Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🛫ഹജ്ജ് സര്‍വീസുകള്‍ക്കായി സൗദിയയുടെ 14 വിമാനങ്ങള്‍.

✒️ഹജ്ജ് സര്‍വീസുകള്‍ക്കായി ദേശീയ വിമാന കമ്പനിയായ സൗദിയ 14 വിമാനങ്ങള്‍ നീക്കിവെച്ചു. വിവിധ രാജ്യങ്ങളിലെ 15 വിമാനത്താവളങ്ങളില്‍ നിന്ന് 268 ഹജ്ജ് സര്‍വീസുകളാണ് സൗദിയ നടത്തുക.

ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് വേണ്ടി സൗദിയിലെ ആറ് വിമാനത്താവളങ്ങളില്‍ നിന്ന് 32 സര്‍വീസുകളും സൗദിയ നടത്തും. ആഭ്യന്തര സെക്ടറില്‍ നടത്തുന്ന ഹജ്ജ് സര്‍വീസുകളില്‍ 12,800ഓളം തീര്‍ത്ഥാടകര്‍ക്കും ഇന്റര്‍നാഷണല്‍ സെക്ടറില്‍ നടത്തുന്ന സര്‍വീസുകളില്‍ 1,07,000ഓളം ഹജ്ജ് തീര്‍ത്ഥാടകര്‍ക്കും സൗദിയയില്‍ യാത്ര ഒരുങ്ങും.

ജിദ്ദ, മദീന വിമാനത്താവളങ്ങളിലേക്കാണ് സൗദിയ ഹജ്ജ് സര്‍വീസുകള്‍ നടത്തുക. ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാന്ഡ സൗദിയ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി സൗദിയ ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഇബ്രാഹിം അല്‍ഉമര്‍ പറഞ്ഞു

🛫കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍.

✒️കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. മദീന പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ഹാജിമാരെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഷാഹിദ് ആലമിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സന്നദ്ധ സംഘടന പ്രതിനിധികളും ചേര്‍ന്ന് സ്വീകരിച്ചു.

196 സ്ത്രീകളടക്കം 377 തീര്‍ത്ഥാടകരാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് മദീനയിലെത്തിയത്.നടപടിക്രമങ്ങൾ പൂർത്തീകരിച്ച ഹാജിമാർ ഹോട്ടലുകളിലെ താമസസൗകര്യങ്ങളിലേക്ക് പോയി. കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള താമസ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ജിദ്ദ ഹജ്ജ് ടെര്‍മിനലിലാണ് ഈ വര്‍ഷത്തെ ആദ്യ ഹജ്ജ് സംഘം എത്തിയത്. പാകിസ്ഥാനില്‍ നിന്നുള്ള നാനൂറോളം തീര്‍ത്ഥാടകരായിരുന്നു ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നത്.

10 ലക്ഷം ഹാജിമാരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കുന്നത്. ഇതില്‍ ഒന്നര ലക്ഷം സൗദിയില്‍ നിന്നുള്ള ആഭയന്തര തീര്‍ത്ഥാടകരാണ്. 79362 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് എത്തുന്നത്. 5758 മലയാളികള്‍ക്കും അവസരമുണ്ട്. ആരോഗ്യ പ്രവർത്തകരുടെ നിരീക്ഷണങ്ങൾക്ക് ശേഷം മദീനാസന്ദർശനം പൂർത്തിയാക്കി ഹജ്ജ് കർമങ്ങളുടെ നിർവഹണത്തിനായി മക്കയിലേക്ക് തിരിക്കും.

🕋ഹജ്ജ് ചെയ്യാനെത്തുന്നവര്‍ക്ക് 10 കൊവിഡ് വാക്സിനുകളില്‍ ഏതെങ്കിലും ഒരെണ്ണം നിര്‍ബന്ധം.

✒️ഈ വര്‍ഷം ഹജ്ജിനെത്തുന്നവര്‍ സ്വീകരിച്ചിരിക്കേണ്ട കൊവിഡ് വാക്സിനുകള്‍ സംബന്ധിച്ച് പ്രത്യേക അറിയിപ്പ് പുറത്തിറക്കി. സൗദി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പട്ടികയില്‍ പത്ത് വാക്സിനുകളാണുള്ളത്. ഇവയില്‍ ഏതെങ്കിലും ഒരെണ്ണം സ്വീകരിച്ചവര്‍ക്ക് മാത്രമേ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിക്കുകയുള്ളൂ.

