രാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് പൂർത്തിയായി. വ്യത്യസ്ത പാർട്ടികളിലെ ആറ് എംപിമാർ വോട്ട് രേഖപ്പെടുത്തിയില്ല. ബിജെപി എംപി സണ്ണി ഡിയോൾ ഉൾപ്പെടെയുള്ള ആറ് പേരാണ് വോട്ട് ചെയ്യാൻ എത്താഞ്ഞത്. തെരഞ്ഞെടുപ്പിൽ 99.18 % ഇലക്ടറൽ കോളജിലെ അംഗങ്ങൾ വോട്ട് ചെയ്തു. അതേസമയം മാർഗരറ്റ് ആൽവ നാളെ നാമ നിർദേശ പത്രിക സമർപ്പിക്കും.
വോട്ടെടുപ്പ് ഇന്ന് രാവിലെ പത്ത് മണിക്കാണ് ആരംഭിച്ചത്. പാർലമെന്‍റിൽ 63 ാം നമ്പർ മുറിയാണ് പോളിംഗ് ബുത്തായി നിശ്ചയിച്ചത്. സംസ്ഥാനങ്ങളിൽ നിയമസഭകളിലാണ് വോട്ടെടുപ്പ് നടന്നത്. എം പിമാരും എം എല്‍ എമാരുമടക്കം 4809 ജനപ്രതിനിധികളാണ് വോട്ട് രേഖപ്പെടുത്താൻ പട്ടികയിലുണ്ടായിരുന്നത്. അറുപത് ശതമാനത്തിലധികം വോട്ട് ഉറപ്പിച്ച് എന്‍ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു വിജയം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം മികച്ച മത്സരം കാഴ്ച വയ്ക്കാനായെന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. അടുത്ത ചൊവ്വാഴ്ചയാണ് വോട്ടെണ്ണൽ.
മുഖ്യമന്ത്രി പിണറായി വിജയനും വോട്ട് രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയെ കൂടാതെ മന്ത്രി വി ശിവൻകുട്ടി, എം എൽ എമാരായ ഉമ്മൻ ചാണ്ടി, ഷാഫി പറമ്പിൽ, എം രാജഗോപാൽ തുടങ്ങിയവരും വോട്ട് ചെയ്തു. സംസ്ഥാനത്തെ 140 എംഎൽഎമാർക്ക് പുറമേ യുപി, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുള്ള ജന പ്രതിനിധികൾ കേരളത്തിലെത്തി വോട്ട് രേഖപ്പെടുത്തി.
എൻ ഡി എ സ്ഥാനാർത്ഥിക്ക് നാൽപത്തിയൊന്ന് പാർട്ടികളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തെ ശിവസേന, ഝാർഖണ്ട് മുക്തി മോർച്ച, ജനതാദൾ സെക്കുലർ തുടങ്ങിയ കക്ഷികൾ മുർമുവിന് പിന്തുണ അറിയിച്ചെന്നതാണ് വലിയ നേട്ടമായത്. വൈ എസ് ആർ കോൺഗ്രസ്, ബിജു ജനതാദൾ തുടങ്ങിയ കക്ഷികളുടെയും പിന്തുണയുള്ള എൻ ഡി എയ്ക്ക് ആറുലക്ഷത്തി എഴുപതിനായിരം വോട്ടുകൾ കിട്ടാനാണ് സാധ്യത. മറുവശത്ത് പ്രതിപക്ഷ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയ്ക്ക് ആം ആദ്മി പാർട്ടി അവസാനം പിന്തുണ അറിയിച്ചതാണ് ആശ്വാസം.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള ചിത്രവും ഇതിനിടെ വ്യക്തമായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിയായി ജഗ്ദീപ് ധാൻകറിനെ എൻ ഡി എ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളും സംയുക്ത സ്ഥാനാര്‍ത്ഥിയായി മാര്‍ഗരറ്റ് ആല്‍വയെ തീരുമാനിച്ചു.. ശരദ്പവാറിന്‍റെ വസതിയില്‍ ഇന്നലെ ചേർന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലാണ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് നേതാവ് മാര്‍ഗരറ്റ് ആല്‍വയെ പ്രഖ്യാപിച്ചത്. വനിത, ന്യൂനപക്ഷ സമുദായഗം , രാഷ്ട്രീയ പരിചയം, ദക്ഷിണേന്ത്യന്‍ പ്രാതിനിഥ്യം തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചാണ് മാര്‍ഗരറ്റ് അല്‍വയെ സ്ഥാനാര്‍ത്ഥിയായി നിശ്ചയിച്ചത്. ഉത്തരാഖണ്ട്, ഗോവ, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗവർണ്ണറും മുൻ കേന്ദ്രമന്ത്രിയുമാണ് മാർഗരറ്റ് ആൽവ. യോഗത്തില്‍ പതിനേഴ് പ്രതിപക്ഷ പാര്‍ട്ടികളാണ് പങ്കെടുത്തതെങ്കിലും 19 പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്ന് നേതാക്കള്‍ അവകാശപ്പെട്ടു. തൃണമൂല്‍ കോണ്‍ഗ്രസും ആംആദ്മി പാര്‍ട്ടിയും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പിന്തുണയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.
98.90 ശതമാനം ജനപ്രതിനിധികളും വോട്ടെടുപ്പിൽ പങ്കെടുത്തതായാണ് വിവരം. ഛത്തീസ്ഗഡ്, ഗോവ, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, കേരളം, കർണാടക, മധ്യപ്രദേശ്, മണിപ്പൂർ, പുതുച്ചേരി, സിക്കിം, തമിഴ്‌നാടും എന്നിവിടങ്ങളിൽ നിന്നുള്ള 100 ശതമാനം എം.എൽ.എമാരും വോട്ട് രേഖപ്പെടുത്തി. ജൂലൈ 21ന് പാർലമെന്റ് ഹൗസിൽ വോട്ടെണ്ണലും ജൂലൈ 25ന് പ്രസിഡന്റിന്റെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കും.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വൈകുന്നേരത്തോടെ റോഡ്, വിമാനം വഴി ബാലറ്റ് പെട്ടികൾ പാർലമെന്റിലെത്തുമെന്ന് രാജ്യസഭാ സെക്രട്ടറി ജനറലും ചീഫ് റിട്ടേണിങ് ഓഫീസറുമായ പി.സി.മോഡി പറഞ്ഞു. നിഷ്പക്ഷത ഉറപ്പാക്കാൻ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർമാരുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ബാലറ്റ് പെട്ടികൾ രാജ്യതലസ്ഥാനത്ത് എത്തിക്കും.
എല്ലാ ബാലറ്റ് പെട്ടികളും മറ്റ് തിരഞ്ഞെടുപ്പ് സാമഗ്രികളും 2022 ജൂലൈ 19-നകം പാർലമെന്റ് ഹൗസിൽ അതായത് വോട്ടെണ്ണൽ സ്ഥലത്ത് എത്തും.
0 Comments