Ticker

6/recent/ticker-posts

Header Ads Widget

SAUDI ARABIA NEWS TODAY.

🇸🇦സൗദിയിൽ സന്ദർശക വിസക്കാർക്ക് പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് ലഭിക്കും.

✒️ജിദ്ദ: സൗദിയിൽ സന്ദർശന വിസയിലെത്തുന്നവർക്ക് അടിയന്തര ഘട്ടങ്ങളിൽ പരമാവധി 1,00,000 റിയാൽ വരെ ഇൻഷുറൻസ് ലഭിക്കുമെന്ന് കൗൺസിൽ ഓഫ് ഹെൽത്ത് ഇൻഷുറൻസ് അറിയിച്ചു. സ്ത്രീകൾക്ക് ഗർഭ ചികിത്സയും അടിയന്തിര പ്രസവ ചെലവിലേക്ക് പോളിസി കാലയളവിൽ പരമാവധി 5,000 റിയാൽ വരെയും ഇൻഷുറൻസ് കവറേജ് ലഭിക്കും. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് സന്ദർശിച്ച് ഇൻജാസ് പ്ലാറ്റ്‌ഫോം വഴിയാണ് സന്ദർശക വിസക്കാർ ഇൻഷുറൻസിന് അപേക്ഷിക്കേണ്ടത്.

സന്ദർശക വിസ കാലാവധി കഴിഞ്ഞതിന് ശേഷം അത് നീട്ടാൻ അഭ്യർത്ഥിക്കുമ്പോൾ തന്നെ പുതിയ ഇൻഷുറൻസ് പോളിസിക്കും അപേക്ഷ നൽകണമെന്ന് കൗൺസിൽ അറിയിച്ചു. സന്ദർശന വിസ നീട്ടിയതിന് ശേഷം പുതിയ മെഡിക്കൽ ഇൻഷുറൻസ് ഇഷ്യൂ ചെയ്തതിന് ശേഷം https://eservices.chi.gov.sa/ പേജുകൾ /ClientSystem/CheckVisitorsInsurance.aspx എന്ന വെബ്സൈറ്റ് വഴി തങ്ങളുടെ ഇൻഷുറൻസ് സ്റ്റാറ്റസ് പരിശോധിക്കാവുന്നതാണ്. പരിശോധനയിൽ ഇൻഷുറൻസ് നടപടികൾ പൂർത്തിയായിട്ടില്ല എന്നുണ്ടെങ്കിൽ https://samm.chi.gov.sa/ar/SearchForInsuranceCompanyForVisitors എന്ന ലിങ്ക് വഴി സന്ദർശകർക്ക് പരാതി ബോധിപ്പിക്കാവുന്നതുമാണ്. തങ്ങളുടെ ഇൻഷുറൻസ് സ്റ്റാറ്റസ് തവക്കൽന ആപ്പ് വഴിയും ചെക്ക് ചെയ്യാവുന്നതാണ്.

ഇൻഷുറൻസ് പോളിസി പൂർത്തിയാക്കിയ സന്ദർശക വിസക്കാരുടെ സ്റ്റാറ്റസ് തവക്കൽന ആപ്പിൽ 'ഇൻഷൂർ ചെയ്ത സന്ദർശകൻ' എന്നായിരിക്കും. എന്നാൽ സ്റ്റാറ്റസ് 'ഇൻഷൂർ ചെയ്യപ്പെടാത്ത സന്ദർശകൻ' എന്നാണെകിൽ ഇത് അർത്ഥമാക്കുന്നത് ഗുണഭോക്താവ് രാജ്യത്തിന് പുറത്ത് നിന്നുള്ള സന്ദർശകനാണെന്നും ഫലപ്രദമായ ഇൻഷുറൻസ് കൈവശം വച്ചിട്ടില്ലെന്നും ഇവരെ പ്രതിരോധശേഷിയില്ലാത്ത സന്ദർശകനായിട്ടായിരിക്കും കണക്കാക്കുക എന്നും അധികൃതർ അറിയിച്ചു.

