🇶🇦ഖത്തറിലേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള കറൻസി, വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തണമെന്ന് നിർദ്ദേശം.
✒️രാജ്യത്തേക്ക് പ്രവേശിക്കുന്ന യാത്രികർ തങ്ങളുടെ കൈവശമുള്ള പണം, മറ്റു വിലപിടിച്ച വസ്തുക്കൾ എന്നിവ വെളിപ്പെടുത്തണമെന്ന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി നിർദ്ദേശം നൽകി. 2022 ജൂൺ 7-ന് വൈകീട്ടാണ് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
തങ്ങളുടെ വിമാനങ്ങളിൽ ഖത്തറിലേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികരും ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താൻ ആവശ്യപ്പെട്ടു കൊണ്ട് വ്യോമയാന വകുപ്പ് ഖത്തറിൽ സർവീസ് നടത്തുന്ന വിമാനകമ്പനികൾക്കായി ഒരു പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഖത്തറിൽ നിന്ന് മടങ്ങുന്ന യാത്രികരും ഈ നിർദ്ദേശം പാലിക്കേണ്ടതാണ്.
ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് നൽകുന്ന നിർദ്ദേശങ്ങൾ പ്രകാരമാണ് ഇത് നടപ്പിലാക്കുന്നത്. ഈ അറിയിപ്പ് പ്രകാരം, ഖത്തറിലേക്ക് പ്രവേശിക്കുകയും, ഖത്തറിൽ നിന്ന് വിദേശത്തേക്ക് യാത്ര ചെയ്യുകയും ചെയ്യുന്ന മുഴുവൻ യാത്രികരും താഴെ പറയുന്ന നിർദ്ദേശം പാലിക്കേണ്ടതാണ്:
ഇത്തരം യാത്രികർ തങ്ങളുടെ കൈവശം 50000, അല്ലെങ്കിൽ അതിന് മുകളിൽ ഖത്തർ റിയാൽ (അല്ലെങ്കിൽ തത്തുല്യ വിദേശ കറൻസി) മൂല്യമുള്ള കറൻസി നോട്ടുകൾ, കൈമാറ്റം ചെയ്യാവുന്ന ബോണ്ടുകൾ പോലുള്ള രേഖകൾ, സ്വർണ്ണം, വെള്ളി മുതലായ ലോഹങ്ങൾ, രത്‌നം ഉൾപ്പടെയുള്ള വിലമതിക്കാനാവാത്ത കല്ലുകള്‍ എന്നിവ ഉണ്ടെങ്കിൽ അവ വെളിപ്പെടുത്തേണ്ടതാണ്.
ഇത്തരം വസ്തുക്കൾ വെളിപ്പെടുത്തുന്നതിനായി യാത്രികർ ഡിക്ലറേഷൻ ഫോം പൂരിപ്പിച്ച് കസ്റ്റംസ് അധികൃതരെ ഏല്പിക്കേണ്ടതാണ്.
ഡിക്ലറേഷൻ ഫോം നൽകാതിരിക്കുന്നതും, അവയിൽ വ്യാജമായ വിവരങ്ങൾ ഉൾപ്പെടുത്തുന്നതും നിയമനടപടികളിലേക്ക് വഴിതെളിക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വിമാനത്താവളത്തിലെ ഇമ്മിഗ്രേഷൻ മേഖലയിൽ (അറൈവൽ, ഡിപ്പാർച്ചർ) നിന്ന് ഈ ഡിക്ലറേഷൻ ഫോം ലഭ്യമാണ്.
🇶🇦ഫിഫ വേൾഡ് കപ്പ് ഖത്തർ 2022: യോഗ്യതാ മത്സരത്തിൽ ഓസ്ട്രേലിയ 2-1-ന് യു എ ഇയെ തോൽപ്പിച്ചു.
✒️ഫിഫ വേൾഡ് കപ്പ് ഖത്തർ 2022 ടൂർണമെന്റിന് യോഗ്യത നേടുന്നതിനായി 2022 ജൂൺ 7-ന് നടന്ന ഏഷ്യൻ പ്ലേ-ഓഫ് നാലാം മത്സരത്തിൽ ഓസ്ട്രേലിയ 2-1-ന് യു എ ഇയെ തോൽപ്പിച്ചു. ഖത്തറിലെ അൽ റയ്യാൻ സ്റ്റേഡിയത്തിൽ വെച്ചായിരുന്നു ഈ മത്സരം.