ഫൈസര്‍/ബയോ എന്‍ടെക്, മൊഡേണ, ഓക്സ്ഫോഡ്/ആസ്ട്രസെനിക, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോവോവാക്സ്, നുവാക്സോവിഡ്, സിനോഫാം, സിനോവാക്, കൊവാക്സിന്‍, സ്‍പുട്നിക് എന്നിവയാണ് അംഗീകൃത വാക്സിനുകള്‍. ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍ വാക്സിന്റെ ഒരു ഡോസും മറ്റ് വാക്സിനുകളുടെ രണ്ട് ഡോസുകളുമാണ് സ്വീകരിക്കേണ്ടത്. 65 വയസിന് താഴെയുള്ളവര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അനുമതിയുള്ളത്. രാജ്യത്തേക്ക് പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത കൊവിഡ് പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീഫ് ഫലവും ഹാജരാക്കണമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

🇸🇦സൗദിയിൽ നിന്ന് അവധിക്ക് പോയി മടങ്ങാത്തവർക്ക് മൂന്ന് വർഷത്തേക്ക് പ്രവേശനവിലക്ക്.

✒️റിയാദ്: സൗദി അറേബ്യയിൽ നിന്ന് അവധിക്ക് നാട്ടിൽ പോയി മടങ്ങാത്തവർക്ക് മൂന്നുവർഷത്തേക്ക് രാജ്യത്തേക്ക് തിരിച്ചുവരാനാവില്ലെന്ന് പാസ്പോർട്ട് അധികൃതർ. എക്സിറ്റ് റീഎൻട്രി വിസയിൽ നാട്ടിൽ പോയിട്ട് കാലാവധി കഴിഞ്ഞിട്ടും മടങ്ങിവരാത്തവർക്കാണ് മൂന്നുവർഷത്തേക്ക് സൗദിയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.

എന്നാൽ പഴയ സ്പോൺസറുടെ പുതിയ വിസയിൽ തിരിച്ചുവരാനാവും. റീഎൻട്രി വിസയുടെ കാലാവധി തീരുന്ന തീയതി മുതലാണ് മൂന്നുവർഷ കാലയളവ് കണക്കാക്കുന്നത്. ആശ്രിത (ഫാമിലി) വിസയിലുള്ളവർക്ക് ഈ നിയമം ബാധകമല്ല. അത്തരം വിസയിലുള്ളവർ റീഎൻട്രി വിസയിൽ നാട്ടിൽ പോയി നിശ്ചിതകാലാവധിക്കുള്ളിൽ മടങ്ങിയില്ലെങ്കിലും പുനപ്രവേശന വിലക്കുണ്ടാവില്ലെന്ന് അധികൃതർ വ്യക്തമാക്കി.

🇰🇼കുവൈത്തില്‍ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി.

✒️കുവൈത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ ഭൂചലനം. റിക്ടര്‍ സ്‍കെയിലില്‍ 4.4 തീവ്രത രേഖപ്പെടുത്തിയതായി കുവൈത്ത് ഫയര്‍ ഫോഴ്‍സിന്റെ ഔദ്യോഗിക ട്വീറ്റില്‍ വ്യക്തമാക്കുന്നു. രാജ്യത്ത് എവിടെയും നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ഔദ്യോഗിക അറിയിപ്പില്‍ പറയുന്നുണ്ട്.

അതേസമയം യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് പ്രകാരം 5.5 തീവ്രതയുള്ള ഭൂചലനമാണ് കുവൈത്തില്‍ അനുഭവപ്പെട്ടതെന്ന് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎഇ സമയം പുലര്‍ച്ചെ 5.28നായിരുന്നു കുവൈത്തില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും യുഎഇ ദേശീയ കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ട്വീറ്റ് ചെയ്‍തു.

🇦🇪ഒരു വര്‍ഷത്തെ ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയിലെ പ്രവാസിക്ക് 40 കോടിയുടെ സമ്മാനം.

✒️നിരവധി പ്രവാസികളെ കോടീശ്വരന്മാരാക്കി മാറ്റിയിട്ടുള്ള അബുദാബി ബിഗ് ടിക്കറ്റില്‍ ഈ വര്‍ഷം ഇതാദ്യമായി ബംഗ്ലാദേശ് സ്വദേശിക്ക് ഒന്നാം സമ്മാനം. ജൂണ്‍ മൂന്ന് ശനിയാഴ്ച രാത്രി നടന്ന 'മൈറ്റി 20 മില്യന്‍' നറുക്കെടുപ്പിലാണ് ഷാര്‍ജയില്‍ താമസിക്കുന്ന ബംഗ്ലാദേശ് പൗരന്‍ ആരിഫ് രണ്ട് കോടി ദിര്‍ഹം (40 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കിയത്. ഒറ്റയ്ക്ക് എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.

എല്ലാ മാസവും അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോറില്‍ നിന്ന് നേരിട്ടാണ് ആരിഫ് ടിക്കറ്റുകള്‍ എടുത്തിരുന്നത്. ഇതിനായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്യുമായിരുന്നു. എന്നെങ്കിലും വിജയിയുടെ സ്ഥാനത്ത് തന്റെ പേര് പ്രഖ്യാപിക്കപ്പെടുമെന്ന പ്രതീക്ഷയോടെയായിരുന്നു മാസം തോറുമുള്ള ഈ യാത്ര. കഴിഞ്ഞ ദിവസം രാത്രി സമ്മാനം ലഭിച്ച വിവരം അറിയിച്ചുകൊണ്ട് നറുക്കെടുപ്പ് വേദിയില്‍ നിന്ന് ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ അദ്ദേഹത്തെ വിളിച്ചപ്പോഴും ആ സന്തോഷം മറച്ചുവെച്ചില്ല.

