🇴🇲ഒറ്റ ക്ലിക്കില്‍ ആംബുലന്‍സ് സേവനങ്ങള്‍; 'നിദ' ആപ്ലിക്കേഷനുമായി ഒമാന് സിവില്‍ ഡിഫന്‍സ്.
✒️അടിയന്തര സാഹചര്യങ്ങളെ കുറിച്ച് പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്യാന്‍ സഹായിക്കുന്ന 'നിദ' ഇലക്ട്രോണിക്ക് ആപ്ലിക്കേഷനുമായി സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വിഭാഗം. ഒറ്റ ക്ലിക്കിലൂടെ ആംബുലന്‍സ് (എസ് ഒ എസ്) സംവിധാനം ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന ആളുകളിലേക്ക് എത്തുന്ന രീതിയിലാണ് ഇത് സജ്ജീകരിച്ചിരിക്കുന്നത്.
സംസാരിക്കാന്‍ കഴിയാത്തവരെയും കേള്‍വി വൈകല്യമുള്ള ആളുകളെയുമാണ് ഈ ഫീച്ചറിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. അപകടങ്ങള്‍, പരിക്കുകള്‍, കെട്ടിടങ്ങളും മറ്റും തകര്‍ച്ച, തീപിടിത്തങ്ങള്‍, മുങ്ങിമരണം തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിയും. ഏറ്റവും അടുത്തുള്ള സിവില്‍ ഡിഫന്‍സ്, ആംബുലന്‍സ് കേന്ദ്രം, സമീപത്തുള്ള ആരോഗ്യ സ്ഥാപനം എന്നിവ കണ്ടെത്താന്‍ സഹായിക്കുന്ന ഒരു ഇന്ററാക്ടീവ് മാപ്പും ആപ്ലിക്കേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്. സേവനങ്ങള്‍ മുഴുവന്‍ ആളുകളിലേക്കും എളുപ്പത്തില്‍ എത്തിക്കുകയാണ് ആപ്ലിക്കേഷനിലൂടെ ലക്ഷ്യം വെക്കുന്നത്.
🇦🇪കേരളത്തിന്റെ സ്വന്തം തേയില രുചിക്കാന്‍ ഗള്‍ഫ് നാടുകള്‍; സപ്ലൈകോ ഉല്‍പ്പന്നം യുഎഇ വിപണിയില്‍.
✒️കേരള സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ഉല്‍പ്പന്നമായ ശബരി പ്രീമിയം ടീ യുഎഇ വിപണിയിലിറക്കി. ജിസിസി വിപണി ലക്ഷ്യമിടുന്ന ഉല്‍പ്പന്നം തുടക്കമെന്ന നിലയിലാണ് യുഎഇയില്‍ അവതരിപ്പിച്ചത്.
അബുദാബിയില്‍ ശബരി പ്രീമിയം ടീയുടെ ജിസിസി വിതരണോദ്ഘാടനം ഭക്ഷ്യ, സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍ അനില്‍ നിര്‍വ്വഹിച്ചു. വൈകാതെ തന്നെ മസാല ഉള്‍പ്പെടെ കേരളത്തിന്റെ തനത് ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് മന്ത്രി പറഞ്ഞു. ബി ഫ്രഷ് എന്ന കമ്പനിക്കാണ് ജിസിസി രാജ്യങ്ങളിലെ വിതരണാവകാശം. മാസത്തില്‍ 20 ടണ്‍ തേയിലയാണ് യുഎഇയില്‍ എത്തിക്കുക. ക്രമാനുഗതമായി ഇത് വര്‍ധിപ്പിക്കും. ആദ്യമായാണ് സപ്ലൈകോ ഉല്‍പ്പന്നങ്ങള്‍ വിദേശ വിപണിയില്‍ എത്തിക്കുന്നത്.
🇦🇪വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി ദുബൈ പൊലീസ്.
✒️വേനല്‍ച്ചൂടില്‍ തൊഴിലാളികള്‍ക്ക് ആശ്വാസമായി കുടിവെള്ളവും ജ്യൂസും വിതരണം ചെയ്ത് ദുബൈ പൊലീസ്. 500ലേറെ തൊഴിലാളികള്‍ക്കാണ് ഹത്തയില്‍ ദുബൈ പൊലീസ് കുടിവെള്ളം ഉള്‍പ്പെടെ വിതരണം ചെയ്തത്.
