🇦🇪യുഎഇയിലെ ഫോൺ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാം; പുതിയ പദ്ധതി ഇങ്ങനെ.
✒️ദുബൈ: യുഎഇയില്‍ മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ രണ്ട് അക്കം വരെയാക്കി ചുരുക്കാന്‍ അവസരം. ഇത്തിസാലാത്താണ് ഹാഷ് ടാഗ് എന്ന പേരില്‍ പുതിയ പദ്ധതിയുമായി രംഗത്തെത്തിയത്. ഹാഷ് ടാഗ് ഉള്‍പ്പെടുന്ന രണ്ട് അക്കം വരെയുള്ള ഫോണ്‍ നമ്പറുകള്‍ ലേലത്തിലൂടെയാവും ആവശ്യക്കാര്‍ക്ക് ലഭിക്കുക. ലേല സ്ഥാപനമായ എമിറേറ്റ്സ് ഓക്ഷനുമായി ചേര്‍ന്നാണ് ഇതിനുള്ള നടപടികള്‍ തുടങ്ങിയത്.
ഇപ്പോള്‍ ലേലത്തില്‍ വെച്ചിരിക്കുന്ന നമ്പറുകളില്‍ ഏറ്റവും ജനപ്രിയമായ #10 എന്ന നമ്പറിന് 2,00,000 ദിര്‍ഹമാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. നമ്പറുകള്‍ ലേലത്തില്‍ പിടിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഒരു നമ്പറായിരിക്കും ലഭിക്കുക. പോസ്റ്റ് പെയ്ഡ് കണക്ഷനുകള്‍ക്ക് മാത്രമേ ഇത് ലഭ്യമാവൂ. ഇത്തരമൊരു നമ്പര്‍ വാങ്ങിയാല്‍ പിന്നെ നിങ്ങളെ വിളിക്കുന്നവര്‍ക്ക് 10 അക്ക നമ്പര്‍ ഡയല്‍ ചെയ്യുന്നതിന് പകരം ഹാഷ് ടാഗ് ഉള്‍പ്പെടുന്ന ഏതാനും നമ്പറുകള്‍ ഡയല്‍ ചെയ്‍താല്‍ മതിയാവും.
എന്നാല്‍ ഇത്തരം നമ്പറുകള്‍ പുതിയ മൊബൈല്‍ നമ്പറുകളായിരിക്കില്ലെന്നും ഇപ്പോഴുള്ള നമ്പര്‍ അതേപടി നിലനില്‍ക്കുമ്പോള്‍ തന്നെ ഉപഭോക്താവിനെ എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള ഒരു കോഡ് മാത്രമായിരിക്കും പുതിയ നമ്പറെന്നും അറിയിച്ചിട്ടുണ്ട്. നാല്‍പതോളം ഹാഷ് ടാഗ് നമ്പറുകള്‍ ഇപ്പോള്‍ ലേലത്തിന് വെച്ചിട്ടുണ്ട്. ജൂണ്‍ 22ന് ലേലം അവസാനിക്കും.
#10 എന്ന നമ്പര്‍ 2,00,000 ദിര്‍ഹം നല്‍കി സ്വന്തമാക്കാന്‍ 26 പേര്‍ രംഗത്തുണ്ട്. #1000 എന്ന നമ്പറിന് 33 പേരാണ് താത്പര്യം പ്രകടിപ്പിക്കുന്നത്. 32,500 ദിര്‍ഹമാണ് ഇതിന്റെ വില. #1234 എന്ന നമ്പറിനായി 23 ആവശ്യക്കാരുണ്ട്. 50,000 ദിര്‍ഹമാണ് അടിസ്ഥാന വില. #11 ന് അടിസ്ഥാന വില 1,14,000 ദിര്‍ഹമാണ്.
