🛫എമിറേറ്റ്‌സ് ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്യും; ലഗേജും എടുക്കും.
✒️എമിറേറ്റ്‌സില്‍ യാത്ര ചെയ്യുന്ന ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് അധികൃതര്‍ വീട്ടിലെത്തി ചെക്ക് ഇന്‍ ചെയ്തു തരും. രേഖകളും ബാഗുകളും പരിശോധിക്കുകയും ബോര്‍ഡിങ് പാസ് തരികയും ചെയ്യും. തിരിച്ചു പോകുമ്പോള്‍ ലഗേജ് അവരുടെ വാഹനത്തില്‍ കൊണ്ടു പോകുകയും ചെയ്യും.
ദുബൈയിലും ഷാര്‍ജയിലും താമസിക്കുന്ന യാത്രക്കാര്‍ക്കാണ് ഈ സൗകര്യം ലഭിക്കുക. വിമാനത്തില്‍ കയറുന്നതിന് ഒന്നര മണിക്കൂര്‍ മുമ്പ് എത്തിയാല്‍ മതി. യാത്രക്കാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള വാഹന സൗകര്യവും കമ്പനി നല്‍കും. യാത്രയ്ക്ക് 24 മണിക്കൂര്‍ മുമ്പെങ്കിലും ഹോം ചെക്ക് ഇന്‍ ബുക്ക് ചെയ്യണം. ഈ സേവനം തികച്ചും സൗജന്യമായിരിക്കുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു.
🇸🇦സൗദിയില്‍ 831 പേര്‍ക്ക് കൂടി കൊവിഡ്, രണ്ട് മരണം.
✒️സൗദി അറേബ്യയില്‍ പുതുതായി 831 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോവിഡ് ബാധിച്ച് രണ്ടുപേര്‍ മരിച്ചു. നിലവിലെ രോഗികളില്‍ 804 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,83,907 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,64,898 ആയി ഉയര്‍ന്നു.
ആകെ മരണസംഖ്യ 9,185 ആയി. രോഗബാധിതരില്‍ 9,824 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 114 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 23,648 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 376, ദമ്മാം 109, ജിദ്ദ 104, ഹുഫൂഫ് 44, മക്ക 23, അബഹ 23, മദീന 20, അല്‍ഖര്‍ജ് 11, ത്വാഇഫ് 9, ദഹ്‌റാന്‍ 9 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,646,196 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,703,460 ആദ്യ ഡോസും 25,070,671 രണ്ടാം ഡോസും 14,872,065 ബൂസ്റ്റര്‍ ഡോസുമാണ്.
🇦🇪യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു.
✒️യുഎഇയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഷാര്‍ജയിലെ അല്‍ബതേഹില്‍ ഉച്ചയ്ക്ക് 3.27നാണ് ഭൂചലനമുണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. യുഎഇയില്‍ ആഘാതങ്ങള്‍ സൃഷ്ടിക്കാതെ ഭൂചലനം അവസാനിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
🇦🇪യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി ഓണ്‍ലൈന്‍ വഴി.
✒️യുഎഇയില്‍ ഇ-സ്‌കൂട്ടര്‍ ഓടിക്കാനുള്ള പെര്‍മിറ്റ് ഇനി മുതല്‍ ഓണ്‍ലൈനായും നേടാം. പെര്‍മിറ്റ് ലഭിക്കാന്‍ ആര്‍ടിഎ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിശദാംശങ്ങള്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വെബ്‌സൈറ്റ് വഴി 30 മിനിറ്റ് സൗജന്യ ഓണ്‍ലൈന്‍ തിയറി പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്കാണ് പെര്‍മിറ്റ് ലഭിക്കുക.
പരീക്ഷയില്‍ കുറഞ്ഞത് 75 ശതമാനം മാര്‍ക്ക് നേടിയാലേ വിജയിക്കുകയുള്ളൂ. വിജയിക്കുന്നവര്‍ക്ക് ലൈസന്‍സ് പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. ഇ സ്‌കൂട്ടര്‍ സുരക്ഷാ നിയമങ്ങള്‍ വിശദമാക്കുന്ന റൈഡര്‍മാര്‍ക്കുള്ള മാനുവലും സഹായകരമാണ്. വെബ്‌സൈറ്റ് -
https://www.rta.ae/wps/portal/rta/ae/home/promotion/rta-esccoter?lang=ar.
🚔സ്പീഡ് ക്യാമറയ്ക്ക് മുമ്പില്‍ നടുവിരല്‍ കാണിച്ചു; ഡ്രൈവര്‍ക്ക് വന്‍തുക പിഴ.
