Ticker

6/recent/ticker-posts

Header Ads Widget

SAUDI ARABIA NEWS TODAY

🇸🇦സൗദിയിൽ മാസ്ക്, തവക്കൽന ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ പിൻവലിച്ചു.

✒️സൗദിയിൽ കോവിഡ് പ്രതിരോധ മുൻകരുതലുകളും പ്രതിരോധ നടപടികളും പൂർണമായും പിൻവലിച്ചതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തിന്റെയും തുടർനടപടികളുടെയും പശ്ചാത്തലത്തിലും കോവിഡിനെ പ്രതിരോധിക്കാനാവശ്യമായ യോജിച്ച ഫലപ്രദമായ ദേശീയ ശ്രമങ്ങൾ, ദേശീയ വാക്സിനേഷൻ പ്രോഗ്രാമിലെ പുരോഗതി തുടങ്ങി ആരോഗ്യ മന്ത്രലായം കോവിഡിനെ ചെറുക്കുന്നതിൽ കൈവരിച്ച നിരവധി നേട്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

പുതിയ പ്രഖ്യാപനം അനുസരിച്ച് മക്ക, മദീന ഇരുഹറം പള്ളികളിലും മറ്റു പബ്ലിക് ഹെൽത്ത് അതോറിറ്റി നിഷ്കർഷിക്കുന്ന സ്ഥലങ്ങളിലും ഒഴികെ അടച്ചിട്ട സ്ഥലങ്ങളിലും മറ്റും മാസ്ക് നിർബന്ധമില്ല. എന്നാൽ പ്രത്യേക ഇവന്റുകൾ, പൊതുഗതാഗതം തുടങ്ങിയവയിൽ പ്രവേശിക്കുമ്പോൾ അധികൃതർ ആവശ്യപ്പെട്ടാൽ മാത്രം മാസ്ക് ധരിക്കൽ നിർബന്ധമായിരിക്കും.

പ്രതിരോധ കുത്തിവയ്പ്പ് ആവശ്യമുള്ളവർ ഒഴികെ മറ്റുള്ളവർക്ക് സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനോ, ഇവന്റുകൾ, പൊതുഗതാഗതം, വിമാനയാത്ര തുടങ്ങിയ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നതിനോ തവക്കൽന ആപ്ലിക്കേഷനിൽ പ്രതിരോധ കുത്തിവയ്പ്പും ആരോഗ്യ നില പരിശോധിക്കേണ്ട ആവശ്യവുമില്ല. എന്നാൽ അത്തരം പരിശോധന തുടരുന്നതിലൂടെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന സ്ഥാപനങ്ങളിലോ ഇവന്റുകളിലോ പൊതുഗതാഗത സംവിധാനങ്ങളിലോ ആവശ്യമെങ്കിൽ അധികൃതർക്ക് തവക്കൽന നിർബന്ധമാക്കാം.

രാജ്യത്തിന് പുറത്ത് യാത്ര ചെയ്യുന്ന പൗരന്മാർക്ക് നേരത്തെ രണ്ടാം ഡോസ് വാക്സിൻ എടുത്തതിന് ശേഷം മൂന്ന് മാസത്തിനുള്ളിൽ ബൂസ്റ്റർ ഡോസ് എടുക്കണമെന്ന കാലാവധി എട്ട് മാസമാക്കി ദീർഘിപ്പിച്ചു. അംഗീകൃത വാക്സിൻ ബൂസ്റ്റർ ഡോസുകൾ എടുക്കുന്നതുൾപ്പെടെയുള്ള കോവിഡ് പ്രതിരോധ കുത്തിവയ്പ്പിനായുള്ള ദേശീയ പദ്ധതി നടപ്പാക്കുന്നത് തുടരേണ്ടതിന്റെ പ്രാധാന്യം മന്ത്രാലയം ഊന്നിപ്പറഞ്ഞു. നിലവിൽ സ്വീകരിച്ച നടപടികളുടെ തുടർച്ച രാജ്യത്തെ ആരോഗ്യ അധികാരികളുടെ തുടർച്ചയായ കോവിഡ് സാഹചര്യ വിലയിരുത്തലിന് വിധേയമാ യിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

🇸🇦സൗദിയില്‍ മധ്യാഹ്ന ജോലിക്ക് കര്‍ശന നിയന്ത്രണം.

✒️ചൂട് ശക്തമായതോടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ ജോലി ചെയ്യുന്നതില്‍ നിയന്ത്രണം എര്‍പ്പെടുത്തി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം ഉത്തരവിറക്കി. ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളുള്‍പ്പെടെ ഉച്ചക്ക് 12 മണി മുതല്‍ മൂന്ന് മണി വരെ സൂര്യ താപമേറ്റ് ജോലി ചെയ്യുന്നതാണ് നിരോധിച്ചിരിക്കുന്നത്.

