Ticker

6/recent/ticker-posts

Header Ads Widget

സൗദി അറേബ്യ, ദുബായ്, കുവൈറ്റ്‌ വാർത്തകൾ.

🇸🇦ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് പ്രത്യേക വിസ അനുവദിക്കാന്‍ പദ്ധതിയുമായി സൗദി അറേബ്യ.

✒️ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾക്കായി സൗദി അറേബ്യ പുതിയ വിസാ പദ്ധതി ഉടൻ അവതരിപ്പിക്കും. സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബാണ് ഇക്കാര്യം അറിയിച്ചത്. സൗദി അറേബ്യ 2019ൽ ആരംഭിച്ച ടൂറിസ്റ്റ് വിസകൾ ഇപ്പോഴും നിലവിലുണ്ടെന്നും വിനോദ സഞ്ചാരത്തിനായി രാജ്യത്തേക്ക് വരുന്നവർക്ക് പ്രത്യേക നിയന്ത്രണങ്ങളൊന്നും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് സൗദി ടൂറിസം മന്ത്രി, ജിസിസി രാജ്യങ്ങളിലെ പ്രവാസികള്‍ക്കായി പ്രത്യേക വിസ കൊണ്ടുവരുമെന്ന വിവരം പ്രഖ്യാപിച്ചത്. കൊവിഡ് മഹാമാരിക്കാലത്ത് സൗദി അറേബ്യയിലെ ടൂറിസം മേഖലയില്‍ 40 ശതമാനം ഇടിവുണ്ടായി. 2019ൽ രാജ്യത്തെ ടൂറിസം രംഗത്തെ തൊഴിലവസരങ്ങൾ മൂന്ന് ശതമാനമായിരുന്നെങ്കില്‍ 2030ഓടെ ഇത് 10 ശതമാനത്തിലേക്ക് എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ഓടെ ടൂറിസം മേഖലയിൽ 200 ബില്യൺ ഡോളറിലധികം ചെലവഴിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2019ൽ സൗദി അറേബ്യയുടെ മൊത്ത ആഭ്യന്തര വരുമാനത്തില്‍ ടൂറിസം മേഖലയുടെ സംഭാവന മൂന്ന് ശതമാനമായിരുന്ന സ്ഥാനത്തു നിന്ന് 2030ഓടെ അത് 10 ശതമാനത്തില്‍ എത്തിക്കാനാണ് പദ്ധതിയിടുന്നതെന്നും അദ്ദേഹം പറഞ്ഞു.

🇦🇪യുഎഇയില്‍ കടല്‍ പ്രക്ഷുബ്‍ധമാകുമെന്ന് മുന്നറിയിപ്പ്; പൊടിക്കാറ്റിനും സാധ്യത.

✒️അബുദാബി: യുഎഇയില്‍ ശനിയാഴ്ച പൊടിനിറഞ്ഞ കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജ്യത്തെ താപനിലയില്‍ ക്രമാനുഗതമായ കുറവുമുണ്ടാകും. അബുദാബിയില്‍ 38 ഡിഗ്രി സെല്‍ഷ്യസും ദുബൈയില്‍ 37 ഡിഗ്രി സെല്‍ഷ്യസുമായിരിക്കും താപനിലയെന്നാണ് അറിയിച്ചിരിക്കുന്നത്. 

സമുദ്രോപരിതലത്തില്‍ മണിക്കൂറില്‍ 45 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി പൊടിക്കാറ്റ് രൂപപ്പെട്ടേക്കും. അങ്ങനെയെങ്കില്‍ ദൂരക്കാഴ്ചാ പരിധിയില്‍ കുറവ് വരുമെന്നും ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പൊതുവെ പ്രക്ഷുബ്ധമായിരിക്കും. എട്ടടി വരെ ഉയരത്തില്‍ തിരയടിക്കുമെന്നാണ് പ്രവചനം.

🇦🇪യുഎഇയില്‍ ഉച്ചവിശ്രമ നിയമം ലംഘിച്ചാല്‍ 50,000 ദിര്‍ഹം വരെ പിഴ.

✒️അബുദാബി: യുഎഇയില്‍ നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.

സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്. രാജ്യത്ത് തുടര്‍ച്ചയായ 18-ാം വര്‍ഷമാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

🇦🇪യുഎഇയിലെ 16 റോഡുകളില്‍ വേഗ പരിധി കുറച്ചു; റഡാറുകളിലും മാറ്റം വരുത്തി.

✒️ഫുജൈറ: ഫുജൈറയിലെ 16 റോഡുകളില്‍ വേഗപരിധി കുറച്ചു. ഫുജൈറ പൊലീസ് വെള്ളിയാഴ്ച ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ റോഡുകളില്‍ സ്ഥാപിച്ചിട്ടുള്ള റഡാറുകള്‍ പുതിയ വേഗയ്ക്ക് അനുസരിച്ച് ക്രമീകരിച്ചിട്ടുണ്ട്. വേഗപരിധിയില്‍ മാറ്റം വരുത്തിയ റോഡുകളും നേരത്തെ നിലവിലുണ്ടായിരുന്ന വേഗ പരിധിയും പുതിയതായി നിജപ്പെടുത്തിയ വേഗ പരിധിയും ഇപ്രകാരമാണ്.
🇰🇼കുവൈത്തില്‍ മദ്യം നിര്‍മിച്ച് വിതരണം ചെയ്തരുന്ന കേന്ദ്രങ്ങളില്‍ റെയ്ഡ്.

✒️കുവൈത്ത് സിറ്റി: കുവൈത്തില്‍ മദ്യ നിര്‍മാണം നടന്നിരുന്ന രണ്ട് കേന്ദ്രങ്ങളില്‍ കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി. നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താനായി രാജ്യവ്യാപകമായി നടന്നുവരുന്ന പരിശോധനകളുടെ ഭാഗമായാണ് മദ്യ നിര്‍മാണ കേന്ദ്രങ്ങളും കണ്ടെത്തിയത്.

രാജ്യത്തെ തൊഴില്‍, താമസ നിയമലംഘകരെ കണ്ടെത്താന്‍ ലക്ഷ്യമിട്ട് ആഭ്യന്തര മന്ത്രാലയം നടത്തിവരുന്ന പരിശോധനകളെക്കുറിച്ചുള്ള അറിയിപ്പിലാണ് മദ്യ നിര്‍മാണ കേന്ദ്രങ്ങള്‍ കണ്ടെത്തിയ വിവരവും ആഭ്യന്തര മന്ത്രാലയം അറിയിച്ചത്. പിടിയിലായ പ്രവാസികളുടെയും പിടിച്ചെടുത്ത മദ്യ ശേഖരത്തിന്റെയും ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അധികൃതര്‍ പുറത്തുവിട്ടു. നിര്‍മാണം പൂര്‍ത്തിയാക്കിയ ശേഷം വിതരണത്തിന് തയ്യാറാക്കിയ നിരവധി കുപ്പി മദ്യം ഇവിടെ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. വലിയ ബാരലുകളില്‍ മദ്യം നിര്‍മിച്ച് സൂക്ഷിച്ചിരിക്കുന്നതും നിര്‍മാണത്തിന്റെ പല ഘട്ടങ്ങളിലുള്ള അസംസ്കൃത വസ്തുക്കളും ഇവിടെ നിന്ന് കണ്ടെടുത്തു.

🇸🇦സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി, റീഫില്ലിങ് ചാർജ്ജ് 18.85 റിയാലായി.

✒️റിയാദ്: സൗദി അറേബ്യയിൽ പാചകവാതക വില കൂട്ടി. ഗ്യാസ് സിലിണ്ടർ വിണ്ടും നിറയ്‍ക്കുന്നതിനുള്ള ചാർജ്ജ് 18.85 റിയാലായി. നാഷനൽ ഗ്യാസ് ആൻഡ് ഇൻഡസ്ട്രിയലൈസേഷൻ കമ്പനിയായ ‘ഗ്യാസ്കോ’ കസ്റ്റമർ കെയർ വിഭാഗമാണ് ഗ്യാസ് സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് മൂല്യവർധിത നികുതി ഉൾപ്പെടെ 18.85 റിയാലാക്കിയെന്ന് ട്വീറ്റ് ചെയ്തത്. 