ഹത്ത പൊലീസ് സ്റ്റേഷന്‍ ആരംഭിച്ച 'സോഖിയ ഹത്ത' എന്ന് പേരിട്ട പദ്ധതി പ്രകാരമാണ് തൊഴിലാളികള്‍ക്കായി കുടിവെള്ള വിതരണം നടത്തിയത്. ഹത്ത ആശുപത്രി, തദാവി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ സൗജന്യ ആരോഗ്യ പരിശോധനയും നടത്തിയിരുന്നു. കൂടാതെ തൊഴിലാളികള്‍ക്കായി വിവിധ വിഷയങ്ങളില്‍ ക്ലാസുകളും നല്‍കി.
🇦🇪യുഎഇയില്‍ 1,657 പേര്‍ക്ക് കൂടി കൊവിഡ്, ഒരു മരണം.
✒️അബുദാബി: യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും 1500ന് മുകളില്‍. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,657 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ചികിത്സയിലായിരുന്ന 1,665 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. പുതിയതായി ഒരു മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.
പുതിയതായി നടത്തിയ 3,12,752 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,35,345 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,15,857 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,310 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.
🇰🇼പരിശോധനകളില്‍ പിടിയിലായി ആറ് മാസത്തിനിടെ നാടുകടത്തപ്പെട്ടത് 10,800 പ്രവാസികള്‍.
✒️കുവൈത്തില്‍ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരില്‍ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകള്‍ റിപ്പോര്‍ട്ട് ചെയ്‍തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളില്‍ 2022 ജനുവരി ഒന്ന് മുതല്‍ ജൂണ്‍ 20 വരെ പിടിയിലായവരുടെ കണക്കാണിത്.
ചെറിയ വരുമാനക്കാരും ബാച്ചിലേഴ്‍സ് അക്കൊമഡേഷനുകളില്‍ താമസിക്കുന്നവരുമാണ് പരിശോധനകളില്‍ പിടിയിലായവരില്‍ അധിക പേരുമെന്ന് അല്‍ സിയാസ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീബ് അല്‍ ശുയൂഖ്, മഹ്‍ബുല, ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ, ബുനൈദ് അല്‍ ഗാര്‍, വഫ്റ ഫാംസ്, അബ്‍ദലി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള പരിശോധനകള്‍ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതര്‍ അറിയിച്ചു.
നിരന്തരമുള്ള പരിശോധനകളില്‍ നിന്ന് രക്ഷപ്പെടുന്നതിനായി, നിയമലംഘകരായ പ്രവാസികള്‍ ജലീബ് അല്‍ ശുയൂഖ് വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് മാറുന്നതായുള്ള റിപ്പോര്‍ട്ടുകളും അധികൃതര്‍ നിഷേധിച്ചു. നിയമലംഘകര്‍ക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതും നല്‍കാതെയാണ് പരിശോധനകള്‍ നടത്തുന്നതെന്നാണ് അധികൃതരുടെ നിലപാട്.
താമസ നിയമലംഘകര്‍ക്കെതിരായ നടപടികളും സുരക്ഷാ വകുപ്പുകളുടെ പരിശോധനകളും ഓരോ ദിവസവും ആഭ്യന്തര മന്ത്രി ശൈഖ് അഹ്‍മദ് അല്‍ നവാഫും ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസും വിലയിരുത്താറുണ്ടെന്നും അധികൃതര്‍ സൂചിപ്പിച്ചു. നിയമപരമായ എല്ലാ നടപടികളും പൂര്‍ത്തീകരിച്ചുകൊണ്ടും നിയമം പാലിച്ചുകൊണ്ടും കുവൈത്തില്‍ താമസിക്കുന്ന ഒരാള്‍ക്കും യാതൊരു പ്രശ്‍നവും ഇത്തരം നടപടികളിലൂടെ ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.
🇦🇪കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ഗോ ഫസ്റ്റ് സര്‍വീസുകള്‍ ചൊവ്വാഴ്ച തുടങ്ങും.
✒️രാജ്യാന്തര തലത്തിലും ദക്ഷിണേന്ത്യയിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് 28 മുതല്‍ കൊച്ചിയില്‍ നിന്നും അബുദാബിയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം നേരിട്ടുള്ള സര്‍വീസുകള്‍ നടത്തും. ആദ്യ വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും വൈകീട്ട് 8:05ന് പുറപ്പെട്ട് 10:40ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. തിരികെ അബുദാബിയില്‍ നിന്നും രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് കൊച്ചിയിലെത്തും.