വന്‍തുക നല്‍കി ഈ നമ്പറുകള്‍ വാങ്ങിയതുകൊണ്ട് മാത്രം ഇവ ഉപയോഗിക്കാനാവില്ല. ആദ്യത്തെ 12 മാസം സേവനം സൗജന്യമായിരിക്കുമെങ്കിലും പിന്നീട് ഓരോ മാസവും 375 ദിര്‍ഹം വീതം ഫീസ് നല്‍കണം. യുഎഇയില്‍ നിന്ന് മാത്രമേ ഹാഷ് ടാഗ് നമ്പറില്‍ ബന്ധപ്പെടാനാവൂ. വിദേശത്ത് നിന്ന് വിളിക്കുന്നവരും റോമിങില്‍ ആയിരിക്കുമ്പോഴും ഒക്കെ സാധാരണ നമ്പറില്‍ തന്നെ വിളിക്കണം. എന്നാല്‍ സേവനം വേണ്ടെന്ന് തോന്നിയാല്‍ ഉപേക്ഷിക്കുകയും ചെയ്യാം. ഉപേക്ഷിക്കുന്ന നമ്പറുകള്‍ 12 മാസം വേറെ ആര്‍ക്കും നല്‍കാതെ സൂക്ഷിക്കും. അതിന് ശേഷം മറ്റ് ഉപഭോക്താക്കള്‍ക്ക് ഇത് സ്വന്തമാക്കാം.
🇸🇦സൗദിയിൽ എല്ലാ വിഭാഗം ആളുകൾക്കും സന്ദർശന വിസ അനുവദിക്കുന്നു.
✒️സൗദിയിൽ സന്ദർശന വിസ എല്ലാ വിഭാഗം ആളുകൾക്കും അനുവദിക്കുന്നു. തൊഴിൽ വിസയിൽ കഴിയുന്നവർക്ക് അവരുടെ സ്‍പോൺസർഷിപ്പിൽ കൂടുതൽ പേരെ സന്ദർശ വിസയിൽ കൊണ്ടുവരാനാവും. ഭാര്യ, ഭർത്താവ്, മക്കൾ, അച്ഛൻ, അമ്മ ഭാര്യ, ഭർതൃരക്ഷിതാക്കൾ എന്നിവർക്ക് പുറമെ കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കാനാണ് തീരുമാനം.
സൗദിയിൽ റെസിഡന്റ് വിസയുള്ളവരുടെ സഹോദരനും കുടുംബത്തിനും, സഹോദരിക്കും കുടുംബത്തിനും, ഭാര്യ, ഭർത്താവ് എന്നിവരുടെ സഹോദരങ്ങൾക്കും അച്ഛന്റെയോ അമ്മയുടെയോ അച്ഛനും അമ്മക്കുമാണ് സന്ദർശക വിസ അനുവദിക്കുന്നത്. കൂടുതൽ പേർക്ക് സന്ദർശക വിസ അനുവദിക്കുന്ന തരത്തിലാണ് നിയമത്തിൽ മാറ്റം വരുത്തുന്നത്. ഇഖാമയിൽ മൂന്നു മാസം കാലാവധി ഉള്ളവർക്ക് മാത്രമേ സന്ദർശക വിസ അനുവദിക്കൂ. നഫാത് ആപ്ലിക്കേഷൻ ആക്ടിവേറ്റ് ചെയ്യണം എന്നും വ്യവസ്ഥയുണ്ട്. ഈ ആപ്ലിക്കേഷൻ വഴിയാണ് സന്ദര്‍ശക വിസക്ക് അപേക്ഷ നൽകേണ്ടത്.
🇦🇪ഇന്ത്യൻ ഗോതമ്പ് യു എ ഇയിൽ നിന്ന് കയറ്റുമതി000p0 ചെയ്യുന്നതിന് 4 മാസത്തേക്ക് നിരോധനം ഏർപ്പെടുത്തി.
