Ticker

6/recent/ticker-posts

Header Ads Widget

തൃക്കാക്കരഫലത്തില്‍ കണ്ണുനട്ട് കേരളം; വോട്ടെണ്ണല്‍ എട്ടുമണിക്ക് ആരംഭിക്കും, ഫലസൂചനകള്‍ എട്ടരയോടെ.

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ എട്ടു മണിയോടെ ആരംഭിക്കും. എട്ടരയോടെ ആദ്യ ഫലസൂചന പ്രതീക്ഷിക്കാം. 11 മണിയോടെ അന്തിമഫലം ലഭിച്ചേക്കും. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ എറണാകുളം മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂം തുറന്ന് വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുക്കും. വോട്ടെണ്ണാന്‍ 21 മേശകളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൗണ്ടിങ് ഹാളിലേക്ക് സ്ഥാനാര്‍ഥികള്‍ക്കും അവരുടെ ഇലക്ഷന്‍ ഏജന്റിനും കൗണ്ടിങ് ഏജന്റുമാര്‍ക്കും മാത്രമേ പ്രവേശനമുണ്ടാകൂ. ഹാളില്‍ മൊബൈല്‍ഫോണ്‍ അനുവദിക്കില്ല.

കൂട്ടിയും കിഴിച്ചും മുന്നണികള്‍

കൂട്ടിയും കിഴിച്ചും തൃക്കാക്കരയില്‍ കണക്കുകള്‍ അനുകൂലമാക്കി വെച്ചിട്ടുണ്ട് മുന്നണികള്‍. ജയിക്കുന്നൊരു കണക്ക് ഇരു മുന്നണികളും തയ്യാറാക്കിയിട്ടുണ്ട്. അതില്‍ ആരുടേതായിരിക്കും ശരിയെന്ന് വെള്ളിയാഴ്ച രാവിലെ പതിനൊന്നു മണിക്കുള്ളില്‍ അറിയാം.

എല്ലാം ഒത്തുവന്നാല്‍ കുറഞ്ഞ വോട്ടിന് ജയമെന്നതാണ് സി.പി.എമ്മിന്റെ കണക്ക്. അത് നാലായിരം വരെ എത്താമെന്ന മനക്കണക്കിലാണ് ഇടതുമുന്നണി. ഉറച്ച വോട്ടുകളുടെ കണക്കെടുത്തപ്പോള്‍ മുന്നണി അല്‍പം പിന്നിലായിരുന്നു. എന്നാല്‍ പോളിങ്ങിനു ശേഷം മറ്റു ഘടകങ്ങള്‍ കൂടി കണക്കിലെടുത്തപ്പോള്‍ ജയിച്ചുകയറുമെന്ന വിലയിരുത്തലിലാണ് എല്‍.ഡി.എഫ്. പോളിങ് കുറഞ്ഞതാണ് മുന്നണിയെ ആഹ്ലാദിപ്പിക്കുന്ന പ്രധാന ഘടകം. സി.പി.എമ്മിന് മുന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ പോളിങ് ഉയര്‍ന്നിട്ടുണ്ട്. യു.ഡി.എഫ്. അനുകൂല സ്ഥലങ്ങളില്‍ പോളിങ് കുറവാണ്. അവിടെയെല്ലാം മുന്നണിയുടെ ഉറച്ച വോട്ടുകള്‍ ചെയ്യിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇടതുനേതാക്കള്‍ പറയുന്നത്. തൃക്കാക്കര മേഖലയില്‍ പോളിങ് ഉയര്‍ന്നത് ന്യൂനപക്ഷ വോട്ടുകള്‍ കൂടുതല്‍ പ്രതീക്ഷിക്കുന്ന ഇടതുപക്ഷത്തിന് ആശ്വാസമായി കാണുന്നു.

ജയം ഉറപ്പിക്കുന്നുണ്ടെങ്കിലും വന്‍ ഭൂരിപക്ഷം യു.ഡി.എഫ്. പ്രതീക്ഷിക്കുന്നില്ല. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പി.ടി. തോമസിനു ലഭിച്ച ഭൂരിപക്ഷം ഇക്കുറി കിട്ടുമെന്ന് ഉറപ്പിക്കാന്‍ നേതാക്കള്‍ക്ക് കഴിയുന്നില്ല. ട്വന്റി 20 വോട്ടുകള്‍ വരുമെന്ന് പറഞ്ഞിട്ടും പതിനായിരത്തിനു മുകളില്‍ ഭൂരിപക്ഷം പോകുമെന്ന് ഉറപ്പിച്ചു പറയാന്‍, പോളിങ് കുറഞ്ഞ സാഹചര്യത്തില്‍ നേതാക്കള്‍ക്ക് ആത്മവിശ്വാസമില്ല.

