Ticker

6/recent/ticker-posts

Header Ads Widget

ആഭ്യന്തര ഹജ്ജ് അപേക്ഷകരുടെ നറുക്കെടുപ്പ്​ പ്രക്രിയ പൂർത്തിയായി.

ആഭ്യന്തര ഹജ്ജ്​ തീർഥാടകരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ്​ നടന്നു. ബുധനാഴ്​ച ​ഉച്ചക്ക്​ ശേഷമായിരുന്നു​ ഇലക്​ട്രോണിക്​ സംവിധാനത്തിലൂടെയുള്ള നറുക്കെടുപ്പ്​. തെരഞ്ഞെടുക്കപ്പെട്ടവർക്ക്​ സന്ദേശങ്ങൾ അയക്കാനും ആരംഭിച്ചിട്ടുണ്ട്​. ഹജ്ജ്​ ഉംറ ഡെപ്യൂട്ടി മന്ത്രി ഡോ. അബ്​ദുൽ ഫത്താഹ്​ മശാത്ത് ചടങ്ങിൽ പ​ങ്കെടുത്തു.


നിബന്ധനകൾ പൂർത്തിയാക്കിയവരെയാണ് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തതെന്ന് ഹജ്ജ്​ ഉംറ ഡെപ്യൂട്ടി മന്ത്രി പറഞ്ഞു. എസ്.എം.എസ് വഴി​യോ അല്ലെങ്കിൽ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ 'ഇഅ്​തമൻന' പ്ലാറ്റ്‌ഫോം വഴിയോ നേരിട്ട് സന്ദേശങ്ങൾ അയക്കാൻ ആരംഭിച്ചെന്നും മന്ത്രി പറഞ്ഞു. സന്ദേശങ്ങൾ ലഭിച്ച ശേഷം തെരഞ്ഞെടുത്തവർക്ക്​ ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രവേശിച്ച് നാമനിർദേശത്തിനുള്ള ബാക്കി നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്ന്​ മന്ത്രി 'അൽ-അർബിയ' ടി.വിക്ക്​ നൽകിയ അഭിമുഖത്തിൽ പറഞ്ഞു. പണം​ അടക്കുന്നതടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം ഇലക്​ട്രോണിക്​ സംവിധാനം വഴി നേരിട്ട്​ ഹജ്ജ്​ പെർമിറ്റ്​ നൽകും. എല്ലാ നിബന്ധനകളും പൂർത്തിയാക്കി പൂരിപ്പിച്ച അപേക്ഷകളുടെ എണ്ണം 2,17,000 ആണ്​.

ഇലക്ട്രോണിക് പോർട്ടലിലൂടെ സമർപ്പിച്ച മൊത്തം അപേക്ഷകളുടെ എണ്ണം ഏകദേശം മൂന്ന് ലക്ഷമാണ്. ഒന്നര ലക്ഷം തീർഥാടകരെയാണ്​ ഇത്തവണ ഹജ്ജിന് സൗദിയിൽനിന്ന്​ തെരഞ്ഞെടുക്കുന്നത്. നറുക്കെടുപ്പ് മനുഷ്യ ഇടപെടലില്ലാതെ പൂർണമായും ഇലക്ട്രോണിക് ആയാണ് നടന്നത്​. യാതൊരു ഇടപെടലും കൂടാതെ തെരഞ്ഞെടുപ്പ്​ നടപടികൾ പൂർത്തിയാക്കാൻ മന്ത്രാലയം അതീവ ശ്രദ്ധചെലുത്തിയിട്ടുണ്ട്​. തെരഞ്ഞെടുത്തവർക്ക്​ ടെക്‌സ്‌റ്റ് മെസേജുകൾ എത്താൻ ചിലപ്പോൾ കാലതാമസം നേരിട്ടേക്കാമെന്ന് മന്ത്രി സൂചിപ്പിച്ചു. തെരഞ്ഞെടുത്ത എല്ലാവർക്കും സന്ദേശം അയക്കുന്നത് മന്ത്രാലയം ഉറപ്പാക്കും. ഈ വർഷത്തെ ഹജ്ജിന് ​തെരഞ്ഞെടുക്കപ്പെട്ടവരുടെ വിവരങ്ങൾ ബുധനാഴ്​ച വൈകീട്ടോടെ വ്യക്തവും പൂർണവുമാകുമെന്നും ഹജ്ജ്​ ഉംറ മന്ത്രി പറഞ്ഞു.

സൗദി: ഹജ്ജ് തീർത്ഥാടകർ COVID-19 വാക്സിനെടുത്തിരിക്കണമെന്ന നിബന്ധന ഒഴിവാക്കിയിട്ടില്ലെന്ന് മന്ത്രാലയം.

ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന തീർത്ഥാടകർക്ക് നിർബന്ധമാക്കിയിരുന്ന COVID-19 വാക്സിൻ സംബന്ധിച്ച നിബന്ധനകൾ തുടരുമെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

COVID-19 രോഗവ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയിരുന്ന മുഴുവൻ മുൻകരുതൽ നടപടികളും ഒഴിവാക്കാനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ 2022 ജൂൺ 13-ലെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഹജ്ജ് മന്ത്രാലയം തീർത്ഥാടനം സംബന്ധിച്ച വ്യക്തത നൽകിയത്. ഹജ്ജ് തീർത്ഥാടകർ സൗദി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ മുഴുവൻ ഡോസുകളും എടുത്തിരിക്കണമെന്ന വ്യവസ്ഥ തുടരുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

മുൻകരുതൽ നടപടികളും ഒഴിവാക്കാനുള്ള സൗദി ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനത്തിന്റെ ഭാഗമായി രാജ്യത്തെ ഇൻഡോർ പൊതുഇടങ്ങളിൽ മാസ്കുകൾ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്ന നിബന്ധന, ഏതാനം ഇടങ്ങളിൽ മാത്രം നിലനിർത്തിക്കൊണ്ട്, പിൻവലിച്ചിട്ടുണ്ട്. എന്നാൽ മക്കയിലെ ഗ്രാൻഡ് മോസ്‌ക്, മദീനയിലെ പ്രവാചകന്റെ പള്ളി എന്നിവിടങ്ങളിൽ ഇൻഡോറിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമാണ്.

Post a Comment

0 Comments