Ticker

6/recent/ticker-posts

Header Ads Widget

പ്ലസ് വൺ പ്രവേശനം 11 മുതൽ; പത്തുജില്ലകളിൽ സീറ്റ് കൂടും

ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രവേശന നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തിൽത്തന്നെ മൂന്ന് അലോട്ട്‌മെന്റുകൾ നടത്താനും ആവശ്യമായ ജില്ലകളിൽ സീറ്റുവർധന അനുവദിക്കാനും തീരുമാനിച്ചു. നീന്തലിന് നൽകിയിരുന്ന രണ്ടു ബോണസ് പോയന്റ് ഇക്കുറി ഉണ്ടാവില്ല.

തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ എല്ലാ സർക്കാർസ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനവും മാർജിനൽ സീറ്റുവർധന അനുവദിച്ചു. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകൾക്ക് 10 ശതമാനംകൂടി വർധന അനുവദിക്കാനും തീരുമാനിച്ചു.

കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിലും 20 ശതമാനം മാർജിനൽ സീറ്റുവർധന അനുവദിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ സീറ്റുവർധനയില്ല.

കഴിഞ്ഞ അധ്യയനവർഷം താത്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാലുബാച്ചുകളും ഉൾപ്പെടെ 81 താത്‌കാലിക ബാച്ചുകൾ ഈ വർഷമുണ്ടാകും. അപേക്ഷകർക്ക് സ്വന്തമായോ പത്താംക്ലാസിൽ പഠിച്ചിരുന്ന ഹൈസ്കൂളിലെ കംപ്യൂട്ടർലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ ഓൺലൈനായി അപേക്ഷ നൽകാം.

സർക്കാർ/എയ്ഡഡ് ഹയർസെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലും അപേക്ഷാസൗകര്യമുണ്ട്. 21-ന് പരീക്ഷണ അലോട്ട്‌മെന്റ് നടത്തും.

ആദ്യ അലോട്ട്‌മെന്റ് 27-നും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ഓഗസ്റ്റ് 11-നും നടത്തും. ഓഗസ്റ്റ് 17-ന് ക്ലാസ് ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്‌മെന്റുകൾക്കുശേഷം സെപ്റ്റംബർ 20-ന് പ്രവേശന നടപടികൾ അവസാനിപ്പിക്കും.

അക്കാദമിക മികവും ബോണസ് പോയന്റും പരിഗണിച്ച് വിദ്യാർഥിയുടെ വെയിറ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ.) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്.

ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള അപേക്ഷകൾ www.admission.dge.kerala.gov.in എന്ന ഏകജാലക പോർട്ടൽ വഴി സമർപ്പിക്കാം. അവസാനതീയതി ജൂലായ് 18.

Post a Comment

0 Comments