നഗര മേഖലയിലെ അരാഷ്ട്രീയ വോട്ടുകള്‍ പോള്‍ ചെയ്യാത്തതിനാലാണ് പോളിങ് കുറഞ്ഞതെന്നാണ് യു.ഡി.എഫ്. വിലയിരുത്തല്‍. തങ്ങളുടെ വോട്ടുകള്‍ വീണിട്ടുണ്ടെന്ന ആത്മവിശ്വാസത്തില്‍തന്നെയാണ് മുന്നണി കൗണ്ടിങ് സെന്ററിലേക്ക് പോകുന്നത്.

ഒരു മാസത്തോളം, മറ്റ് എല്ലാ പണികളും മാറ്റിനിര്‍ത്തി മന്ത്രിമാര്‍ ഉള്‍പ്പെടെ മുഴുവന്‍ നേതാക്കളും മണ്ഡലത്തില്‍ വന്നു പ്രവര്‍ത്തിച്ചിട്ട് അതിന്റെ മാറ്റം കാണാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇടതുപക്ഷത്തിന് അത് ക്ഷീണമാവും. മുഴുവന്‍ നേതാക്കളെയും അണിനിരത്തിയിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കിട്ടിയ ഭൂരിപക്ഷത്തിനു മുകളില്‍ പോയില്ലെങ്കില്‍ യു.ഡി.എഫിന്റെ വിജയത്തിന് വലിയ തിളക്കവുമുണ്ടാവില്ല.

ഇരുപതിനായിരം വോട്ടുപിടിക്കുമെന്ന പ്രതീക്ഷ എന്‍.ഡി.എ. നേതാക്കള്‍ക്കുണ്ട്. വോട്ടില്‍ കുറവുണ്ടായാല്‍ പഴി കേള്‍ക്കേണ്ടിവരുമെന്നതാണ് ബി.ജെ.പി. നേരിടുന്ന തലവേദന. പരാജയപ്പെടുന്ന മുന്നണി ആദ്യം ഉന്നയിക്കുന്ന ആരോപണം വോട്ടുകച്ചവടമെന്നതായിരിക്കും. അത് കേള്‍ക്കാതിരിക്കണമെങ്കില്‍ ഇരുപതിനായിരത്തിനു മുകളിലെങ്കിലും വോട്ട് പിടിക്കണം. അതുണ്ടാവുമെന്ന വിശ്വാസത്തിലാണ് എന്‍.ഡി.എ. നേതാക്കള്‍.

ന്യൂനപക്ഷ വോട്ടുകള്‍ നിര്‍ണായകമാകും

ന്യൂനപക്ഷ വോട്ടുകള്‍ അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. മുസ്ലിം-ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് അധികമായി കിട്ടുന്ന വോട്ടുകളിലാണ് ഇടതുപക്ഷം വിജയം സ്വപ്നം കാണുന്നത്. ഈ രണ്ട് സമുദായങ്ങളില്‍നിന്നും കൂടുതലായി വോട്ടു കിട്ടുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുന്നണി.

ബൂത്തുകളില്‍നിന്ന് പ്രവര്‍ത്തകര്‍ നല്‍കിയ ഉറച്ച വോട്ടിന്റെ കണക്കുപ്രകാരം ഇടതുപക്ഷം കുറച്ച് പിന്നിലാണ്. എന്നാല്‍, അതിനപ്പുറം വോട്ടുകള്‍ വരുമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍.

ക്രൈസ്തവ വിഭാഗം ഇക്കുറി ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിച്ചിട്ടുണ്ടെന്ന് നേതൃത്വം കരുതുന്നുണ്ട്. മണ്ഡലത്തിലെ പ്രബല വിഭാഗത്തില്‍നിന്നുള്ള ക്രൈസ്തവ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത് വലിയ നേട്ടമായെന്നാണ് മുന്നണി കാണുന്നത്. സ്ഥാനാര്‍ഥിക്ക് നല്ല നിലയില്‍ വോട്ടുകള്‍ പിടിക്കാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പ്രതീക്ഷ. ഈ അധിക വോട്ടുകള്‍ വിധി നിര്‍ണയിക്കുന്നതില്‍ പ്രധാനമായിരിക്കും. എന്നാല്‍, അതിന്റെ കണക്കിന്റെ കാര്യത്തില്‍ മുന്നണിക്ക് വ്യക്തതയില്ല.

