള്‍ നല്‍കുന്ന ബിഗ് ടിക്കറ്റ് ഇപ്പോള്‍ 20 മില്യന്‍ ദിര്‍ഹം ആണ് ക്യാഷ് പ്രൈസായി നല്‍കുന്നത്. ഇതിന് പുറമെ മാസെറാതി, റേഞ്ച് റോവര്‍, ബിഎംഡബ്ല്യൂ, ജീപ്പ് എന്നിങ്ങനെ സ്വപ്ന വാഹനങ്ങളും സമ്മാനമായി നല്‍കുന്നു.

'വരും മാസങ്ങളിൽ ആവേശകരമായ പുതിയ പ്രഖ്യാപനങ്ങൾക്കും ക്യാമ്പയിനുകള്‍ക്കുമായി ഞങ്ങൾ തയ്യാറെടുക്കുമ്പോൾ, യുഎഇയിലെയും മേഖലയിലെയും കമ്മ്യൂണിക്കേഷൻ രംഗത്തെ ശക്തമായ സാന്നിധ്യമായ റെഡ് ഹവാസ് മിഡിൽ ഈസ്റ്റുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരുടെ കൂടുതൽ വിജയങ്ങൾ ആഘോഷിക്കാനും ജീവിതം മാറ്റിമറിക്കുന്ന ഈ നിമിഷങ്ങളിലൂടെ എങ്ങനെ അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുന്നെന്ന് അറിയുന്നതിനുമായി ഞങ്ങൾ കാത്തിരിക്കുന്ന ഒരു സുപ്രധാന സമയത്താണ് റെഡ് ഹവാസുമായുള്ള പങ്കാളിത്തം സാധ്യമാകുന്നത്. ഈ വർഷം ഞങ്ങളുടെ 30-ാം വാർഷികമാണ്. വ്യത്യസ്ത ഗെയിം അവസരങ്ങളിലൂടെ ഞങ്ങളുടെ ആരാധകര്‍ക്ക് പുതിയ വിനോദ രീതികൾ നൽകി അവരുടെ പങ്കാളിത്തം ഉറപ്പാക്കാനുള്ള ആകാംഷയിലാണ്. ഞങ്ങളുടെ പിആർ ഏജൻസിക്കൊപ്പം ഇനിയും നിരവധി ആഘോഷ നിമിഷങ്ങൾക്കായി കാത്തിരിക്കുകയാണ്'- ബിഗ് ടിക്കറ്റ് അബുദാബി അധികൃതര്‍ പറഞ്ഞു.

'ബിഗ് ടിക്കറ്റ് അബുദാബിയുമായുള്ള റെഡ് ഹവാസ് മിഡിൽ ഈസ്റ്റിന്റെ പങ്കാളിത്തം, ഞങ്ങളുടെ വിപുലീകരിക്കപ്പെടുന്ന ബ്രാന്‍ഡുകളിലേക്ക് ചേര്‍ക്കപ്പെടുകയാണ്. ഇത് അവരുടെ ബിസിനസ് മുന്‍ഗണനകളില്‍ പോസിറ്റീവായ സ്വാധീനം ചെലുത്തുന്നു. തുടക്കകാലം മുതല്‍ ബിഗ് ടിക്കറ്റ് അബുദാബി മത്സരാർത്ഥികളുടെ ജീവിതത്തിൽ മാറ്റം വരുത്തി കൊണ്ടിരിക്കുകയാണ്. വ്യക്തിഗത തലത്തിൽ പ്രേക്ഷകരോട് പ്രതിധ്വനിക്കുകയും ആളുകളെ അവരുടെ വലിയ സ്വപ്നങ്ങളിലേക്ക് ഒരു പടി അടുപ്പിക്കുകയും ചെയ്യുന്നു. ഫലപ്രദമായ ഒരു ബന്ധത്തിനായി ഞങ്ങൾ കാത്തിരിക്കുകയാണ്'- റെഡ് ഹവാസ് മിഡില്‍ ഈസ്റ്റ് ജനറല്‍ മാനേജര്‍ ദന താഹിര്‍ വിശദമാക്കി. 

എല്ലാ മാസവും മൂന്നാം തീയതി നടക്കുന്ന ബിഗ് ടിക്കറ്റ് തത്സമയ നറുക്കെടുപ്പ് ഫേസ്ബുക്ക് യൂട്യൂബ് പേജുകള്‍ വഴി യുഎഇ സമയം 7:30ന് സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ആകെ 10 റാഫിള്‍ ടിക്കറ്റുകള്‍ തെരഞ്ഞെടുക്കുകയും വിജയികള്‍ക്ക് 50,000 ദിര്‍ഹം മുതല്‍ ഗ്രാന്‍ഡ് പ്രൈസ് വരെ നീളുന്ന സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. ഒരിക്കല്‍ വിജയിയെ പ്രഖ്യാപിച്ചാല്‍ അതേസമയം തന്നെ ബിഗ് ടിക്കറ്റിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഇതിന്‍റെ ഡീറ്റെയില്‍സും പുറത്തുവിടുന്നു.

🇦🇪യു എ ഇ: 2022 ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വിലകളിൽ വർദ്ധനവ്.