മത്സരത്തിന്റെ അമ്പത്തഞ്ചാം മിനിറ്റിൽ ഓസ്‌ട്രേലിയയുടെ മിഡ്ഫീൽഡർ ജാക്‌സൺ ഇർവിൻ ആദ്യ ഗോൾ നേടി. എന്നാൽ മത്സരത്തിന്റെ അമ്പത്തേഴാം മിനിറ്റിൽ യു എ ഇ കായോ കനീഡോ നേടിയ ഗോളിലൂടെ ഒപ്പമെത്തിയിരുന്നു.
മത്സരം എക്സ്ട്രാടൈമിലേക്ക് നീങ്ങുമെന്ന പ്രതീതി ഉയരുന്നതിനിടെ എൺപത്തിനാലാം മിനിറ്റിൽ മിഡ്ഫീൽഡർ ആജ്‌ദിൻ റുസ്റ്റിക് നേടിയ ഗോളിൽ ഓസ്‌ട്രേലിയ വിജയം കൈപ്പിടിയിലൊതുക്കി. ഇതോടെ ഫിഫ വേൾഡ് കപ്പ് ഖത്തർ 2022-ലെ ഗ്രൂപ്പ് ഡി-യിലെ സ്ഥാനത്തിനായി 2022 ജൂൺ 13-ന് നടക്കുന്ന പ്ലേ-ഓഫിൽ പെറുവുമായി ഏറ്റുമുട്ടുന്നതിന് ഓസ്ട്രേലിയ യോഗ്യത നേടി.
🇦🇪യു എ ഇ: അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
✒️രാജ്യത്ത് അഞ്ച് പേർക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു. 2022 ജൂൺ 7, ചൊവ്വാഴ്ച രാത്രിയാണ് എമിറേറ്റ്സ് ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇതോടെ യു എ ഇയിൽ മങ്കിപോക്സ് സ്ഥിരീകരിച്ചവരുടെ എണ്ണം പതിമൂന്നായിട്ടുണ്ട്. അതേസമയം നേരത്തെ രോഗം സ്ഥിരീകരിച്ച് ആശുപത്രികളിൽ ചികിത്സയിലിരുന്ന 2 പേർ രോഗമുക്തി നേടിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
ഇവർ മങ്കിപോക്സ് രോഗബാധയുടെ ലക്ഷണങ്ങളിൽ നിന്ന് പൂർണ്ണമായും മുക്തിനേടിയതായി മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. രോഗം പകരുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി യാത്രകളിൽ ജാഗ്രത പുലർത്താനും, ആൾക്കൂട്ടമുള്ള ഇടങ്ങൾ ഒഴിവാക്കാനും പൊതുജനങ്ങളോട് മന്ത്രാലയം നിർദ്ദേശിച്ചിട്ടുണ്ട്.
മങ്കിപോക്സ് പടരുന്നത് കൈകാര്യം ചെയ്യാൻ രാജ്യത്തെ ആരോഗ്യ സംവിധാനം പൂർണ്ണമായും സജ്ജമാണെന്ന് MoHAP ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. രോഗബാധ സ്ഥിരീകരിച്ചവർക്ക് ആവശ്യമായ ചികിത്സാ സേവനങ്ങൾ ഉറപ്പ് വരുത്തിയതായും, രോഗബാധിതരുമായി സമ്പർക്കത്തിനിടയായ വ്യക്തികളെ നിരീക്ഷിച്ച് വരുന്നതായും MoHAP കൂട്ടിച്ചേർത്തു.
ഈ രോഗം സംബന്ധിച്ച കിംവദന്തികൾ പ്രചരിപ്പിക്കുകയോ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യരുതെന്നും, ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ മാത്രം സ്വീകരിക്കണമെന്നും മന്ത്രാലയം പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
യു എ ഇയിലെ ആദ്യത്തെ മങ്കിപോക്സ് കേസ് MoHAP 2022 മേയ് 24-ന് സ്ഥിരീകരിച്ചിരുന്നു.
🇦🇪ദുബായ് ക്യാൻ പദ്ധതി: ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒരു ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി അധികൃതർ.