മുസ്ലിം ന്യൂനപക്ഷങ്ങളും ഇടതുമുന്നണിക്ക് അനുകൂലമായി ചിന്തിച്ചിട്ടുണ്ടെന്ന പ്രതീക്ഷ നേതാക്കള്‍ക്കുണ്ട്. പി.സി. ജോര്‍ജിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുസ്ലിം മത വിഭാഗത്തിനിടയില്‍ സര്‍ക്കാരിന് അനുകൂലമായ ചിന്ത കൊണ്ടുവരാന്‍ സഹായിച്ചിട്ടുണ്ട്. ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഊന്നിക്കൊണ്ടുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും മുന്നണി ശ്രദ്ധിച്ചിരുന്നു. അതിന്റെയെല്ലാം ഫലം കാണുമെന്നാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. ഇതിനൊപ്പം ഡോക്ടര്‍മാര്‍ അടക്കമുള്ള പ്രൊഫഷണലുകളുടെ വോട്ടുകളും അധികമായി എത്തിയിട്ടുണ്ടെന്നാണ് കണക്ക്. ഇതിന്റെയെല്ലാം പിന്‍ബലത്തില്‍ വലിയ ഭൂരിപക്ഷത്തോടെയല്ലെങ്കിലും കരകയറുമെന്ന് ഇടതുമുന്നണി ഉറപ്പിക്കുന്നുണ്ട്. എന്നാല്‍, യു.ഡി.എഫ്. മണ്ഡലമായ തൃക്കാക്കരയില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് നേതൃത്വം.

ന്യൂനപക്ഷ വിഭാഗങ്ങളുടേത് മുന്നണിയുടെ പരമ്പരാഗത വോട്ടാണ്. ആ അടിത്തറയ്ക്ക് ഇളക്കംതട്ടിയിട്ടില്ല. ക്രൈസ്തവ സഭയെ സ്വാധീനിക്കാന്‍ ഇടതുപക്ഷത്തുനിന്ന് നടത്തിയ നീക്കങ്ങള്‍ തങ്ങള്‍ക്ക് ഗുണകരമാവുമെന്ന വിലയിരുത്തലാണ് നേതാക്കള്‍ക്കുള്ളത്. പി.സി. ജോര്‍ജും സര്‍ക്കാരുമായി ഉണ്ടായ വിഷയങ്ങള്‍ പരോക്ഷമായാണെങ്കിലും യു.ഡി.എഫിന് ഗുണം ചെയ്യുമെന്നും വിലയിരുത്തുന്നുണ്ട്. സിറോ മലബാര്‍ സഭയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍, ഇടതുസ്ഥാനാര്‍ഥി നിര്‍ണയത്തിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലും നേതാക്കള്‍ക്കുണ്ട്. വൈദികര്‍തന്നെ പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിച്ചത് ഇതിന്റെ പ്രതിഫലനമായി അവര്‍ കാണുന്നു. മുസ്ലിം സമുദായത്തില്‍നിന്നുള്ള വോട്ടുകള്‍ മുന്നണി വിട്ടുപോകേണ്ട രാഷ്ട്രീയ സാഹചര്യവും യു.ഡി.എഫ്. കാണുന്നില്ല. അതേസമയം കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫ്. കേന്ദ്രങ്ങളില്‍ പോളിങ് കുറഞ്ഞിട്ടുണ്ട്. എന്നാല്‍, കഴിഞ്ഞ തവണയും ഈ കേന്ദ്രങ്ങളില്‍ വലിയ പോളിങ് ഉണ്ടായിട്ടില്ലെന്നും അവിടെയുള്ള മുന്നണി വോട്ടുകള്‍ പെട്ടിയിലായിട്ടുണ്ടെന്നുമാണ് നേതാക്കള്‍ പറയുന്നത്.

ക്രൈസ്തവ സമുദായത്തില്‍നിന്നുള്ള വോട്ട് എന്‍.ഡി.എ.യും സ്വപ്നംകാണുന്നുണ്ട്. പി.സി. ജോര്‍ജ് വിവാദം തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ കത്തിക്കാന്‍ സാധിച്ചത് നേട്ടമാവുമെന്ന വിലയിരുത്തലിലാണ് നേതാക്കള്‍. പി.സി. ജോര്‍ജിനെതിരേയുള്ള സര്‍ക്കാര്‍ നീക്കത്തില്‍ സഭയിലെ ഒരു വിഭാഗം എതിര്‍പ്പ് പരസ്യമാക്കിയതും മുന്നണിയുടെ നില മെച്ചപ്പെടുത്താന്‍ സഹായിച്ചേക്കുമെന്ന് നേതാക്കള്‍ കരുതുന്നുണ്ട്. ബി.ജെ.പി. കൂടുതല്‍ വോട്ടുപിടിച്ചാല്‍ അത് യു.ഡി.എഫിനെയാവും സാരമായി ബാധിക്കുക. അങ്ങനെ പോവുകയാണെങ്കില്‍ ട്വന്റി 20 വോട്ടുകള്‍ കൊണ്ട് അത് മറികടക്കാന്‍ കഴിയുമെന്നാണ് നേതാക്കള്‍ കണക്കാക്കുന്നത്.


Post a Comment

0 Comments