Ticker

6/recent/ticker-posts

Header Ads Widget

പ്ലസ് വണ്‍ പ്രവേശനം; സമയപരിധി ഒരു ദിവസത്തേക്ക് നീട്ടി, ഹര്‍ജി നാളെ വീണ്ടും പരിഗണിക്കും.

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയ പരിധി ​നാളെ വരെ നീട്ടി. സമയപരിധി നീട്ടണമെന്നാവശ്യപ്പെട്ട് സി.ബി.എസ്.ഇ വിദ്യാർഥികൾ സമർപ്പിച്ച ഹരജി നാ​ളെ ഉച്ചക്ക് മൂന്നിന് ഹൈകോടതി വീണ്ടും പരിഗണിക്കും.

നീട്ടിയ സമയ പരിധി ഇന്നവസാനിക്കുന്ന സാഹചര്യത്തിലാണ് തുടർപഠനം നടത്താൻ സാധിക്കില്ലെന്ന് കാണിച്ച് വിദ്യാർഥികൾ ഹൈകോടതിയെ സമീപിച്ചത്. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. സമയ പരിധി നീട്ടിയില്ലെങ്കിൽ സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാനുള്ള അവസരം നഷ്ടമാകും.

മുമ്പും സി.ബി.എസ്.ഇ വിദ്യാർഥികളുടെ ഹരജി പരിഗണിച്ചാണ് പ്ലസ് വണ്ണിന് അപേക്ഷ നൽകാനുള്ള തീയതി ഇന്നു വരെ നീട്ടിയത്. കോടതി നിർദേശമനുസരിച്ച് വിദ്യാഭ്യാസ വകുപ്പ് തീരുമാനമെടുക്കും. അതേസമയം അപേക്ഷ നൽകാനുള്ള സമയപരിധി അനന്തമായി നീട്ടുന്നതിനോട് സർക്കാരിന് യോജിപ്പില്ല. ഇക്കാര്യം സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു. സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് സപ്ലിമെന്ററി അലോട്മെന്റിന് അവസരം ഒരുക്കാമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.

സമയപരിധി ഇനിയും നീട്ടാനാവില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. ഓഗസ്റ്റ് 17ന് ക്ലാസ് തുടങ്ങിയാൽ പോലും 200 പ്രവര്‍ത്തി ദിനങ്ങള്‍ പൂര്‍ണമാക്കാന്‍ പറ്റുമോ എന്ന് സംശയമാണ്. ശനിയാഴ്ച പ്രവര്‍ത്തി ദിനം ആക്കിയാല്‍ പോലും അങ്ങനെ സാധിക്കില്ല. ഇനിയും സമയം നീട്ടി നൽകാൻ ആവില്ല. സ്റ്റേറ്റ് സിലബസില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ ഒരു മാസമായി പ്രവേശനത്തിന് കാത്തിരിക്കുകയാണ്. ഇനിയും സമയം അനുവദിക്കുന്നത് അംഗീകരിക്കാനാവില്ല. സി ബി എസ് ഇ പരീക്ഷ ഫലം എന്ന് പ്രസിദ്ധീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. മിക്ക സിബിഎസ്ഇ സ്കൂളുകളിലും പ്ലസ് ടു ഉണ്ട് എന്നും സർക്കാര്‍ കോടതിയില്‍ പറഞ്ഞു. തങ്ങളുടെ സ്കൂളിൽ പ്ലസ് ടു ഇല്ല എന്ന് ഹർജിക്കാർ പറഞ്ഞു. സിബിഎസ്ഇ, സംസ്ഥാന സംവിധാനങ്ങള്‍ തമ്മില്‍ ഏകോപനം ഇല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

അതിനിടെ 2022-2023 അദ്ധ്യയന വര്‍ഷത്തേയ്ക്കുള്ള (plus one sports quota registration) പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട രജിസ്ട്രേഷനും വെരിഫിക്കേഷനും ആരംഭിച്ചു. താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ www.spotsr.hscap.kerala.gov.in എന്ന വെബ്സൈറ്റില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ (online registration) നടത്തിയതിനു ശേഷം ലഭിക്കുന്ന രജിസ്ട്രേഷന്റെ പകര്‍പ്പ്, ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റിന്റെ സ്‌കാന്‍ ചെയ്ത കോപ്പി എന്നിവയുമായി ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ നേരിട്ടെത്തുകയോ അല്ലെങ്കില്‍ സ്വന്തം ഇ-മെയില്‍ ഐഡിയില്‍ നിന്നും sportsidukki21@gmail.com എന്ന ഇ-മെയില്‍ ഐഡിയിലേക്ക് അയച്ചു നല്‍കണം. അഡ്മിഷന് 2020 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ മാത്രമെ പരിഗണിക്കൂ. സ്‌കൂള്‍ തല മത്സരങ്ങള്‍ക്ക് പുറമേ സംസ്ഥാന/ജില്ലാ അംഗീകൃത സ്പോര്‍ട്സ് അസ്സോസിയേഷന്‍ നടത്തുന്ന മത്സരങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ ഒബ്സര്‍വറുടെ ഒപ്പ് നിര്‍ബന്ധമാണ്. സ്പോര്‍ട്സ് മികവ് രജിസ്ട്രേഷനും, വെരിഫിക്കേഷനുമുള്ള അവസാന തീയതി ജൂലൈ 22. ഫോണ്‍-9447243224, 8281797370, 04862-232499.

Post a Comment

0 Comments