Ticker

6/recent/ticker-posts

Header Ads Widget

വിഴിഞ്ഞത്ത് ഭക്ഷ്യവിഷബാധയേറ്റ വിദ്യാർത്ഥികളിൽ രണ്ട് പേരിൽ നോറോ വൈറസ്; കൂടുതൽ പേർ ചികിത്സ തേടി.


സംസ്ഥാനത്ത് രണ്ട് കുട്ടികൾക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എൽഎംഎസ് എൽപിഎസിലെ കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കുട്ടികൾക്ക് വയറിളക്കം വന്നിരുന്നു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെള്ളത്തിലൂടെയോ ഭക്ഷണത്തിലൂടെയോ ആണ് വൈറസ് പകരുന്നത്. നേരത്തെ ഈ സ്‌കൂളിലെ 42 കുട്ടികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റിരുന്നു.

ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ട്.

വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം സംഭവിക്കുകയും ഗുരുതരാവസ്ഥയിലേക്ക് പോകുകയും ചെയ്‌തേക്കാം.

അതേസമയം കായംകുളത്തെയും കൊട്ടാരക്കരയിലെയും ഭക്ഷ്യവിഷബാധയുടെ ഉറവിടം കണ്ടെത്താൻ പരിശോധനാ ഫലം കാത്തിരിക്കുകയാണ് വിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകൾ. വൈകീട്ട് മൂന്നിന് വിദ്യാഭ്യാസ മന്ത്രിയും ഭക്ഷ്യസുരക്ഷാ വകുപ്പ് മന്ത്രിയും കൂടിക്കാഴ്ച്ച നടത്തും. സ്കൂളുകളിലേക്ക് അരി കൊടുക്കുന്നതിന് മുൻപായി പരിശോധിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ പറഞ്ഞു.

തീരദേശ മേഖലയായ വിഴിഞ്ഞത്തെ സ്കൂളിൽ നിന്ന് സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയ കുട്ടികളുടെ മലം സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബിൽ പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതിൽ രണ്ട് പേരിലാണ് നോറോ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. ശുചിത്വമില്ലാത്ത ഭക്ഷണം, വെള്ളം, ശുചിത്വമില്ലാത്ത സാഹചര്യം എന്നിവയിലൂടെയാണ് ഇത് വരിക. പകർച്ചാ ശേഷിയും കൂടുതലാണ്. അങ്ങനെയെങ്കിൽ ഭക്ഷണമോ വെള്ളമോ വൃത്തിഹീനമായ പരിസരമോ ഏതാണ് ഉറവിടം എന്നത് കണ്ടെത്തൽ പ്രധാനമാണ്. 

വിഴിഞ്ഞത്ത് ഇന്ന് 5 കുട്ടികൾ കൂടി അസ്വസ്ഥകതകളുമായി ചികിത്സ തേടി. ഉച്ചക്കട, കായംകുളം എന്നിവിടങ്ങളിലെ ഭക്ഷ്യവിഷബാധ സ്കൂളിലെ ഭക്ഷണത്തിൽ നിന്നുള്ള പ്രശ്നമല്ലെന്നാണ് സർക്കാർ പറയുന്നത്. ഈ സ്കൂളുകൾക്ക് പുറമെ കൊട്ടാരക്കര അംഗൻവാടിയിലും കുട്ടികളിൽ ഭക്ഷ്യവിഷബാധയുടെ കാരണം കണ്ടെത്താൻ ഇതുവരെ വകുപ്പുകൾക്കായിട്ടില്ല. ലാബുകളിലേക്കയച്ച ഭക്ഷ്യ സാംപിളുകളുടെ ഫലം കാത്തിരിക്കുകയാണ്. ഇന്ന് ലാബ് അവധിയായതിനാൽ നാളെയോ മറ്റന്നാളോ ഫലം കിട്ടും. കൊട്ടാരക്കരയിലെ അംഗൻവാടിയിൽ 35 കിലോ പുഴുവും ചെള്ളും നിറഞ്ഞ അരി കണ്ടെത്തിയിരുന്നു. മാർച്ചിൽ എത്തിയ ലോഡാണിതെന്നാണ് ജീവനക്കാർ പറഞ്ഞത്.

കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സമാന സംഭവം ആവർത്തിക്കാനുള്ള സാധ്യത മുൻകൂട്ടിക്കണ്ടാണ് ഭക്ഷ്യ - വിദ്യാഭ്യാസ മന്ത്രിമാർ ചർച്ച നടത്തുന്നത്. പൊതുവായ മാർഗനിർദേശം ഇന്ന് വന്നേക്കും.

Post a Comment

0 Comments