✒️എമിറേറ്റിൽ നടപ്പിലാക്കിയ ദുബായ് ക്യാൻ പദ്ധതിയിലൂടെ ഒറ്റത്തവണ ഉപയോഗിക്കാവുന്ന ഒരു ദശലക്ഷത്തിലധികം 500 ml പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കാൻ സാധിച്ചതായി ദുബായ് മീഡിയ ഓഫീസ് ചൂണ്ടിക്കാട്ടി. ലോക സമുദ്ര ദിനത്തിന്റെ പശ്ചാത്തലത്തിലാണ് അധികൃതർ ഇക്കാര്യം പങ്ക്‌വെച്ചത്.
ദുബായിലെ പൊതു സമൂഹത്തിന്റെ സഹകരണത്തോടെയാണ് ഒരു ദശലക്ഷത്തിലധികം പ്ലാസ്റ്റിക്ക് കുപ്പികൾ ഒഴിവാക്കുക എന്ന നേട്ടം കൈവരിക്കാനായതെന്ന് ദുബായ് ക്യാൻ അധികൃതർ വ്യക്തമാക്കി.
നഗരമൊട്ടാകെ സുസ്ഥിരതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനും, ജനങ്ങൾക്കിടയിൽ സുസ്ഥിരത അടിസ്ഥാനമാക്കിയുള്ള സംരംഭങ്ങൾ ശീലിപ്പിക്കുന്നതിനുമായി ദുബായ് കിരീടാവകാശി H.H. ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിൽ ‘ദുബായ് ക്യാൻ’ എന്ന പദ്ധതിയ്ക്ക് 2022 ഫെബ്രുവരിയിൽ തുടക്കമിട്ടിരുന്നു. എമിറേറ്റിലെ നിവാസികൾകളുടെയും, സന്ദർശകരുടെയും ഇടയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് വെള്ളക്കുപ്പികളുടെ ഉപയോഗം കുറയ്ക്കുന്നതിനും, വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുപ്പികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് ആരംഭിച്ച ഈ പദ്ധതി ദുബായിൽ വിജയം കണ്ടതായി ഈ കണക്കുകൾ സൂചിപ്പിക്കുന്നു.
ദുബായിലെ പൊതുസമൂഹത്തിനിടയിലും, എമിറേറ്റിലെ വാണിജ്യമേഖലയിലും വീണ്ടും നിറച്ച് ഉപയോഗിക്കാവുന്ന കുടിവെള്ളക്കുപ്പികളുടെ ഉപയോഗം ഒരു ശീലമാക്കുന്നതിന്റെയും, പൊതുഇടങ്ങളിൽ വാട്ടർ സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിന്റെയും, വാട്ടർ ഫിൽറ്ററുകൾ സ്ഥാപിക്കുന്നതിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നത് ലക്ഷ്യമിടുന്ന ഈ പദ്ധതി, അതിലൂടെ പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുന്നതിന് ആഹ്വാനം ചെയ്യുന്നു. ഈ പദ്ധതിയുടെ ഭാഗമായി ദുബായ് നഗരത്തിൽ സ്ഥാപിച്ചിട്ടുള്ള വിവിധ വാട്ടർ സ്റ്റേഷനുകളിൽ നിന്നായി പൊതുജനങ്ങൾക്ക് വീണ്ടും ഉപയോഗിക്കാവുന്ന കുപ്പികളിൽ കുടിവെള്ളം ലഭ്യമാക്കിയിട്ടുണ്ട്.
🇦🇪15 വര്‍ഷമായി നറുക്കെടുപ്പില്‍ പങ്കെടുക്കുന്നു; ഒടുവില്‍ പ്രവാസി മലയാളിയെ തേടി ഏഴര കോടി രൂപ സമ്മാനം.
✒️ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ നറുക്കെടുപ്പില്‍ 10 ലക്ഷം ഡോളര്‍ (ഏഴര കോടി ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി മലയാളി. ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്‌സ് സിയില്‍ നടന്ന നറുക്കെടുപ്പിലാണ് മലയാളിയായ റിയാസ് കമാലുദ്ദീന്‍ വിജയിയായത്.
