🕋ഉംറ ബുക്കിങ് ഈ മാസം 19ന് ആരംഭിക്കും.
✒️ഇക്കൊല്ലത്തെ ഹജ്ജിന് ശേഷമുള്ള ഉംറ ഓൺലൈൻ ബുക്കിങ് ജൂലൈ 19 ന് ആരംഭിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അതുവരെ രാജ്യത്ത് തങ്ങുന്ന ഹജ്ജ് തീർത്ഥാടകർക്ക് മാത്രമാണ് ഉംറക്ക് അനുമതി ലഭിക്കുക. ഹാജിമാർ രാജ്യം വിടുന്നതുവരെ മസ്ജിദുൽ ഹറാമിൽ അധിക തിരക്ക് ഒഴിവാക്കുന്നതിന്റെ കൂടി ഭാഗമാണ് പുതിയ തീരുമാനം.
തഷ് രീക്ക് മൂന്നാം ദിനമായ ചൊവ്വാഴ്ച മിനായിലെ ജംറയിൽ കല്ലേറ് പൂർത്തിയാക്കിയ ഹാജിമാർ കഅബയിൽ വിടവാങ്ങൽ ത്വവാഫ് നിർവഹിച്ചതോടെ ഹജ്ജ് ചടങ്ങുകൾക്ക് പരിസമാപ്തിയായി. മദീന സന്ദർശനം നടത്താത്ത തീർത്ഥാടകർ പ്രവാചക നഗരിയിലേക്കും മറ്റുള്ളവർ തങ്ങളുടെ നാടുകളിലേക്കും തിരിക്കും.
🇸🇦സൗദി അറേബ്യയില്‍ വാഹനാപകടം; മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു.
✒️റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ മരിച്ചു. മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് മരിച്ചത്. ജിദ്ദയിലെ ഖുലൈസില്‍ തിങ്കളാഴ്‍ചയായിരുന്നു ദാരുണമായ അപകടം സംഭവിച്ചത്.
ഉത്തര്‍പ്രദേശിലെ ലക്നൗ സ്വദേശികളായ കുടുംബാംഗങ്ങള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍പെട്ടത്. തൂവലില്‍ ബന്ധുക്കളോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ പോയതായിരുന്നു കുടുംബം. മടങ്ങി വരുന്നതിനിടെ ഖുലൈസില്‍വെച്ച് അപകടം സംഭവിക്കുകയായിരുന്നു.
ജിദ്ദ ഇന്ത്യന്‍ സ്‍കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി അയാൻ മുഹമ്മദ് നിയാസ്, ഒൻപതാം ക്ലാസ് വിദ്യാർഥി ഇഖ്‌റ നിയാസ്, രണ്ടാം ക്ലാസ് വിദ്യാർഥി അനസ് എന്നിവരും ഇവരുടെ ബന്ധുക്കളായ ഇനായത്ത് അലി, തൗഫീഖ് ഖാൻ എന്നിവരുമാണ് മരിച്ചത്. മരിച്ച മൂന്ന് കുട്ടികളും സഹോദരങ്ങളാണ്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം എല്ലാവരുടെയും മൃതദേഹം ബുധനാഴ്ച സൗദി അറേബ്യയില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
🇸🇦സൗദി അറേബ്യയിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്ക് 'അന്നപൂര്‍ണ' സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു.
✒️ജിദ്ദ: സൗദി അറേബ്യയിലെ ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ക്ക് 'അന്നപൂര്‍ണ - 2022' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുമെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. ഇന്ത്യന്‍ ഭക്ഷ്യ വിഭവങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ പ്രിയം കൂട്ടുവാനും വിദേശികള്‍ക്ക് ഇന്ത്യന്‍ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്നതിന്റെയും ഭാഗമായാണ് 'അന്നപൂര്‍ണ' സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്.
സാംസ്‍കാരിക വിനിമയ വേദിയായ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സാണ് അന്നപൂര്‍ണ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. സൗദി അറേബ്യയില്‍ ഇന്ത്യന്‍ രൂചികള്‍ പ്രചരിപ്പിക്കുന്നതില്‍ സംഭാവനകള്‍ നല്‍കുന്ന റസ്റ്റോറന്റുകള്‍ക്കുള്ള അംഗീകാരം കൂടിയാണിത്.