വിതരണ സ്റ്റേഷനുകളിൽനിന്ന് വിൽപന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത ഫീസ് ഇതില്‍ ഉൾപ്പെടില്ല. ജൂൺ 11 മുതൽ ദ്രവീകൃത ഗ്യാസ്, മണ്ണെണ്ണ ഉൽപന്നങ്ങളുടെ വിലയിൽ മാറ്റമുണ്ടാകുമന്ന് സൗദി അരാംകോ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സ്‌റ്റേഷൻ ഉടമകൾക്കും ഉപഭോക്താക്കൾക്കും സൗദി അരാംകോ വെബ്‌സൈറ്റ് വഴി വില അപ്‌ഡേഷൻ അറിയാനാകും. ഊർജ്ജ, ജല ഉൽപന്നങ്ങളുടെ നിരക്കുകൾക്ക് അനുസൃതമായാണ് വാർഷംതോറും സൗദി അറേബ്യയില്‍ ഗ്യാസ്, മണ്ണെണ്ണ വിലയും പുനഃപരിശോധിക്കുന്നത്.

🇸🇦ശ്വാസംമുട്ടലും ഛര്‍ദ്ദിയും; ആശുപത്രിയിലെത്തിച്ച നാലു വയസ്സുകാരന്റെ വയറ്റില്‍ നിന്ന് നാണയം പുറത്തെടുത്തു.

✒️റിയാദ്: സൗദി അറേബ്യയിലെ ആശുപത്രിയില്‍ നാലു വയസ്സുകാരന്റെ വയറ്റില്‍ നിന്ന് ഒരു റിയാല്‍ നാണയം ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ഏഴ് ദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി വിഴുങ്ങിയ നാണയമാണ് പുറത്തെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

ശ്വാസംമുട്ടലും വിഴുങ്ങാനുള്ള ബുദ്ധിമുട്ടും ഇടവിട്ടുള്ള ഛര്‍ദ്ദിയും മൂലമാണ് കുട്ടിയെ ജിസാനിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ നാസര്‍ ആശുപത്രിയിലെത്തിച്ചത്. പരിശോധനയില്‍ കുട്ടിയുടെ അന്നനാളത്തില്‍ നാണയം പോലത്തെ വസ്തു കുടുങ്ങിയതായി കണ്ടെത്തി.

തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ കുട്ടിയുടെ അന്നനാളത്തില്‍ നിന്ന് നാണയം വിജയകരമായി നീക്കം ചെയ്യുകയായിരുന്നെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. വീട്ടുകാര്‍ അറിയാതെ കുട്ടി ഒരു റിയാല്‍ നാണയം വിഴുങ്ങുകയായിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുട്ടി ആശുപത്രി വിട്ടു.

🇸🇦ടൂറിസം വളര്‍ത്താന്‍ സൗദി; ലാഭകരമല്ലാത്ത റൂട്ടുകളിൽ പറക്കാൻ വിമാന കമ്പനികള്‍ക്ക് ഇൻസെന്‍റീവ് വാഗ്ദാനം.

✒️പ്രധാന ആഗോള നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ലാഭകരമല്ലാത്ത റൂട്ടുകളില്‍ പറക്കാന്‍ എയർലൈനുകൾക്ക് ഇൻസെന്റീവ് വാഗ്ദാനം ചെയ്ത് സൗദി അറേബ്യ. വിനോദസഞ്ചാരികളുടെ വരവ് വർധിപ്പിക്കുന്നതിനും 2030-ഓടെ പ്രതിവർഷം 100 ദശലക്ഷം സന്ദർശകരെ ആകർഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. 

'എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ' ഭാഗമായാണ് സർക്കാർ ഈ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നതെന്നും പദ്ധതിയെക്കുറിച്ച് എയർലൈനുകളുമായി ചർച്ചകൾ നടത്തുകയാണെന്നും ഇതിലൂടെ ഏത് വിമാനക്കമ്പനികൾക്കും പിന്തുണ ലഭിക്കുമെന്നും ടൂറിസം മന്ത്രി അഹമ്മദ് അൽ ഖതീബ് ഒരു അഭിമുഖത്തിൽ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി സൂറിച്ചിലേക്കും ബാഴ്‌സലോണയിലേക്കും പറക്കുന്നതിന് ദേശീയ വിമാനക്കമ്പനിയായ സൗദിയയുമായി രാജ്യം ഇതിനകം കരാർ ഒപ്പിട്ടതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🇸🇦നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് പിഴ ചുമത്തുമെന്ന് സൗദി.