അബുദാബിയില്‍ താമസിക്കുന്ന 50കാരനായ റിയാസ്, മേയ് 27ന് വാങ്ങിയ 4330 എന്ന ടിക്കറ്റ് നമ്പരിലൂടെയാണ് ദുബൈ ഡ്യൂട്ടി ഫ്രീ മില്ലെനിയം മില്ലനയര്‍ സീരീസ് 391 നറുക്കെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ 15 വര്‍ഷങ്ങളായി ദുബൈ ഡ്യൂട്ടി ഫ്രീ പ്രൊമോഷനില്‍ പങ്കെടുക്കുന്ന റിയാസ് സമ്മാനാര്‍ഹമായ ടിക്കറ്റ് ആറ് സഹപ്രവര്‍ത്തകര്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് വാങ്ങിയത്. 25 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന ഇദ്ദേഹം ഒരു ഏവിയേഷന്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.
15 വര്‍ഷമായി ഭാഗ്യപരീക്ഷണം നടത്തുകയാണെന്നും ഒടുവില്‍ വിജയിച്ചതിന് ദൈവത്തിനും ദുബൈ ഡ്യൂട്ടി ഫ്രീയ്ക്കും നന്ദി പറയുന്നതായി അദ്ദേഹം പറഞ്ഞു. 1999ല്‍ മില്ലെനിയം മില്ലനയര്‍ പ്രൊമോഷന്‍ തുടങ്ങിയത്് മുതല്‍ ഒന്നാം സമ്മാനം നേടുന്ന 191-ാമത്തെ ഇന്ത്യക്കാരനാണ് ഇദ്ദേഹം.
🇸🇦സൗദിയിലേക്ക് പറന്നത് ബ്യൂട്ടീഷൻ ജോലിക്ക്, എത്തിയത് സ്വദേശി വീട്ടിലെ അടുക്കളയിൽ; ദുരിതകാലം താണ്ടി നാട്ടിലേക്ക്.
✒️ബ്യൂട്ടീഷൻ ജോലിക്ക് സൗദിയിൽ പറന്നെത്തിയ ഇന്ത്യൻ യുവതിക്ക് കിട്ടിയത് സൗദി കുടുംബത്തിന്റെ അടുക്കള ജോലി. ജോലിസ്ഥലത്തെ മോശം സാഹചര്യങ്ങൾ മൂലം ദുരിതത്തിലായ ഹൈദരാബാദ് സ്വദേശിനി ശൈഖ നസീം ഒടുവിൽ മലയാളി സാമൂഹികപ്രവർത്തകരുടെ സഹായത്തോടെ രക്ഷപ്പെട്ട് നാടണഞ്ഞു.
ബ്യൂട്ടീഷ്യൻ ജോലിക്കെന്ന് പറഞ്ഞാണ് ഏജന്റ് സൗദിയിലേക്ക് കൊണ്ടുവന്നത്. ദമ്മാമിലെ ഒരു വീട്ടിലെ ജോലിക്കാരിയുടെ പണിയാണ് ലഭിച്ചത്. വളരെ വലിയൊരു തുകയാണ് വിസയ്ക്കായി ഏജൻസി നസീമിന്റെ കൈയ്യിൽ നിന്നും വാങ്ങിയത്. വളരെ ദുരിതപൂർണമായ സാഹചര്യങ്ങളാണ് ജോലിസ്ഥലത്ത് അവർ നേരിട്ടത്. ആ വലിയ വീട്ടിലെ ജോലി മുഴുവൻ ഒറ്റയ്ക്ക് ചെയ്യേണ്ടി വന്നു. സമയക്രമമില്ലാത്ത തുടർച്ചയായ ജോലിയും വിശ്രമമില്ലായ്മയും ആരോഗ്യത്തെ ബാധിച്ചു. വീട് വൃത്തിയാക്കാനുള്ള രാസവസ്തുക്കളായ ശുചീകരണ ലായനികളുടെ അമിത ഉപയോഗത്താൽ കൈകാലുകളിൽ വ്രണങ്ങൾ ഉണ്ടായി പഴുത്തൊലിച്ച് ആകെ അവശനിലയിലായി. വീട്ടുകാരോട് പരാതി പറഞ്ഞിട്ടും യാതൊരു ഫലവും ഉണ്ടായില്ല. ഒടുവിൽ സഹികെട്ട് ആ വീട്ടിൽ നിന്ന് ഇറങ്ങിയോടി ദമ്മാം ഇന്ത്യൻ എംബസ്സിയുടെ പാസ്സ്‌പോർട്ട് സേവാ കേന്ദ്രത്തിൽ അഭയം പ്രാപിച്ചു. അവിടെ ഉള്ളവർ നവയുഗം കലാസാംസ്കാരിക വേദി വൈസ് പ്രസിഡന്റും ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ മഞ്ജു നസീമിനോട് സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കി. തുടർന്ന് സൗദി പൊലീസിനെ അറിയിക്കുകയും സ്റ്റേഷനിൽ നസീമിനെ ഹാജരാക്കുകയും ചെയ്തു. കേസ് ഫയൽ ചെയ്ത ശേഷം പൊലീസ് നസീമിനെ ജാമ്യത്തിൽ മഞ്ജുവിന്റെ കൂടെ അയച്ചു. തുടർന്ന് രണ്ടു മാസക്കാലത്തോളം നസീമ മഞ്ജുവിന്റെയും നവയുഗം കുടുംബവേദി സെക്രട്ടറി ശരണ്യ ഷിബുവിന്റെയും വീടുകളിലാണ് താമസിച്ചത്. നവയുഗം ജീവകാരുണ്യപ്രവർത്തകർ നസീമിനെ കൊണ്ടുവന്ന നാട്ടിലെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ടു ചർച്ചകൾ നടത്തി.
