🇸🇦സൗദി: ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്കായി പുതിയ വിസ ഏർപ്പെടുത്തുമെന്ന് ടൂറിസം മന്ത്രി.
✒️ജി സി സി രാജ്യങ്ങളിൽ റെസിഡൻസി വിസകളുള്ള പ്രവാസികൾക്കായി ഒരു പുതിയ വിസ സമ്പ്രദായത്തിന് രൂപം നൽകുമെന്ന് സൗദി ടൂറിസം വകുപ്പ് മന്ത്രി അഹ്‌മദ് അൽ ഖത്തീബ് അറിയിച്ചു. സിഎൻബിസി അറേബ്യ ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.
ഈ പുതിയ വിസ ഉപയോഗിച്ച് കൊണ്ട് ജി സി സി രാജ്യങ്ങളിലെ പ്രവാസികൾക്ക് സൗദി അറേബ്യ സന്ദർശിക്കാവുന്നതാണ്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അദ്ദേഹം അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടില്ല.
സൗദി അറേബ്യയിലേക്ക് വിനോദസഞ്ചാരത്തിനായി വരാൻ ആഗ്രഹിക്കുന്ന യാത്രികർക്കായി 2019-ൽ ആരംഭിച്ച ടൂറിസ്റ്റ് വിസ പദ്ധതി നിലവിൽ തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി. ടൂറിസത്തിനായി സൗദി അറേബ്യയിലേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് അഞ്ച് ദശലക്ഷം സന്ദർശകർ 2021-ൽ സൗദി അറേബ്യ സന്ദർശിച്ചതായി അദ്ദേഹം വെളിപ്പെടുത്തി. കൊറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങളിൽ ഏതാണ്ട് നാല്പത് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2030-ഓടെ സൗദി അറേബ്യയുടെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയുടെ പത്ത് ശതമാനം ടൂറിസം മേഖലയിൽ നിന്ന് നേടുന്നതിനായാണ് രാജ്യം ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
🇶🇦ഖത്തർ: ലോകകപ്പ് കാണുന്നതിനായെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ.
✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 കാണുന്നതിനായി ഖത്തറിലെത്തുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ള, ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾ പാലിക്കേണ്ട നടപടിക്രമങ്ങൾ സംബന്ധിച്ച് അധികൃതർ അറിയിപ്പ് നൽകി. ഖത്തർ ലോകകപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2022 ജൂൺ 9-നാണ് സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ഇത് സംബന്ധിച്ച വിവരങ്ങൾ നൽകിയത്. ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്:
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ സന്ദർശകരും ഹയ്യ ഡിജിറ്റൽ കാർഡിനായി അപേക്ഷിക്കേണ്ടതാണ്. https://hayya.qatar2022.qa/ എന്ന വിലാസത്തിൽ നിന്ന് ഈ നടപടികൾ പൂർത്തിയാക്കാവുന്നതാണ്. ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി നൽകുന്ന ഔദ്യോഗിക എൻട്രി പെർമിറ്റാണ് ഹയ്യ ഡിജിറ്റൽ കാർഡ് എന്ന് അധികൃതർ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
ലോകകപ്പ് കാണാൻ ടിക്കറ്റ് എടുത്തിട്ടുള്ള ഖത്തറിൽ റെസിഡൻസി വിസകളിലുള്ള പ്രവാസികൾക്കും ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണ്.
ലോകകപ്പ് മത്സരങ്ങൾ നേരിട്ട് കാണാൻ താത്പര്യമില്ലാത്ത, എന്നാൽ ലോകകപ്പ് കാണുന്നതിനായി ഖത്തറിലെത്തുന്ന ബന്ധുക്കളെയും, സുഹൃത്തുക്കളെയും (ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ളവരും, ഹയ്യ ഡിജിറ്റൽ കാർഡ് ലഭിച്ചിട്ടുള്ളവരുമായിരിക്കണം) തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
ലോകകപ്പ് ടൂർണമെന്റ് നടക്കുന്ന കാലയളവിൽ മത്സരങ്ങൾ കാണുന്നതിനായല്ലാതെ, ഖത്തറിലേക്ക് പ്രവേശിക്കുന്ന ഖത്തർ പൗരന്മാർ, സാധുതയുള്ള റെസിഡൻസി വിസകളുള്ള പ്രവാസികൾ എന്നിവർക്ക് ഹയ്യ ഡിജിറ്റൽ കാർഡ് ആവശ്യമില്ല.
ലോകകപ്പ് കാണുന്നതിനായി ഖത്തറിലേക്ക് പ്രവേശിക്കുന്ന സന്ദർശകർ സമർപ്പിച്ചിട്ടുള്ള ഹയ്യ ഡിജിറ്റൽ കാർഡിനുള്ള അപേക്ഷകൾക്ക് അംഗീകാരം ലഭിക്കുന്നതിനായി അവർ ടൂർണമെന്റ്റ് നടക്കുന്ന കാലയളവിൽ ഖത്തറിൽ എവിടെയാണ് താമസിക്കുന്നതെന്ന വിവരം നൽകേണ്ടതാണ്. ഖത്തറിലെ ബന്ധുക്കളുടെയോ, സുഹൃത്തുക്കളുടെയോ കൂടെ താമസിക്കാൻ ആഗ്രഹിക്കുന്ന ഇത്തരം സന്ദർശകർക്ക്, അതിന് അനുമതി ലഭിക്കുന്നതിനായി, ഖത്തറിൽ അവരെ താമസിപ്പിക്കാൻ അനുവദിക്കുന്ന ബന്ധു/ സുഹൃത്ത് അവരുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച നടപടിക്രമങ്ങൾ താഴെ നൽകിയിട്ടുണ്ട്.
ബന്ധുക്കളെയും, സുഹൃത്തുക്കളെയും തങ്ങളുടെ കൂടെ താമസിപ്പിക്കാൻ പ്രവാസികൾക്ക് തങ്ങളുടെ താമസസ്ഥലം സംബന്ധിച്ച വിവരങ്ങൾ താഴെ പറയുന്ന നടപടിക്രമങ്ങളിലൂടെ ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്:
ഇതിനായി https://hayya.qatar2022.qa/ എന്ന വിലാസത്തിൽ ലോഗിൻ ചെയ്ത ശേഷം ‘Alternative Accommodation’ ടാബിൽ താഴെ പറയുന്ന വിവരങ്ങൾ നൽകേണ്ടതാണ്.
പ്രവാസിയുടെ ഖത്തർ ഐഡി വിവരങ്ങൾ.
താമസസ്ഥലത്തിന്റെ അഡ്രസ്, സ്ട്രീറ്റ്, സോൺ, ബിൽഡിംഗ് മുതലായ വിവരങ്ങൾ ഉൾപ്പടെ, നൽകേണ്ടതാണ്.
താമസസ്ഥലം വാടകയ്ക്കാണോ, അതോ സ്വന്തമാണോ എന്നീ വിവരങ്ങൾ.
ഇവ നൽകിയ ശേഷം താമസസ്ഥലം ഹയ്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക.