കൊച്ചിക്കും അബുദാബിക്കും ഇടയില്‍ ആഴ്ചയില്‍ മൂന്ന് സര്‍വീസുകളുണ്ടാകും. 15,793 രൂപയുടെ റിട്ടേണ്‍ നിരക്കില്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റിലേക്കുള്ള ഗോ ഫസ്റ്റിന്റെ ചുവടുകള്‍ ശക്തിപ്പെടുത്തുന്നതിനും യാത്രക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ യാത്രചെയ്യാനുമുള്ള അവസരമാണ് ഇതുവഴി സാധ്യമാകുകയെന്ന് കമ്പനി അറിയിച്ചു. കൊച്ചി-അബുദാബി റൂട്ടില്‍ ഇരുഭാഗത്തേക്കും നേരിട്ട് ഫ്‌ളൈറ്റ് സര്‍വീസ് ആരംഭിക്കുന്നതോടെ നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്കും ഉപകാരപ്രദമാകും.
മിഡില്‍ ഈസ്റ്റിലെ തങ്ങളുടെ കണക്റ്റീവിറ്റി ശക്തിപ്പെടുത്തികൊണ്ട് കേരളത്തിനും അബുദാബിക്കും ഇടയില്‍ നോണ്‍-സ്റ്റോപ്പ് ഫ്‌ളൈറ്റുകള്‍ അവതരിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും ഈ മേഖലയിലെ വികസനം ഗോ ഫസ്റ്റിനെ ഈ നഗരങ്ങളിലെ യാത്രക്കാരുടെ പ്രിയപ്പെട്ട സര്‍വീസാക്കി മാറ്റുമെന്നും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിലുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയാണ് പുതിയ റൂട്ടുകളിലൂടെ പ്രതിഫലിക്കുന്നതെന്നും ഗോ ഫസ്റ്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൗശിക് ഖോന പറഞ്ഞു.
ഫ്‌ളൈറ്റ് ഷെഡ്യൂള്‍:
കൊച്ചി-അബുദാബി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:40ന് എത്തിച്ചേരും.
അബുദാബി-കൊച്ചി സര്‍വീസ് ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ രാത്രി 11:40ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.
വെള്ളിയാഴ്ചകളില്‍ കൊച്ചി-അബുദാബി സര്‍വീസ് വൈകീട്ട് 8:05ന് പുറപ്പെട്ട് രാത്രി 10:30ന് എത്തിച്ചേരും.
വെള്ളിയാഴ്ചകളില്‍ അബുദാബി -കൊച്ചി സര്‍വീസ് രാത്രി 11:30ന് പുറപ്പെട്ട് പുലര്‍ച്ചെ 5:10ന് എത്തിച്ചേരും.
🇸🇦സൗദി അറേബ്യയിൽ ഇന്ന് മൂന്ന് കൊവിഡ് മരണം; 1,004 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
✒️റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നുപേർ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയതായി 1,004 പേർക്ക് രോഗം സ്ഥിരീകരിച്ചു. നിലവിലെ രോഗികളിൽ 927 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,90,223 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,71,081 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,198 ആയി.
നിലവിലുള്ള രോഗബാധിതരിൽ 10,082 പേരാണ് ഇപ്പോള്‍ ചികിത്സയിൽ കഴിയുന്നത്. ഇവരില്‍ 144 പേർ ഗുരുതരവാസ്ഥയിൽ തുടരുന്നു. രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ് ഇവർ. 24 മണിക്കൂറിനിടെ 26,982 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 363, ജിദ്ദ - 137, ദമ്മാം - 68, ഹുഫൂഫ് - 47, മക്ക - 24, മദീന - 22, ഖോബാർ - 22, ദഹ്റാൻ - 14, തായിഫ് - 13, അബഹ - 13, ജുബൈൽ - 11, ബുറൈദ - 9, അൽഖർജ് - 7, ജീസാൻ - 7, നജ്റാൻ - 7, ഖത്വീഫ് - 7, തബൂക്ക് - 6, അൽബാഹ - 6, ഖമീസ് മുഷൈത്ത് - 5, സാറാത് ഉബൈദ - 5, ഉനൈസ - 5, അൽറസ് - 5, ഖുവയ്യിഅ - 5, ഹായിൽ - 4, ദവാദ്മി - 4, ദഹ്റാൻ ജനൂബ് - 4, സാംത - 4, സബ്‍യ - 4, ബീഷ - 4, അഫീഫ് - 3, അബൂ അരീഷ് - 3, യാംബു - 3, ഹഫർ - 3, ഖഫ്ജി - 3, വാദി ദവാസിർ - 3, അൽമബ്റസ് - 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
🇦🇪ബോര്‍ഡിങ് പാസിന്റെ ഫോട്ടോ എടുത്ത് സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്ക് മുന്നറിയിപ്പ്.