'കഴിഞ്ഞ ഒരു വര്‍ഷമായി എല്ലാ മാസവും ഷാര്‍ജയില്‍ നിന്ന് അബുദാബിയിലേക്ക് യാത്ര ചെയ്‍തിരുന്നത് ബിഗ് ടിക്കറ്റെടുക്കാന്‍ വേണ്ടിയായിരുന്നു. ഒടുവില്‍ വിജയിയാവാന്‍ സാധിച്ചതില്‍ അത്യധികം സന്തോഷിക്കുന്നു. എന്നാല്‍ ബിഗ് ടിക്കറ്റെടുക്കുന്നത് അവസാനിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഭാവിയില്‍ ഇനിയും ഒരു വിജയിയായി ഞാന്‍ മാറുമെന്നാണ് പ്രതീക്ഷ' - ആരിഫ് പറഞ്ഞു.

നേരത്തെ 12 വര്‍ഷം സൗദി അറേബ്യയില്‍ പ്രവാസിയായിരുന്ന ആരിഫ് പിന്നീടാണ് യുഎഇയിലെത്തിയത്. ഇപ്പോള്‍ പ്രീ ഓണ്‍ഡ് കാറുകളുടെ ബിസിനസ് നടത്തുന്ന അദ്ദേഹം നേരത്തെ പാര്‍ക്കിങ് ബിസിനസും ബാത്ത്റൂം ഫിറ്റിങ്സ് വില്‍ക്കുന്ന ഷോപ്പുമൊക്കെ നടത്തിയിരുന്നു. ശനിയാഴ്ച രാത്രി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സ്ഥിരം അവതാരകരായ റിച്ചാര്‍ഡിനും ബുഷ്റയ്ക്കുമൊപ്പം സിറ്റി 101.6 റേഡിയോ അവതാരകന്‍ സിദ്ധാര്‍ത്ഥ് വോറ ഗസ്റ്റ് അവതാരകനായിരുന്നു. കഴിഞ്ഞ മാസത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടിയ വിജയിയാണ് ഇക്കുറി ഒന്നാം സമ്മാനാര്‍ഹനെ തെരഞ്ഞെടുത്തത്. 

144481 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ആരിഫിനെ ഭാഗ്യം തേടിയെത്തിയത്. 271300 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരിയായ ഫബിത ബിനാസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരിയായ നിഹിത വിന്‍സന്‍റ് ആണ്. 219746 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 50,000 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സന്തോഷ് പയ്യാമ്പ്രയില്‍ രവീന്ദ്രന്‍ നാലാം സമ്മാനമായ 053184 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ ജയ്സണ്‍ ജോണ്‍ 018924 എന്ന ടിക്കറ്റ് നമ്പരിലൂടെ ജീപ്പ് ഗ്രാന്‍ഡ് ചെറോക്കി സ്വന്തമാക്കി.

ജൂലൈ ഒന്നിനാണ് ബിഗ് ടിക്കറ്റിന്റെ അടുത്ത നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. 'ഫന്റാസ്റ്റിക് 15 മില്യന്‍' നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം ലഭിക്കുന്നയാളിന് 1.5 കോടി ദിര്‍ഹമായിരിക്കും (30 കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. 1,00,000 ദിര്‍ഹത്തിന്റെ മൂന്നാം സമ്മാനവും 50,000 ദിര്‍ഹത്തിന്റെ നാലാം സമ്മാനവും അന്ന് വിജയികളെ കാത്തിരിക്കുകയാണ്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക.

ഗ്രാന്റ് നറുക്കെടുപ്പിന് പുറമെ ജൂണ്‍ മാസത്തില്‍ ടിക്കറ്റുകളെടുക്കുന്നവര്‍ ഓരോ ആഴ്ചയിലും ഒരാള്‍ക്ക് വീതം 2,50,000 ദിര്‍ഹം സമ്മാനം നല്‍കുന്ന പ്രതിവാര നറുക്കെടുപ്പുകളിലും പങ്കാളികളാക്കപ്പെടും. അവയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

പ്രൊമോഷന്‍ - 1: ജൂണ്‍ 1 മുതല്‍ 8 വരെ - നറുക്കെടുപ്പ് ജൂണ്‍ 9 (വ്യാഴാഴ്ച)
പ്രൊമോഷന്‍ - 2: ജൂണ്‍ 9 മുതല്‍ 15 വരെ - നറുക്കെടുപ്പ് ജൂണ്‍ 16 (വ്യാഴാഴ്ച)
പ്രൊമോഷന്‍ - 3: ജൂണ്‍ 16 മുതല്‍ 22 വരെ - നറുക്കെടുപ്പ് ജൂണ്‍ 23 (വ്യാഴാഴ്ച)
പ്രൊമോഷന്‍ - 4: ജൂണ്‍ 23 മുതല്‍ 30 വരെ - നറുക്കെടുപ്പ് ജൂലൈ 2 (വെള്ളിയാഴ്ച)

🇶🇦ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഖത്തറിലെത്തും.