ഇതിന് ശേഷം തങ്ങളുടെ കൂടെ താമസിപ്പിക്കാൻ ആഗ്രഹിക്കുന്ന, ലോകകപ്പ് മത്സരങ്ങളുടെ ടിക്കറ്റുകൾ നേടിയിട്ടുള്ളവരും, ഹയ്യ ഡിജിറ്റൽ കാർഡ് ലഭിച്ചിട്ടുള്ളവരുമായ ഓരോ വ്യക്തിയുടെയും (ബന്ധു/ സുഹൃത്ത്) വിവരങ്ങൾ താഴെ പറയുന്ന രീതിയിൽ നൽകേണ്ടതാണ്.
ഓരോ വ്യക്തിയുടെയും പേര്.
ഓരോ വ്യക്തിയുടെയും പാസ്സ്‌പോർട്ട് നമ്പർ.
ഓരോ വ്യക്തിയുടെയും മാതൃരാജ്യം സംബന്ധിച്ച വിവരങ്ങൾ.
info@hayya.qa എന്ന ഇമെയിൽ വിലാസത്തിൽ നിന്നോ, 800 2022 എന്ന നമ്പറിൽ നിന്നോ (വിദേശത്ത് നിന്ന് വിളിക്കുന്നവർക്ക് (+974) 4441 2022 എന്ന നമ്പർ) ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്. ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 മത്സരങ്ങൾ നേരിട്ട് കാണുന്നതിന് ടിക്കറ്റ് നേടിയിട്ടുള്ള മുഴുവൻ പേർക്കും (പ്രവാസികൾ, സന്ദർശകർ, പൗരന്മാർ ഉൾപ്പടെ) ഹയ്യ ഡിജിറ്റൽ കാർഡ് നിർബന്ധമാണെന്നത് പ്രത്യേകം ഓർക്കേണ്ടതാണ്.
🇸🇦സൗദി അറേബ്യ: ഹജ്ജ് സേവനങ്ങളുടെ പേരിൽ തട്ടിപ്പ് നടത്തുന്ന സംഘങ്ങളെക്കുറിച്ച് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
✒️ആഭ്യന്തര തീർത്ഥാടകർക്കായി ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്തു കൊണ്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളെക്കുറിച്ച് സൗദി ഹജ്ജ്, ഉംറ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇത്തരം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് ജാഗ്രത പുലർത്താനും, സൗദിയിൽ നിന്ന് ഹജ്ജ് അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്നവർ ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകാതിരിക്കാൻ ശ്രദ്ധ പുലർത്തണമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇത്തരം വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മന്ത്രാലയം നേരത്തെയും മുന്നറിയിപ്പ് നൽകിയിരുന്നു. 2022-ലെ ഹജ്ജ് തീർത്ഥാടന കാലയളവിൽ സൗദിയിൽ താമസിക്കുന്നവർക്ക് കുറഞ്ഞ ചെലവിൽ ഹജ്ജ് സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം തട്ടിപ്പ് വെബ്സൈറ്റുകൾ പണം, സ്വകാര്യ വിവരങ്ങൾ എന്നിവ തട്ടിയെടുക്കുന്നതിനായാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഇത്തരം തട്ടിപ്പുകൾ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഏതാനം വ്യക്തികൾക്കെതിരെയും, വെബ്സൈറ്റുകൾക്കെതിരെയും അധികൃതർ നടപടികൾ സ്വീകരിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഹജ്ജ് റജിസ്ട്രേഷനുമായി ബന്ധപ്പെട്ട സേവനങ്ങൾ Eatmarna ആപ്പിലൂടെയും, മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയും മാത്രമാണ് നൽകുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് 2022 ജൂൺ 11 വരെ തുടരുന്നതാണ്. പൗരന്മാരും, പ്രവാസികളും ഉൾപ്പടെ ആകെ ഒന്നരലക്ഷം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ ഹജ്ജ് സീസണിൽ തീർത്ഥാടനം അനുഷ്ഠിക്കുന്നതിന് അനുമതി നൽകുന്നത്. 65 വയസിന് താഴെ പ്രായമുള്ള, സൗദി അറേബ്യയിൽ നിലവിൽ ഉള്ളവരായ, പൗരന്മാർക്കും, പ്രവാസികൾക്കും ആഭ്യന്തര തീർത്ഥാടകരായി രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇവർ COVID-19 വാക്സിൻ നിർബന്ധമായും സ്വീകരിച്ചരിക്കേണ്ടതാണ്. 2022 ഹജ്ജ് സീസണിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്കായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നു.
ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട തീർത്ഥാടകരുടെ ആദ്യ സംഘം മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽഅസീസ് ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയതായി സൗദി പ്രസ് ഏജൻസി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
🇶🇦ഖത്തർ: ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈൻ സേവനങ്ങൾ ബസുകൾ ഉപയോഗിച്ച് നൽകുമെന്ന് അറിയിപ്പ്.
✒️2022 ജൂൺ 10, 11 തീയതികളിൽ ദോഹ മെട്രോ ഗ്രീൻ ലൈനിൽ, മെട്രോ ട്രെയിൻ സേവനങ്ങൾക്ക് പകരമായി ബസ് ഉപയോഗിച്ചുള്ള യാത്രാ സേവനങ്ങൾ നൽകുമെന്ന് ഖത്തർ റെയിൽ അധികൃതർ വ്യക്തമാക്കി. 2022 ജൂൺ 9-നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
ഇതുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങളാണ് അധികൃതർ അറിയിച്ചിരിക്കുന്നത്:
അൽ ബിദ്ദ, അൽ റിഫാ മാൾ ഓഫ് ഖത്തർ എന്നിവയെ ബന്ധപ്പെടുത്തിക്കൊണ്ട് ഓരോ പത്ത് മിനിറ്റ് ഇടവേളയിലും ബസ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഈ ബസുകൾ വൈറ്റ് പാലസ് ഒഴികെയുള്ള എല്ലാ സ്റ്റേഷനുകളിലും നിർത്തുന്നതാണ്.
റെഡ് ലൈനിലെ അൽ മൻസൗര, അൽ ദോഹ അൽ ജദീദ സ്റ്റേഷനുകൾക്കിടയിൽ ഓരോ പത്ത് മിനിറ്റിലും ഒരു പ്രത്യേക ബസ് സർവീസ് ഏർപ്പെടുത്തുന്നതാണ്.
മെട്രോലിങ്ക് സർവീസുകൾ സാധാരണ രീതിയിൽ തുടരുന്നതാണ്.
🇰🇼സൂര്യോദയത്തിന് മുമ്പ് താമസ സ്ഥലങ്ങളില്‍ അപ്രതീക്ഷിത പരിശോധന; നൂറോളം പ്രവാസികള്‍ അറസ്റ്റില്‍.