താത്പര്യമുള്ള റസ്റ്റോറന്റുകള്‍ക്ക് cul.jeddah@mea.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ കോണ്‍സുലേറ്റുമായി ബന്ധപ്പെടാം. കൂടുതല്‍ വിവരങ്ങളും പദ്ധതിയില്‍ പങ്കാളികളാവുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും ഈ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെട്ടാല്‍ ലഭിക്കും. ഇ-മെയില്‍ വഴി അപേക്ഷ നല്‍കാനുള്ള അവസാന തീയ്യതി ഓഗസ്റ്റ് 15 ആണ്.
🇰🇼അവധിക്കാലത്തും പരിശോധന ശക്തം; നിരവധി പ്രവാസികള്‍ അറസ്റ്റില്‍.
✒️കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികള്‍ക്കായി പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ പരിശോധനകളില്‍ തൊഴില്‍, താമസ നിയമ ലംഘനങ്ങളുടെ പേരില്‍ 10 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.
ഫര്‍വാനിയയിലും തലസ്ഥാന ഗവര്‍ണറേറ്റിലുമാണ് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് ജോലി ചെയ്‍തിരുന്നവരും കുവൈത്തിലെ താമസ നിയമങ്ങള്‍ക്ക് വിരുദ്ധമായി ഇവിടെ കഴിഞ്ഞുവന്നിരുന്നവരും പിടിയിലായവരില്‍ ഉള്‍പ്പെടുന്നു. അറസ്റ്റിലായവരില്‍ വിവിധ രാജ്യക്കാരുണ്ടെന്നും കുവൈത്ത് ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട പ്രസ്‍താവനയില്‍ അറിയിച്ചിട്ടുണ്ട്. എല്ലാവര്‍ക്കുമെതിരെ തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിരിക്കുകയാണ്.
നിയമം ലംഘിച്ച് കുവൈത്തില്‍ തുടരുന്ന പ്രവാസികളെ കണ്ടെത്താനുള്ള രാജ്യവ്യാപക പരിശോധനകള്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി തുടരുകയാണ്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരും താമസ രേഖകളുടെ കാലാവധി കഴിഞ്ഞിട്ടും രാജ്യം വിട്ട് പോകാത്തവരും തിരിച്ചറിയല്‍ രേഖകളൊന്നും കൈവശമില്ലാത്തവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ജോലി സ്ഥലങ്ങളും താമസ സ്ഥലങ്ങളുമെല്ലാം കേന്ദ്രീകരിച്ചാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഒരുമിച്ച് പരിശോധനയ്ക്ക് എത്തുന്നത്.
സൂര്യോദയത്തിന് മുമ്പ് വരെ തൊഴിലാളികളികളുടെ താമസ സ്ഥലങ്ങളില്‍ പൊലീസ് സംഘം പരിശോധനയ്ക്ക് എത്തിയിരുന്നു. പിടിയിലാവുന്നവരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് മാറ്റുകയും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിച്ച് പിന്നീട് കുവൈത്തിലേക്ക് മടങ്ങി വരാന്‍ സാധിക്കാത്ത തരത്തില്‍ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ഇവര്‍ക്ക് നിശ്ചിത കാലത്തേക്ക് മറ്റൊരു ജി.സി.സി രാജ്യത്തും പ്രവേശിക്കാനുമാവില്ല.
🇦🇪യുഎഇയില്‍ 1,552 പേര്‍ക്ക് കൂടി കൊവിഡ്; പുതിയ മരണങ്ങളില്ല.
✒️യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചെറിയ തോതില്‍ കുറഞ്ഞുവരികയാണ്. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,554 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
രാജ്യത്ത് ചികിത്സയിലായിരുന്ന 1,288 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. പുതിയതായി നടത്തിയ 1,23,037 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.
ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,66,075 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,46202 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,324 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,549 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.
💸ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാന്‍ പ്രവാസികളുടെ തിരക്ക്.