✒️റിയാദ്: സൗദി അറേബ്യയില്‍ പ്രവേശിക്കുന്ന വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. നിശ്ചിത സമയത്തിനകം രാജ്യം വിടാത്ത വിദേശ വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ തോതില്‍ പിഴ ചുമത്തുമെന്ന് സകാത്ത്, നികുതി ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പറഞ്ഞു.

വിദേശ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തങ്ങാവുന്ന കാലാവധി മൂന്ന് മാസമാണ്. ഇതിനകം രാജ്യം വിടാത്ത വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ എന്ന തോതില്‍ വാഹനവിലയുടെ 10 ശതമാനത്തില്‍ കവിയാത്ത തുക പിഴ ചുമത്തും.

🇦🇪ജോലിക്കിടെ കട്ടര്‍ മെഷീനില്‍ കുടുങ്ങി വിരലുകള്‍ അറ്റ പ്രവാസി ഇന്ത്യന്‍ തൊഴിലാളി നാട്ടിലെത്തി.

✒️ജോലി സ്ഥലത്തുവച്ചുണ്ടായ അപകടത്തില്‍ നാല് വിരലുകള്‍ അറ്റുപോയ ഇന്ത്യന്‍ തൊഴിലാളി മലയാളി സാമൂഹികപ്രവര്‍ത്തകരുടെ തുണയില്‍ നാട്ടിലേക്ക് തിരിച്ചു. ദമ്മാമിലെ നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ ബാംഗ്ലൂര്‍ സ്വദേശി തബ്രീസ് സയ്യിദ് കാസിയാണ് നാടഞ്ഞത്.

കഴിഞ്ഞയാഴ്ചയാണ് അപകടമുണ്ടായത്. ജോലി ചെയ്യുന്നതിനിടയില്‍ കട്ടര്‍ മിഷ്യനില്‍ കുടുങ്ങിയാണ് കൈവിരലുകള്‍ അറ്റുപോയത്. അപ്പൊള്‍ തന്നെ കൂടെയുണ്ടായിരുന്നവര്‍ അയാളെ തുഗ്ബ ദോസരി ഹോസ്പിറ്റലില്‍ കൊണ്ട് പോയി ചികിത്സ നല്‍കി. എന്നാല്‍ വിരല്‍ ചിന്നഭിന്നമായി പോയതിനാല്‍ വീണ്ടും കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞില്ല. സ്‌പോണ്‍സര്‍ ഹുറൂബ് ആക്കിയതിനാലും, ഇന്‍ഷുറന്‍സ് ഇല്ലാത്തതും കാരണം തുടര്‍ചികിത്സക്ക് വളരെ ചിലവ് വരും എന്നതിനാല്‍ എത്രയും പെട്ടന്ന് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു പലരെയും സഹായത്തിന് ബന്ധപ്പെട്ടെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അങ്ങനെ മുഹമ്മദ് കാസര്‍ഗോഡ് എന്ന പ്രവാസി സുഹൃത്താണ് ഇദ്ദേഹത്തെ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകനായ പദ്മനാഭന്‍ മണിക്കുട്ടന്റെ അടുത്ത് എത്തിച്ചത്. തുടര്‍ന്ന് നവയുഗം ജീവകാരുണ്യവിഭാഗം ഈ കേസ് ഏറ്റെടുത്തു. നവയുഗം വൈസ് പ്രസിഡന്റ് മഞ്ജു മണിക്കുട്ടന്‍ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് തബ്രീസിന്റെ വിവരങ്ങള്‍ ധരിപ്പിച്ചു.