🇸🇦കോവിഡ്: സൗദിയിൽ 905 പുതിയ രോഗബാധിതർ; 746 രോഗമുക്തർ.

✒️ജിദ്ദ: സൗദിയിൽ ഞായറാഴ്ച 905 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 746 പേർ രോഗമുക്തരായി. ഇതോടെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,77,795ഉം രോഗമുക്തരുടെ എണ്ണം 7,59,567ഉം ആയി. മൂന്ന് മരണങ്ങളും പുതുതായി റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ മരണം 9,173 ആയി. നിലവിൽ 9,055 പേർ ചികിത്സയിലുണ്ട്. ഇവരിൽ 96 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തി നിരക്ക് 97.65 ശതമാനവും മരണനിരക്ക് 1.17 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് -343, ജിദ്ദ -150, ദമ്മാം -114, മക്ക -40, ഹുഫൂഫ് -39, മദീന -27, അബഹ -22, അൽഖർജ് -15, ദഹ്റാൻ -14,ബുറൈദ -10.

🇸🇦മദീന സന്ദർശനം പൂർത്തിയാക്കി ഹാജിമാർ നാളെ മുതൽ മക്കയിലെത്തി തുടങ്ങും.

✒️ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക്​ കീഴിൽ ഹജ്ജിനെത്തിയ തീർഥാടകർ മദീന സന്ദർശനം പൂർത്തിയാക്കി തിങ്കളാഴ്​ച മുതൽ മക്കയിലെത്തി തുടങ്ങും. ഇൗ മാസം നാല്​, അഞ്ച്​ തീയതികളിൽ കേരളത്തിൽനിന്നും എത്തിയ ആദ്യ രണ്ട് വിമാനങ്ങളിലെ 753 തീർഥാടകരാണ് ആദ്യ ബാച്ചായി മക്കയിൽ എത്തുക. മക്കയിലെ അസീസിയയിൽ ഇന്ത്യൻ ഹാജിമാർക്ക് ഒരുക്കിയ ബിൽഡിങ്​ നമ്പർ ഒന്നിലാണ് ആദ്യദിവസം എത്തുന്ന ഹാജിമാർക്ക് താമസം ഒരുക്കിയിട്ടുള്ളത്. എട്ടു ദിവസത്തെ മദീന സന്ദർശനം പൂർത്തിയാക്കിയാണ് ഹാജിമാർ മക്കയിലേക്ക് പുറപ്പെടുന്നത്.

പ്രഭാത നമസ്കാരവും പ്രാർഥനയും നിർവഹിച്ചു, യാത്ര പുറപ്പെടാൻ തയാറാകണമെന്ന്​ മദീനയിലെ ഇന്ത്യൻ ഹജ്ജ് മിഷൻ ഉദ്യോഗസ്ഥർ തീർഥാടകരെ അറിയിച്ചിട്ടുണ്ട്​. തുടർന്നുള്ള ദിവസങ്ങളിലും എട്ടുദിവസം മദീന സന്ദർശനം പൂർത്തിയാക്കുന്ന ഹാജിമാർ മക്കയിലേക്ക്​ തിരിക്കും. ഇന്ത്യയിൽ നിന്നും മദീനയിലെത്തിയ ഹാജിമാർ, പ്രവാചക ഖബറിടവും മദീനയിലെ മറ്റ്​ പുണ്യകേന്ദ്രങ്ങളും സന്ദർശിച്ചിരുന്നു. മദീനയിൽ ഒരാഴ്ചയായി തുടരുന്ന ശക്തമായ ചൂട് ഹാജിമാരെ ഏറെ പ്രയാസത്തിൽ ആക്കിയിരുന്നു. മദീനയിൽ ഹോട്ടലുകളിൽ ഭക്ഷണം പാകം ചെയ്യാൻ കഴിയാത്തതിലും ഹാജിമാർ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. സമീപത്തെ ഹോട്ടലുകളാണ് ഹാജിമാർക്ക് ഏക ആശ്രയം. എന്നാൽ മക്കയിൽ ഹാജിമാർക്ക് പാകം ചെയ്തു കഴിക്കാനും മറ്റും സൗകര്യങ്ങൾ ഉണ്ടാവും. മക്കയിലെ അസീസിയയിലാണ് ഇന്ത്യൻ ഹജ്ജ് മിഷൻ കീഴിലുള്ള മുഴുവൻ ഹാജിമാർക്കും താമസകേന്ദ്രങ്ങൾ ഒരുക്കിയിട്ടുള്ളത്. ഇവിടങ്ങളിലെ ബിൽഡിങ്​ നമ്പർ പതിക്കൽ തുടങ്ങി അവസാനഘട്ട തയാറെടുപ്പുകള്‍ മറ്റും ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു. മക്കയിൽ ഹാജിമാരെ സ്വീകരിക്കാൻ പൂർണ സജ്ജമാണെന്ന്​ ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ ഷാഹിദ് ആലം 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. തിങ്കളാഴ്​ച മുതൽ തന്നെ ഹാജിമാർക്ക് ഹറമിൽ പോയി വരാനുള്ള ഗതാഗതസൗകര്യം ഒരുങ്ങിക്കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു

🇸🇦സൗദി: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു.

✒️രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15209 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി. 2022 ജൂൺ 2 മുതൽ 2022 ജൂൺ 10 വരെയുള്ള കാലയളവിൽ രാജ്യത്തെ മുഴുവൻ മേഖലകളിലും നടത്തിയ പ്രത്യേക പരിശോധനകളിലാണ് റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനും, അനധികൃത തൊഴിലാളികളായും, കുടിയേറ്റക്കാരായും രാജ്യത്ത് പ്രവേശിച്ചതിനും, രാജ്യത്തിന്റെ അതിർത്തി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങൾ ലംഘിച്ചതിനും ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

2022 ജൂൺ 11-നാണ് സൗദി ആഭ്യന്തര മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഇതിൽ 9337 പേർ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതിനാണ് അറസ്റ്റിലായത്. തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1876 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിർത്തി സുരക്ഷ സംബന്ധമായ ലംഘനങ്ങൾക്ക് 3996 പേരെയാണ് അറസ്റ്റ് ചെയ്തത്.

അനധികൃതമായി സൗദി അതിർത്തികളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 186 പേരെയും ഈ കാലയളവിൽ അധികൃതർ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ 49 ശതമാനം പേർ എത്യോപ്യൻ പൗരന്മാരും, 40 ശതമാനം പേർ യെമൻ പൗരന്മാരും, 11 ശതമാനം പേർ മറ്റു രാജ്യങ്ങളിൽ നിന്നുമുള്ളവരാണ്.

റെസിഡൻസി നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് തുടരുന്ന വിദേശികൾ, അനധികൃത തൊഴിലാളികൾ, കുടിയേറ്റക്കാർ തുടങ്ങിയവരുടെ വിവരങ്ങൾ സെക്യൂരിറ്റി വിഭാഗങ്ങളുമായി പങ്ക് വെക്കാൻ സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ആവശ്യപ്പെട്ടിരുന്നു. ഇത്തരക്കാരെ കണ്ടെത്തി നടപടികൾ കൈക്കൊള്ളുന്നതിനായി രാജ്യത്തെ വിവിധ സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് ആഭ്യന്തര മന്ത്രാലയം പ്രത്യേക പരിശോധനാ പരിപാടികൾ അതിവിപുലമായി നടത്തിവരികയാണ്.

ഇത്തരം വിവരങ്ങൾ പൊതുജനങ്ങൾക്ക് അധികൃതരുമായി പങ്ക് വെക്കുന്നതിനുള്ള നമ്പറുകളും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മക്ക, റിയാദ് എന്നിവിടങ്ങളിൽ 911 എന്ന നമ്പറിലും, സൗദിയുടെ മറ്റു മേഖലകളിൽ 999 എന്ന നമ്പറിലും ഇത്തരം നിയമലംഘനങ്ങൾ അധികൃതരുമായി പങ്ക് വെക്കാവുന്നതാണ്.