ഏജൻസിക്കെതിരെ നിയമപരമായ നടപടികളിലേക്ക് നീങ്ങുമെന്ന നവയുഗം പ്രവർത്തകരുടെ ശക്തമായ മുന്നറിയിപ്പിനെത്തുടർന്ന്, ഏജൻസി നസീമിന്റെ സ്‌പോൺസറുടെ കൈയ്യിൽനിന്നും വാങ്ങിയ വിസയുടെ പണം തിരിച്ചുകൊടുക്കാനും ഫൈനൽ എക്സിറ്റ് വിസ നൽകി നാട്ടിലെത്തിക്കാനും വേണ്ട ചെലവുകൾ വഹിക്കാനും തയ്യാറായി. ഏജൻസിയ്ക്ക് നൽകിയ പണം തിരികെ കിട്ടിയ സ്പോൺസർ ഫൈനൽ എക്സിറ്റ് അടിച്ചു നൽകി. മഞ്ജുവിന്റെ അഭ്യർത്ഥന മാനിച്ച്, ഹൈദരാബാദ് അസ്സോസിയേഷൻ നസീമിന്റെ വിമാനടിക്കറ്റ് സ്പോൺസർ ചെയ്തു. അസ്സോസിയേഷൻ ഭാരവാഹി മിർസ ബൈഗ് ടിക്കറ്റ് നസീമിന് കൈമാറി. അങ്ങനെ നിയമനടപടികൾ പൂർത്തിയായപ്പോൾ സഹായിച്ചവർക്കൊക്കെ നന്ദി പറഞ്ഞു നസീം നാട്ടിലേയ്ക്ക് പറന്നു.
(ഫോട്ടോ: നസീം (മധ്യത്തിൽ) മഞ്ജുവിനും മിർസ ബൈഗിനും ഒപ്പം)
🇦🇪യുഎഇയില്‍ മൂന്നു മാസത്തെ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചു.
✒️നിര്‍മ്മാണ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ള തുറസ്സായ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കുള്ള ഉച്ചവിശ്രമ സമയം യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയം പ്രഖ്യാപിച്ചു. ജൂണ്‍ 15 മുതല്‍ സെപ്തംബര്‍ 15 വരെയാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ 3 മണി വരെയാണ് വിശ്രമ സമയം അനുവദിച്ചിരിക്കുന്നത്. തൊഴിലാളികള്‍ക്ക് സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷം ഉറപ്പാക്കാനും ഉയര്‍ന്ന താപനിലയില്‍ ജോലി ചെയ്യുന്നത് കൊണ്ടുണ്ടാകുന്ന അപകടസാധ്യതകളില്‍ നിന്ന് അവരെ സംരക്ഷിക്കാനും വേണ്ടിയാണിത്.
രാജ്യത്ത് തുടര്‍ച്ചയായ് 18-ാം വര്‍ഷമാണ് ഉച്ചവിശ്രമം നടപ്പിലാക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളികള്‍ക്കും 5,000 ദിര്‍ഹം വീതമാണ് പിഴ ചുമത്തുക. പരമാവധി 50,000 ദിര്‍ഹം വരെ പിഴ ഈടാക്കും.
