Ticker

6/recent/ticker-posts

Header Ads Widget

ഒടുവിൽ തീരുമാനമായി; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി.

മുൻ ധനമന്ത്രിയും തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനുമായ യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവും. ഡൽഹിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2018ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്ഥാനാർത്ഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിൻഹ അംഗീകരിച്ചതോടെയാണ് സ്ഥാനാർഥിത്വത്തിന് വഴിതെളിഞ്ഞത്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി, നാഷ്ണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ള എന്നിവർ രാഷ്ട്രതി സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹയുടെ പേര് ഉയർന്നുവന്നത്.

” മമത ബാനർജി തൃണമൂൽ കോൺഗ്രസിൽ എനിക്കു നൽകിയ ആദരവിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദിയുള്ളവനാണ്. ദേശീയ താൽപര്യം മുൻനിർത്തി പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്നും മാറി നിൽക്കേണ്ട സമയം വന്നിരിക്കുന്നു. അതിന് അവർ അനുമതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – യശ്വന്ത് സിൻഹ നേരത്തേ ട്വീറ്റ് ചെയ്ത വാക്കുകളാണിത്.

നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്. ജൂലൈ 18നാണ് വോട്ടെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണൽ നടത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജുലൈ 24നാണ് അവസാനിക്കുന്നത്.

24 വ‍ര്‍ഷം സിവിൽ സ‍ര്‍വീസ് മേഖലയിൽ പ്രവ‍ത്തിച്ച അദ്ദേഹം 1986 ലാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. ജനതാദളിലൂടെയായിരുന്നു യശ്വന്ത് സിൻഹയുടെ രാഷ്ട്രീയ പ്രവേശനം. പിന്നീട് ബിജെപി മന്ത്രിസഭയിലടക്കം കേന്ദ്രമന്ത്രിയായി പ്രവർ‍ത്തിച്ചു. ചന്ദ്രശേഖ‍ര്‍, വാജ്പേയി മന്ത്രിസഭകളിൽ അംഗമായിരുന്നു.. ചന്ദ്രശേഖ‍റിന്റെ കേന്ദ്ര മന്ത്രിസഭയിൽ ധനമന്ത്രിയായി പ്രവ‍ര്‍ത്തിച്ചു. പിന്നീട് ബിജെപിയിൽ ചേര്‍ന്ന ശേഷം വാജ്പേയ് മന്ത്രിസഭയിൽ ധനകാര്യമന്ത്രിയായും വിദേശ കാര്യമന്ത്രിയായും പ്രവ‍‍ര്‍ത്തിച്ചു. അതിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായതോടെ അദ്ദേഹത്തോട് ഇടഞ്ഞാണ് 2018 ൽ ബിജെപി വിട്ടത്. പിന്നീട് 2021 ൽ അദ്ദേഹം തൃണമൂൽ കോൺഗ്രസിൽ ചേര്‍ന്നു. നിലവിൽ തൃണമൂൽ വൈസ്പ്രസിഡന്റായിരിക്കെയാണ് രാഷ്ട്രപതി സ്ഥാനാർത്ഥിയാകാൻ രാജിവെച്ചത്. ബിജെപിയുടെ ഒരു മുൻ നേതാവിനെ തന്നെയാണ് പ്രതിപക്ഷം രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്നതെന്നത് ശ്രദ്ധേയമാണ്

Post a Comment

0 Comments