✒️അമേരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുമ്പോള്‍ നാട്ടിലേക്ക്പണമയക്കാനുള്ള തിരക്കിലാണ് പ്രവാസികള്‍. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 13 പൈസ ഇടിഞ്ഞ് 79.58 എന്ന നിലയിലെത്തിയിരുന്നു മൂല്യം. ഇതോടെ ഗള്‍ഫ് രാജ്യങ്ങളുടെ കറന്‍സികളുടെയും വിനിമയ മൂല്യം വര്‍ദ്ധിച്ചു.
അന്താരാഷ്‍ട്ര വിപണിയില്‍ അസംസ്കൃത എണ്ണ വില ഉയരുന്നതും വിദേശ നാണ്യശേഖരത്തിലെ ഇടിവുമാണ് രൂപയുടെ നില താഴേക്ക് കൊണ്ടുപോകുന്നതെന്ന് ധനകാര്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം 79.45ലായിരുന്നു വ്യാപാരം അവസാനിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ ഡോളറിനെതിരെ 79.55 എന്ന നിലയില്‍ രൂപയുടെ വ്യാപാരം തുടങ്ങിയെങ്കിലും പിന്നീട് ഇത് 79.58 എന്ന നിലയിലേക്കും അതിന് ശേഷം 79.62ലേക്കും താഴ്‍ന്നു.
രൂപയുടെ വിലയിടിവ് പരമാവധി പ്രയോജനപ്പെടുത്താനുള്ള ശ്രമത്തിലാണ് ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികള്‍. യുഎഇ ദിര്‍ഹത്തിനെതിരെ 21.65 മുതല്‍ 21.67 വരെയായിരുന്നു ഇന്നത്തെ രൂപയുടെ വിനിമയ മൂല്യം. നേരത്തെ ജനുവരിയില്‍ യുഎഇ ദിര്‍ഹത്തിനെതിരെ 20.10 എന്ന നിലയില്‍ നിന്ന് മേയ് മാസത്തില്‍ 21 ആയി ഉയര്‍ന്നു. ഇന്ന് 21.65 എന്ന നിലയിലായിരുന്നു അധിക സമയത്തെയും വ്യാപാരം.
സൗദി റിയാലിന് 21.20 രൂപയും ഖത്തര്‍ റിയാലിന് 21.84 രൂപയും കുവൈത്ത് ദിനാറിന് 258.20 രൂപയും ബഹ്റൈന്‍ ദിനാറിന് 211.51 രൂപയും ഒമാനി റിയാലിന് 206.84 രൂപയമായിരുന്നു ഇന്നത്തെ നിരക്ക്. നല്ല വിനിമയ മൂല്യം ലഭിച്ചതോടെ നാട്ടിലേക്ക് പണമയക്കാനും പ്രവാസികളുടെ തിരക്കേറി. പെരുന്നാള്‍ അവധിക്ക് മുന്നോടിയായിത്തന്നെ നാട്ടിലേക്ക് പണം അയച്ചു കഴിഞ്ഞതിനാല്‍ ഇപ്പോഴത്തെ വിലിയിടിവ് ഉപയോഗപ്പെടുത്താന്‍ കഴിയാത്തവരുമുണ്ട്.
🇴🇲സൈബർ തട്ടിപ്പ്: ബാങ്ക് രേഖകൾ ആരുമായും പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.
✒️ബാങ്കിങ്ങ് മേഖലയുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലവിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന ഒരു സൈബർ തട്ടിപ്പിനെക്കുറിച്ച് ജാഗ്രത പുലർത്താൻ റോയൽ ഒമാൻ പോലീസ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. 2022 ജൂലൈ 11-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.