🇸🇦വേനല്‍ കടുത്തു; സൗദിയില്‍ പുറം ജോലികള്‍ക്ക് നിരോധനം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍.
✒️വേനല്‍ കടുത്ത സാഹചര്യത്തില്‍ സൗദിയില്‍ ഉച്ചവെയിലില്‍ പുറംജോലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതായി മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഉച്ചക്ക് 12 മുതല്‍ മൂന്നുവരെ മൂന്ന് മാസത്തേക്കാണ് നിരോധനം. ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണം സെപ്റ്റംബര്‍ 15 വരെ തുടരും.
നിരോധത്തില്‍ നിന്ന് ഒഴിവാക്കിയ ചില വിഭാഗങ്ങള്‍ ഒഴികെ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിയമം ബാധകമായിരിക്കും. പ്രധാനമായും രാജ്യത്തെ കരാര്‍ മേഖലയിലുള്ള 27,40,000 സ്ത്രീ-പുരുഷ തൊഴിലാളിള്‍ക്ക് നിരോധന തീരുമാനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് കണക്ക്. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് നേരിട്ടുള്ള സൂര്യപ്രകാശത്തില്‍ തുറന്ന സ്ഥലത്ത് ജോലി ചെയ്യുന്നത് നിരോധിച്ചതെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രി അഹമ്മദ് അല്‍ റാജ്ഹി അറിയിച്ചു. മന്ത്രിതല തീരുമാനം സ്വകാര്യ മേഖലയിലെ സംരംഭങ്ങളെ അവരുടെ തൊഴിലാളികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ തൊഴില്‍ അന്തരീക്ഷം പ്രദാനം ചെയ്യാനും സൂര്യപ്രകാശം, ചൂട്, സമ്മര്‍ദം എന്നിവ മൂലമുണ്ടാകുന്ന അപകടങ്ങളില്‍ നിന്നും ദോഷങ്ങളില്‍നിന്നും അവരെ രക്ഷിക്കാനും നിര്‍ബന്ധിതരാക്കുന്നു.
എന്നാല്‍ എണ്ണ, വാതക കമ്പനികളിലെ തൊഴിലാളികളെയും അടിയന്തര അറ്റകുറ്റപ്പണി തൊഴിലാളികളെയും രാജ്യത്തിന്റെ ചില പ്രദേശങ്ങളിലെ ഗവര്‍ണറേറ്റുകള്‍ക്ക് കീഴിലുള്ള തൊഴിലാളികളെയും ഉച്ചകഴിഞ്ഞുള്ള ജോലി നിരോധനത്തില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്. നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്നതില്‍നിന്ന് അവരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ കമ്പനിയധികൃതര്‍ ബാധ്യസഥരായിരിക്കും.
🇸🇦സൗദിയിൽ ഇൻഷുറൻസില്ലാത്ത കാറുകൾ വാടകയ്ക്ക് നൽകിയാൽ 3,000 റിയാൽ പിഴ.
✒️ഇൻഷുറൻസ് ഇല്ലാതെ വാഹനം വാടകയ്ക്ക് നൽകിയാൽ 3,000 റിയാൽ പിഴ ചുമത്തുമെന്ന് സൗദി പബ്ലിക് ട്രാൻസ്പോർട്ട് അതോറിറ്റി. ഡ്രൈവിങ് ലൈസൻസുള്ള എല്ലാ ഉപഭോക്താക്കൾക്കും ഇൻഷുറൻസ് പരിരക്ഷയുള്ള വാഹനങ്ങൾ വേണം വാടകക്ക് നൽകേണ്ടത്.
അംഗീകൃത ഇൻഷുറൻസ് കവറേജ് ഇല്ലാതെ വാഹനം വാടകയ്ക്ക് കൊടുക്കുന്നകമ്പനികൾക്ക് 3,000 റിയാൽ പിഴ ചുമത്തും. ഇത് മൂലം ഉണ്ടാകുന്ന മുഴുവൻ അപകടങ്ങളുടെയും മുഴുവൻ ഉത്തരവാദിത്തവും കാർ വാടകക്ക് കൊടുക്കുന്ന സ്ഥാപനത്തിനായിരിക്കും.