✒️കുവൈത്ത് സിറ്റി: കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘകരെ കണ്ടെത്താനായി നടത്തുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. കഴിഞ്ഞ ദിവസം സൂര്യോദയത്തിന് മുമ്പ് ബിനൈദ് അല്‍ ഖര്‍ ഏരിയയില്‍ നടത്തിയ പരിശോധനയില്‍ നൂറോളം പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി പ്രാദേശിക മാധ്യമമായ അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്യാപിറ്റല്‍ സെക്യൂരിറ്റി ഡയറക്ടറേറ്റിലെ പബ്ലിക് സെക്യൂരിറ്റി സെക്ടറാണ് പരിശോധന നടത്തിയത്.
പിടിയിലായ പ്രവാസികളില്‍ തൊഴില്‍ നിയമ ലംഘകരും താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് തുടരുന്നവരും വിവിധ കേസുകളില്‍ പൊലീസ് അന്വേഷിച്ചുകൊണ്ടിരുന്നവരും ഉള്‍പ്പെടുന്നു. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും എല്ലാ ഗവര്‍ണറേറ്റുകളിലും ഇത്തരം അപ്രതീക്ഷിത പരിശോധനകള്‍ തുടരുന്നുവെന്ന് സെക്യൂരിറ്റി വൃത്തങ്ങള്‍ അറിയിച്ചു. വിവിധ രാജ്യക്കാരായ പ്രവാസി നിയമലംഘകരെയും കേസുകളില്‍ പിടിയിലാവാനുള്ളവരെയും ലക്ഷ്യമിട്ടാണ് ഇത്തരം പരിശോധനകള്‍.
കുവൈത്ത് ആഭ്യന്തര മന്ത്രി, ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി, പബ്ലിക് സെക്യൂരിറ്റി സെക്ടര്‍ അണ്ടര്‍ സെക്രട്ടറി എന്നിവരുടെ നിര്‍ദേശപ്രകാരമാണ് പരിശോധന വ്യാപകമാക്കിയിരിക്കുന്നത്. സമൂഹത്തിന്റെ സുരക്ഷയ്‍ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്ന അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അറിയിച്ചിട്ടുണ്ട്.
ബാച്ചിലര്‍മാരായ പ്രവാസികളും താഴ്‍ന്ന വരുമാനക്കാരായ തൊഴിലാളികളും താമസിക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തി അവരുടെ താമസ സ്ഥലങ്ങള്‍ പ്രത്യേകമായി ലക്ഷ്യം വെച്ചാണ് പരിശോധന നടത്തുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആഭ്യന്തര മന്ത്രാലയത്തിലെ എല്ലാ സെക്ടറുകളും സഹകരിച്ചും ഒരുമിച്ച് ചേര്‍ന്നുമാണ് പരിശോധന നടത്തുന്നത്. ഇതിനായി നേരത്തെ തന്നെ പ്രത്യേക പദ്ധതി ആസൂത്രണം ചെയ്യുന്നുമുണ്ട്. കഴിഞ്ഞയാഴ്‍ച ചില പ്രദേശങ്ങള്‍ നേരത്തെ തന്നെ വിശദമായി നിരീക്ഷിച്ച ശേഷം സ്ഥലം പൂര്‍ണമായി വളഞ്ഞായിരുന്നു പരിശോധന നടത്തിയത്. ഒരു നിയമലംഘകന്‍ പോലും പരിശോധനാ സംഘത്തിന്റെ പിടിയിലാവാതെ രക്ഷപെടരുതെന്ന ലക്ഷ്യത്തോടെയാണ് ഇത്തരം കര്‍ശന പരിശോധനകള്‍ നടത്തുന്നത്.
നിയമലംഘനത്തിന് പിടിയിലാവുന്ന പ്രവാസികളെ നാടുകടത്തുന്നതിന് മുമ്പ് താമസിപ്പിക്കാന്‍ പ്രത്യേകം കേന്ദ്രങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. അറസ്റ്റിലായുന്നവര്‍ക്ക് പിന്നീട് അഞ്ച് വര്‍ഷത്തേക്ക് ഒരു ഗള്‍ഫ് രാജ്യത്തേക്കും മടങ്ങിവരാന്‍ സാധിക്കുകയുമില്ല. ഗള്‍ഫ് സുരക്ഷാ സഹകരണ ചട്ടങ്ങളിലൂടെയാണ് ഇത്തരം വിലക്കേര്‍പ്പെടുത്തുന്നത്.
🇸🇦സൗദി അറേബ്യയിൽ കൊവിഡ് മൂലം രണ്ട് മരണവും 932 പുതിയ കേസുകളും.
✒️റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് മൂലം രണ്ടുപേർ കൂടി മരിച്ചു. 932 പേർക്ക് പുതിയതായി രോഗബാധ സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 659 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,76,137 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,58,188 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,167 ആയി.
രാജ്യത്ത് നിലവിലുള്ള കൊവിഡ് രോഗബാധിതരിൽ 8,782 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 99 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 32,621 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 328 , ജിദ്ദ - 153, ദമ്മാം - 114, മക്ക - 37, ഹുഫൂഫ് - 35, മദീന - 32, ത്വാഇഫ് - 21, അബഹ - 15, ജീസാൻ - 13, ദഹ്റാൻ - 13, അൽഖർജ് - 12, തബൂക്ക്, അൽബാഹ, അൽഖോബാർ - 7 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
🇴🇲ഒമാനില്‍ ഇലക്ട്രോണിക് പേയ്‍മെന്റ് നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങി.
✒️ഒമാനില്‍ ഇലക്ട്രോണിക് പേയ്‍മെന്റ് നിര്‍ബന്ധമാക്കിയ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന തുടങ്ങി. നിശ്ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്ന സ്ഥാപനങ്ങള്‍ ഇ-പേയ്‍മെന്റ് സ്വീകരിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്ന് രണ്ടാഴ്‍ച മുമ്പ് ഉത്തരവിട്ടിരുന്നു. ഇത് പ്രകാരമാണ് വാണിജ്യ - വ്യവസായ - നിക്ഷേപ പ്രോത്സാഹന മന്ത്രാലയം പരിശോധന ആരംഭിച്ചത്.
ഫുഡ് സ്റ്റഫ് സ്ഥാപനങ്ങള്‍, സ്വര്‍ണം - വെള്ളി വ്യാപാര സ്ഥാപനങ്ങള്‍, റസ്റ്റാറന്റുകള്‍, കഫേകള്‍, പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍, ഇലക്ട്രോണിക് സ്ഥാപനങ്ങള്‍, കെട്ടിട നിര്‍മാണ ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, പുകയില ഉത്പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍, വ്യവസായ മേഖലാ കോംപ്ലക്സുകള്‍, മാളുകള്‍, ഗിഫ്റ്റ് ഇനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയിലാണ് ഇ-പേയ്‍മെന്റ് നിര്‍ബന്ധമാക്കിയത്.