പിറ്റേ ദിവസം എംബസി ഒരു ലെറ്റര്‍ ഡിപ്പോര്‍ട്ടേഷന്‍ സെന്ററില്‍ അയക്കുകയും, മഞ്ജു അത് ഉപയോഗിച്ച് ഡീപോര്‍ട്ടേഷന്‍ അധികാരികളുടെ സഹായത്തോടെ തബ്രീസിന് അവിടെ നിന്ന് ഫൈനല്‍ എക്‌സിറ്റ് വാങ്ങി കൊടുക്കുകയും ചെയ്തു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഇടപെടലിനെത്തുടര്‍ന്ന് ജോലി ചെയ്തു കൊണ്ടിരുന്ന മാന്‍പവര്‍ കമ്പനി തബ്രീസിനുള്ള കുടിശ്ശിക ശമ്പളം, വിമാനടിക്കറ്റ് എന്നിവ കൊടുക്കാന്‍ തയ്യാറായി. അങ്ങനെ നിയമനടപടികള്‍ പൂര്‍ത്തിയാക്കിയപ്പോള്‍, തന്നെ സഹായിച്ച എല്ലാവര്‍ക്കും നന്ദി പറഞ്ഞു തബ്രീസ് നാട്ടിലേയ്ക്ക് യാത്രയായി.

🇸🇦സൗദി അറേബ്യയില്‍ തിരിച്ചറിയല്‍ ഫോട്ടോകളില്‍ സ്ത്രീകള്‍ കഴുത്തും മുടിയും മറയ്ക്കണം.

✒️റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡുകളിലെ ഫോട്ടോകളില്‍ മുടിയും കഴുത്തും മറയ്ക്കണമെന്ന് ആവര്‍ത്തിച്ച് സിവില്‍ അഫയേഴ്‌സ് മന്ത്രാലയം. സ്ത്രീകളുടെ ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോയില്‍ മുടിയോ കഴുത്തോ കാണിക്കാമെന്ന ധാരണ തെറ്റാണെന്ന് സിവില്‍ സ്റ്റാറ്റസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വക്താവ് മുഹമ്മദ് അല്‍ ജാസിര്‍ അറിയിച്ചു.

ഇതുമായി ബന്ധപ്പെട്ട് വസ്തുതാവിരുദ്ധമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ദ്ദേശങ്ങളും വിവരങ്ങളുമാണ് എല്ലാവരും പാലിക്കേണ്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. സ്ത്രീകള്‍ക്ക് ദേശീയ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ എടുക്കുമ്പോള്‍ മുടിയും കഴുത്തും കാണിക്കാമെന്ന തരത്തിലുള്ള പ്രചാരണം അടിസ്ഥാനരഹിതമാണ്. തിരിച്ചറിയല്‍ കാര്‍ഡിലെ ചിത്രങ്ങളില്‍ സ്ത്രീകള്‍ മുടിയും കഴുത്തും മറയ്ക്കണം എന്നത് നേരത്തെയുളള നിബന്ധനയാണ്.

പത്ത് വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികള്‍ക്ക് ഐഡി ഫോട്ടോകളില്‍ മുടി മറയ്ക്കാതിരിക്കാം. അതേപോലെ തന്നെ പ്രത്യേക ആരോഗ്യ പ്രശ്‌നങ്ങളുള്ള പ്രായമായ സ്ത്രീകള്‍ക്കും ഇളവിന് അര്‍ഹതയുണ്ടെന്ന് അല്‍ ജാസറിനെ ഉദ്ധരിച്ച് 'അറബ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

🕋ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകരുടെ അപേക്ഷ നാലു ലക്ഷം കടന്നു.

✒️ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനായി സൗദി അറേബ്യയ്ക്ക് അകത്ത് നിന്നുള്ള സ്വദേശി, വിദേശി തീര്‍ത്ഥാടക അപേക്ഷകരുടെ എണ്ണം നാല് ലക്ഷം കവിഞ്ഞു. ഹജ്ജ്, ഉംറ മന്ത്രാലയ ഔദ്യോഗിക വക്താവ് ഹിഷാം അല്‍ സഈദ് ആണ് ഇക്കാര്യം അറിയിച്ചത്. 

ഒന്നര ലക്ഷം പേര്‍ക്കാണ് ഈ വര്‍ഷം സൗദിയില്‍ നിന്ന് ഹജ്ജ് നിര്‍വ്വഹിക്കാന്‍ അവസരമുണ്ടാകുക. ഈ മാസം മൂന്ന് മുതലാണ് ആഭ്യന്തര ഹജ്ജ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. https://localhaj.haj.gov.sa/LHB/pages/signup.xhtml എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടത്. രജിസ്റ്റർ ചെയ്തവരിൽ നിന്നും ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെയായിരിക്കും തീർത്ഥാടകരെ തെരഞ്ഞെടുക്കുക. തെരഞ്ഞെടുക്കപ്പെടുന്നവർ ഇത് സംബന്ധിച്ച അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് 48 മണിക്കൂറിനുള്ളിൽ പണം അടക്കേണ്ടി വരും.