തൊഴില്‍ സംബന്ധമായ രോഗങ്ങളും പരിക്കുകളും കുറയ്ക്കാനും ജീവനക്കാരുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനും ഉത്തരവിനനുസരിച്ച് തൊഴില്‍ സമയം ക്രമീകരിക്കണമെന്നും ഉത്തരവിലെ വ്യവസ്ഥകള്‍ പാലിക്കണമെന്നും മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

നിയമ ലംഘനം ഉപഭോക്തൃ സേവന നമ്പറായ 19911 വഴിയോ മന്ത്രാലയത്തിന്റെ ആപ്ലിക്കേഷന്‍ വഴിയോ അറിയിക്കണമെന്നും മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂര്യപ്രകാശത്തിന്റെ താപമേറ്റുണ്ടാവുന്ന അപകടങ്ങള്‍ തടയാനുള്ള നിര്‍ദേശങ്ങള്‍ തൊഴിലുടമകളെ അറിയിക്കാനായി മന്ത്രാലയം വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

🇸🇦സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയെന്ന് അധികൃതര്‍.

✒️സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളില്‍ തിങ്കള്‍ മുതല്‍ വ്യാഴാഴ്ച വരെ പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി അറിയിച്ചു. മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യ എന്നിവിടങ്ങളിലാണ് പൊടിക്കാറ്റ് വീശാന്‍ സാധ്യതയുള്ളത്.

മക്ക, മദീന മേഖലകളിലെ യാംബു, റാബഗ്, ജിദ്ദ, അലൈത്ത്, ഖുന്‍ഫുദ തീരപ്രദേശങ്ങളിലെ ഹൈവേകള്‍ എന്നിവിടങ്ങളിലും ശക്തമായ പൊടിക്കാറ്റിന് സാധ്യതയുണ്ട്. മേഖലകളിലെ ഉയര്‍ന്ന സ്ഥലങ്ങളില്‍ ഉച്ചയ്ക്ക് ശേഷം ഇടിമിന്നലിനും സാധ്യതയുണ്ടെന്നും ബുധനാഴ്ച മുതല്‍ ഈ ആഴ്ച അവസാനം വരെ ഇതിന്റെ ആഘാതം വര്‍ധിക്കുമെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.

🇸🇦ആയിരം കടന്ന് സൗദിയില്‍ പുതിയ കൊവിഡ് കേസുകള്‍.

✒️റിയാദ്: സൗദി അറേബ്യയില്‍ വീണ്ടും കുതിച്ചുയര്‍ന്ന് പുതിയ കൊവിഡ് കേസുകള്‍. പുതുതായി 1,188 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രാജ്യമാകെ രണ്ടുപേര്‍ മരിച്ചു. നിലവിലെ രോഗികളില്‍ 923 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,78,983 ആയി. 

ആകെ രോഗമുക്തരുടെ എണ്ണം 7,60,490 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,175 ആയി. രോഗബാധിതരില്‍ 9,318 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ 91 പേരുടെ നില ഗുരുതരം. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 24 മണിക്കൂറിനിടെ 37,018 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 427, ജിദ്ദ 167, ദമ്മാം 101, ഹുഫൂഫ് 53, മദീന 34, ത്വാഇഫ് 34, മക്ക 33, അബഹ 33, ദഹ്‌റാന്‍ 24, ജീസാന്‍ 16 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 66,514,764 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 26,680,996 ആദ്യ ഡോസും 25,045,489 രണ്ടാം ഡോസും 14,788,279 ബൂസ്റ്റര്‍ ഡോസുമാണ്.

🇸🇦സൗദി അറേബ്യ: ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ രജിസ്‌ട്രേഷൻ അവസാനിച്ചു.

✒️സൗദി അറേബ്യയിൽ നിന്നുള്ള ആഭ്യന്തര തീർത്ഥാടകർക്കുള്ള ഹജ്ജ് രജിസ്‌ട്രേഷൻ ബുക്കിംഗ് 2022 ജൂൺ 11-ന് അവസാനിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. 390000-ത്തിലധികം ആഭ്യന്തര രജിസ്‌ട്രേഷൻ അപേക്ഷകൾ ലഭിച്ചതായി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിൽ നിന്ന് ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ ജൂൺ 12, ഞായറാഴ്ച മുതൽ SMS സന്ദേശത്തിലൂടെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുന്നതാണ്. ഒന്നരലക്ഷത്തോളം ആഭ്യന്തര തീർത്ഥാടകർക്കാണ് ഈ വർഷം ഹജ്ജ് അനുഷ്ഠിക്കുന്നതിന് അനുമതി.

ഇതുവരെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാത്തവർക്കായിരിക്കും ഈ വർഷത്തെ തീർത്ഥാടനത്തിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകുന്നത്. ഇലക്ട്രോണിക് നറുക്കെടുപ്പിലൂടെ തീർത്ഥാടനത്തിനായി തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹജ്ജ് പാക്കേജുകൾ തിരഞ്ഞെടുക്കുന്നതിനും, ഫീസ് അടയ്ക്കുന്നതിനും 48 മണിക്കൂർ സമയം ലഭിക്കുന്നതാണ്.

Post a Comment

0 Comments