അധികൃതരുടെ നിര്‍ദേശപ്രകാരം നിരവധി സ്ഥാപനങ്ങള്‍ ഇതിനോടകം തന്നെ ഇ- പേയ്‍മെന്റ് സംവിധാനം നടപ്പാക്കിയിരുന്നു. ചെറിയ സ്ഥാപനങ്ങളാണ് ഇനിയും ഇത്തരം സംവിധാനങ്ങള്‍ സജ്ജീകരിക്കാന്‍ ബാക്കിയുള്ളത്. ഇവിടങ്ങളില്‍ കൂടി നിയമം നടപ്പാക്കാന്‍ ലക്ഷ്യമിട്ടാണ് അധികൃതരുടെ പരിശോധന.
🇦🇪എമിറേറ്റ്സ് ഡ്രോ: ഏഴിൽ ആറ് നമ്പറുകളും ഒത്തുവന്നു; ഇന്ത്യക്കാരിക്ക് സ്വന്തം 7.7 ലക്ഷം ദിർഹം.
✒️പവിഴപ്പുറ്റുകളുടെ സംരക്ഷണത്തിന് പിന്തുണയായി 50 ദിർഹത്തിന് ഒരു പെൻസിൽ വാങ്ങിയാണ് അജ്‍മാനിൽ താമസിക്കുന്ന ഇന്ത്യക്കാരിയായ ശിവലീല സന്തോഷ് ഹഗാർഗി 'എമിറേസ് ഡ്രോ'യിൽ പങ്കെടുത്തത്. ഏഴ് അക്കങ്ങളും ഒരുപോലെയായാൽ 100 ദശം ലക്ഷം ദിർഹം ഒന്നാം സമ്മാനം ലഭിക്കുന്ന യു.എ.ഇയിലെ വമ്പൻ ഭാഗ്യപരീക്ഷണമാണ് എമിറേറ്റ്സ് ഡ്രോ.
ലോട്ടറി ഫലം വരുന്ന ദിവസം 33 വയസുകാരിയായ ശിവലീല സന്തോഷ് ഹഗാർഗി കുടുംബത്തോടൊപ്പം യൂട്യൂബിൽ ലൈവ് സ്ട്രീമായി ഫലപ്രഖ്യാപനം കണ്ടു. സ്ക്രീനിൽ കണ്ട ആദ്യ ആറ് നമ്പറും സ്വന്തം കൈയിലെ ടിക്കറ്റിലുള്ള നമ്പറുകൾ തന്നെയാണെന്ന് ശിവലീല തിരിച്ചറിഞ്ഞു.
പക്ഷേ, അടുത്ത നമ്പറിൽ ഭാഗ്യം വഴുതിപ്പോയി. ഒരു നമ്പർ അകലെ നഷ്ടം 100 ദശലക്ഷം ദിർഹം (211 കോടിരൂപ). പക്ഷേ, ആറ് നമ്പറുകളിലൂടെ ശിവലീല ഉറപ്പിച്ചത് 7,77,000 ദിർഹം (1.6 കോടിരൂപ). "എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വിശ്വസിക്കാനായില്ല. എന്റെ മകനാണ് ആദ്യം തുള്ളിച്ചാടിയത്, പിന്നാലെ എല്ലാവരും സന്തോഷം കൊണ്ട് അവനൊപ്പം ചേർന്നു." ശിവലീല പറയുന്നു.
എമിറേറ്റ്സ് ഡ്രോ അധികൃതർ ശിവലീലയെ പിന്നീട് ഫോണിൽ വിളിച്ചു, ഇ - മെയിലും അയച്ചു. ആറ് നമ്പറിൽ സമ്മാനം നേടിയത് താനാണെന്ന് ഉറപ്പിക്കുന്നതു വരെ ആ സ്വപ്നത്തിന്റെയും ആകാംഷയുടെയും നടുക്കത്തിലായിരുന്നു ശിവലീല.
വായ്പ അടച്ചു തീർക്കാനാണ് പ്രൈസ് മണി ഉപയോഗിക്കുകയെന്നാണ് ശിവലീല പറയുന്നത്. ബാധ്യതകൾ തീർത്തതിന് ശേഷമുള്ള പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചെലവഴിക്കും.
ഇനിയും എമിറേറ്റ്സ് ഡ്രോയിൽ ടിക്കറ്റ് എടുക്കുമെന്നാണ് ശിവലീല പറയുന്നത്. സ്വന്തം ബർത്ത് ഡേ നമ്പറിലാണ് ഇനി ടിക്കറ്റെടുക്കുകയെന്നാണ് അവർ പറയുന്നത്. ഇത്തവണ ഭർത്താവിന്റെ ജന്മദിന നമ്പറാണ് തെരഞ്ഞെടുത്തത്. അടുത്ത ടിക്കറ്റിന് കിട്ടാൻ പോകുന്ന സമ്മാനത്തെക്കുറിച്ചും അവർക്ക് പ്രതീക്ഷയുണ്ട്: ദൈവം സഹായിച്ചാൽ 100 ദശലക്ഷം ദിർഹം ഗ്രാൻഡ് പ്രൈസ്!
ഒന്നാം സമ്മാനം കിട്ടിയാൽ കുടുംബത്തിനും ബന്ധുക്കൾക്കും സാമ്പത്തിക സഹായം നൽകും, ഒപ്പം പാവങ്ങൾക്ക് സ്വന്തം ഗ്രാമത്തിൽ ഒരു ആശുപത്രി എന്ന ഭർത്താവിന്റെ സ്വപ്നവും സാക്ഷാത്കരിക്കും - ശിവലീല പറയുന്നു.
ഫിലിപ്പീൻസുകാരായ ഐസിയ കിങ്, ജീനറ്റ് മില്ലറിഎന്നിവർക്ക് അവരുടെ ടിക്കറ്റുകളിൽ അഞ്ച് നമ്പറുകൾ ഒത്തുവരികയും 77,777 ദിർഹം വീതം ലഭിക്കുകയും ചെയ്യും.
ഏഴ് ദിര്‍ഹം മുതല്‍ 100 മില്യന്‍ ദിര്‍ഹത്തിന്റെ ഗ്രാന്റ് പ്രൈസ് വരെ വൈവിദ്ധ്യങ്ങളായ ക്യാഷ് പ്രൈസുകള്‍ വാഗ്ദാനം ചെയ്യുന്ന എമിറേറ്റ്സ് ഡ്രോ യുഎഇയിലെ ഏറ്റവും ജനപ്രിയമായ നറുക്കെടുപ്പുകളിലൊന്നാണ്.
🇦🇪നൂറിലധികം സൂപ്പര്‍ കാറുകളെയും മസില്‍ കാറുകളെയും അണിനിരത്തി ദുബൈയില്‍ ആദ്യ കന്തൂറ റാലിയൊരുങ്ങുന്നു.