അതേസമയം സൗദിയില്‍ നിന്ന് തന്നെയുള്ള ആഭ്യന്തര ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പാക്കേജ് നിരക്കുകളില്‍ കുറവ് വരുത്തി. കഴിഞ്ഞ ദിവസമാണ് പുതിയ നിരക്കുകള്‍ സംബന്ധിച്ച അറിയിപ്പ് സൗദി ഹജ്ജ് - ഉംറ മന്ത്രാലയം പ്രഖ്യാപിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കായി മൂന്ന് പാക്കേജുകളാണുള്ളത്. ഇവ മൂന്നിനും നിരക്ക് കുറച്ചിട്ടുണ്ട്.

നേരത്തെ 10,238 റിയാലായിരുന്ന ഹോസ്‍പിറ്റാലിറ്റി ഓര്‍ഡിനറി ക്യാമ്പ് പാക്കേജിന് ഇനി മുതല്‍ 9098 റിയാലായിരിക്കും. രണ്ടാമത്തെ പാക്കേജായ ഹോസ്‍പിറ്റാലിറ്റി അപ്‍ഗ്രേഡഡ് ക്യാമ്പിന് നേരത്തെ 13,043 റിയാലായിരുന്നത് 11,970 റിയാലാക്കി കുറച്ചു. മിനാ ടവേഴ്സ് ഹോസ്‍പിറ്റാലിറ്റി പാക്കേജിന് 14,737 റിയാലായിരുന്നത് 13,943 റിയാലാക്കി കുറച്ചു. തീര്‍ത്ഥാടകര്‍ക്ക് മക്കയിലേക്കുള്ള യാത്രാ നിരക്ക് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മൂല്യ വര്‍ദ്ധിത നികുതിയും ഈ നിരക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

ജൂണ്‍ മുതല്‍ ആഭ്യന്തര ഹജജ് തീര്‍ത്ഥാടകര്‍ക്കുള്ള രജിസ്ട്രേഷന്‍ തുടങ്ങിയിട്ടുണ്ട്. 65 വയസിന് താഴെ പ്രായമുള്ള സാധുതയുള്ള റെസിഡന്‍സി പെര്‍മിറ്റുള്ളവര്‍ക്കാണ് രജിസ്റ്റര്‍ ചെയ്യാന്‍ അനുമതിയുള്ളത്. നേരത്തെ ഹജ്ജ് ചെയ്‍തിട്ടില്ലാത്തവര്‍ക്കും തവക്കല്‍നാ ആപ്ലിക്കേഷനിലെ സ്റ്റാറ്റസ് പ്രകാരം വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്കും മുന്‍ഗണന നല്‍കുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.

🇦🇪യുഎഇയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നു ഇന്ന് 1,179 പേര്‍ക്ക് രോഗം.

✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,179 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 

രാജ്യത്ത് ചികിത്സയിലായിരുന്ന 981 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. അതേസമയം കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നെങ്കിലും രാജ്യത്തെ കൊവിഡ് മരണസംഖ്യ കുറഞ്ഞുതന്നെ തുടരുന്നത് ആശ്വാസം പകരുന്നുണ്ട്. ഇന്നും രാജ്യത്ത് പുതിയ കൊവിഡ് മരണങ്ങളൊന്നും സ്ഥിരീകരിച്ചിട്ടില്ല. 

പുതിയതായി നടത്തിയ 2,53,991 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 916,247 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 898,305 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 15,637 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

🇧🇭ബഹ്‌റൈൻ: അന്തരീക്ഷ താപനില 46 ഡിഗ്രി കടന്നു; വരും ദിനങ്ങളിലും ചൂട് തുടരും.

✒️ബഹ്‌റൈനിൽ വിവിധ ഇടങ്ങളിൽ അന്തരീക്ഷ താപനില 46 ഡിഗ്രി സെൽഷ്യസ് കടന്നതായി കാലാവസ്ഥാ കേന്ദ്രങ്ങൾ വ്യക്തമാക്കി. രാജ്യത്ത് ഉഷ്‌ണതരംഗം തുടരുമെന്നും കാലാവസ്ഥാ അധികൃതർ സൂചന നൽകി.