✒️2022 മെയ് 13 മുതൽ ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവയുടെ കയറ്റുമതിക്കും, പുനർ കയറ്റുമതിക്കും നാല് മാസത്തേക്ക് നിരോധനം ഏർപ്പെടുത്തിയതായി യു എ ഇ സാമ്പത്തിക മന്ത്രാലയം അറിയിച്ചു. ഫ്രീ സോണുകൾ ഉൾപ്പെടെയുള്ള മേഖലകൾക്ക് ഈ നിരോധനം ബാധകമാക്കിക്കൊണ്ട് ‘2022/ 72’ എന്ന ഒരു കാബിനറ്റ് പ്രമേയം യു എ ഇ സാമ്പത്തിക മന്ത്രാലയം ജൂൺ 15-ന് പുറത്തിറക്കിയിട്ടുണ്ട്.
ഈ തീരുമാനം എല്ലാ ഗോതമ്പ് ഇനങ്ങൾക്കും (ഹാർഡ്, ഓർഡിനറി, സോഫ്റ്റ് ഗോതമ്പ്, ഗോതമ്പ് പൊടി എന്നിവ ഉൾപ്പടെ) ബാധകമാണെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഗോതമ്പിന്റെ വ്യാപാര പ്രവാഹത്തെ ബാധിച്ച അന്താരാഷ്ട്ര സംഭവവികാസങ്ങൾ കണക്കിലെടുത്തും, യു എ ഇയെയും, ഇന്ത്യയെയും ബന്ധിപ്പിക്കുന്ന ദൃഢവും തന്ത്രപരവുമായ ബന്ധത്തെ മാനിച്ചുമാണ് ഈ തീരുമാനമെന്ന് യു എ ഇ സാമ്പത്തിക മന്ത്രാലയം വിശദീകരിച്ചു. ഇരു രാജ്യങ്ങളും തമ്മിലേർപ്പെട്ടിട്ടുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയും, ആഭ്യന്തര ഉപഭോഗത്തിനായി യു എ ഇയിലേക്ക് ഗോതമ്പ് കയറ്റുമതി ചെയ്യാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകുകയും ചെയ്തതും മന്ത്രാലയം പ്രത്യേകം എടുത്ത് കാട്ടി.
2022 മെയ് 13-ന് മുമ്പ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത ഇന്ത്യയിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് മാവ് ഇനങ്ങൾ കയറ്റുമതി/പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾ ഇതിനുള്ള അനുമതി ലഭിക്കുന്നതിനായി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഇതിനായി അപേക്ഷയോടൊപ്പം ഷിപ്പ്‌മെന്റിന്റെ ഉത്ഭവം, ഇടപാട് തീയതി, ഇതുമായി ബന്ധപ്പെട്ട് മന്ത്രാലയം ആവശ്യപ്പെട്ടേക്കാവുന്ന മറ്റു രേഖകൾ എന്നിവ സമർപ്പിക്കേണ്ടതാണ്.
ഇന്ത്യയിൽ നിന്നല്ലാതെ മറ്റു രാജ്യങ്ങളിൽ നിന്നുള്ള ഗോതമ്പ്, ഗോതമ്പ് മാവ് ഉൽപ്പന്നങ്ങൾ കയറ്റുമതി/പുനർ കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് ഇതിനുള്ള കയറ്റുമതി അനുമതിക്കായി മന്ത്രാലയത്തിൽ അപേക്ഷിച്ചതിന് ശേഷം കയറ്റുമതി ചെയ്യാവുന്നതാണ്. ഇത്തരത്തിൽ ലഭിക്കുന്ന കയറ്റുമതി പെർമിറ്റ്, അവ അനുവദിച്ച തീയതി മുതൽ 30 ദിവസത്തേക്ക് സാധുതയുള്ളതാണെന്നും, യു എ ഇയിൽ നിന്ന് കയറ്റുമതി ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് ബന്ധപ്പെട്ട കസ്റ്റംസ് വകുപ്പിന് സമർപ്പിക്കേണ്ടതുണ്ടെന്നും മന്ത്രാലയം വ്യക്ത്യമാക്കിയിട്ടുണ്ട്.