✒️കം സന്ദര്‍ശകര്‍ 'കന്തൂറ റാലി'ക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എമിറേറ്റ്സ് മോട്ടോര്‍സ്‍പോര്‍ട്സ് ഓര്‍ഗനൈസേഷന്റെ (EMSO) സഹകരണത്തോടെ ജൂലൈ രണ്ടിനാണ് കന്തൂറ റാലിയുടെ ഉദ്ഘാടന എഡിഷന് തുടക്കമാവുന്നത്. വാഹനപ്രേമത്തെ ആഘോഷമാക്കി മാറ്റുന്നതിന് പുറമെ യുഎഇ പുരുഷന്മാരുടെ സ്റ്റൈലും അഭിമാനവും സംതൃപ്തിയുമായ കന്തൂറയുടെ പ്രതാപം കൂടി പ്രതിഫലിപ്പിക്കുന്നതായിരിക്കും പരിപാടി.
മോട്ടോര്‍ സിറ്റിയുടെ ഹൃദയ ഭാഗത്ത് ദുബൈ ഓട്ടോഡ്രോമിലെ ക്ലബ് സര്‍ക്യൂട്ടില്‍ വൈകുന്നേരം ആറ് മണിക്ക് പരേഡ് ഫ്ലാഗ് ഓഫ് ചെയ്യും. വിവിധ രാജ്യങ്ങളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കാനെത്തിയവര്‍ അറബികളുടെ പരമ്പരാഗത വസ്‍ത്രമായ കന്തൂറ ധരിച്ച് തങ്ങളുടെ സംഘാംഗങ്ങളോടൊപ്പം ഈ ഫണ്‍ ഡ്രൈവില്‍ അണിനിരക്കും. ദുബൈയിലെ ജനപ്രിയ കേന്ദ്രങ്ങളായ മ്യൂസിയം ഓഫ് ഫ്യൂച്ചര്‍, മെയ്‍ദാന്‍ ബ്രിഡ്ജ്, ദുബൈ ക്യാമല്‍ റേസിങ് ട്രാക്ക് എന്നിവയ്ക്ക് സമീപത്തുകൂടി മുന്നോട്ട് നീങ്ങുന്ന പരേഡ് ദുബൈ സിലിക്കണ്‍ ഒയാസിസില്‍ (DSO) സമാപിക്കും.
ദുബൈ സിലിക്കണ്‍ ഒയാസിലെ ദുബൈ ഡിജിറ്റല്‍ പാര്‍ക്കില്‍ സംഘടിപ്പിക്കുന്ന കാര്‍ ആന്റ് ബൈക്ക് ഷോ കോമ്പറ്റീഷനാണ് പരിപാടിയുടെ മറ്റൊരു ആകര്‍ഷണം. ഇതില്‍ വിജയിക്കുന്നവര്‍ക്ക് 25,000 ദിര്‍ഹത്തിലധികം വിലവരുന്ന സമ്മാനങ്ങളാണ് ലഭിക്കുക. ക്ലാസിക് സൂപ്പര്‍ കാറുകളുടെയും മോഡിഫൈഡ് കാറുകളുടെയും പ്രദര്‍ശനവും ഇതോടൊപ്പമുണ്ടാകും.
ദുബൈയില്‍ കന്തൂറ റാലിയുടെ ഉദ്ഘാടന എഡിഷന്‍ സംഘടിപ്പിക്കാന്‍ സാധിക്കുന്നതില്‍ അത്യധികം സന്തോഷിക്കുന്നുവെന്ന് പരിപാടിയുടെ സംഘാടകരായ ഓര്‍ബിറ്റ് ഇവന്റ്സ് ആന്റ് പ്രൊമോഷന്‍സ് മാനേജിങ് ഡയറക്ടര്‍ പ്രഗ്ന വയ പറഞ്ഞു. കാറുകളെ ഇഷ്ടപ്പെടുന്നവരെ ഒരുമിച്ച് ചേര്‍ക്കാനായി ഒരു ഫണ്‍ മോട്ടോര്‍ വെസ്റ്റിവല്‍ സംഘടിപ്പിക്കുകയും അതുവഴി ദുബൈയിലെ ഏറ്റവും വലിയ ആകര്‍ഷകങ്ങളായ കാറുകളും ലക്ഷ്വറിയും ലൈഫ്‍സ്റ്റൈലും തന്നെ ആഘോഷമാക്കുകയാണെന്നും അവര്‍ പറഞ്ഞു.
'യുഎഇയിലെ കാര്‍ പ്രേമികള്‍ക്കായി ഓട്ടോമോട്ടീവ് സാങ്കേതിക മികവിന്റെയും വാഹന സൗന്ദര്യത്തിന്റെയും ആവേശം നിറയ്ക്കുന്ന പ്രദര്‍ശനമായിരിക്കും കന്തൂറ റാലിയില്‍ ഒരുങ്ങുന്നത്. നിരവധി സൂപ്പര്‍ കാറുകളും വ്യത്യസ്‍തമായ മസില്‍ കാറുകളും ദുബൈയിലെ ആകര്‍ഷകങ്ങളായ നിരത്തുകളിലൂടെ നീങ്ങും. വരാനിരിക്കുന്ന ആകര്‍ഷങ്ങളായ പരിപാടികളില്‍ ആദ്യത്തേതാണിത്. ഒപ്പം ദുബൈയിലെ മോട്ടോര്‍ സ്‍പോര്‍ട്സ് പ്രേമികള്‍ കാത്തിരിക്കുന്ന ഏറ്റവും വലിയൊരു പരിപാടിയായി ഇത് മാറുമെന്ന് ഉറപ്പു നല്‍കുന്നതായും' അവര്‍ പറഞ്ഞു.
ഇതൊരു മികച്ച അവസരമാണെന്നും അതില്‍ അതിയായി അഭിമാനിക്കുന്നുവെന്നുമാണ് മോട്ടോര്‍ റേസിങ് സ്‍പോര്‍ട്സ് കമന്റേറ്ററും കന്തൂറ റാലിയുടെ ചടങ്ങിലെ അവതാരകനുമായ യൂസെഫ് അല്‍ അന്‍സാരി പറഞ്ഞു. സ്റ്റൈലിലും ഈ സ്‍പോര്‍ടിനോടുള്ള യുവത്വത്തിന്റെ പ്രതിബദ്ധതയിലും യുഎഇയുടെ സ്വത്വം ആഘോഷിക്കുന്ന ഈ റേസിനായി തങ്ങള്‍ സ്വയം സന്നദ്ധരാവുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തങ്ങളുടെ ജീവിതത്തില്‍ ഏറെ സ്വാധീനവും തങ്ങളുടെ പ്രിയപ്പെട്ട രാജ്യത്തോട് അഭേദ്യമായ ബന്ധവും അതിനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
'വാഹന സൗന്ദര്യത്തിന്റെ ഏറ്റവും വലിയ അടയാളമായി കന്തൂറ മാറാനൊരുങ്ങുകയാണ്. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്റ്റൈലിനും ലക്ഷ്വറിക്കും കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിതയ്ക്കും സാക്ഷികളാവാനുള്ള അവസരമാണ് ലഭിക്കുന്നത്. ദുബൈയുടെ യഥാര്‍ത്ഥ വികാരത്തിനൊപ്പം ഈ നഗരത്തിന്റെ വാഹന പാരമ്പര്യവും ഗ്ലാമറസ് ജീവിതരീതിയില്‍ മുന്നേറാനുള്ള ആസക്തിയുമായിരിക്കും ഇതിലൂടെ പുറത്തുവരുന്നതെന്നും' പ്രഗ്ന വയ കൂട്ടിച്ചേര്‍ത്തു.
