സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. യൂത്ത് കോൺഗ്രസ്, യുവമോർച്ചാ പ്രവർത്തകർ സംസ്ഥാന വ്യാപകമായി സെക്രട്ടേറിയറ്റിലേക്കും ജില്ലാ കളക്ടറേറ്റുകളിലേക്കും മാർച്ച് നടത്തി. കോഴിക്കോട് രണ്ട് പൊലീസുകാർക്കും തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകനും പരിക്കേറ്റു. കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കുഴഞ്ഞു വീണു. സെക്രട്ടേറിയറ്റിൽ പ്രതിഷേധം പരിധി കടന്നതോടെ പൊലീസ് ലാത്തി വീശി. പലയിടത്തും പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
തലസ്ഥാനത്ത് സംഘർഷം
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് പരിസരം ഇന്നുരാവിലെ മുതൽ യുദ്ധസമാനമായിരുന്നു. ആദ്യം യുവമോർച്ചാ പ്രവർത്തകരും പിന്നീട് യൂത്ത് കോൺഗ്രസ് പ്രതിഷേധവുമായി സെക്രട്ടേറിയറ്റിന് മുന്നിലെത്തി. എം.എം.ഹസ്സൻ മാർച്ച് ഉദ്ഘാടനം ചെയ്ത് മടങ്ങിയതിന് ശേഷമാണ് പ്രവർത്തകർ പൊലീസുമായി ഉന്തും തള്ളും തുടങ്ങിയത്. ബാരികേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് മൂന്നുതവണ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പിരിഞ്ഞുപോകാതെ വാക്കുതർക്കത്തിലേർപ്പെട്ട പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തി വീശി. സമീപത്തെ കടകളിലേക്ക് ഓടിക്കയറിയ പ്രവർത്തകരെ പൊലീസ് പിന്തുടർന്ന് മർദ്ദിച്ചുവെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. പരിക്കേറ്റ സുഹൈൽ ഷാജി എന്ന പ്രവർത്തകനെ ആശുപത്രിയിലേക്ക് മാറ്റി.
മഹിളാ കോൺഗ്രസ് പ്രവർത്തകരും തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധവുമായെത്തി. ബിരിയാണി ചെമ്പുമായെത്തി ബിരിയാണി വിളമ്പിയായിരുന്നു മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം.
കോഴിക്കോട് യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എത്തിയ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ കോഴിക്കോട് സംഘർഷം. മാർച്ച് തടഞ്ഞ പൊലീസിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. രണ്ട് വനിതാ പൊലീസുകാർക്ക് പരിക്കേറ്റു. പൊലീസ് ലാത്തി വീശിയതോടെ പ്രവർത്തകർ ചിതറിയോടി. ഡിസിസി പ്രസിഡന്റ് പ്രവീൺ കുമാർ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്ത് എന്നിവർ റോഡിൽ കിടന്ന് പ്രതിഷേധിച്ചു. വയനാട്-കോഴിക്കോട് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജലപീരങ്കി പ്രയോഗിച്ച് പൊലീസ്
കൊല്ലത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ പ്രവർത്തകർ കല്ലെറിഞ്ഞു. സംഘർഷത്തിനിടെ ഒരു പ്രവർത്തകൻ കുഴഞ്ഞുവീണു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കളക്ടറേറ്റിന് മുന്നിലെ റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളത്തും മലപ്പുറത്തും ബാരിക്കേഡ് മറിച്ചിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ഒന്നിലധികം തവണ ജലപീരങ്കി പ്രയോഗിച്ചു. ബിരിയാണി ചെമ്പ് ഉയർത്തിയായിരുന്നു എറണാകുളത്ത് പ്രതിഷേധം.
പ്രതിഷേധവുമായി യുവമോർച്ചയും
തൃശ്ശൂരിൽ യുവമോർച്ചാ പ്രവർത്തകരുടെ മാർച്ചിൽ ഉന്തും തള്ളും ഉണ്ടായി. ബാരിക്കേഡ് മറിച്ചിട്ട പ്രവർത്തകർകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. കോഴിക്കോട് യുവമോർച്ചാ പ്രവർത്തകർ റോഡിൽ കുത്തിയിരുന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
0 Comments