ഈ അറിയിപ്പ് പ്രകാരം വ്യക്തികളുടെ ബാങ്കിങ്ങ് വിവരങ്ങൾ ചോർത്തുന്നത് ലക്ഷ്യമിട്ടുള്ള ഒരു നൂതന തട്ടിപ്പ് ഒമാനിൽ വ്യാപകമാകുന്നതായി പോലീസ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, പ്രാദേശിക ബാങ്കുകളുടെയും, സ്ഥാപനങ്ങളുടെയും ഔദ്യോഗിക ലോഗോ ഉൾപ്പടെയുള്ളവ ഉൾപ്പെടുത്തി, തീർത്തും വിശ്വസനീയമെന്ന് തോന്നുന്ന തരത്തിൽ, വരുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വ്യക്തികളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുമെന്നും, ഇത് ഒഴിവാക്കുന്നതിന് വിവിധ രേഖകൾ, വിവരങ്ങൾ എന്നിവ പങ്ക് വെക്കണമെന്നുമുള്ള രീതിയിൽ വരുന്ന ഇത്തരം സന്ദേശങ്ങൾ വ്യാജമാണെന്നും, ഇവയുടെ വലയിൽ കുടുങ്ങരുതെന്നും പോലീസ് ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ബാങ്ക് വിവരങ്ങൾ, ബാങ്ക് കാർഡ് വിവരങ്ങൾ മുതലായവ ഒരു കാരണവശാലും ബാങ്കുമായി ബന്ധപ്പെട്ടതെന്ന വ്യാജേന സമീപിക്കുന്ന മറ്റു വ്യക്തികൾക്കോ, സംഘടനകൾക്കോ നൽകരുതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
🇴🇲ഒമാൻ: നിലവിലെ കാലാവസ്ഥ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഹോട്ടലുകൾക്ക് നിർദ്ദേശം.
✒️രാജ്യത്ത് നിലവിൽ തുടരുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങളെക്കുറിച്ച് അതിഥികൾക്ക് മുന്നറിയിപ്പ് നൽകണമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി. ഇത്തരം സാഹചര്യങ്ങളിൽ വിനോദസഞ്ചാരികൾ, അതിഥികൾ മുതലായവർക്ക് ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള സന്ദർശനങ്ങൾ ഒഴിവാക്കാനുള്ള നിർദ്ദേശങ്ങൾ നൽകാനും ഹോട്ടലുകളോട് മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
2022 ജൂലൈ 11-ന് വൈകീട്ടാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേഡ്ജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. ഒമാൻ സിവിൽ ഡിഫൻസ്, ഒമാൻ ആംബുലൻസ് അതോറിറ്റി എന്നിവരുമായി ചേർന്നാണ് മന്ത്രാലയം ഈ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഒമാനിലെ വിവിധ ഇടങ്ങളിൽ അതിശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, കടൽക്ഷോഭം എന്നിവ തുടരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു ജാഗ്രതാ നിർദ്ദേശം. പൊതുസമൂഹത്തിൽ സുരക്ഷ ഉറപ്പ്‌വരുത്തുന്നതിനായി സിവിൽ ഡിഫൻസ്, ആംബുലൻസ് അതോറിറ്റി തുടങ്ങിയ അധികൃതർ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ, സുരക്ഷാ മുന്നറിയിപ്പുകൾ എന്നിവ കർശനമായി പാലിക്കാൻ മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതിശക്തമായ മഴയെത്തുടർന്ന് രാജ്യത്തെ മുഴുവൻ വിനോദസഞ്ചാര കേന്ദ്രങ്ങളും താത്കാലികമായി അടച്ചതായി ഒമാൻ സിവിൽ ഡിഫെൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി 2022 ജൂലൈ 10-ന് അറിയിച്ചിരുന്നു.
🕋ആത്മനിർവൃതിയിൽ ഹാജിമാർ മിനയോട് വിടപറഞ്ഞു.
✒️ജീവിതാഭിലാഷം പൂവണിഞ്ഞ ആത്മനിർവൃതിയിൽ ഹാജിമാർ മിനിയോട് വിടപറഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്കു മുമ്പേ ജംറയിലെ സ്തൂപത്തിൽ അവസാനവട്ട കല്ലേറ് കർമം നിർവഹിച്ച ശേഷം മിനിയോട് യാത്ര പറഞ്ഞ് മക്കയിലെ താമസസ്ഥലങ്ങളിലേക്ക് മടങ്ങി. ഇതോടെ ആറുനാൾ നീണ്ട, ദശലക്ഷം വിശ്വാസികൾ പങ്കെടുത്ത വിശ്വമഹാസംഗമത്തിന് തിരശ്ശീല വീണു. പരസ്പരം അശ്ലേഷിച്ചും സ്നേഹം പങ്കുവെച്ചും യാത്രപറയുമ്പോൾ തങ്ങൾ ഒരേ നാഥന്റെ അടിമകളായ ഏകോദര സഹോദരന്മാരാണെന്ന് അവർ പ്രഖ്യാപിച്ചു.