വിവിധ ഭക്ഷണശാലകളില്‍ നിന്നുള്ള വിവിധതരം വിഭവങ്ങള്‍ ആസ്വദിക്കുന്നതിനുള്ള അവസരവും ഈ ഫെസ്റ്റിവലിലുണ്ടാകും. ആകര്‍ഷകമായ സംഗീതം ആസ്വദിക്കാനും വാഹന ലോകത്തെ കൗതുകങ്ങള്‍ നുകരാനും സാധ്യമാവും. വാഹന പ്രേമികള്‍ മുതല്‍ സാധാരണ കാഴ്ചക്കാര്‍ വരെ എല്ലാവരെയും തൃപ്തിപ്പെടുത്തുന്നതായിരിക്കും ഈ പരിപാടി.
ഫണ്‍ ഡ്രൈവിലേക്കും കാര്‍ ആന്റ് ബൈക്ക് ഷോയിലേക്കുമുള്ള രജിസ്ട്രേഷന്‍ തുടരുകയാണ്. വിവിധ വിഭാഗങ്ങളിലുള്ള എല്ലാവരെയും തങ്ങളുടെ പ്രിയ വാഹനങ്ങള്‍ മറ്റുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും അവരെ വിസ്‍മയിപ്പിക്കാനും സ്വാഗതം ചെയ്യുകയാണെന്നും സംഘാടകര്‍ അറിയിച്ചു.
വിജയികള്‍ക്കുള്ള സമ്മാന വിതരണ ചടങ്ങ് റാഡിസന്‍ റെഡ് ഹോട്ടലില്‍ നടക്കും.
🇦🇪വിവാഹിതനാവാനൊരുങ്ങുന്ന പ്രവാസി മലയാളി യുവാവിന് ഇരട്ടി സന്തോഷവുമായി മഹ്‌സൂസ് 79-ാം നറുക്കെടുപ്പിലെ വിജയം.
✒️79-ാമത് മഹ്‌സൂസ് നറുക്കെടുപ്പിലെ റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം സ്വന്തമാക്കി പ്രവാസി ഇന്ത്യക്കാരന്‍ മുഹമ്മദ്. ദുബൈയില്‍ പാര്‍ട്ണര്‍ഷിപ്പില്‍ പെര്‍ഫ്യൂം, ആക്‌സസറീസ് കട നടത്തുകയാണ് മുഹമ്മദ്. സിറിയയില്‍ നിന്നും മൗറീഷ്യസില്‍ നിന്നുമുള്ള മറ്റ് രണ്ട് പ്രവാസികളും പ്രതിവാര റാഫിള്‍ ഡ്രോയില്‍ 100,000 ദിര്‍ഹം വീതം നേടി.
സമൂഹത്തിന് നന്മ ചെയ്യുകയും ആളുകളുടെ ജീവിതം മാറ്റിമറിക്കുകയും ചെയ്യുന്ന, ഈവിങ്‌സ് എല്‍എല്‍സി മാനേജിങ് ഓപ്പറേറ്ററായുള്ള മഹ്‌സൂസ്, സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള കൂടുതല്‍ ആളുകളെ ഈ പ്ലാറ്റ്‌ഫോമിലേക്ക് ആകര്‍ഷിച്ചുകൊണ്ട് യാത്ര തുടരുകയാണ്.
ഇതേ പ്രതിവാര നറുക്കെടുപ്പില്‍ 2,365 പേരാണ് വിജയികളായത്. ആകെ 3,000,000ത്തിലധികം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിതരണം ചെയ്തത്. 61 ഭാഗ്യശാലികള്‍ 2,000,000 ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം പങ്കിട്ടെടുത്തു.
ആറ് വര്‍ഷങ്ങളായി യുഎഇയില്‍ താമസിക്കുന്ന മുഹമ്മദിന് എട്ട് സഹോദരങ്ങളാണുള്ളത്. ഈ വിജയം ഒന്നിലേറെ ആളുകളുടെ ജീവിതത്തിലാണ് അര്‍ത്ഥവത്തായ മാറ്റങ്ങളുണ്ടാക്കാന്‍ പോകുന്നത്. ഈ വര്‍ഷം അവസാനം വിവാഹിതനാകാന്‍ പോകുന്ന മുഹമ്മദ്, കൃത്യസമയത്ത് പണം ലഭിച്ചതിന്റെ സന്തോഷത്തിലാണ്.
'നിങ്ങള്‍ക്കറിയാമല്ലോ വിവാഹത്തിന് വലിയ ചെലവുണ്ട്. ഈ പണം ശരിയായ സമയത്ത് ലഭിക്കുന്നതില്‍ വളരെയധികം സന്തോഷമുണ്ട്. എന്റെ വിവാഹച്ചെലവുകള്‍ക്ക് പുറമെ, ഈ പണം കൊണ്ട് എന്റെ അമ്മയ്ക്ക് സ്വര്‍ണം സമ്മാനമായി വാങ്ങി നല്‍കാനും ആഗ്രഹമുണ്ട്'- മുഹമ്മദ് പറഞ്ഞു.
പെര്‍ഫ്യൂം കടയിലെ സെയില്‍സ് അസോസിയേറ്റ് ആയാണ് മുഹമ്മദ് യുഎഇയിലെ തന്റെ യാത്ര ആരംഭിച്ചത്. അഞ്ച് വര്‍ഷം അദ്ദേഹം അവിടെ ജോലി ചെയ്തു. വളരെയേറെ കഠിനാധ്വാനത്തിന് ശേഷം പണം സമ്പാദിച്ച് മറ്റൊരു കടയില്‍ നിക്ഷേപം നടത്തുകയും അദ്ദേഹത്തിന്റെ ബോസിന്റെ പാര്‍ട്ണറാകുകയും ചെയ്തു.
ഇപ്പോള്‍ ഭാഗ്യവും മുഹമ്മദിനെ തുണച്ചതോടെ ബിസിനസിന്റെ വളര്‍ച്ചയിലേക്ക് സമ്മാനത്തുകയില്‍ ഒരു ഭാഗം നിക്ഷേപിക്കാനും മുഹമ്മദ് പദ്ധതിയിടുന്നുണ്ട്. ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുകയും സമൂഹത്തെ ദീര്‍ഘകാലത്തേക്ക് പോസിറ്റീവായി സ്വാധീനിക്കാനും മഹ്‌സൂസിന് സാധിക്കുമെന്നതിനുള്ള തെളിവ് കൂടിയാണ് ഈ വിജയം.