🇸🇦സൗദിയിൽ വിവിധ പ്രവിശ്യകളിൽ വേനൽ ഇനിയും കടുക്കും; മക്ക, മദീന, റിയാദ് പ്രദേശങ്ങളിൽ കടുത്ത ചൂട് ഈയാഴ്ചയും തുടരും.
✒️ശനിയാഴ്ച വരെ സൗദിയുടെ ചില ഭാഗങ്ങളിൽ ചൂട് കൂടുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനത്തെ ശരിപ്പെടുത്തുന്ന രീതിയിൽ രാജ്യത്തിന്റെ ചില മേഖലകളിൽ കടുത്തചൂട് തുടരുകയാണ്. രാജ്യത്തിന്റെ കിഴക്കൻ പ്രവിശ്യകളിലും റിയാദ്, മക്ക, മദീന തുടങ്ങിയ പ്രദേശങ്ങളിലും കടുത്ത ചൂട് ശനിയാഴ്ച വരെ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം ബുധനാഴ്ച പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. റിയാദിന്റെ കിഴക്കൻ പ്രദേശങ്ങൾ, അൽ-ഖസീം, മക്ക, മദീന എന്നിവടങ്ങളിൽ ചൂട് കൂടിയ കാലാവസ്ഥയായിരിക്കുമെന്നും മറ്റിടങ്ങളിൽ നേരിയ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്നും കേന്ദ്രം അറിയിച്ചു. ചെങ്കടലിന്റെ തെക്ക് ഭാഗത്ത് മൂടൽ മഞ്ഞ് രൂപപ്പെട്ടേക്കും.
ദമ്മാമിൽ 48 ഡിഗ്രി സെൽഷ്യസ്, അൽ-അഹ്‌സ, ഹാഫ്ർ അൽ-ബാത്വിൻ എന്നിവിടങ്ങളിൽ 49 ഡിഗ്രി, റിയാദിൽ 46 ഡിഗ്രി, മക്ക, മദീന, ബുറൈദ എന്നിവടങ്ങളിൽ 45 ഡിഗ്രി, ജിദ്ദ 37 ഡിഗ്രി എന്നിങ്ങനെയാണ് വരുംദിനങ്ങളിൽ പ്രതീക്ഷിക്കുന്ന താപനില എന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂട് കൂടുന്ന കാലാവസ്ഥയിൽ സൂര്യാതപം ഏൽക്കാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നിർജ്ജലീകരണം വരാതിരിക്കാനും അതുവഴി ഉണ്ടായേക്കാവുന്ന രോഗങ്ങളിൽനിന്ന് ആരോഗ്യസുരക്ഷ ഒരുക്കാൻ ധാരാളം വെള്ളം കുടിക്കാനും ദ്രാവകരൂപത്തിലുള്ള പാനീയങ്ങൾ കൂടുതൽ ഉപയോഗിക്കാനും ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയം ഓർമപ്പെടുത്തി.
ജൂൺ 15 മുതൽ സെപ്തംബർ 15 വരെ ഉച്ചക്ക് 12 മുതൽ മൂന്നുവരെ പുറത്ത് ജോലി ചെയ്യിക്കുന്നതിന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം വിലക്കേർപ്പെടുത്തിയിട്ടുണ്ട്. നേരിട്ട് സൂര്യതാപം ഏൽക്കുന്നത് വഴിയുള്ള ക്ഷീണവും മറ്റ് അപകടങ്ങളും ഒഴിവാക്കനാണിത്. വിലക്കുള്ള സമയത്ത് തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുന്ന വ്യക്തികൾക്കും കമ്പനികൾക്കുമെതിരെ കർശനനടപടി ഉണ്ടാവുമെന്ന് അധികൃതർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു.
🇸🇦ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് പ്രവർത്തനമാരംഭിച്ചു; സൗദിയിൽ 27 ലുലു ഹൈപ്പർമാർക്കറ്റുകളായി.
