ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സ്ഥാനമേൽക്കും. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുർമുവിനെ തേടിയെത്തും.
ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാർലമെൻറിൻറെ ഇരുസഭകളും ഇന്ന് രണ്ടു മണിക്ക് മാത്രമേ ചേരുകയുള്ളു. പാർലമെൻറിന് ചുറ്റുമുള്ള 30 ഓഫീസുകൾക്ക് ഉച്ചവരെ അവധി നൽകി. തിരികെ രാഷ്ട്രപതി ഭവൻ വരെ എത്തിയ ശേഷമായിരിക്കും രാംനാഥ് കോവിന്ദ് പുതിയ ഔദ്യോഗിക വസതിയിലേക്ക് മാറുക. പുതിയ രാഷ്ട്രപതിയുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആഘോഷങ്ങൾ തുടരുകയാണ്. ഡൽഹിയിക്കൊപ്പം ആദിവാസി മേഖലകളിലും രണ്ടു ദിവസം നീളുന്ന ആഘോഷങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്.
പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ നടക്കുന്ന സത്യപ്രതിജ്ഞാച്ചടങ്ങിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, കേന്ദ്രമന്ത്രിമാർ, ഗവർണർമാർ, മുഖ്യമന്ത്രിമാർ, വിദേശരാജ്യങ്ങളുടെ നയതന്ത്രമേധാവികൾ, മൂന്നുസേനകളുടെയും മേധാവികൾ, പാർലമെന്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
ആദിവാസിവിഭാഗത്തിൽനിന്നുള്ള ആദ്യത്തെ രാഷ്ട്രപതിയായ ദ്രൗപദി മുർമു ഈ പരമോന്നതപദവിയിലെത്തുന്ന രണ്ടാമത്തെ വനിതയാണ്. അറുപത്തിനാലുശതമാനം വോട്ടുനേടിയാണ് രാഷ്ട്രപതിസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. മകൾ ഇതിശ്രീ, മകളുടെ ഭർത്താവ് ഗണേഷ് ഹേംബ്രാം, കുടുംബാംഗങ്ങൾ തുടങ്ങിയവരും സത്യപ്രതിജ്ഞാച്ചടങ്ങിന് സാക്ഷ്യംവഹിക്കും.
തിങ്കളാഴ്ച രാവിലെ 9.50ന് ആചാരപരമായ ചടങ്ങുകളോടെ രാഷ്ട്രപതി ഭവനിൽനിന്ന് പുറപ്പെട്ട് 10.03ന് പാർലമെന്റിലെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, നിയുക്ത രാഷ്ട്രപതി ദ്രൗപദി മുർമു എന്നിവരെ പാർലമെന്റിൽ ഉപരാഷ്ട്രപതി, ലോക്‌സഭാ സ്പീക്കർ, ചീഫ് ജസ്റ്റിസ് എന്നിവർ സ്വീകരിക്കും. തുടർന്ന് സെൻട്രൽ ഹാളിലേക്ക് ആനയിക്കും. സത്യപ്രതിജ്ഞയ്ക്ക് തൊട്ടുപിന്നാലെ 21 ആചാരവെടികൾ മുഴങ്ങും. ചടങ്ങിനുശേഷം രാഷ്ട്രപതി ഭവനിലെത്തുന്ന പുതിയ രാഷ്ട്രപതിക്ക് മൂന്നുസേനകളും ഗാർഡ് ഓഫ് ഓണർ നൽകും.
സത്യപ്രതിജ്ഞാച്ചടങ്ങിനായി ഒരുങ്ങിയ പാർലമെന്റിന്റെ പരിസരം കനത്ത സുരക്ഷാവലയത്തിലാണ്. പാർലമെന്റിന്റെ പരിസരങ്ങളിലുള്ള മുപ്പതോളം കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചയ്ക്ക് രണ്ടുമണിവരെ അവധിനൽകി. രാവിലെ ആറുമണിമുതൽ ഈ കെട്ടിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥർ നിലയുറപ്പിക്കും. പുതിയ പാർലമെന്റിന്റെ നിർമാണപ്രവർത്തനങ്ങളും തിങ്കളാഴ്ച താത്‌കാലികമായി നിർത്തിവെക്കും.
0 Comments