ക്രിക്കറ്റില്‍ തല്‍പ്പരനായ അദ്ദേഹം താന്‍ വിജയിച്ചെന്നറിഞ്ഞ നിമിഷത്തെ കുറിച്ച് പറഞ്ഞതിങ്ങനെ; 'ആദ്യം എനിക്ക് വിശ്വസിക്കാനായില്ല. തത്സമയ മഹ്‌സൂസ് നറുക്കെടുപ്പ് നടക്കുമ്പോള്‍ ഞാന്‍ പുറത്തായിരുന്നു. വീട്ടിലെത്തിയ ശേഷം വൈഫൈ കണക്ട് ചെയതപ്പോള്‍ എനിക്ക്, ഞാന്‍ വിജയിച്ചെന്ന് അറിയിച്ചു കൊണ്ടുള്ള മഹ്‌സൂസിന്റെ ഇ മെയില്‍ നോട്ടിഫിക്കേഷന്‍ വന്നു. ഞെട്ടിപ്പോയ ഞാന്‍ പെട്ടെന്ന് തന്നെ എന്റെ മഹ്‌സൂസ് അക്കൗണ്ട് പരിശോധിച്ചു. വിജയിച്ചെന്ന് ഉറപ്പായപ്പോള്‍ വളരെയധികം സന്തോഷം തോന്നി' മുഹമ്മദ് വിശദമാക്കി.
ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ മഹ്‌സൂസ് നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയും. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഗ്രാന്‍ഡ് ഡ്രോയിലേക്കും പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും എന്‍ട്രി ലഭിക്കും. മാത്രമല്ല ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. മഹ്‌സൂസിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനായി ഇന്ത്യക്കാര്‍ക്ക് വേണ്ടിയുള്ള മഹ്‌സൂസ് ദേസി ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക.
🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു ഇന്ന് 1,084 പേര്‍ക്ക് രോഗം.
✒️അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് വീണ്ടും ആയിരത്തിന് മുകളിലെത്തി. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,084 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 876 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല.
പുതിയതായി നടത്തിയ 247,277 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 915,068 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 897,324 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 15,439 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
🇦🇪കുരങ്ങുപനി; രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങളുമായി ദുബൈ.
✒️കുരങ്ങുപനി ബാധിച്ചവരുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് പുതിയ ക്വാറന്റീന്‍ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ച് ദുബൈ ഹെല്‍ത്ത് അതോറിറ്റി. ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡ് ദുബൈ ഹെല്‍ത്ത് അതോറിറ്റി പുറത്തിറക്കി.
കുരങ്ങുപനി ബാധിച്ച വ്യക്തികളുമായോ മൃഗങ്ങളുമായോ ദീര്‍ഘകാലം സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്കാണ് പുതിയ മാനദണ്ഡം ബാധകമാകുക. 21 ദിവസമാണ് ക്വാറന്റീന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. അറ്റാച്ച്ഡ് ബാത്ത് റൂമും നല്ലപോലെ വായുസഞ്ചാരവുമുള്ള ഒറ്റ മുറിയിലായിരിക്കണം താമസം. ഇവരുടെ വസ്തുക്കള്‍ മറ്റാരും ഉപയോഗിക്കരുത്. പനി, ചൊറിഞ്ഞു പൊട്ടല്‍ എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം. കൈകള്‍ വൃത്തിയായി കഴുകണം. വസ്ത്രങ്ങള്‍ പ്രത്യേകം കഴുകണം.
ദിവസവും ശരീരോഷ്മാവ് പരിശോധിക്കണം. രക്തം, അവയവം, കോളങ്ങള്‍ എന്നിവ ദാനം ചെയ്യുകയോ മുലപ്പാല്‍ നല്‍കുകയോ ചെയ്യരുത്. എന്തെങ്കിലും ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഡിഎച്ച്എയുടെ കോള്‍ സെന്ററില്‍ 800342 വിളിച്ച് അറിയിക്കണം. ലക്ഷണങ്ങള്‍ ഉള്ളവര്‍ അടുത്തുള്ള ആശുപത്രിയിലോ ആരോഗ്യ കേന്ദ്രങ്ങളിലോ പോകണം. പോസിറ്റീവായാല്‍ ഐസൊലേഷന്‍ നടപടി സ്വീകരിക്കണം. നെഗറ്റീവാണെങ്കില്‍ 21 ദിവസത്തെ ക്വാറന്റീന്‍ തുടരണമെന്നും ഡിഎച്ച്എ വ്യക്തമാക്കി.
കുരങ്ങുപനി വൈറല്‍ രോഗമാണെങ്കിലും കൊവിഡുമായി താരതമ്യം ചെയ്യുമ്പോള്‍ വ്യാപകമായി പകരാറില്ല. രോഗം ബാധിച്ച മനുഷ്യനുമായോ അല്ലെങ്കില്‍ മൃഗവുമായോ ഉള്ള അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം സാധാരണയായി പകരുന്നത്. ശരീരസ്രവങ്ങള്‍ വഴിയോ മൂക്കില്‍ നിന്നും വായില്‍ നിന്നുമുള്ള സ്രവങ്ങള്‍ വഴിയോ അല്ലെങ്കില്‍ വൈറസ് സാന്നിദ്ധ്യമുള്ള സാധനങ്ങളില്‍ നിന്നോ ആണ് രോഗബാധയുണ്ടാകുന്നത്.
മേയ് 24നാണ് യുഎഇയില്‍ ആദ്യത്തെ കുരങ്ങുപനി കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വെസ്റ്റ് ആഫ്രിക്കയില്‍ നിന്ന് യുഎഇയിലെത്തിയ 29 വയസുകാരനായ സന്ദര്‍ശകനാണ് രോഗം സ്ഥിരീകരിച്ചത്.
🇦🇪അനുജന് കൊണ്ടുപോയ മരുന്ന് നൗഫലിനെ എത്തിച്ചത് ജയിലിൽ; ഗൾഫിലേക്ക് മരുന്ന് കൊണ്ടുപോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം...
✒️സുഖമില്ലാത്ത അനുജനുവേണ്ടി നാട്ടിൽനിന്ന് വാങ്ങിയ ഗുളികകളുമായിട്ടായിരുന്നു പാലക്കാട് ചെർപ്പുളശേരി സ്വദേശി നൗഫലിന്റെ അൽഐൻ യാത്ര. ഒരുവർഷം വരെയുള്ള ഗുളികകൾ കൊണ്ടുപോകാമെന്ന് മെഡിക്കൽ ഷോപ്പുകാർ അറിയിച്ചതനുസരിച്ച് 289 ഉറക്ക ഗുളികകളാണ് വാങ്ങിയത്.
എന്നാൽ, എല്ലാം കീഴ്മേൽ മറിഞ്ഞത് പെട്ടെന്നായിരുന്നു. അൽഐൻ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ പരിശോധനയിൽ ഗുളിക കണ്ടെത്തി കേസെടുത്തു. എണ്ണം കൂടിയതാണ് പ്രശ്നമായത്. ഇതിന്റെ പേരിൽ 90 ദിവസമാണ് ഈ യുവാവ് ജയിലിൽ കിടന്നത്. കനത്ത പിഴ ചുമത്തിയിരുന്നെങ്കിലും സത്യാവസ്ഥ ബോധ്യപ്പെട്ടതോടെ കോടതി ഇത് ഒഴിവാക്കി കൊടുത്തു.