✒️വിമാനത്തില്‍ യാത്ര ചെയ്യുന്നതിനുള്ള ബോര്‍ഡിങ് പാസിന്റെ ഫോട്ടോയും യാത്രാ വിവരങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ മുന്നറിയിപ്പുമായി ദുബൈ പൊലീസ്. ഇത്തരം വിവരങ്ങള്‍ തട്ടിപ്പുകാരും മോഷ്ടാക്കളുമൊക്കെ ഉപയോഗിക്കുമെന്ന് ഒരു യുഎഇ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ദുബൈ പൊലീസ് സൈബര്‍ ക്രൈം കോംബാറ്റിങ് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ കേണല്‍ സഈദ് അല്‍ ഹജരി പറഞ്ഞു.
യുഎഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ വിമാന യാത്രക്കാരുടെ തിരക്കേറുന്ന വേനല്‍ കാല സീസണ്‍ തുടങ്ങാനിരിക്കെയാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ മുന്നറിയിപ്പ്. യാത്രാ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതിന് പിന്നാലെ യുഎഇയിലെ ഒരു പ്രമുഖ വ്യക്തി കൊള്ളയടിക്കപ്പെട്ട സംഭവം ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബോര്‍ഡിങ് പാസുകളില്‍ ബാര്‍കോഡുകളും മറ്റ് വിവരങ്ങളുമുണ്ടാകും. ഇവ യാത്രക്കാരുടെ വ്യക്തിഗത വിവരങ്ങള്‍ മോഷ്ടിക്കാനോ അല്ലെങ്കില്‍ കുറ്റകൃത്യങ്ങള്‍ക്കായോ ഉപയോഗിക്കപ്പെട്ടേക്കുമെന്ന് പൊലീസ് പറയുന്നു.
'വിമാനത്തിലെ ബിസിനസ് ക്ലാസിലും ഫസ്റ്റ് ക്ലാസിലുമൊക്കെ യാത്ര ചെയ്യുന്നെന്ന് കാണിക്കാനാണ് പലരും ഇത്തരം രേഖകള്‍ സോഷ്യല്‍ മീഡിയകളില്‍ പോസ്റ്റ് ചെയ്യുന്നത്. എന്നാല്‍ ക്രിമിനലുകള്‍ക്ക് അവരുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറാനുള്ള ഒരു വഴിയാണ് അതിലൂടെ ഒരുക്കിക്കൊടുക്കുന്നതെന്നും' കേണല്‍ അല്‍ ഹജരി പറഞ്ഞു.
'സോഷ്യല്‍ മീഡിയകളിലെ വീഡിയോകളിലൂടെ യാത്രാ പദ്ധതികള്‍ പൂര്‍ണമായി വിവരിക്കുന്നവരുമുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഫോളോവര്‍മാരെ ലഭിക്കാനാണ് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതെങ്കിലും ക്രിമിനലുകള്‍ക്ക് അവരുടെ യാത്രാ വിവരങ്ങള്‍ കൃത്യമായി മനസിലാക്കിയ ശേഷം ആളില്ലാത്ത സമയം കണക്കാക്കി അവരുടെ വീടുകളില്‍ മോഷണം നടത്താനാവും.
വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാക്കാനായി ക്രിമനല്‍ സംഘങ്ങള്‍ ഏതറ്റം വരെയും പോകുമെന്ന യാഥാര്‍ത്ഥ്യത്തെ പലരും വില കുറച്ചുകാണുകയാണ്. യാത്രക്കാര്‍ അവരുടെ വ്യക്തി വിവരങ്ങളോ ബോര്‍ഡിങ് പാസിന്റെ ചിത്രമോ യാത്രാ പദ്ധതികളോ സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു.
🇶🇦ഖത്തർ: 2022 നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്താൻ തീരുമാനം.