✒️ഇന്ത്യന്‍ ഉപരാഷ്‍ട്രപതി വെങ്കയ്യ നായിഡു ശനിയാഴ്ച ഖത്തറിലെത്തും. ആഫ്രിക്കന്‍ രാജ്യങ്ങളായ ഗാബോണ്‍, സെനഗള്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ഖത്തറിലെത്തുന്നത്. വെങ്കയ്യ നായിഡുവിന്റെ ഖത്തറിലെ ആദ്യത്തെ ഔദ്യോഗിക സന്ദര്‍ശനമാണിത്. 

മേയ് 30 ന് ആരംഭിച്ച ഉപരാഷ്‍ട്രപതിയുടെ ത്രിരാഷ്‍ട്ര സന്ദര്‍ശനം ജൂണ്‍ ഏഴ് വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. രണ്ട് രാജ്യങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഖത്തറിലെത്തുന്ന അദ്ദേഹം ജൂണ്‍ ഏഴിന് മടങ്ങും. ഇന്ത്യയും ഖത്തറും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ കൂടി ഭാഗമായാണ് ഉപരാഷ്‍ട്രപതിയുടെ സന്ദര്‍ശനം. ദോഹയില്‍ ഖത്തര്‍ ഭരണകൂടത്തില്‍ നിന്നുള്ള ഉന്നതതല സംഘം ഉപരാഷ്‍ട്രപതിയെ സ്വീകരിക്കും.

ഖത്തർ ഡെപ്യൂട്ടി അമീർ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ആൽഥാനിയുമായി വെങ്കയ്യ നായിഡു കൂടിക്കാഴ്ച നടത്തും.ഖത്തറിലെ ഇന്ത്യൻ വ്യാപാര പ്രമുഖർ, ഉന്നത വ്യക്തികൾ, കമ്യൂണിറ്റി നേതാക്കൾ എന്നിവരുമായും ചർച്ച നടത്തും. ഖത്തറിലെ ഇന്ത്യൻ പൗര സമൂഹവും ഉപരാഷ്‍ട്രപതിക്ക് സ്വീകരണം ഒരുക്കും. ആരോഗ്യ, കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീൺ പവാർ, പാർലമെന്‍റ് അംഗങ്ങളായ സുശീൽ കുമാർ മോദി, വിജയ്പാൽ സിങ് തോമർ, പി. രവീന്ദ്രനാഥ് എന്നിവരും രാഷ്ട്രപതിയെ അനുഗമിക്കുന്നുണ്ട്.

🇰🇼തൊഴില്‍ നിയമലംഘനം; പരിശോധനകളില്‍ ഏഴ് പ്രവാസികള്‍ അറസ്റ്റില്‍.

✒️കുവൈത്തില്‍ അനധികൃതമായി വീട്ടുജോലിക്കാരെ ജോലിക്ക് നിയമിച്ചിരുന്ന സ്ഥാപനത്തില്‍ റെയ്‍ഡ്. ഏഴ് പ്രവാസികളെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്‍തു. ആഭ്യന്തര മന്ത്രാലയത്തിലെയും താമസകാര്യ വകുപ്പിലെയും പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവറിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് ജഹ്റ ഗവര്‍ണറേറ്റില്‍ പരിശോധന നടത്തിയത്. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്ന് അധികൃതര്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. തുടര്‍ നടപടികള്‍ക്കായി എല്ലാവരെയും ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

കുവൈത്തില്‍ തൊഴില്‍, താമസ നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ വ്യാപകമായ പരിശോധനയാണ് നടന്നുവരുന്നത്. നൂറുകണക്കിന് പ്രവാസികള്‍ കഴിഞ്ഞ മാസങ്ങളില്‍ പിടിയിലായിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ ഇവരെ നാടുകടത്തുകയാണ് ചെയ്യുന്നത്. സ്‍പോണ്‍സര്‍മാരില്‍ നിന്ന് ഒളിച്ചോടിയ വീട്ടുജോലിക്കാരെ ദിവസ വേതനത്തിനും മണിക്കൂര്‍ അടിസ്ഥാനത്തിലുമൊക്കെ ജോലിക്ക് നിയോഗിക്കുന്ന ഓഫീസുകളും അധികൃതര്‍ പരിശോധിക്കുന്നുണ്ട്. രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന ഇത്തരത്തിലൊരു കേന്ദ്രമാണ് കഴിഞ്ഞ ദിവസം ജഹ്റയില്‍ കണ്ടെത്തിയത്.