✒️വാഹനയാത്രക്കിടെ സ്പീഡ് ക്യാമറയ്ക്ക് മുമ്പില്‍ നടുവിരല്‍ കാണിച്ചതിന് ഡ്രൈവര്‍ക്ക് പിഴ. ജര്‍മ്മനിയിലെ ബവേറിയയിലാണ് സംഭവം. 5,000 യൂറോ (നാലു ലക്ഷത്തിലേറെ രൂപ) ആണ് 53കാരനായ ഡ്രൈവര്‍ക്ക് പിഴ ചുമത്തിയത്.
ബവേറിയ സംസ്ഥാനത്തെ പസാവിലെ ഡ്രൈവര്‍ക്കാണ് 5,000 യൂറോ പിഴ വിധിച്ചത്. പസാവു ജില്ലാ കോടതിയുടേതാണ് വിധി. കോടതി ഉത്തരവില്‍ ഡ്രൈവര്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കേസ് മാസങ്ങളോളം നീണ്ടു. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിക്കുകയും മാപ്പ് പറയുകയും ചെയ്യുന്നതായി പൊലീസിന് അയച്ച കത്തില്‍ പറയുന്നു. വാഹനം ഓടിക്കുമ്പോള്‍ നടുവിരല്‍ കാണിക്കുന്നത് ജര്‍മനിയില്‍ സെക്ഷന്‍ 185 പ്രകാരം കുറ്റകരമാണ്.
🇦🇪പന്ത്രണ്ട് കേന്ദ്രങ്ങളില്‍ പാസ്‌പോര്‍ട്ട് സേവനങ്ങളുമായി കോണ്‍സുലേറ്റ്.
✒️പന്ത്രണ്ട് കേന്ദ്രങ്ങളില്‍ ജൂണ്‍ 26ന് പാസ്‌പോര്‍ട്ട് സേവനങ്ങളുമായി ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്. പാസ്‌പോര്‍ട്ടുമായി ബന്ധപ്പെട്ട തിരക്ക് ഉയരുന്ന സാഹചര്യത്തിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്. ദുബൈയിലെയും വടക്കന്‍ എമിറേറ്റുകളിലെയും കേന്ദ്രങ്ങളിലാണ് പാസ്‌പോര്‍ട്ട് സേവ ക്യാമ്പ് നടത്തുന്നത്.
രാവിലെ ഒമ്പത് മണി മുതല്‍ ആറു വരെയാണ് ക്യാമ്പ്. ഓണ്‍ലൈനില്‍ അപേക്ഷയും രേഖകളും സമര്‍പ്പിച്ച ശേഷമായിരിക്കണം സേവ കേന്ദ്രങ്ങളില്‍ എത്തേണ്ടത്. blsindiavisa-uae.com/appointmentbls/appointment.phpഎന്ന ലിങ്ക് വഴിയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 80046342 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കുകയോ passport.dubai@mea.gov.in, vcppt.dubai@mea.gov.in എന്നീ ഇ മെയില്‍ വിലാസങ്ങളില്‍ ബന്ധപ്പെടുകയോ വേണം.
🇰🇼ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചിട്ടില്ലെന്ന് കുവൈത്ത്.
✒️കുരിശ് ഉള്‍പ്പെടെയുള്ള ക്രിസ്ത്യന്‍ മതചിഹ്നങ്ങളുടെ വില്‍പ്പന നിരോധിച്ചെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ നിഷേധിച്ച് കുവൈത്ത്. ക്രിസ്ത്യാനികള്‍ മതചിഹ്നമായി കണക്കാക്കുന്ന കുരിശിന്റെ വില്‍പ്പന നിരോധിച്ചിട്ടില്ലെന്ന് കുവൈത്ത് വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ പ്രഷ്യസ് മെറ്റല്‍സ് വിഭാഗം ഡയറക്ടര്‍ സാദ് അല്‍ സെയ്ദി പറഞ്ഞതായി 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
കുരിശിന്റെ പകര്‍പ്പ് വില്‍ക്കുന്നത് കുവൈത്തില്‍ അനുവദനീയമാണെന്നും ഇത് രാജ്യത്തേക്ക് നിയമപരമായ മാര്‍ഗത്തിലൂടെയാണ് ഇവ രാജ്യത്തേക്ക് എത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന്റെ ഫീസ് ഈടാക്കുന്നതിനും അഡ്മിനിസ്‌ട്രേഷന്റെ മുദ്ര പതിപ്പിക്കുന്നതിനുമായി പരിശോധിക്കാറുണ്ടെന്നും അല്‍ സെയ്ദി വിശദമാക്കി.