✒️2022 നവംബർ 15 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഖത്തർ മുനിസിപ്പാലിറ്റി മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 23-നാണ് ഖത്തർ മിനിസ്ട്രി ഓഫ് മുനിസിപ്പാലിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
2022 ജൂൺ 23-ന് മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക പത്രസമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. മുനിസിപ്പാലിറ്റി മിനിസ്ട്രി ലീഗൽ വിഭാഗം ഡയറക്ടർ അഹ്‌മദ് യൗസേഫ് അൽ എമാദി, വേസ്റ്റ് റീസൈക്ലിങ്ങ് ആൻഡ് ട്രീറ്റ്മെന്റ് വകുപ്പ് ഡയറക്ടർ എൻജിനീയർ ഹമദ് ജാസ്സിം അൽ ബഹർ, അൽ വക്ര മുനിസിപ്പാലിറ്റി ഡയറക്ടർ എൻജിനീയർ മുഹമ്മദ് ഹസ്സൻ അൽ നുഐമി, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ ഈ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
നാല്പത് മൈക്രോണിൽ താഴെ കനമുള്ളതും, ഒറ്റത്തവണ ഉപയോഗിച്ചശേഷം കളയുന്നതുമായ പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ നിരോധനം. രാജ്യത്ത് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് ശുപാർശ ചെയ്തു കൊണ്ടുള്ള ഒരു കരട് പ്രമേയത്തിന് 2022 മെയ് 25-ന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകിയിരുന്നു.
പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് ഖത്തർ ഇത്തരം ഒരു പ്ലാസ്റ്റിക് നിയന്ത്രണം ഏർപ്പെടുത്തുന്നതിന് ഒരുങ്ങുന്നത്.
ഈ ക്യാബിനറ്റ് തീരുമാനത്തിന്റ പശ്ചാത്തലത്തിലാണ് ഖത്തറിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ, നവംബർ 15 മുതൽ, ഖത്തറിലെ വാണിജ്യ കേന്ദ്രങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ സാധനങ്ങൾ പായ്ക്ക് ചെയ്യുന്നതിനോ, വിതരണം ചെയ്യുന്നതിനോ, ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകുന്നതിനോ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ അനുമതിയുണ്ടായിരിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം പ്ലാസ്റ്റിക് ബാഗുകൾക്ക് ബദലായി ഒന്നിലധികം തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോ-ഡീഗ്രേഡബിൾ ബാഗുകൾ, തുണി, കടലാസ് എന്നിവയാൽ നിർമ്മിച്ച ബാഗുകൾ എന്നിവ ഉപയോഗിക്കേണ്ടതാണ്. ഇത്തരത്തിൽ ബദലായി ഉപയോഗിക്കുന്ന ബാഗുകൾ രാജ്യത്ത് അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകൾ പാലിക്കുന്ന രീതിയിൽ തയ്യാറാക്കിയവ ആയിരിക്കണം. ഇതിന്റെ ഭാഗമായി പ്ലാസ്റ്റിക് ബാഗുകളിൽ അവയുടെ തരമനുസരിച്ച് ‘ഡീഗ്രേഡബിൾ/ റീ-യൂസബിൾ/ റീ-സൈക്ലബിൾ’ എന്നിവ സൂചിപ്പിക്കുന്നതിനുള്ള പ്രത്യേക മുദ്ര പതിപ്പിച്ചിരിക്കണം.
🇴🇲സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ട് സര്‍വീസുമായി സലാം എയര്‍.
✒️സുഹാറില്‍ നിന്ന് ആദ്യമായി കോഴിക്കോടേക്ക് നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ സലാം എയര്‍. ജൂലൈ 22ന് സര്‍വീസ് ആരംഭിക്കും. ചൊവ്വ, വെള്ളി ദിവസങ്ങളില്‍ രണ്ട് വീതം സര്‍വീസുകളാണുള്ളത്.
രാത്രി 12.25ന് സുഹാറില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാവിലെ 5.30ന് കോഴിക്കോട് എത്തും. ഇവിടെ നിന്ന് രാവിലെ 6.20ന് വിമാനം പുറപ്പെടും. ഒമാന്‍ സമയം 8.15ന് സുഹാറില്‍ എത്തും. എയര്‍ അറേബ്യ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് കണക്ഷന്‍ സര്‍വീസ് നടത്തിയിരുന്നെങ്കിലും മാസങ്ങള്‍ക്ക് മുമ്പ് ഈ സര്‍വീസ് അവസാനിപ്പിച്ചു.
🇦🇪അടുത്ത രണ്ടാഴ്ച ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അധികൃതരുടെ പ്രത്യേക നിര്‍ദേശം.
✒️ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശവുമായി അധികൃതര്‍. വേനലവധിക്കും ബലിപെരുന്നാള്‍ അവധിക്കുമായി സ്‌കൂളുകള്‍ അടയ്ക്കുന്നതിനാല്‍ അടുത്ത രണ്ട് ആഴ്ചത്തേക്ക് ദുബൈ വിമാനത്താവളത്തില്‍ തിരക്ക് ക്രമാതീതമായി ഉയരുമെന്നാണ് അധികൃതര്‍ യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നത്.