ബഹ്‌റൈൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട് ആൻഡ് കമ്മ്യൂണിക്കേഷൻസിന് കീഴിലുള്ള കാലാവസ്ഥാ പഠനവകുപ്പ് നൽകിയ അറിയിപ്പ് അനുസരിച്ച് വരും ദിനങ്ങളിലും പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില ഉയരുന്നതാണ്.

ഈ അറിയിപ്പ് പ്രകാരം, ജൂൺ 12-ന് രാജ്യത്തെ അന്തരീക്ഷ താപനില 43 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നും, ജൂൺ 13-ന് അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

🇸🇦കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച അറിയിപ്പ്.

✒️ഗൾഫ് രാജ്യങ്ങളിലെ പൗരന്മാർക്ക് കീഴിൽ ഗാർഹിക ജീവനക്കാരായി തൊഴിലെടുക്കുന്ന വിദേശികൾക്ക് കിംഗ് ഫഹദ് കോസ്‌വേയിലൂടെ യാത്ര ചെയ്യുന്ന വേളയിൽ ഏർപ്പെടുത്തിയിട്ടുളള നിബന്ധനകൾ സംബന്ധിച്ച് കോസ്‌വേ അതോറിറ്റി അറിയിപ്പ് നൽകി. കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്കും, ബഹ്റൈനിലേക്കും പ്രവേശിക്കുന്ന വേളയിൽ ഇത്തരം ജീവനക്കാർ പാലിക്കേണ്ട പ്രവേശന മാനദണ്ഡങ്ങൾ ഈ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് കിംഗ് ഫഹദ് കോസ്‌വേ അതോറിറ്റി അറിയിച്ചിരിക്കുന്നത്:
ഇത്തരം ഗാർഹിക ജീവനക്കാർക്ക് കൃത്യമായ റസിഡൻസി പെർമിറ്റുകൾ, പാസ്സ്‌പോർട്ട് എന്നിവ നിർബന്ധമാണ്.
കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന ഗാർഹിക ജീവനക്കാർക്ക്, അവരുടെ തൊഴിലുടമ അല്ലെങ്കിൽ തൊഴിലുടമയുടെ കുടുംബം എന്നിവർക്ക് ഒപ്പം മാത്രമാണ് പ്രവേശനം അനുവദിക്കുന്നത്.
കിംഗ് ഫഹദ് കോസ്‌വേയിലൂടെ സൗദി അറേബ്യയിലേക്ക് സഞ്ചരിക്കുന്ന ഗാർഹിക ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാണ്. ഇത് തെളിയിക്കുന്ന രേഖകൾ ഹാജരാക്കേണ്ടതാണ്. ബഹ്റൈനിലേക്ക് യാത്ര ചെയ്യുന്ന ഇത്തരം ജീവനക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് നിർബന്ധമാണെന്ന് ഈ അറിയിപ്പിൽ പറയുന്നില്ല.
ഇത്തരം ജീവനക്കാർ Tawakklna ആപ്പിൽ നിർദ്ദേശിച്ചിട്ടുള്ള പ്രകാരം COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണം.

🇸🇦കോവിഡ്; സൗദിയിൽ പുതിയ രോഗബാധിതരുടെ എണ്ണത്തിൽ കുറവ്.

✒️ജിദ്ദ: സൗദിയിൽ പുതിയ കോവിഡ് ബാധിതരുടെ എണ്ണത്തിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പുതുതായി 753 പുതിയ കോവിഡ് രോഗികളും 633 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,76,890 ഉം രോഗമുക്തരുടെ എണ്ണം 7,58,821 ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,170 ആയി.

നിലവിൽ 8,899 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 98 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.67 ശതമാനവും മരണനിരക്ക് 1.18 ശതമാനവുമാണ്.

രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 295 , ജിദ്ദ 121, ദമ്മാം 98, മക്ക 32, ഹുഫൂഫ് 30, മദീന 25, അബഹ 18, ത്വാഇഫ് 21, ദഹ്റാൻ 11, അൽഖർജ് 10, ബുറൈദ 8, ഖമീസ് മുശൈത്ത് 7.

Post a Comment

0 Comments