🇶🇦നിയമ ലംഘനം; ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ പൂട്ടിച്ചു.

✒️നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് ഖത്തറില്‍ മൂന്ന് റസ്റ്റോറന്റുകള്‍ അധികൃതര്‍ പൂട്ടിച്ചു. ദോഹ, അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റികളാണ് നടപടി സ്വീകരിച്ചത്. അല്‍ റയ്യാന്‍ മുനിസിപ്പാലിറ്റിയിലെ 'കീര്‍ത്തി റസ്റ്റോറന്റാണ്' ഏഴ് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശിച്ചത്. ഇത് സംബന്ധിച്ച മുനിസിപ്പാലിറ്റി പ്രത്യേക സര്‍ക്കുലര്‍ പുറത്തിറക്കി.  

ഭക്ഷണങ്ങളുടെ ഗുണനിലവാരം സംബന്ധിച്ചുള്ള 1990ലെ ഏഴാം നിയമം റസ്റ്റോറന്റില്‍ ലംഘിക്കപ്പെട്ടതായി സര്‍ക്കുലറില്‍ പറയുന്നു. ദോഹ മുനിസിപ്പാലിറ്റിയില്‍ 'ഇവാന്‍സ് കഫെറ്റീരി'യ എന്ന സ്ഥാപനം ഏഴ് ദിവസത്തേക്കും 'പെട്ര കിച്ചന്‍' എന്ന സ്ഥാപനം 30 ദിവസത്തേക്കും അടച്ചിടാന്‍ നിര്‍ദേശിച്ചു. സമാനമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.

🇦🇪യുഎഇയില്‍ 523 പേര്‍ക്ക് കൂടി കൊവിഡ്, 24 മണിക്കൂറിനിടെ മരണങ്ങളില്ല.

✒️അബുദാബി: യുഎഇയില്‍ ഇന്ന് 523 പേര്‍ക്ക് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 448 പേരാണ് രോഗമുക്തരായത്. ഇന്ന് പുതിയ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് സ്ഥിരീകരിച്ചിട്ടില്ല. വലിയ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഞായറാഴ്ച രാജ്യത്ത് രണ്ട് കൊവിഡ് മരണങ്ങളും തിങ്കളാഴ്ച ഒരു മരണവും റിപ്പോര്‍ട്ട് ചെയ്‍തിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള ദിവസങ്ങളില്‍ പിന്നീട് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

പുതിയതായി നടത്തിയ 2,33,351 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,10,338 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,93,641 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,305 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 14,392 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.

🚕ഡ്രൈവറില്ലാ കാറുകള്‍ തെരുവിലിറക്കുന്നതിന് മുന്നോടിയായി ഡിജിറ്റല്‍ മാപ്പിങ്.

✒️നഗരവീഥികളില്‍ ഓടാനൊരുങ്ങുന്ന ഡ്രൈവറില്ലാ (ഓട്ടോണമസ്) വാഹനങ്ങള്‍ റോഡിലിറക്കുന്നതിന് മുമ്പായി ഡിജിറ്റല്‍ മാപ്പിങ് തുടങ്ങി. അടുത്ത വര്‍ഷം മുതലാണ് ഡ്രൈവറില്ലാ വാഹനങ്ങള്‍ തെരുവിലിറക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.

ഗൂഗിള്‍ മാപ്പിന് സമാനമായി ഓട്ടോണമസ് കാറുകള്‍ക്ക് ശരിയായ ദിശ നിര്‍ണയിക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ മാപ്പാണ് തയ്യാറാക്കുന്നത്. ദുബൈ മുന്‍സിപ്പാലിറ്റിയുടെ കീഴിലെ ജിയോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റംസ് സെന്ററാണ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. 2030ഓടെ എമിറേറ്റിന്റെ 25 ശതമാനം യാത്രകള്‍ ഡ്രൈവറില്ലാ വാഹനങ്ങളിലാക്കുക എന്ന ലക്ഷ്യമാണ് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്രഖ്യാപിച്ചിട്ടുള്ളത്.

ഡ്രൈവറില്ലാ വാഹനത്തിലെ നിര്‍മ്മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിന് യോജിച്ച വിധമുള്ള മാപ്പിങ് ആണിത്. സുരക്ഷിതമായ യാത്രയ്ക്കായി 80ല്‍ അധികം സെന്‍സറുകളും ക്യാമറകളും വാഹനത്തിലുണ്ടാകും. 360 ഡിഗ്രിയില്‍ നിരീക്ഷിക്കാനുമാകും.

🇸🇦സൗദിയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം, 565 പേര്‍ക്ക് രോഗം.

✒️റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മൂന്ന് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 565 പേര്‍ക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. നിലവിലെ രോഗികളില്‍ 491 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,70,650 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 7,54,378 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,155 ആയി. രോഗബാധിതരില്‍ 7,117 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 88 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്.