ഇത്തരം അപേക്ഷകൾ antidumping@economy.ae എന്ന ഇ-മെയിൽ മുഖേനയോ മന്ത്രാലയ ആസ്ഥാനം സന്ദർശിച്ച് നേരിട്ടോ സാമ്പത്തിക മന്ത്രാലയത്തിന് സമർപ്പിക്കാവുന്നതാണ്.
🇦🇪ദുബായ്: മെട്രോ പാലങ്ങളുടെ കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് RTA മുന്നറിയിപ്പ് നൽകി.
✒️എമിറേറ്റിലെ മെട്രോ പാലങ്ങൾക്ക് കീഴിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) മുന്നറിയിപ്പ് നൽകി. 2022 ജൂൺ 15-നാണ് RTA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
മെട്രോ റെയിൽ പാലങ്ങളുടെ കീഴിലും, അവയുടെ ആർച്ചുകൾക്ക് കീഴിലും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതായി RTA ചൂണ്ടിക്കാട്ടി. പാർക്കിംഗ് നിയമങ്ങൾ ലംഘിച്ച് കൊണ്ടുള്ള ഇത്തരം പ്രവർത്തികൾക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന് RTA വ്യക്തമാക്കിയിട്ടുണ്ട്.
ദുബായ് റെയിൽവേ പാതയുടെ മുഴുവൻ മേഖലകളിലും ഇത്തരം അനധികൃത പാർക്കിംഗ് തടയുന്നതിനുള്ള പ്രത്യേക പരിശോധനകൾ, പ്രചാരണ നടപടികൾ എന്നിവ ഉണ്ടാകുമെന്ന് RTA അറിയിച്ചിട്ടുണ്ട്. ദുബായ് മെട്രോയുടെ മൾട്ടി-ലെവൽ പാർക്കിംഗ് ഇടങ്ങളിൽ അനുവദനീയമായ സമയത്തിൽ കൂടുതൽ നിർത്തിയിടുന്ന വാഹനങ്ങൾക്കെതിരെയും നടപടികൾ ഉണ്ടാകുമെന്ന് RTA കൂട്ടിച്ചേർത്തു.
ഈ വർഷം മാത്രം ഇത്തരത്തിൽ അനധികൃതമായി പാർക്ക് ചെയ്ത 400-ഓളം വാഹനങ്ങളുടെ ഉടമകളെ, വാഹനങ്ങൾ മാറ്റാൻ ആവശ്യപ്പെട്ട് കൊണ്ട് അധികൃതർ ബന്ധപ്പെട്ടതായും RTA വ്യക്തമാക്കി. അറിയിപ്പ് ലഭിച്ച് ഒരു മണിക്കൂറിനു ശേഷവും എടുത്ത് മാറ്റാത്ത വാഹനങ്ങൾ കെട്ടിവലിച്ച് മാറ്റിയതായും RTA അറിയിച്ചു. ഇത്തരത്തിൽ 17 വാഹനങ്ങൾ കെട്ടിവലിച്ച് നീക്കിയതായി RTA കൂട്ടിച്ചേർത്തു.
അനധികൃതർ പാർക്കിംഗ് ഒഴിവാക്കാനും, മെട്രോയുടെ പാർക്കിംഗ് ഇടങ്ങൾ ഉപയോഗപ്പെടുത്താനും RTA പൊതുജനങ്ങളോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
🇶🇦ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ പരമാവധി ജോലി സമയം പ്രഖ്യാപിച്ച് മന്ത്രാലയം.
✒️ദോഹ: ഖത്തറില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ജോലി സമയം എട്ട് മണിക്കൂറാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. ഓവര്‍ ടൈം വേതനം നല്‍കിക്കൊണ്ട് പരമാവധി രണ്ട് മണിക്കൂര്‍ കൂടി ജോലി സമയം ദീര്‍ഘിപ്പിക്കാമെന്നും അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് തൊഴില്‍ മന്ത്രാലയം ജോലി സമയം സംബന്ധിച്ച് വ്യക്തത വരുത്തിക്കൊണ്ട് അറിയിപ്പ് പുറപ്പെടുവിച്ചത്.