🇦🇪യുഎഇയില്‍ 1,464 പേര്‍ക്ക് കൂടി കൊവിഡ്, ഇന്ന് രണ്ട് മരണം.
✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തിന് മുകളില്‍ തുടരുന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,464 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,401 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇന്ന് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി സ്ഥിരീകരിച്ചു. പുതിയതായി നടത്തിയ 3,24,877 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,25,898 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,06,577 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,308 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,013 കൊവിഡ് രോഗികളാണ് യുഎഇയില്‍ ചികിത്സയിലുള്ളത്.
🇦🇪യുഎഇയിലെ പകുതിയോളം കമ്പനികളും ഇത്തവണ ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്.
✒️യുഎഇയിലെ പകുതിയോളം കമ്പനികളും ഈ വര്‍ഷം ശമ്പള വര്‍ദ്ധനവിന് തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പണപ്പെരുപ്പവും തൊഴില്‍ വിപണിയിലെ മത്സരവും ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കണക്കിലെടുത്ത് ജീവനക്കാര്‍ക്ക് ഉയര്‍ന്ന ശമ്പളം നല്‍കാനായി കമ്പനികളുടെ വാര്‍ഷിക ബജറ്റില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ പല സ്ഥാപനങ്ങളും ഇതിനോടകം തന്നെ വരുത്തിക്കഴിഞ്ഞുവെന്നും പ്രൊഫഷണല്‍ സര്‍വീസസ് സ്ഥാപനമായ എയോണ്‍ നടത്തിയ സര്‍വേയുടെ ഫലത്തിലാണ് വ്യക്തമാക്കിയിരിക്കുന്നത്.
യുഎഇയിലെ വിവിധ രംഗത്ത് പ്രവര്‍ത്തിക്കുന്ന 150 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി തയ്യാറാക്കിയ സര്‍വേയുടെ ഫലമാണ് കമ്പനി പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍ മാസത്തിലെ ആദ്യ രണ്ടാഴ്ചയായിരുന്നു രാജ്യത്തെ കമ്പനികളില്‍ നിന്ന് വിവര ശേഖരണം നടത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 49 ശതമാനം കമ്പനികളും ഇത്തവണ ശമ്പള വര്‍ദ്ധനവ് കൊണ്ടുവരാന്‍ തങ്ങളുടെ വാര്‍ഷിക ബജറ്റില്‍ പണം നീക്കിവെച്ചിട്ടുണ്ട്.
തങ്ങളുടെ മികച്ച ജീവനക്കാരെ സ്ഥാപനത്തില്‍ നിലനിര്‍ത്താനും കൂടുതല്‍ മികച്ച മനുഷ്യവിഭവം അകര്‍ഷിക്കാനും ശമ്പളം വര്‍ദ്ധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള സമ്മര്‍ദങ്ങള്‍ നേരിടേണ്ടി വരുന്നുണ്ടെന്ന് സര്‍വേയില്‍ പങ്കെടുത്ത 75 ശതമാനം കമ്പനികളും സമ്മതിച്ചു. 49 ശതമാനം കമ്പനികള്‍ ഈ വര്‍ഷം ശമ്പള വര്‍ദ്ധനവ് കൊണ്ടുവരാനുള്ള നടപടികളെടുക്കുമ്പോള്‍ 14 ശതമാനം കമ്പനികള്‍ ഈ വര്‍ഷം പകുതിയില്‍ മറ്റൊരു ശമ്പള വര്‍ദ്ധനവിന്റെ സാധ്യതകള്‍ കൂടി പരിഗണിക്കുന്നുണ്ടെന്നും സര്‍വേ ഫലം പറയുന്നു.
ഉന്നത പദവികള്‍ വഹിക്കുന്നവരേക്കാള്‍ ജൂനിയര്‍, മിഡില്‍ മാനേജ്‍മെന്റ് തലങ്ങളിലായിരിക്കും ഇത്തവണ കൂടുതല്‍ വര്‍ദ്ധനവ് കൊണ്ടുവരികയെന്നാണ് കമ്പനികള്‍ നല്‍കുന്ന വിവരം. അതേസമയം വിവിധ തലങ്ങളില്‍ വ്യത്യസ്ത നിരക്കിലായിരിക്കും ശമ്പള വര്‍ദ്ധനവ് നടപ്പാക്കുകയെന്ന് 75 ശതമാനം കമ്പനികളും വ്യക്തമാക്കുകയും ചെയ്‍തു. വിപണയില്‍ കഴിവുള്ള ജീവനക്കാരെ നിലനിര്‍ത്താനും ആകര്‍ഷിക്കാനും കമ്പനികള്‍ തമ്മില്‍ നിലനില്‍ക്കുന്ന സമ്മര്‍ദമാണ് കമ്പനികളെ ശമ്പള വര്‍ദ്ധനവിന് പ്രേരിപ്പിക്കുന്ന പ്രധാന കാരണം.