ജൂണ്‍ 24നും ജൂലൈ നാലിനും ഇടയില്‍ 24 ലക്ഷത്തോളം യാത്രക്കാര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദിവസേന ശരാശി 214,000 യാത്രക്കാരെങ്കിലും ഇതുവഴി സഞ്ചരിക്കും. ജൂലൈ രണ്ടിന് ഏറ്റവും തിരക്കേറിയ ദിവസമാകുമെന്നാണ് കരുതുന്നത്. അന്ന് 235,000 പേര്‍ ദുബൈ വിമാനത്താവളം വഴി യാത്ര ചെയ്യും. ബലിപെരുന്നാള്‍ വാരാന്ത്യമായ ജൂലൈ എട്ടിനും ഒമ്പതിനും സമാന രീതിയില്‍ യാത്രക്കാരുടെ എണ്ണം ഉയരും.
വിമാന കമ്പനികള്‍, കണ്‍ട്രോള്‍ അധികൃതര്‍, കൊമേഴ്‌സ്യല്‍, സര്‍വീസ് പാര്‍ട്ണര്‍മാര്‍ എന്നിവരുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു കൊണ്ട് യാത്രക്കാരുടെ വിമാനത്താവളത്തിലെ അനുഭവം മികച്ചതാക്കാനുള്ള ശ്രമത്തിലാണ് ദുബൈ എയര്‍പോര്‍ട്ട്.
🇦🇪യുഎഇ ചുട്ടുപൊള്ളുന്നു; ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു.
✒️യുഎഇയില്‍ താപനില ഉയരുന്നത് തുടരുന്നു. ഈ വര്‍ഷം ആദ്യമായി താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടന്നു. വ്യാഴാഴ്ചയാണ് താപനില 50 ഡിഗ്രി സെല്‍ഷ്യസ് മറികടന്നത്.
നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ വിവരം പ്രകാരം രാജ്യത്ത് അല്‍ ദഫ്ര മേഖലയിലെ ഔവ്‌ടൈഡിലാണ് 50.5 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് 2.45 മണിക്കാണ് ഈ താപനില രേഖപ്പെടുത്തിയത്. അതേസമയം രാജ്യത്തിന്റെ മറ്റൊരു വശത്ത് റാസല്‍ഖൈമയിലെ ജബല്‍ മെബ്രേഹില്‍ അതേ ദിവസം ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്. 21.3 ഡിഗ്രി സെല്‍ഷ്യസായിരുന്നു താപനില. രാവിലെ 5.15നാണ് ഇത് രേഖപ്പെടുത്തിയത്. എന്‍സിഎം പുറപ്പെടുവിച്ച അഞ്ചു ദിവസത്തെ കാലാവസ്ഥാ ബുള്ളറ്റിനില്‍ ചൂട് അടുത്ത ആഴ്ച കൂടി തുടരുമെന്നാണ് വ്യക്തമാക്കുന്നത്.
🇦🇪ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍.
✒️ഐഫോണ്‍ ഉപയോക്താക്കളെ ലക്ഷ്യമിട്ട് നടക്കുന്ന പുതിയ തട്ടിപ്പ് ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി യുഎഇ അധികൃതര്‍. ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റിയാണ് (ടി.ഡി.ആര്‍.എ) സാമൂഹിക മാധ്യമങ്ങളിലൂടെ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഐ.ഒ.എസ് പ്ലാറ്റ്ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളിലേക്ക് ചില വ്യാജ സന്ദേശങ്ങള്‍ അയച്ചാണ് തട്ടിപ്പിന് ശ്രമിക്കുന്നത്.
ഐഫോണുകളിലുള്ള ഐ മെസഞ്ചര്‍ ആപ്ലിക്കേഷന്‍ വഴിയാണ് ഇത്തരം മെസേജുകള്‍ ലഭിക്കുകയെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി മുന്നറിയിപ്പ് നല്‍കുന്നു. ട്വിറ്റിലൂടെ പങ്കുവെച്ച വീഡിയോയില്‍, ഒരു ലക്ഷം ഡോളര്‍ സമ്മാനമായി ലഭിച്ചുവെന്നും ഇത് സ്വന്തമാക്കാനായി 5000 ഡോളര്‍ നിക്ഷേപിക്കാനും ആവശ്യപ്പെടുന്നതാണ് കാണിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ വിശ്വസിച്ച് അവയുടെ പിന്നാലെ പോയാല്‍ അക്കൗണ്ടിലുള്ള മുഴുവന്‍ പണവും തട്ടിപ്പുകാര്‍ കൊണ്ടുപോകുമെന്നും വീഡിയോ പറയുന്നു.