ഖത്തറിലെ തൊഴില്‍ നിയമവും ഗാര്‍ഹിക തൊഴിലാളി നിയമവും അടിസ്ഥാനപ്പെടുത്തിയാണ് ജോലി സമയം നിജപ്പെടുത്തിയിരിക്കുന്നത്. ആഴ്‍ചയില്‍ ഒരു ദിവസം ശമ്പളത്തോടെയുള്ള അവധിക്ക് ഗാര്‍ഹിക തൊഴിലാളിക്ക് അര്‍ഹതയുണ്ടെന്നും അവര്‍ക്ക് വീട്ടില്‍ നിന്ന് പുറത്തുപോകാന്‍ അവകാശമുണ്ടെന്നും മന്ത്രാലയം അറിയിച്ചു. മതിയായ വിശ്രമം ലഭിക്കുന്ന സന്തോഷവാനായ തൊഴിലാളിയാണ് കൂടുതല്‍ കാര്യക്ഷമതയുള്ള തൊഴിലാളിയെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.
🇴🇲ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് സുല്‍ത്താന്റെ ഉത്തരവ്.
✒️ഒമാനില്‍ മൂന്ന് മന്ത്രിമാരെ മാറ്റി നിയമിച്ച് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്റെ ഉത്തരവ്. ആരോഗ്യം, ഊര്‍ജ - ധാതു വകുപ്പ്, ഔഖാഫ് - മതകാര്യം എന്നീ വകുപ്പുകളിലാണ് മന്ത്രിമാരെ മാറ്റിയത്.
ഡോ. ഹിലാൽ ബിൻ അലി അൽ സാബ്‍തിയായിരിക്കും രാജ്യത്തെ പുതിയ ആരോഗ്യ മന്ത്രി. 49 വയസുകാരനായ അദ്ദേഹം നിലവിൽ ഒമാൻ മെഡിക്കൽ സ്‌പെഷ്യാലിറ്റി ബോർഡിന്റെ എക്‌സിക്യൂട്ടീവ് പ്രസിഡന്റാണ്. എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രിയായി മുഹമ്മദ് അൽ മമാരിയെ നിയമിച്ചു. സലിം അൽ ഔഫിയാണ് ഊർജ - ധാതു വകുപ്പിന്റെ ചുമതലയുള്ള പുതിയ മന്ത്രി.
🇸🇦സൗദി അറേബ്യയിൽ ആശ്വാസം; പുതിയ കൊവിഡ് കേസുകൾ വീണ്ടും കുറയുന്നു.
✒️റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് കണക്കുകൾ വീണ്ടും കുറയുന്നു. പുതിയതായി 963 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 980 പേർ സുഖം പ്രാപിച്ചു. ഒരു മരണം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,82,131 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,63,195 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,180 ആയി.
രോഗബാധിതരിൽ 9,756 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 114 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 30,261 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 355, ജിദ്ദ - 151, ദമ്മാം - 119, ഹുഫൂഫ് - 46, മദീന - 27, മക്ക - 27, അബഹ - 18, ത്വാഇഫ് - 15, ദഹ്റാൻ - 12, ജീസാൻ - 10, അൽഖോബാർ - 10, ജുബൈൽ - 10 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,612,604 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,698,448 ആദ്യ ഡോസും 25,064,578 രണ്ടാം ഡോസും 14,849,578 ബൂസ്റ്റർ ഡോസുമാണ്.
🇦🇪യുഎഇയില്‍ 1,435 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഇന്ന് ഒരു മരണം.