മാർച്ച് പത്തിനാണ് സംഭവം. അബൂദബിയിൽ ആർക്കിടെക്ടായ നൗഫലും അനുജനും ഒരുമിച്ചായിരുന്നു യാത്രയെങ്കിലും നൗഫലിന്റെ ബാഗിലാണ് ഗുളിക വെച്ചിരുന്നത്. വിമാനത്താവളത്തിൽ പിടിയിലായപ്പോൾ, ഈ ഗുളികക്ക് യു.എ.ഇയിൽ നിയന്ത്രണമുണ്ടെന്നും ചെറിയ അളവായിരുന്നെങ്കിൽ കുഴപ്പമില്ലെന്നുമായിരുന്നുവെന്നും അധികൃതർ പറഞ്ഞപ്പോഴാണ് നൗഫൽ അബദ്ധം തിരിച്ചറിയുന്നത്. വിമാനത്താവളത്തിൽനിന്ന് നൗഫലിനെ ജയിലിലേക്ക് മാറ്റി. ഒരാഴ്ച റിമാൻഡ് ചെയ്തു. പ്രോസിക്യൂഷന് മുന്നിൽ ഹാജരാക്കിയെങ്കിലും ഗുളികയുടെ എണ്ണം കൂടുതലായതിനാൽ 20,000 ദിർഹം പിഴയും നാടുകടത്തലും വിധിച്ചു. ഇതേതുടർന്ന് അഡ്വ. പി.എ. ഹക്കീം വഴി അപ്പീൽ നൽകി.
നൗഫലിന്റെ അനുജനെയും വിളിച്ചുവരുത്തി വിവരം അന്വേഷിച്ച കോടതി നൗഫൽ കുറ്റക്കാരനല്ലെന്ന് വിധിച്ചു. നൗഫലിന്റെ അവസ്ഥ മനസ്സിലാക്കിയതിനാൽ സൗജന്യമായാണ് അഡ്വ. പി.എ. ഹക്കീം കേസ് ഏറ്റെടുത്തത്. അബൂദബിയിലെ അഭിഭാഷകനായ അൻസാരി വഴി ഏർപെടുത്തിയ സ്വദേശിയായ അഭിഭാഷകനാണ് കോടതിയിൽ നൗഫലിനായി ഹാജരായത്. 90 ദിവസത്തിനുശേഷം കഴിഞ്ഞ ദിവസം നൗഫൽ ജയിലിൽനിന്ന് പുറത്തിറങ്ങി.
സമാനമായ സംഭവങ്ങളിൽ നിരപരാധികൾ ജയിലിലാകുന്നത് പതിവാണ്. അറിവില്ലായ്മകൊണ്ടും അശ്രദ്ധ കൊണ്ടുമാണ് ഇത് സംഭവിക്കുന്നത്.
മരുന്ന് കൊണ്ടുവരുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം:
കൊണ്ടുവരുന്ന മരുന്ന് ഈ രാജ്യത്ത് നിരോധിക്കപ്പെട്ടതാണോ എന്ന് ഉറപ്പുവരുത്തണം.
മരുന്നിന്റെ ബില്ലും ഡോക്ടറുടെ കുറിപ്പും സ്വന്തം ഉപയോഗത്തിനാണെങ്കിൽ ഡോക്ടറുടെ സർട്ടിഫിക്കറ്റും കരുതണം.
അപരിചിതരിൽനിന്ന് ഒരുകാരണവശാലും മരുന്ന് സ്വീകരിക്കരുത്.
അധികൃതരുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിയാത്തതാണ് പലർക്കുമെതിരെ നടപടിക്ക് കാരണമാകുന്നത്. അതിനാൽ, വിമാനത്താവളം അധികൃതർ ചോദിക്കുമ്പോൾ രേഖകൾ സഹിതം കൃത്യമായ ഉത്തരം പറയാൻ കഴിയണം.
🇸🇦സൗദിയിൽ നിന്നും ഹജ്ജ് അപേക്ഷകർക്കുള്ള പാക്കേജ് നിരക്കുകൾ കുറച്ചു.
✒️സൗദിക്കകത്ത് നിന്ന് ഹജ്ജിന് രജിസ്‌ട്രേഷൻ ചെയ്യുന്നവർക്കുള്ള വിവിധ പാക്കേജുകളിൽ ഹജ്ജ് മന്ത്രാലയം കുറവ് വരുത്തി. പുതിയ നിരക്കനുസരിച്ച് മിനയിലെ ഹജ്ജ് ടവറുകൾ ഉൾപ്പെടുന്ന പാക്കേജ് 14,576 റിയാലിൽ തുടങ്ങി 17,066 റിയാൽ വരെയാണ്. നേരത്തെ ഇത് 15,025 റിയാൽ മുതൽ 17,860 റിയാൽ വരെയായിരുന്നു. ഹോട്ടൽ മുറികൾക്ക് സമാനമായി നവീകരിച്ച ടെന്റുകളുൾപ്പെടുന്ന 'ഹോസ്പിറ്റാലിറ്റി 1' എന്ന കാറ്റഗറിയിൽ 12,257 റിയാൽ മുതൽ 15,150 വരെയും 'ഹോസ്പിറ്റാലിറ്റി 2' കാറ്റഗറിയിൽ 9,386 റിയാൽ മുതൽ 12,278 വരെയുമാണ് പുതുക്കിയ ചാർജ്ജുകൾ.
നേരത്തെ 'ഹോസ്പിറ്റാലിറ്റി 1' കാറ്റഗറിയിൽ 13,331 റിയാൽ മുതൽ 16,223 റിയാൽ വരെയും 'ഹോസ്പിറ്റാലിറ്റി 2' കാറ്റഗറിയിൽ 10,526 റിയാൽ മുതൽ 13,418 റിയാൽ വരെയുമായിരുന്നു ചാർജ്ജുകൾ. വാറ്റ് ഉൾപ്പെടെയാണ് ഈ ചാർജ്ജുകൾ. ഇതിനു പുറമെ ഉദ്ഹിയ്യത്ത് ഉദ്ദേശിക്കുന്ന തീർത്ഥാടകർ 809 റിയാൽ കൂടി അധികമായി നൽകണം. അതാത് നഗരങ്ങളിൽ നിന്ന് മക്കയിലെത്താനുള്ള ട്രാൻസ്‌പോർട്ടേഷൻ ചാർജ്ജും അധികമായി അടക്കേണ്ടിവരും.
ആഭ്യന്തര തീർഥാടന കമ്പനികൾ മുഖേനയാണ് ഹജ്ജ് പാക്കേജുകൾ തെരഞ്ഞെടുക്കേണ്ടത്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് മുഖേന ജൂൺ 12 വരെയാണ് രജിസ്‌ട്രേഷൻ ചെയ്യാനുള്ള അവസരം. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലൿട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അറിയിപ്പ് കിട്ടുന്ന മുറക്ക് പണം അടച്ചാൽ മതിയാകും
0 Comments