ഐ.ഒ.എസ് പ്ലാറ്റ്ഫോമുകളില്‍ പ്രവര്‍ത്തിക്കുന്ന ഐ ഫോണുകളിലെ ഐ മെസഞ്ചര്‍ ആപ് വഴി സന്ദേശം അയച്ചുകൊണ്ട് ഒരു പുതിയ തരം തട്ടിപ്പിന് ശ്രമം നടക്കുന്നതായി വീഡിയോയുടെ അവസാനം ഒരു ഉദ്യോഗസ്ഥന്‍ വിശദീകരിക്കുന്നുമുണ്ട്. ഐഫോണ്‍ ഉപയോക്താക്കള്‍ ഇത്തരം വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ബോധവാന്മാരായിരിക്കണമെന്നും ടെലികമ്മ്യൂണിക്കേഷന്‍സ് ആന്റ് ഡിജിറ്റല്‍ ഗവണ്‍മെന്റ് അതോരിറ്റി നിര്‍ദേശിച്ചിട്ടുണ്ട്.
🇸🇦പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം.
✒️പ്രവാസികൾക്ക് സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും. ആറ് തൊഴിലുകളിൽ കൂടി സ്വദേശിവത്കരണം നടപ്പാക്കുന്നു. വ്യോമയാന രംഗത്തെ ജോലികൾ, കണ്ണട രംഗവുമായി ബന്ധപ്പെട്ട ജോലികൾ, വാഹന പീരിയോഡിക് പരിശോധന (ഫഹസ്) ജോലികൾ, തപാൽ ഔട്ട്‍ലെറ്റുകളിലെ ജോലികൾ, പാഴ്സൽ ട്രാൻസ്‍പോർട്ട് ജോലികൾ, കസ്റ്റമർ സര്‍വീസസ് ജോലികൾ, ഏഴ്വിഭാഗത്തില്പെടുന്ന വിൽപന ഔട്ട്‍ലെറ്റുകളിലെ ജോലികൾ എന്നിവയാണ് സ്വദേശിവത്കരിക്കുന്നത്. ഇതിലൂടെ 33,000 ല്‍ അധികം തൊഴിലവസരങ്ങളാണ് സ്വദേശികള്‍ക്കായി ലക്ഷ്യമിടുന്നത്.
അസിസ്റ്റന്റ് പൈലറ്റ്, എയർ ട്രാഫിക് കൺട്രോളർ, എയർ ട്രാൻസ്‍പോർട്ടർ, വിമാന പൈലറ്റുമാർ, എയർഹോസ്‍റ്റസ് എന്നീ തൊഴിലുകളാണ് വ്യോമയാന രംഗത്ത് സ്വദേശിവത്കരിക്കുന്നത്. വ്യോമയാന തൊഴിലുകളിൽ അഞ്ചോ അതിലധികമോ ജീവനക്കാരെ നിയമിക്കുന്ന എല്ലാ സ്വകാര്യ സ്ഥാപനങ്ങൾക്കും തീരുമാനം ബാധകമാണ്.
മെഡിക്കൽ ഒപ്റ്റിക്സ് ടെക്നീഷ്യൻ, ഫിസിക്കൽ ലബോറട്ടറി ടെക്നീഷ്യൻ, ലൈറ്റ് ആൻഡ് ഒപ്റ്റിക്സ്, ഒപ്റ്റിക്കൽ ടെക്നീഷ്യൻ എന്നീ ജോലികളാണ് കണ്ണട മേഖലയിൽ സ്വദേശിവത്കരിക്കുന്നത്.
വെഹിക്കിൾ പീരിയോഡിക്കൽ ടെസ്റ്റ് കേന്ദ്രത്തിലെ സൈറ്റ് മാനേജർ, അസിസ്‍റ്റന്റ് മാനേജർ, ക്വാളിറ്റി മാനേജർ, ഫിനാൻഷ്യൽ സൂപ്പർവൈസർ, സൈറ്റ് സൂപ്പർവൈസർ, ട്രാക്ക് ഹെഡ്, ഇൻസ്‍പെക്ഷൻ ടെക്നീഷ്യൻ, ഇൻസ്‍പെക്ഷൻ അസിസ്റ്റന്റ് ടെക്നീഷ്യൻ, മെയിന്റനൻസ് ടെക്നീഷ്യൻ, ഇൻഫർമേഷൻ ടെക്നീഷ്യൻ, ഡാറ്റാ എൻട്രി എന്നീ തസ്‍തികകളാണ് സ്വദേശിവത്കരിക്കുന്നത്.