✒️അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,435 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,243 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ന് രാജ്യത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ആഴ്ചകള്‍ക്ക് ശേഷമാണ് യുഎഇയില്‍ ഒരു കൊവിഡ് മരണം കൂടി സ്ഥരീകരിക്കപ്പെടുന്നത്. പുതിയതായി നടത്തിയ 3,11,742 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,23,001 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,03,690 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,306 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,005 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
🇸🇦അഴിമതി; മുന്‍ സൗദി അംബാസഡറും ആറ് ജഡ്ജിമാരും ഉള്‍പ്പെടെ അറസ്റ്റില്‍.
✒️സൗദി അറേബ്യയില്‍ അഴിമതി കേസില്‍ മുന്‍ സൗദി അംബാസഡറും ജഡ്ജിമാരും ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ക്ക് ശിക്ഷ. അഴിമതി വിരുദ്ധ അതോറിറ്റിയാണ് സാമ്പത്തിക, ഭരണപരമായ അഴിമതി കേസുകളില്‍ പ്രാഥമിക വിധി പ്രഖ്യാപിച്ചത്.
അധികാര ദുര്‍വിനിയോഗം നടത്തിയെന്ന് കണ്ടെത്തിയ മുന്‍ സൗദി അംബാസഡറെ അഞ്ചു വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു. വ്യക്തിപരമായ നേട്ടത്തിന് വേണ്ടി പദവി ദുരുപയോഗം ചെയ്തതും പൊതുമുതല്‍ ധൂര്‍ത്തടിച്ചതുമാണ് ഇയാള്‍ക്കെതിരെ ഓവര്‍സൈറ്റ് ആന്റ് ആന്റി കറപ്ഷന്‍ അതോറിറ്റി (നസഹ) കണ്ടെത്തിയ കുറ്റം. അറസ്റ്റിലായ മുന്‍ പ്രോസിക്യൂട്ടര്‍ക്ക് രണ്ട് വര്‍ഷം ജയില്‍ശിക്ഷയും 50,000 സൗദി റിയാല്‍ പിഴയുമാണ് ശിക്ഷ വിധിച്ചത്. കൈക്കൂലി കേസിലാണ് ഇയാള്‍ പിടിയിലായത്.
അഴിമതി കേസില്‍ ആറ് ജഡ്ജിമാര്‍ കൂടി അറസ്റ്റിലായിട്ടുണ്ട്. മുന്‍ ശൂറ കൗണ്‍സില്‍ അംഗം കൂടിയായ ഒരു ജഡ്ജിയെ കൈക്കൂലി കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തി ഇയാള്‍ക്ക് ഏഴു വര്‍ഷവും ആറു മാസവും ജയില്‍ ശിക്ഷയും 500,000 റിയാല്‍ പിഴയുമാണ് ശിക്ഷ. കൈക്കൂലി കുറ്റത്തിന് ആറ് പൗരന്മാരെയും കുറ്റക്കാരാണെന്ന് കണ്ടെത്തി. ഇവര്‍ക്ക് രണ്ട് വര്‍ഷവും ആറ് മാസവുമാണ് ജയില്‍ശിക്ഷ. 100,000 റിയാല്‍ വീതം പിഴയും അടയ്ക്കണം.
ഒരു പ്രദേശത്തെ എക്‌സിക്യൂഷന്‍ കോടതിയുടെ തലവന്‍ കൂടിയായ ഒരു ജഡ്ജിക്ക് വ്യക്തിപരമായ നേട്ടത്തിന് വേണ്ടി സ്ഥാനം ദുരുപയോഗം ചെയ്തതിന് ഒരു വര്‍ഷ്‌തെ തടവുശിക്ഷ വിധിച്ചു. ജനറല്‍ കോടതിയിലെ മുന്‍ ജഡ്ജിക്ക് നാലര വര്‍ഷം തടവും 110,000 റിയാല്‍ പിഴയും വിധിച്ചു. കൈക്കൂലിക്കും വ്യാജരേഖയ്ക്കും മറ്റൊരു ജഡ്ജിയുടെ പങ്കാളിത്തത്തോടെ വിധി പുറപ്പെടുവിച്ചതില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
0 Comments