കറന്‍സി നോട്ടുകളില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനയും നടക്കുന്നില്ലെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. കറന്‍സി നോട്ടുകളില്‍ ഉള്ള മഹാത്മാ ഗാന്ധിയുടെ ചിത്രം ഒഴിവാക്കി മറ്റുചിലരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ നീക്കം നടക്കുന്നതായുള്ള ചില റിപ്പോര്‍ട്ടുകള്‍ സംബന്ധിച്ച് ഒരു വിധത്തിലുള്ള ആലോചനകളും ഇല്ലെന്ന് റിസര്‍വ് ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.
നിലവില്‍ നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രം ഉപയോഗിക്കുന്ന സ്ഥാനത്ത് രവീന്ദ്രനാഥ ടാഗോര്‍, എപിജെ അബ്ദുല്‍ കലാം തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ ആലോചന നടക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയാണ് റിസർവ് ബാങ്ക് പ്രസ്താവന നടത്തിയിരിക്കുന്നത്.
മറ്റു നേതാക്കളുടെയും ചിത്രങ്ങള്‍ കറന്‍സി നോട്ടുകളില്‍ ഉപയോഗിക്കണമെന്ന് നേരത്തെ ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ചിത്രം കറന്‍സി നോട്ടുകളില്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് 2021-ല്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് അഭിപ്രായം ആരാഞ്ഞിരുന്നു.
2017-ലും സമാനമായ ഹര്‍ജി കല്‍ക്കത്ത ഹൈക്കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ റിസര്‍വ് ബാങ്കിന്റെ അഭിപ്രായം ആരായേണ്ടതുണ്ടെന്ന് അന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ മറുപടി നല്‍കിയിരുന്നു. എന്നാല്‍, ഇതേ ആവശ്യമുന്നയിച്ച് 2021 ഫെബ്രുവരിയില്‍ മദ്രാസ് ഹൈക്കോടതിയില്‍ സമർപ്പിക്കപ്പെട്ട ഹർജി കോടതി തള്ളിയിരുന്നു.
0 Comments