ത്യാഗത്തിന്‍റേയും സഹനത്തിന്‍റെയും സ്മരണയില്‍ കേരളത്തിലെ ഇസ്ലാം മത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോഷിക്കുകയാണ്. പെരുന്നാള്‍ നമസ്കാരവും കുടുംബാംഗങ്ങളുടെ ഒത്തുചേരലും മൃഗബലിയുമാണ് ബക്രീദ് ദിനത്തില്‍ വിശ്വാസി കളുടെ പ്രധാന കര്‍മ്മം. പ്രവാചകനായ ഇബ്രാംഹിം മകന്‍ ഇസ്മായീലിനെ ദൈവകല്‍പ്പന പ്രകാരം ബലി നല്‍കാനൊരുങ്ങിയതിന്‍റെ ഓര്‍മ്മ പുതുക്കലാണ് വിശ്വാസികള്‍ക്ക് ബലിപെരുന്നാള്‍. അതിന്‍റെ ഓര്‍മ്മയില്‍ മൃഗബലിയാണ് ബലിപെരുന്നാൾ ദിനത്തിന്‍റെ പ്രത്യേകത. സഹനത്തിന്‍റേയും ത്യാഗത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പുണ്യദിനം കൂടിയാണ് ബലിപെരുന്നാള്‍.
രാവിലെ പെരുന്നാള്‍ നമസ്കാരം. തുടര്‍ന്ന് സ്നേഹാശംകള്‍ കൈമാറി ഊഷ്മ ളമായ വലിയപെരുന്നാള്‍ ആഘോഷത്തിലേക്ക് വിശ്വാസികൾ കടക്കും. പുതു വസ്ത്രമണിഞ്ഞുള്ള കുടംബാഗങ്ങളുടെ ഒത്തു ചേരലും മൈലാഞ്ചിയിടലിനും ഒപ്പം വിഭവ സമൃദ്ധമായ ഭക്ഷണവും ബന്ധു വീടുകളിലെ സമാഗമങ്ങളും ഈ ദിവസത്തെ ആഘോഷമാക്കി മാറ്റും. ഈ ആഘോഷങ്ങള്‍ക്കിടയിലും ത്യാഗത്തിനും പരസ്പര സ്നേഹത്തിനും സഹാനുഭൂതിക്കും എല്ലാവരും ഊന്നല്‍ നല്‍കണമെന്ന വലിയ സന്ദേശമാണ് ലോകത്തോട് ബലിപെരുന്നാള്‍ ആഹ്വാനം ചെയ്യുന്നത്.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ വിശ്വാസികൾക്ക് ആശംസ നേർന്ന് രംഗത്തെത്തി. മനുഷ്യത്വത്തിന്റെ ഏറ്റവും ഉദാത്തമായ ആവിഷ്കാരം ത്യാഗമാണെന്ന് ഓർമിപ്പിക്കുന്ന ദിനമാണ് ബലി പെരുന്നാളെന്നാണ് മുഖ്യമന്ത്രി പെരുന്നാൾ സന്ദേശത്തിൽ പറഞ്ഞത്. സ്വന്തം സുഖസന്തോഷങ്ങൾ ഉപേക്ഷിച്ച് മറ്റുള്ളവന്റെ നന്മയ്ക്കായി ആത്മാർപ്പണം ചെയ്ത മനുഷ്യരുടെ ത്യാഗമാണ് ലോകത്തെ പ്രകാശമാനമാക്കുന്നതെന്ന സന്ദേശമാണ് ഈ ദിനം പകരുന്നത്. അതുൾക്കൊള്ളാനും പങ്കുവയ്ക്കാനും ആ വിധം ബലി പെരുന്നാൾ ആഘോഷം സാർത്ഥകമാക്കാനും ഏവർക്കും സാധിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒത്തു ചേരാനും സാഹോദര്യത്തിന്റെ മാധുര്യം നുണയാനുമുള്ള ഒരു അവസരം കൂടിയായി ഈ സുദിനം മാറട്ടെ. മനുഷ്യരെ പല കള്ളികളിലാക്കുന്ന സങ്കുചിതാശയങ്ങളുടെ അതിർവരമ്പുകൾ മായ്ച്ച് സന്തോഷം പരസ്പരം പങ്കുവയ്ക്കാനും വേദനകൾ മറന്ന് പുഞ്ചിരിക്കാനും ഏവർക്കും സാധിക്കട്ടെ. സമൃദ്ധവും സമത്വസുന്ദരവുമായ നാളേയ്ക്ക് വേണ്ടി ഒരുമിച്ച് നിൽക്കാൻ ഈ ആഘോഷം പ്രചോദനമാകട്ടെ. ഏവർക്കും ഹൃദയപൂർവ്വം ബലി പെരുന്നാൾ ആശംസകൾ നേരുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ബലിപെരുന്നാള്‍ നിറവില്‍ ഗള്‍ഫ് രാജ്യങ്ങള്‍; സന്തോഷം പങ്കുവെച്ച് വിശ്വാസി സമൂഹം.
ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്വം വിളിച്ചോതി വീണ്ടുമൊരു ബലിപെരുന്നാള്‍ കൂടി വന്നെത്തിയിരിക്കുകയാണ്. ബലിപെരുന്നാള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ വിപുലമായി ആഘോഷിച്ചു. കൊവിഡ് മഹാമാരിക്ക് ശേഷം ഒത്തുചേരലിന്റെയും സന്തോഷത്തിന്റെയും പെരുന്നാള്‍ കൂടിയാണ് ഇത്തവണത്തേത്.
സൗദി അറേബ്യയില്‍ മക്ക, മദീന ഹറമുകളിലും രാജ്യത്തെ മറ്റ് പള്ളികളിലും ഈദ് ഗാഹുകളിലും ബലിപെരുന്നാള്‍ നമസ്‌കാരം നടന്നു. മസ്ജിദുല്‍ ഹറാമില്‍ നടന്ന പെരുന്നാള്‍ നമസ്‌കാരത്തില്‍ ഹജ്ജ് തീര്‍ത്ഥാടകരും പങ്കെടുത്തു. പള്ളികളിലും ഈദ്ഗാഹുകളിലും നടന്ന നമസ്‌കാരത്തില്‍ പങ്കുചേര്‍ന്നും സൗഹൃദം പങ്കുവെച്ചും ബഹ്‌റൈനിലെ സ്വദേശികളും പ്രവാസികളും ബലിപെരുന്നാള്‍ ആഘോഷത്തില്‍ പങ്കാളികളായി. രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ സഖീര്‍ പാലസ് മസ്ജിദില്‍ ഈദുല്‍ അദ്ഹ പ്രാര്‍ത്ഥന നടത്തി.
ഖത്തറില്‍ പുലര്‍ച്ചെ 5.05ന് വിവിധ ഭാഗങ്ങളിലായി 588 പള്ളികളിലും ഈദ്ഗാഹുകളിലുമായി നമസ്‌കാരം നടന്നു. പള്ളികളില്‍ മാസ്‌ക് ധരിച്ചാണ് വിശ്വാസികള്‍ പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി അല്‍ വജ്ബ പാലസില്‍ ഈദ് നമസ്‌കാരം നിര്‍വ്വഹിച്ചു.
യുഎഇ, ഒമാന്‍, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലെല്ലാം കൊവിഡിന് ശേഷമുള്ള പെരുന്നാളിന്റെ സന്തോഷം പ്രകടമായിരുന്നു. പുലര്‍ച്ചെ പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ ആശംസകളറിയിച്ച് വീടുകളിലേക്ക് മടങ്ങിയ വിശ്വാസികള്‍ ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഭക്ഷണം കഴിച്ച ശേഷം വൈകുന്നേരം പാര്‍ക്കുകളിലും ബീച്ചുകളിലും അവധി ആഘോഷിക്കാനെത്തി. വിവിധ പരിപാടികളും പെരുന്നാള്‍ അവധി ആഘോഷിക്കാനായി സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി ഒരുക്കിയിട്ടുണ്ട്. യുഎഇയില്‍ പലയിടങ്ങളിലും വെടിക്കെട്ട് ഉള്‍പ്പെടെ സംഘടിപ്പിച്ചിട്ടുണ്ട്.
0 Comments