🛫എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു.
✒️എയര്‍ അറേബ്യയുടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള അധിക സര്‍വീസിന് തുടക്കമായി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.
അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആഴ്ചയില്‍ എല്ലാ ദിവസവും നടത്തുന്ന സര്‍വീസുകള്‍ തുടരും. ഇതോടെ എയര്‍ അറേബ്യ കരിപ്പൂരില്‍ നിന്ന് നടത്തുന്ന സര്‍വീസുകളുടെ എണ്ണം 10 ആകും.
🛫ഇന്ത്യയ്ക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ.
✒️ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും. പുതിയ സര്‍വീസുകള്‍ തുടങ്ങിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ഒമാന്‍ എയര്‍പോര്‍ട്ട് അഭിനന്ദിച്ചു.
🇶🇦ഖത്തറില്‍ മങ്കിപോക്‌സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം.
✒️ഖത്തറില്‍ ആദ്യ മങ്കി പോക്‌സ് കേസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗം കണ്ടെത്തിയത്.
മങ്കിപോക്‌സ് സ്ഥിരീകരിച്ച വ്യക്തിയെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിഞ്ഞ് ഇവരുടെ ആരോഗ്യ സ്ഥിതി 21 ദിവസത്തേക്ക് നിരീക്ഷിക്കും. ദേശീയ പ്രോട്ടോക്കോള്‍ പ്രകാരമുള്ള ചികിത്സയാണ് നല്‍കുന്നതെന്നും പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി. രോഗം വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കുന്നതിനും ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചതായി മന്ത്രാലയം വ്യക്തമാക്കി. രോഗ നിര്‍ണയത്തിന് ദേശീയ ലബോറട്ടറികള്‍ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും ആരോഗ്യ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കുകയും വേണം. മങ്കി പോക്‌സ് സംബന്ധിച്ച സംശയങ്ങള്‍ക്ക് 16000 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
സൗദി അറേബ്യയിലും മങ്കി പോക്സ് ബാധ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തിന് പുറത്തുപോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. രോഗവ്യാപനം സംബന്ധിച്ച് മന്ത്രാലയം സൂക്ഷ്മ നിരീക്ഷണം തുടരുകയാണ്. ഇതുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളും നിരീക്ഷിക്കുകയാണ്. രാജ്യത്തുള്ള എല്ലാവരും പ്രത്യേകിച്ചും യാത്രകളിൽ കർശനമായ ആരോഗ്യ മുൻകരുതൽ നിർദേശങ്ങൾ പാലിക്കണമെന്നും കുരങ്ങുപനിയുമായി ബന്ധപ്പെട്ട സംശയദുരീകരണത്തിനും മറ്റും സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ)യുമായോ 937 എന്ന നമ്പറിലോ ബന്ധപ്പെടണമെന്നും മന്ത്രാലയം അറിയിച്ചു.
0 Comments