തപാൽ, പാഴ്‍സൽ ഗതാഗത കേന്ദ്രങ്ങളിലെ 14 വിഭാഗം ജോലികൾ സ്വദേശിവത്കരിക്കും.
ഉപഭോക്തൃ സേവന (കസ്റ്റമർ സർവിസ്) സ്ഥാപനങ്ങളിലെ തൊഴിൽ സ്വദേശിവത്കരണം 100 ശതമാനമാണ്. സുരക്ഷാ ഉപകരണങ്ങൾ വിൽക്കുന്നതിനുള്ള ഔട്ട്‍ലെറ്റുകൾ, എലിവേറ്ററുകൾ, ഗോവണികൾ, ബെൽറ്റുകൾ എന്നിവ വിൽക്കുന്നതിനുള്ള ഔട്ട്‍ലറ്റുകൾ, കൃത്രിമ പുല്ലും പൂളുകളും വിൽക്കുന്നതിനുള്ള ഔട്ട്‍ലറ്റുകൾ, ജല ശുദ്ധീകരണ ഉപകരണങ്ങളും നാവിഗേഷൻ ഉപകരണങ്ങളും വിൽക്കുന്നതിനുള്ള ഷോപ്പുകൾ, കാറ്ററിങ് ഉപകരണങ്ങളും ഇലക്ട്രിക് വാഹനങ്ങളും വിൽക്കുന്ന കേന്ദ്രങ്ങൾ എന്നിവയും സ്വദേശിവത്കരണ തീരുമാനത്തിൽ ഉൾപ്പെടും.
🇸🇦ഹജ്ജ് 2022: ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ്.
✒️ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് 2022 ജൂൺ 23 മുതൽ സൗദി അറേബ്യയിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. 2022 ജൂൺ 22-നാണ് എമിറേറ്റ്സ് ഇക്കാര്യം അറിയിച്ചത്.
ഇതിന്റെ ഭാഗമായി തീർത്ഥാടകർക്കായി ജിദ്ദ, മദീന എന്നിവിടങ്ങളിലേക്ക് എമിറേറ്റ്സ് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തുന്നതാണ്. 2022 ജൂൺ 23 മുതൽ ജൂലൈ 20 വരെയുള്ള കാലയളവിൽ ജിദ്ദയിലേക്ക് 31 അധിക വിമാനസർവീസുകൾ ഏർപ്പെടുത്തിയതായി എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്.
ഇതേ കാലയളവിൽ മദീനയിലേക്ക് നിലവിൽ ദിനംപ്രതിയുള്ള സർവീസുകളുടെ ഇരട്ടി വിമാനങ്ങൾ സർവീസ് നടത്തുമെന്നും എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഹജ്ജ് വിസയിലുള്ള യാത്രികർക്കായാണ് ഈ സർവീസുകൾ.
ഇത്തരം യാത്രികർ 65 വയസിന് താഴെ പ്രായമുള്ളവരും, സൗദി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിൻ സ്വീകരിച്ചിട്ടുള്ളവരുമായിരിക്കണമെന്ന് എമിറേറ്റ്സ് അറിയിച്ചിട്ടുണ്ട്. ഇവർക്ക് യാത്ര പുറപ്പെടുന്നതിന് മുൻപ്, 72 മണിക്കൂറിനിടയിൽ നേടിയിട്ടുള്ള PCR റിസൾട്ട് നിർബന്ധമാണ്.
🇴🇲ഒമാൻ: പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് ROP.
✒️രാജ്യത്തെ പ്രവാസികൾക്കും, പൗരന്മാർക്കും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് രൂപത്തിൽ ഓൺലൈനിൽ നിന്ന് ലഭ്യമാണെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. 2022 ജൂൺ 21-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ROP-യുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (https://www.rop.gov.om/english/index.html) നിന്നും, ഓൺലൈൻ ആപ്പിൽ നിന്നും പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടാവുന്നതാണ്. ROP-യുടെ കീഴിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഇൻക്വയറീസ് ആൻഡ് ക്രിമിനിൽ ഇൻവെസ്റ്റിഗേഷൻസാണ് ഈ സേവനം നൽകുന്നത്.
0 Comments