24 മണിക്കൂറിനിടെ 22,119 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 184, ജിദ്ദ 142, ദമ്മാം 56, മക്ക 37, മദീന 23, അബഹ 17, ഹുഫൂഫ് 16, ദഹ്‌റാന്‍ 11, ത്വാഇഫ് 8, ബുറൈദ, അല്‍ഖര്‍ജ് 5 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,955,925 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,611,920 ആദ്യ ഡോസും 24,973,988 രണ്ടാം ഡോസും 14,370,017 ബൂസ്റ്റര്‍ ഡോസുമാണ്.

🇶🇦ഖത്തർ: തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതായി അറിയിപ്പ്.

✒️തങ്ങളുടെ സേവനങ്ങൾ കൂടുതൽ സുഗമമായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി ഏതാനം പുതിയ ഇ-സേവനങ്ങൾ ആരംഭിച്ചതായി ഖത്തർ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 മെയ് 3-നാണ് ഖത്തർ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സംവിധാനത്തിന് കീഴിലാണ് ഈ പുതിയ ഇ-സേവനങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്. https://www.mol.gov.qa/ എന്ന വിലാസത്തിലൂടെ ഖത്തർ തൊഴിൽ മന്ത്രാലയത്തിന്റെ ഡിജിറ്റൽ സേവനങ്ങൾ ലഭിക്കുന്നതാണ്.

താഴെ പറയുന്ന സേവനങ്ങളാണ് ഖത്തർ തൊഴിൽ മന്ത്രാലയം തങ്ങളുടെ ഡിജിറ്റൽ സംവിധാനത്തിന് കീഴിൽ പുതിയതായി ഉൾപ്പെടുത്തിയിരിക്കുന്നത്:

സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിനായി അവരെ ഖത്തറിലേക്ക് കൊണ്ടുവരുന്നതിനുള്ള താത്കാലിക വർക്ക് വിസകൾക്കുള്ള അപേക്ഷകൾ.
സ്ഥാപനങ്ങൾക്ക് എസ്റ്റാബ്ലിഷ്‌മെന്റ് രജിസ്റ്ററിയിലേക്ക് ഒരു സർക്കാർ കരാർ ഉൾപ്പെടുത്തുന്നതിനുള്ള സേവനം.
സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾക്ക് ആവശ്യമായ തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങൾ.
ഖത്തർ ഫിനാൻഷ്യൽ ഗ്രൂപ്പ് സ്ഥാപനങ്ങൾക്ക് തൊഴിലാളികളെ നിയമിക്കുന്നതിനുള്ള അപേക്ഷകളുമായി ബന്ധപ്പെട്ട സേവനങ്ങൾ.
മേൽപ്പറഞ്ഞ സേവനങ്ങളെല്ലാം നേരത്തെ മന്ത്രാലയത്തിൽ നിന്ന് നേരിട്ട് മാത്രമാണ് നൽകിയിരുന്നത്.

🇦🇪ദുബായിൽ നിന്ന് അബ്ഹയിലേക്കുള്ള വിമാനസർവീസുകൾ ജൂൺ 23 മുതൽ പുനരാരംഭിക്കുമെന്ന് ഫ്ലൈദുബായ്.

✒️ദുബായിൽ നിന്ന് സൗദി അറേബ്യയിലെ അബ്ഹയിലേക്കുള്ള വിമാനസർവീസുകൾ 2022 ജൂൺ 23 മുതൽ പുനരാരംഭിക്കുമെന്ന് ഫ്ലൈദുബായ് അറിയിച്ചു. 2022 ജൂൺ 3-നാണ് ഫ്ലൈദുബായ് ഇക്കാര്യം അറിയിച്ചത്.

ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ദിനംപ്രതി ഒരു സർവീസ് എന്ന രീതിയിലാണ് ഫ്ലൈദുബായ് ജൂൺ 23 മുതൽ അബ്ഹയിലേക്കുള്ള വിമാനസർവീസുകൾ പുനരാരംഭിക്കുന്നത്. ദുബായ് ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ 2-ൽ നിന്നായിരിക്കും ഈ വിമാന സർവീസുകൾ.

🇸🇦സൗദി അറേബ്യ: ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നവർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ GACA പ്രഖ്യാപിച്ചു.

✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിനായി രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) അറിയിപ്പ് നൽകി. 2022 ജൂൺ 2-നാണ് GACA ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന മുഴുവൻ വിമാനകമ്പനികൾക്കുമായി വിദേശത്ത് നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകർക്ക് ബാധകമാക്കിയിട്ടുള്ള ആരോഗ്യ സുരക്ഷാ നിബന്ധനകൾ വ്യക്തമാക്കിക്കൊണ്ട് GACA ഒരു പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഈ വിജ്ഞാപന പ്രകാരം 2022-ലെ ഹജ്ജ് തീർത്ഥാടനത്തിനായി സൗദിയിലേക്ക് പ്രവേശിക്കുന്നവർക്ക് താഴെ പറയുന്ന നിബന്ധനകൾ ബാധകമാണ്:

65 വയസിന് താഴെ പ്രായമുള്ള തീർത്ഥാടകർക്ക് മാത്രമാണ് ഈ വർഷം ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നൽകിയിട്ടുള്ളത്.
ഇവർ സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ ആവശ്യമായ ഡോസുകൾ നിർബന്ധമായും എടുത്തിരിക്കണം.
സൗദിയിലേക്ക് യാത്ര ചെയ്യുന്ന മുഴുവൻ തീർത്ഥാടകരും, യാത്ര തുടങ്ങുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള നെഗറ്റീവ് PCR റിസൾട്ട് ഹാജരാക്കേണ്ടതാണ്.
ചാർട്ടർ വിമാനങ്ങളുൾപ്പടെ മുഴുവൻ വിമാനങ്ങൾക്കും മേൽപ്പറഞ്ഞ നിബന്ധനകൾ ബാധകമാണ്. ഈ തീരുമാനത്തിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് സൗദി അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

🇴🇲ഒമാൻ: ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു.

✒️മസ്കറ്റിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. 2022 ജൂൺ 2-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.

ഈ അറിയിപ്പ് പ്രകാരം ഇത്തരം സ്ഥാപനങ്ങൾക്ക് താഴെ പറയുന്ന മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് മാത്രമായിരിക്കും പുതിയ പെർമിറ്റുകൾ അനുവദിക്കുന്നത്:

മസ്‌കറ്റിലെ റെസിഡൻഷ്യൽ കൊമ്മേർഷ്യൽ ബിൽഡിങ്ങുകൾ, കൊമ്മേർഷ്യൽ ബിൽഡിങ്ങുകൾ എന്നിവയിൽ മാത്രമായിരിക്കും (ബഹുനില കെട്ടിടങ്ങളിൽ) ഇത്തരം സ്ഥാപനങ്ങൾ നടത്താൻ അനുമതി.
ഇത്തരം ബിൽഡിങ്ങുകളിലെ ഗ്രൗണ്ട് ഫ്ലോറിൽ മാത്രമായിരിക്കും ഇത്തരം സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി.
ഇത്തരം കെട്ടിടങ്ങളിൽ താമസിക്കുന്നവർക്ക് അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായാണ് പുതിയ സലൂൺ, ഹെയർ ഡ്രസ്സിങ്ങ് സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കുന്നതിനുള്ള അനുമതി കെട്ടിടങ്ങളുടെ ഗ്രൗണ്ട് ഫ്ലോറിൽ മാത്രമായി പരിമിതപ്പെടുത്തുന്നത്.

നിലവിൽ ഇത്തരം കെട്ടിടങ്ങളുടെ മുകൾ നിലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ പെർമിറ്റുകൾ പുതുക്കുന്നതിനും മുനിസിപ്പാലിറ്റി പുതിയ മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഉടമസ്ഥാവകാശം മറ്റൊരു വ്യക്തിയിലേക്ക് കൈമാറാത്ത ഇത്തരം സ്ഥാപനങ്ങൾക്ക് മാത്രമാണ് ലൈസൻസ് പുതുക്കി നൽകുന്നത്.

🇸🇦സൗദി: ചെക്ക്-ഇൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിമാനയാത്രികർക്ക് വിലക്കേർപ്പെടുത്തിയതായി GACA.

✒️രാജ്യത്ത് നിന്ന് മടങ്ങുന്ന വിമാനങ്ങളിലെ യാത്രികർ തങ്ങളുടെ ചെക്ക്-ഇൻ ബാഗേജുകകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് വിലക്കേർപ്പെടുത്തിയതായി സൗദി വ്യോമയാന അധികൃതർ അറിയിച്ചു. 2022 ജൂൺ 1-നാണ് സൗദി ജനറൽ അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (GACA) ഇതുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയത്.

യാത്രികർക്ക് തങ്ങളുടെ ക്യാബിൻ ലഗേജിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി ഉണ്ടായിരിക്കുന്നതാണ്. ഇതുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക വിജ്ഞാപനം GACA സൗദി അറേബ്യയിൽ സർവീസ് നടത്തുന്ന എല്ലാ വിമാനകമ്പനികൾക്കും നൽകിയിട്ടുണ്ട്. ഈ നിരോധനം ഏർപ്പെടുത്താനിടയായ സാഹചര്യത്തെക്കുറിച്ച് GACA വ്യക്തത നൽകിയിട്ടില്ല.

ഈ വിജ്ഞാപന പ്രകാരം, യാത്രികർക്ക് തങ്ങളുടെ ചെക്ക്-ഇൻ ലഗേജുകളിൽ സംസം ജലം കൊണ്ടുപോകുന്നതിന് അനുമതി നൽകരുതെന്നും, ഇക്കാര്യം വിമാനകമ്പനികൾ ഉറപ്പ് വരുത്തണമെന്നും GACA അറിയിച്ചിട്ടുണ്ട്. GACA വിജ്ഞാപനം പാലിക്കാതെ സേവനങ്ങൾ നടത്തുന്ന കമ്പനികൾക്കെതിരെ നിയമനടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

🇶🇦ഖത്തർ ഡിജിറ്റൽ ഐ.ഡി ആപ്പ് സ്റ്റോറിൽ.