പാപക്കറകൾ പൂർണമായും കഴുകിക്കളഞ്ഞ് ഉമ്മ അപ്പോൾ പെറ്റ കുഞ്ഞിനെപ്പോലെയാണ് ഓരോ തീർത്ഥാടകനും മിനയോട് വിട പറയുന്നതെന്നാണ് ഇസ്ലാമിക വിശ്വാസം. വരും ജീവിതം നേരിലും നന്മയിലും ആയിരിക്കുമെന്ന് ദൃഢപ്രതിജ്ഞയോടെയാണ് ഓരോ ഹാജിയും മക്കയോട് വിട പറയുക.
ഭൂരിഭാഗം ഹാജിമാരും തിങ്കളാഴ്ച തന്നെ മടങ്ങിയിരുന്നു. ബാക്കിയുള്ള ഹാജിമാരാണ് ചൊവ്വാഴ്ച്ച അവസാന കല്ലേറു കർമം നിർവഹിച്ചു മിനയിൽ നിന്നും യാത്രയായത്. ഇനി കഅബയുടെ അടുത്തെത്തി പ്രാർത്ഥിച്ചു വിടവാങ്ങൽ പ്രദക്ഷിണം നടത്തി മക്കയോട് വിട പറയും.
മലയാളികൾ ഉൾപ്പെടെ ഉള്ള ഇന്ത്യൻ ഹാജിമാർ അസീസിയിലെ താമസകേന്ദ്രങ്ങളിൽ തിരിച്ചെത്തി. മുൻവർഷങ്ങളേക്കാൾ ഏറെ സന്തോഷകരമായിരുന്നു ഇത്തവണത്തെ ഹജ്ജ്. അറഫയിലും മിനായിലും തിരക്ക് കുറഞ്ഞത് ഹാജിമാർക്ക് അനുകൂലമായി.
ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര ജൂലൈ 15ന് ജിദ്ദ വഴി ആരംഭിക്കും. ജിദ്ദയിൽ നിന്ന് കൊച്ചിയിലേക്കാണ് ആദ്യസംഘം മടങ്ങുക. 377 ഹാജിമാരാണ് ആദ്യ സംഘത്തിൽ പുറപെടുന്നത്. ജിദ്ദ വഴിയെത്തിയ ഹജ്ജ് കമ്മിറ്റിക്ക് കീഴിലെ 24,637 ഹാജിമാർക്ക് ഇനി മദീന സന്ദർശനം പൂർത്തിയാക്കാനുണ്ട്. ജൂലൈ 15 മുതൽ ഇവർ മദീനയിലേക്ക് പുറപ്പെടും. എട്ടുദിവസം മദീന സന്ദർശനം പൂർത്തിയാക്കി മദീന വഴിയാണ് ഇവർ നാട്ടിലേക്ക് പോവുക.
മലയാളി തീർഥാടകരുടെ മദീനാ സന്ദർശനം ഹജ്ജിനു മുമ്പേ പൂർത്തീകരിച്ചിരിക്കുന്നു. ജിദ്ദ വഴിയാണ് മുഴുവൻ മലയാളി തീർഥാടകരും മടങ്ങുക. ആഗസ്റ്റ് ഒന്നിന് മുഴുവൻ മലയാളി തീർത്ഥാടകരും നാട്ടിലെത്തും. ആഗസ്റ്റ് 13നാണ് ഇന്ത്യയിലേക്കുള്ള ഹാജിമാരുടെ അവസാന വിമാനം.അസീസിയയിൽ നിന്ന് ഹറമിലേക്കും തിരിച്ചുമുള്ള ഇന്ത്യൻ ഹജ്ജ് മിഷൻ ഒരുക്കുന്ന ഷട്ടിൽ ബസ് സർവീസ് ജൂലൈ 14 മുതൽ പുനരാരംഭിക്കും.