വിപണി നിരക്കിന് അനുഗുണമായ തരത്തിലുള്ള ശമ്പള നിലവാരം കൈവരിക്കണമെന്ന ലക്ഷ്യത്തോടെ ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കുന്നത് 15 ശതമാനം സ്ഥാപനങ്ങളാണ്. ശമ്പളം കുറവുള്ളതിനാല്‍ ജീവനക്കാര്‍ ജോലി വിട്ട് പോകുന്നുവെന്ന് 27 ശതമാനം സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടപ്പോള്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ശമ്പളം വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത 23 ശതമാനം സ്ഥാപനങ്ങള്‍ ചൂണ്ടിക്കാട്ടി.
മറ്റ് രാജ്യങ്ങളെ അപേക്ഷിച്ചും ആഗോളം ശരാശരിയുമായി താരതമ്യം ചെയ്യുമ്പോഴും യുഎഇയിലെ പണപ്പെരുപ്പ നിരക്ക് കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആദ്യ പാദത്തില്‍ 3.7 ശതമാനമായിരുന്നു പണപ്പെരുപ്പമെങ്കിലും 2022ല്‍ ആകെ പരിഗണിക്കുമ്പോള്‍ ഇത് ശരാശരി 2.7 ശതമാനമായിരിക്കുമെന്നാണ് യുഎഇ കേന്ദ്ര ബാങ്കിന്റെ വിലയിരുത്തല്‍. മുന്‍നിര സമ്പദ് വ്യവസ്ഥകളില്‍ ഈ വര്‍ഷം 5.7 ശതമാനം പണപ്പെരുപ്പമുണ്ടാകുമെന്നാണ് പ്രവചനം. വികസ്വര സമ്പദ് വ്യവസ്ഥകളില്‍ ഇത് 8.7 ശതമാനമായിരിക്കുമെന്നും പ്രവചിക്കപ്പെടുന്നു.
🇴🇲ഒമാനില്‍ അന്തരീക്ഷ താപനില അന്‍പത് ഡിഗ്രി സെല്‍ഷ്യസിലേക്ക്.
✒️ഒമാനില്‍ അന്തരീക്ഷ താപനില 50 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളില്‍ രാജ്യത്തെ മരുഭൂമികളില്‍ താപനില 50 ഡിഗ്രിലെത്തുമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നത്. വെള്ളിയാഴ്ച രാജ്യത്ത് 49 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് രേഖപ്പെടുത്തിയിരുന്നു.
ഇബ്രി വിലായത്തിലെ ഫഹൂദ് ഏരിയയിലാണ് കഴിഞ്ഞ ദിവസം രാജ്യത്തെ ഏറ്റവും വലിയ ചൂടായ 49 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. അല്‍ ഖാബില്‍ വിലായത്തിലെ ഖര്‍ന്‍ അലമില്‍ 48.8 ഡിഗ്രി സെല്‍ഷ്യസും ബഹ്‍ല വിലായത്തിലെ അല്‍ മുദിബിയല്‍ 48 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഉയര്‍ന്ന ചൂട്. അല്‍ സുനൈന വിലായത്തില്‍ 47.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. നിസ്‍വയില്‍ 47.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു കാലാവസ്ഥാ നിരീക്ഷണ ഡയറക്ടറേറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം താപനില.
🇸🇦വിമാന യാത്രക്കാരുടെ സാധനങ്ങള്‍ മോഷ്ടിച്ചാല്‍ കടുത്ത ശിക്ഷ; മുന്നറിയിപ്പുമായി സൗദി പ്രോസിക്യൂഷന്‍.