✒️2022 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി. 2022 മെയ് 31-ന് രാത്രിയാണ് യു എ ഇ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഈ അറിയിപ്പ് പ്രകാരം പെട്രോൾ, ഡീസൽ വിലകളിൽ 2022 മെയ് മാസത്തെ അപേക്ഷിച്ച് വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

2022 ജൂൺ മാസത്തെ യു എ ഇയിലെ ഇന്ധന വില:
സൂപ്പർ 98 – ലിറ്ററിന് 4.15 ദിർഹം. (2022 മെയ് മാസത്തിൽ ലിറ്ററിന് 3.66 ദിർഹം ആയിരുന്നു)
സ്പെഷ്യൽ 95 – ലിറ്ററിന് 4.03 ദിർഹം. (2022 മെയ് മാസത്തിൽ ലിറ്ററിന് 3.55 ദിർഹം ആയിരുന്നു)
ഇ-പ്ലസ് 91 – ലിറ്ററിന് 3.96 ദിർഹം. (2022 മെയ് മാസത്തിൽ ലിറ്ററിന് 3.48 ദിർഹം ആയിരുന്നു)
ഡീസൽ – ലിറ്ററിന് 4.14 ദിർഹം. (2022 മെയ് മാസത്തിൽ ലിറ്ററിന് 4.08 ദിർഹം ആയിരുന്നു)
2022 ജൂൺ 1 മുതൽ ഈ പുതുക്കിയ ഇന്ധന വില പ്രാബല്യത്തിൽ വരുന്നതാണ്.

🇦🇪അബുദാബി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് മുതൽ പ്രാബല്യത്തിൽ.


✒️ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് അബുദാബി എൻവിറോണ്മെന്റ് ഏജൻസി ഏർപ്പെടുത്തിയിട്ടുള്ള നിരോധനം ഇന്ന് (2022 ജൂൺ 1, ബുധനാഴ്ച) മുതൽ എമിറേറ്റിൽ പ്രാബല്യത്തിൽ വന്നു. ഇതോടെ ജൂൺ 1 മുതൽ അബുദാബിയിലെ വ്യാപാരസ്ഥാപനങ്ങളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഒഴിവാക്കുന്നതാണ്.

അബുദാബിയിൽ സുസ്ഥിര ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പടിപടിയായി ഒഴിവാക്കുന്ന നയത്തിന്റെ ഭാഗമായാണ് ഇത്തരം ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഈ തീരുമാനം നടപ്പിലാകുന്നതോടെ അബുദാബിയിലെ ചില്ലറ വില്പനശാലകളിൽ ഉപഭോക്താക്കൾക്കായി പരിസ്ഥിതി സൗഹൃദ ബാഗുകൾ ലഭ്യമാക്കുന്നതാണ്.

ഉപഭോക്താക്കൾക്ക് ചില്ലറ വില്പനശാലകളിൽ നിന്ന് ചെറിയ ഒരു തുക നൽകിക്കൊണ്ട് ഇത്തരം ബാഗുകൾ വാങ്ങാവുന്നതോ, അല്ലെങ്കിൽ ഷോപ്പിംഗ് വേളയിൽ തങ്ങളുടെ കൈവശം ഇത്തരം പരിസ്ഥിതി സൗഹൃദ ബാഗുകൾ കരുതാവുന്നതോ ആണ്. ഇത്തരം ബാഗുകൾക്ക് ചില്ലറ വില്പനശാലകളിൽ 25 മുതൽ 75 ഫിൽ‌സ് വരെ ഈടാക്കുമെന്നാണ് ലഭിക്കുന്ന സൂചന.

അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിൽ അംഗീകരിച്ച സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി ഒറ്റത്തവണ ഉപയോഗിക്കുന്ന ബാഗുകൾക്ക് ഏർപ്പെടുത്തുന്ന ഈ നിരോധനം നടപ്പാക്കുന്നത് ഇൻസ്പെക്ടർമാർ നിരീക്ഷിക്കുന്നതാണ്.

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് 2022 ജൂൺ 1 മുതൽ എമിറേറ്റിൽ നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി 2022 ഏപ്രിൽ 6-ന് അറിയിച്ചിരുന്നു.

🇶🇦ഖത്തർ: 2022 ജൂൺ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു.

✒️2022 ജൂൺ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് ഖത്തർ എനർജി അറിയിപ്പ് പുറത്തിറക്കി. 2022 മെയ് 31-നാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്.

ഈ അറിയിപ്പ് പ്രകാരം, രാജ്യത്ത് പ്രീമിയം 91 പെട്രോൾ വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. സൂപ്പർ ഗ്രേഡ് പെട്രോൾ, ഡീസൽ വിലകളിൽ കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് മാറ്റം വരുത്തിയിട്ടില്ല.

2022 ജൂൺ മാസത്തിലെ ഖത്തറിലെ ഇന്ധന വില:
പ്രീമിയം പെട്രോൾ – ലിറ്ററിന് 1.95 റിയാൽ. (2022 മെയ് മാസത്തിൽ ലിറ്ററിന് 2.00 റിയാൽ)
സൂപ്പർ ഗ്രേഡ് പെട്രോൾ – ലിറ്ററിന് 2.10 റിയാൽ. (2022 മെയ് മാസത്തിൽ ലിറ്ററിന് 2.10 റിയാൽ)
ഡീസൽ – ലിറ്ററിന് 2.05 റിയാൽ. (2022 മെയ് മാസത്തിൽ ലിറ്ററിന് 2.05 റിയാൽ)

Post a Comment

0 Comments