2022 മെയ് 26 മുതൽ 2022 ജൂൺ 1 വരെയുള്ള കാലയളവിൽ രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 13702 പേരെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ രാജ്യത്ത് അഞ്ച് ദശലക്ഷത്തിൽ പരം അനധികൃത കുടിയേറ്റക്കാർക്കെതിരെയും, റെസിഡൻസി നിയമങ്ങൾ ലംഘിച്ചവർക്കെതിരെയും നിയമനടപടികൾ സ്വീകരിച്ചതായി സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

രാജ്യത്ത് നുഴഞ്ഞ് കയറാൻ ശ്രമിക്കുന്നവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നത് വലിയ കുറ്റകൃത്യമാണെന്ന് സൗദി ആഭ്യന്തര വകുപ്പ് മന്ത്രി പ്രിൻസ് അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നൈഫ് 2021 ജൂലൈ 3-ന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത്തരക്കാർക്ക് വിവിധ സഹായങ്ങൾ നൽകുന്നതും, ഇവർക്ക് യാത്രാ സൗകര്യങ്ങൾ ഒരുക്കുന്നതും, വിവിധ സേവനങ്ങൾ നൽകുന്നതും ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കുമെന്നും, ഇത്തരം പ്രവർത്തനങ്ങൾക്ക് പിടിക്കപ്പെടുന്നവർക്ക് 15 വർഷം വരെ തടവും, ഒരു മില്യൺ റിയാൽ പിഴയും ശിക്ഷയായി ലഭിക്കാവുന്നതാണെന്നും സൗദി ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിട്ടുണ്ട്.

🇸🇦വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് വ്യക്തമാക്കി സൗദി.

✒️റിയാദ്:വിദേശ വാഹനങ്ങള്‍ക്ക് രാജ്യത്ത് തങ്ങാവുന്ന പരമാവധി കാലയളവ് വ്യക്തമാക്കി സൗദി. സൗദി കസ്റ്റംസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. നിശ്ചിത സമയത്തിനകം രാജ്യം വിട്ടില്ലെങ്കിൽ വിദേശ വാഹനങ്ങള്‍ക്ക് ഓരോ ദിവസത്തിനും 20 റിയാല്‍ തോതില്‍ പിഴ ചുമത്തും.

വിദേശ നമ്പര്‍ പ്ലേറ്റുള്ള വാഹനങ്ങള്‍ക്ക് സൗദിയില്‍ തങ്ങാവുന്ന കാലാവധി മൂന്ന് മാസമാണ്.

🇸🇦ഹജ് അപേക്ഷകരുടെ ഇഖാമ ആറു മാസ കാലാവധി വേണം.

സൗദി അറേബ്യയിലെ പ്രവാസികൾ ഈ വർഷത്തെ ഹജ്ജിന് അപേക്ഷിച്ചിട്ടുണ്ടെങ്കിൽ അവരുടെ ഇഖാമ കാലാവധി ആറു മാസം വേണമെന്നും അത്രയും സമയ പരിധിയില്ലാത്തവർ ഇന്ന് (ഞായർ) തന്നെ പുതുക്കണമെന്നും ഹജ് ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. ആശ്രിതരുടെ ഇഖാമ കാലാവധിയും ആറു മാസത്തിൽ കുറയരുത്. ഇഖാമ പുതുക്കിയാൽ ഓൺലൈനിൽ അപ്ഡേറ്റ് ആവും. ഇഅതമർനാ ആപ്പിലും പുതിയ തിയ്യതി അപ്ഡേറ്റ് ആകും. ഇഖാമ പുതുക്കിയാൽ മാത്രമേ അപേക്ഷ സ്വീകരിക്കുകയുള്ളൂ.
ഇന്നലെയായിരുന്നു ഹജിന് അപേക്ഷിക്കാനുള്ള അവസാന തിയ്യതി.
✒️

Post a Comment

0 Comments