✒️വിമാന യാത്രയ്ക്കിടെ സഹയാത്രികരുടെയോ വിമാനത്തിലെയോ സാധനങ്ങള്‍ മോഷ്ടിക്കുന്നതിനെതിരെ യാത്രക്കാര്‍ക്ക് സൗദി അധികൃതരുടെ മുന്നറിയിപ്പ്. വിമാനത്തിലെ എന്തെങ്കിലും സാധനങ്ങളോ മറ്റ് യാത്രക്കാരുടെ സാധനങ്ങളോ മോഷ്ടിച്ചതായി കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും അഞ്ച് ലക്ഷം ദിര്‍ഹം (ഒരു കോടി ഇന്ത്യന്‍ രൂപ) പിഴയും ലഭിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സൗദി അറേബ്യയിലെ സിവില്‍ ഏവിയേഷന്‍ നിയമം 154-ാം വകുപ്പ് അനുസരിച്ച് വിമാനത്തില്‍ യാത്ര ചെയ്യുന്ന യാത്രക്കാരുടെ സാധനങ്ങളോ വിമാനത്തിലെ സാധനങ്ങളോ മോഷ്‍ടിക്കുന്നത് വലിയ കുറ്റകൃത്യമായാണ് കണക്കാക്കുന്നത്. അറസ്റ്റ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ ഇതിന്റെ പേരില്‍ സ്വീകരിക്കേണ്ടി വരുമെന്നും പ്രോസിക്യൂഷന്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദിയിലെ സിവില്‍ ഏവിയേഷന്‍ നിയമം 167-ാം വകുപ്പ് പ്രകാരമാണ് ഇത്തരം കുറ്റകൃത്യങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നത്. അഞ്ച് വര്‍ഷത്തില്‍ കവിയാത്ത തടവും അഞ്ച് ലക്ഷം റിയാല്‍ വരെയുള്ള പിഴയുമാണ് നിയമം അനുശാസിക്കുന്ന ശിക്ഷ. തടവും ഒരുമിച്ചും പ്രതികള്‍ക്ക് ലഭിക്കും.
🇸🇦ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയേക്കും.
✒️ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്ക് വിസയില്ലാതെ സൗദി അറേബ്യ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ബിസിനസ്, ടൂറിസം, ഉംറ ആവശ്യങ്ങള്‍ക്കായി വിസ രഹിത യാത്ര അനുവദിക്കുമെന്നാണ് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎഇ, ബഹ്റൈന്‍, കുവൈത്ത്, ഒമാന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സാധുതയുള്ള റെസിഡന്റ് പെര്‍മിറ്റും തൊഴില്‍ വിസയും ഉള്ളവര്‍ക്കായിരിക്കും വിസയില്ലാതെ സൗദിയില്‍ പ്രവേശനാനുമതി ലഭിക്കുക.
പുതിയ പദ്ധതിയുടെ കരട് നിയമം തയ്യാറായിട്ടുണ്ടെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നുമാണ് സൗദി ടൂറിസം മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരെ ഉദ്ധിച്ച് ഗള്‍ഫ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് വിസ ഇല്ലാതെ സൗദി അറേബ്യയില്‍ പ്രവേശിക്കാനും ഉംറ ചെയ്യാനും ഇതോടെ അനുമതി ലഭിച്ചേക്കും. എന്നാല്‍ ഹജ്ജിന് അനുമതിയുണ്ടാവില്ല.
അതേസമയം ചില വിസാ കാറ്റഗറികളിലുള്ളവരെ ഇതില്‍ നിന്ന് ഒഴിവാക്കുമെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. ഗാര്‍ഹിക തൊഴിലാളികള്‍, നിര്‍മാണ തൊഴിലാളികള്‍ എന്നിവര്‍ക്ക് വിസാ രഹിത യാത്രയ്ക്കുള്ള അനുമതി ലഭിച്ചേക്കില്ല. പ്രൊഫഷണലുകള്‍ക്കും ഉയര്‍ന്ന ജോലികള്‍ ചെയ്യുന്നവര്‍ക്കും സ്ഥിരവരുമാനമുള്ള മറ്റ് തൊഴിലുകളില്‍ ഏര്‍പ്പെടുന്നവര്‍ക്കുമായിരിക്കും അനുമതി ലഭിക്കുകയെന്നാണ് സൂചന.
ജിസിസി രാജ്യങ്ങളിലെ താമസക്കാര്‍ക്കായി പ്രത്യേക വിസാ സംവിധാനം ഉടന്‍ തന്നെ ഏര്‍പ്പെടുത്തുമെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖതീബ് പ്രഖ്യാപിച്ചിരുന്നു. 2019ല്‍ സൗദി അറേബ്യ പ്രഖ്യാപിച്ച എല്ലാ ടൂറിസം വിസകളും ഇപ്പോഴും നിലവിലുണ്ടെന്നും ടൂറിസത്തിനായി രാജ്യത്ത് എത്തുന്നവര്‍ക്ക് എന്തെങ്കിലും പ്രത്യേക നിയന്ത്രണം കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
0 Comments