✒️മിലിപോൾ ആഭ്യന്തര സുരക്ഷ പ്രദർശനവേളയിൽ മന്ത്രാലയം പുറത്തിറക്കിയ 'ഡിജിറ്റൽ ഐ.ഡി'ആപ്ലിക്കേഷൻ ആപ്പ് സ്റ്റോറിലൂടെ ലഭ്യമായിത്തുടങ്ങി. കഴിഞ്ഞ ദിവസമാണ് ആദ്യഘട്ടമെന്ന നിലയിൽ ആപ്പ് സ്റ്റോർ വഴി പുറത്തിറക്കിയത്.

'ക്യൂ.ഡി.ഐ'എന്ന പേരിൽ സർച് ചെയ്ത് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഐ.ഡി നമ്പർ നൽകിയോ സ്കാൻ ചെയ്തോ രജിസ്ട്രേഷൻ ചെയ്യാം. തുടർന്ന്, ഉപയോക്താവിന്‍റെ മുഖം സ്കാൻ ചെയ്താൽ ഡിജി ഐ.ഡി പ്രവർത്തനക്ഷമമാവും.

പൊതുജനങ്ങൾ ഉപയോഗിക്കുന്ന ഖത്തർ ഐഡിയെ തീർത്തും ഡിജിറ്റലാക്കി മാറ്റുന്ന വിധത്തിലാണ് പുതിയ ആപ്ലിക്കേഷൻ. സൈബർ ഇടങ്ങളിൽ ഐ.ഡി ഉപയോഗിക്കുമ്പോൾ ഏറെ സുരക്ഷിതത്വവും

ഉറപ്പാക്കുന്നു. ഖത്തർ ദേശീയ വിഷൻ 2030ന്‍റെ ഭാഗമായി ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്നാണിത്.

ഉപയോക്താക്കളുടെ ഡിജിറ്റല്‍ ഐഡന്റിറ്റിയില്‍ ഉയര്‍ന്ന വിശ്വാസ്യത കൈവരിക്കാന്‍ കഴിയുന്നതും സുരക്ഷിതവും ഉപയോഗിക്കാന്‍ എളുപ്പവുമായ ആപ്ലിക്കേഷനായിരിക്കും ഖത്തർ ഡിജിറ്റൽ ഐ.ഡി കാർഡ്.

സേവനം ഉപയോഗിക്കാന്‍ അർഹനായ വ്യക്തികളുടെ ഐഡന്റിറ്റിയും സാധുതയും ആധികാരികമാക്കുന്നതിനൊപ്പം ഇന്റര്‍നെറ്റുകളിലൂടെയുള്ള ഇലക്ട്രോണിക് ഇടപാടുകളുടെ സുരക്ഷ ഉറപ്പാക്കി സുരക്ഷിത സൈബര്‍ ഇടങ്ങള്‍ എന്ന ആശയത്തിനും ആപ്ലിക്കേഷന്‍ വഴിയൊരുക്കും.

വ്യക്തികളുടെ ഇലക്ട്രോണിക് സിഗ്‌നേച്ചറുമായി ബന്ധിപ്പിച്ചാണ് ഉപയോക്താവിന്റെ ഐഡന്റിറ്റി തയാറാക്കുന്നത്. ദേശീയ ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റും ഐഡന്റിറ്റിയിലുണ്ടാകും.

രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചുള്ള ഇലക്ട്രോണിക് ഇടപാടുകള്‍ അംഗീകരിക്കുന്നതിനും ഇടപാടുകളെ സൈബര്‍ തട്ടിപ്പുകളില്‍നിന്ന് സംരക്ഷിക്കുന്നതിനുമാണ് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റ്.

ആഭ്യന്തര മന്ത്രാലയത്തിലെ ഡിജിറ്റൽ ഇടപാടുകൾ സംബന്ധിച്ച രേഖകൾ സൂക്ഷിക്കാനും സേവന ഇടപാടുകൾ ലഭ്യമാക്കാനുമായി ഡിജിറ്റൽ വാലറ്റും ആപ്ലിക്കേഷനിലുണ്ട്.

ഖത്തർ ഐ.ഡി കാർഡിനൊപ്പം, ഡ്രൈവിങ് ലൈസന്‍സ്, വാഹന ലൈസന്‍സ് എന്നിവയുടെയെല്ലാം ഡിജിറ്റല്‍ കോപ്പിയും പുതുതായി അവതരിപ്പിക്കുന്ന ആപ്ലിക്കേഷന്‍റെ വാലറ്റിൽ ലഭ്യമാവും.

Post a Comment

0 Comments