🇦🇪സാദിഖലി തങ്ങൾക്ക് യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ.
✒️മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് യു.എ.ഇ സർക്കാരിന്റെ ഗോൾഡൻ വിസ. സാമൂഹിക, സാംസ്‌കാരിക, വൈജ്ഞാനിക രംഗങ്ങളിലെ സേവനങ്ങൾ മുൻനിറുത്തിയാണ് യു.എ.ഇ ഭരണകൂടം തങ്ങളെ ആദരിച്ചിരിക്കുന്നത്.
വിവിധ മേഖലകളിലെ സമഗ്രസംഭാവനകൾ പരിഗണിച്ച് സംസ്‌കാരിക മന്ത്രാലയത്തിന്റെ ശിപാർശ പ്രകാരമാണ് ദുബൈ എമിഗ്രേഷൻ വകുപ്പ് ഗോൾഡൻ വിസ അനുവദിച്ചത്.
🇦🇪ഭിന്നശേഷിക്കാർക്ക് 4.4 കോടിയുടെ സഹായം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി.
✒️എമിറേറ്റിലെ ഭിന്നശേഷിക്കാർക്ക് വേണ്ടി 4.4 കോടി ദിർഹമിന്‍റെ സഹായം പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദുയൈിലെ ഭിന്നശേഷി വിഭാഗക്കാരുടെ ശാക്തീകരണം ലക്ഷ്യം വെച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ താൽപര്യമനുസരിച്ചാണ് തുക അനുവദിച്ചത്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റി വിവിധ മേഖലകളിൽ വിജയം കൈവരിക്കാനും ദുബൈയുടെയും യു.എ.ഇയുടെയും വികസനത്തിന് ഇത്തരക്കാരുടെ സംഭാവനകൾ വർധിപ്പിക്കാനും സഹായ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
സാധ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഒരുക്കി ഭിന്നശേഷി വിഭാഗത്തിന് ഏറ്റവും മെച്ചപ്പെട്ട ജീവിത സാഹചര്യം സൃഷ്ടിക്കുവാനാണ് ആഗ്രഹിക്കുന്നതെന്ന് പദ്ധതി പ്രഖ്യാപിച്ച് ശൈഖ് ഹംദാൻ പറഞ്ഞു. മറ്റുള്ളവരുടെ പിന്തുണ ആവശ്യമാകുന്ന രീതിയിൽ ശാരീരിക-മാനസിക വെല്ലുവിളികൾ നേരിടുന്ന 60 വയസിന് താഴെയുള്ളവർക്കാണ് ആനുകൂല്യങ്ങൾ ലഭിക്കുക. കിന്‍റർഗാർട്ടൻ സ്ഥാപനങ്ങൾ, സ്‌കൂളുകൾ, യൂനിവേഴ്‌സിറ്റികൾ, പുനരധിവാസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ ഫീസ് പദ്ധതിയിൽ ഉൾപ്പെടും. ഷാഡോ ടീച്ചർമാർ, പരിചാരകർ, പേഴ്‌സണൽ അസിസ്റ്റന്‍റുമാർ, ആംഗ്യഭാഷാ വ്യാഖ്യാതാക്കൾ എന്നിവരെ നിയമിക്കുന്ന ചെലവുകളും സർക്കാർ വഹിക്കും. ഭിന്നശേഷിക്കാരുടെ പഠനത്തെ പ്രോൽസാഹിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത്തരക്കാരുടെ സുഗമമായ ജീവിതത്തിന് ആവശ്യമായ സഹായ ഉപകരണങ്ങളും സാങ്കേതികവിദ്യകളും ലഭ്യമാക്കുന്നതിനും വിവിധ തരത്തിലുള്ള വൈകല്യമുള്ളവരെ ഉൾക്കൊള്ളാൻ ജോലിസ്ഥലത്തെ സജ്ജീകരിക്കുന്നതിനുള്ള ചെലവുകളും പദ്ധതിയിൽ ഉൾക്കൊള്ളും.
0 Comments