✒️ജിദ്ദയിൽ പുതിയ ലുലു ഹൈപ്പർമാർക്കറ്റ് അൽ റവാബിയിൽ പ്രവർത്തനമാരംഭിച്ചു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, മറ്റു വിശിഷ്ട വ്യക്തികൾ എന്നിവരുടെ സാന്നിധ്യത്തിൽ ജിദ്ദ, മക്ക പ്രവിശ്യ മേയർ സാലിഹ് അൽ തുർക്കി ഉദ്‌ഘാടനം നിർവഹിച്ചു. ജിദ്ദ ചേംബർ ഓഫ് കൊമേഴ്‌സ് സെക്രട്ടറി ജനറൽ റമേസ് എം. അൽഗാലിബ് സ്റ്റോർ ഉദ്ഘാടനവും നിർവഹിച്ചു. ജിദ്ദ മേഖലയിലെ ഏഴാമത്തെയും സൗദിയിലെ 27 മത്തെയും ആഗോള തലത്തിൽ 233 മത്തെയും ഹൈപ്പർമാർക്കറ്റാണിത്.
1,68,000 ചതുരശ്രയടി വിസ്തീർണ്ണത്തിലാണ് പുതിയ ഹൈപ്പർ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. സൗദിയിൽ വളരുന്നതും ഉത്പ്പാദിപ്പിക്കുന്നതുമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ചെങ്കടൽ മത്സ്യം, പ്രാദേശികമായി വളർത്തുന്ന ആട്ടിൻകുട്ടികളുടെ മാംസം, സൗദി കാപ്പി, സൗദിയിൽ വളർത്തുന്ന മാമ്പഴങ്ങൾ എന്നിവ പുതിയ ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുണ്ട്. സൗദി വനിതാ പാചകക്കാരുടെ പാചക കഴിവുകൾ പ്രദർശിപ്പിക്കുന്ന എക്കാലത്തെയും ജനപ്രിയമായ ലുലു ഹോട്ട് ഫുഡ് സെക്ഷനാണ് ഹൈപ്പർമാർക്കറ്റിന്റെ മറ്റൊരു പ്രധാന സവിശേഷത. ഈ വനിതാ പാചകക്കാർ സൗദിയിലെ പ്രാദേശിക രുചികരമായ ഭക്ഷണങ്ങളുടെ ഒരു നിര തയ്യാറാക്കും. ഇത് സൗദി സ്ത്രീകളുടെ ശാക്തീകരണത്തിന്റെ ഭാഗമാണ്. പ്രത്യേകം തയ്യാറാക്കിയ സൗദി കോഫി സ്റ്റാളിൽ സൗദിയിൽ വളർത്തിയ കാപ്പിക്കുരു വിൽപ്പന, സാമ്പിളുകൾ, രാജ്യത്തിന്റെ കാപ്പി പാരമ്പര്യങ്ങളെക്കുറിച്ചുള്ള സംഭാഷണങ്ങൾ എന്നിവ ഉൾപ്പെടുന്നു.
427 കാറുകൾക്കായി പ്രത്യേക പാർക്കിംഗ് സ്ഥലവും ഗ്രീൻ ചെക്ക് ഔട്ട്, ഇ-റസീപ്റ്റ് സൗകര്യം തുടങ്ങി ഉപഭോക്താക്കൾക്ക് ഷോപ്പിങ് എളുപ്പമാക്കുന്നതിനുള്ള എല്ലാ സവിശേഷതകളും ഹൈപ്പർ മാർക്കറ്റിലുണ്ട്. പരിസ്ഥിതിക്ക് അനുകൂലമായ കടലാസ് രഹിത ഈ ബിൽ സംവിധാനവും പുതിയ ഹൈപ്പർ മാർക്കറ്റിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഉദ്‌ഘാടനത്തോടനുബന്ധിച്ചു 'വിൻ എ ഡ്രീം ഹോം' ഗ്രാൻഡ് റാഫിൾ നറുക്കെടുപ്പും ഒരുക്കിയിട്ടുണ്ട്. ഇതിൽ വിജയിയാവുന്നവർക്ക് ഒരു അപ്പാർട്ട്‌മെന്റും കൂടാതെ 30 ഭാഗ്യശാലികളായ ഉപഭോക്താക്കൾക്ക് 5,000 റിയാൽ വിലയുള്ള ലുലു ഗിഫ്റ്റ് വൗച്ചറുകൾ ഉൾപ്പടെ അരലക്ഷം റിയാൽ വിലമതിക്കുന്ന സമ്മാനങ്ങൾ ലഭിക്കും. ജിദ്ദ മേഖലയിലെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും ഈ സമ്മാനപദ്ധതി ഉണ്ടായിരിക്കും.
0 Comments