കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് അവരെ ഡല്‍ഹിയിലെ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്നും നിരീക്ഷണത്തില്‍ തുടരുകയാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല ട്വീറ്റ് ചെയ്തു. ജൂണ്‍ രണ്ടിനാണ് സോണിയ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
വൈറസ് ബാധിതയായതിന് പിന്നാലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് അവര്‍ ഇ.ഡിയുടെ നോട്ടീസിന് മറുപടിയും നല്‍കിയിരുന്നു. ജൂണ്‍ 8ന് ഹാജരാകണം എന്നാവശ്യപ്പെട്ടാണ് ഇ.ഡി നോട്ടീസയച്ചത്. എന്നാല്‍ സോണിയ ഗാന്ധി ബുദ്ധിമുട്ട് അറിയിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 23ന് ഹാജരാകണമെന്ന് കാണിച്ച് പുതിയ നോട്ടീസ് അയച്ചിട്ടുണ്ട്.
ഇതേ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്കും ഇ.ഡി നോട്ടീസ് അയച്ചിട്ടുണ്ട്. ജൂണ്‍ 13നാണ് രാഹുലിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജൂണ്‍ രണ്ടിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും വിദേശത്തായതിനാല്‍ എത്താനാകില്ലെന്നും മറ്റൊരു ദിവസം ഹാജരാകാമെന്നും രാഹുല്‍ അറിയിക്കുകയായിരുന്നു.
നാഷണൽ ഹെറാൾഡ് കേസിൽ ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാൻ വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്കും രാഹുൽ ഹാന്ധിക്കും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്. നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്‍റെ ഉടമസ്ഥരായ എജെഎല്‍ കമ്പനിയെ സോണിയയും രാഹുലും ഡയറക്ടര്‍മാരായ യംഗ് ഇന്ത്യന്‍ കമ്പനി ഏറ്റെടുത്തില്‍ കളളപ്പണ ഇടപാടും വന്‍ നികുതി വെട്ടിപ്പും നടന്നുവെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയിലാണ് അന്വേഷണം നടക്കുന്നത്.
0 Comments