Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ പ്രധാന വിദേശ വാർത്തകൾ.

🇦🇪മികച്ച വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി.

✒️മികച്ച വിദ്യാര്‍ത്ഥികള്‍ക്കായി ഗോള്‍ഡന്‍ വിസയും സ്‌കോളര്‍ഷിപ്പുകളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ഏറ്റവും മികച്ച എമിറാത്തി ഗ്രേഡ് 12 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുക. 

മികവ് പുലര്‍ത്തുന്ന പ്രവാസികളുടെ മക്കള്‍ക്കും അവരുടെ കുടുംബത്തിനും 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ അനുവദിക്കും. 50 ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക പാരിതോഷികവും നല്‍കും. കഴിഞ്ഞ വര്‍ഷം മുതല്‍ 12-ാം ക്ലാസില്‍ മികച്ച വിജയം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഗോള്‍ഡന്‍ വിസ നല്‍കി വരുന്നുണ്ട്.

🇦🇪ഇന്ധന വില വര്‍ദ്ധനവിന് പിന്നാലെ യുഎഇയില്‍ ടാക്സി നിരക്ക് കൂട്ടി..

✒️യുഎഇയില്‍ ഇന്ധന വില വര്‍ദ്ധിച്ചതോടെ ദുബൈയിലും ഷാര്‍ജയിലും ടാക്സി നിരക്കും കൂടി. രണ്ട് ദിവസം മുമ്പ് യുഎഇയില്‍ ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചപ്പോള്‍ ഏതാണ്ട് 50 ഫില്‍സിന്റെ വര്‍ദ്ധനവാണുണ്ടായത്. കഴിഞ്ഞ മാസവും രാജ്യത്ത് ഇന്ധന വില കൂടിയിരുന്നു.

ദുബൈയില്‍ ടാക്സി ചാര്‍ജ് വര്‍ദ്ധിപ്പിച്ച വിവരം റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറ്റി സ്ഥിരീകരിച്ചു. പ്രാദേശിക വിപണിയില്‍ ഇന്ധന വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓരോ കിലോമീറ്റര്‍ യാത്രയിലുമുള്ള ഇന്ധന ഉപയോഗം കണക്കാക്കിയാണ് ടാക്സി ചാര്‍ജ് നിജപ്പെടുത്തിയിരിക്കുന്നതെന്നും ആര്‍.ടി.എയെ ഉദ്ധരിച്ച് യുഎഇയിലെ പ്രാദേശിക മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ദുബൈയില്‍ ടാക്സിയുടെ അടിസ്ഥാന ചാര്‍ജില്‍ മാറ്റം വരുത്തിയിട്ടില്ല. ഓപ്പണിങ് അല്ലെങ്കില്‍ ബുക്കിങ് ചാര്‍ജ് 12 ദിര്‍ഹമായിരിക്കും. ഇതില്‍ മാറ്റം വരുത്താതെ അധിക കിലോമീറ്റര്‍ ചാര്‍ജിലാണ് വര്‍ദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്. ഓരോ കിലോമീറ്ററിനുമുള്ള നിരക്കില്‍ 20 ഫില്‍സിലധികം വര്‍ദ്ധനവ് വന്നിട്ടുണ്ടെന്ന് ടാക്സി ഡ്രൈവര്‍മാര്‍ പറയുന്നു. ഇന്ധന വില വര്‍ദ്ധനവ് കാരണം ഹാലാ ടാക്സി ഫെയറിലെ കിലോമീറ്റര്‍ യാത്രാ നിരക്ക് 1.98 ദിര്‍ഹത്തില്‍ നിന്ന് 2.19 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചതായി 'കരീം ടാക്സി' തങ്ങളുടെ ഒരു ഉപഭോക്താവിന് നല്‍കിയ മറുപടിയില്‍ പറയുന്നു.

അതേസമയം ഷാര്‍ജയില്‍ ടാക്സിയുടെ അടിസ്ഥാന നിരക്കില്‍ തന്നെ മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെയുണ്ടായിരുന്ന 13.50 ദിര്‍ഹത്തില്‍ നിന്ന് 17.50 ദിര്‍ഹമായി മിനിമം ചാര്‍ജ് വര്‍ദ്ധിച്ചിട്ടുണ്ടെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു. ടാക്സി നിരക്ക് ഏഴ് ദിര്‍ഹത്തില്‍ ആരംഭിക്കുകയും തുടര്‍ന്ന് ഓരോ കിലോമീറ്ററിലും 1.62 ദിര്‍ഹം വീതം വര്‍ദ്ധിക്കുകയും ചെയ്യും. യാത്രയുടെ അവസാനം നല്‍കേണ്ട മിനിമം തുക 17.50 ദിര്‍ഹമായിരിക്കും. രാജ്യത്തെ ഓരോ മാസത്തെയും ഇന്ധന വില മാറുന്നതനുസരിച്ച് ടാക്സി നിരക്കില്‍ മാറ്റം വരുമെന്ന് നേരത്തെ തന്നെ ഷാര്‍ജ റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു.

അതേസമയം ദുബൈയില്‍ ബസ്, മെട്രോ യാത്രാ നിരക്കുകളില്‍ മാറ്റമൊന്നുമില്ലെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. എന്നാല്‍ ജൂലൈ ഒന്നിന് ശേഷം ഷാര്‍ജയിലെ ബസ് നിരക്കില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ചില യാത്രക്കാര്‍ അഭിപ്രായപ്പെട്ടു. യുഎഇയിലെ യാത്രാ നിരക്കില്‍ ഊബറും വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. ചില ട്രിപ്പുകള്‍ക്ക് 11 ശതമാനം വരെ അധിക നിരക്ക് നല്‍കേണ്ടി വരുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

🛫ആഘോഷക്കാലത്തെ ആകാശക്കൊള്ളയ്‍ക്ക് അറുതിയില്ല; നാട്ടിലെത്തി തിരിച്ച് പോകാന്‍ പ്രവാസിക്ക് ലക്ഷങ്ങള്‍ വേണം.

✒️ആഘോഷക്കാലത്തെ ആകാശകൊള്ളയ്‍ക്ക് ഇത്തവണയും അറുതിയില്ല. ബലിപെരുന്നാളും സ്‍കൂള്‍ അവധിയും ഒരുമിച്ചെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് അഞ്ച് ഇരട്ടിയോളമാണ് ഉയർന്നത്.

അവധികള്‍ ഒരുമിച്ചെത്തിയതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്കുള്ള വിമാന നിരക്ക് നിരക്ക് ഇപ്പോള്‍ വര്‍ദ്ധിച്ചിരിക്കുന്നത് അഞ്ച് ഇരട്ടിയോളമാണ്. യുഎഇയില്‍ നിന്ന് ഒരു വശത്തേക്ക് മാത്രമുള്ള യാത്രയ്‍ക്ക് 42,000 മുതല്‍ 65,000ത്തോളമാണ് ടിക്കറ്റ് നിരക്ക്. നാലംഗ കുടുംബത്തിന് നാട്ടില്‍ പോയി വരണമെങ്കില്‍ കുറഞ്ഞത് മൂന്നര ലക്ഷം രൂപയെങ്കിലും ചെലവാകും.

അവധിക്കാലങ്ങളില്‍ പ്രവാസികളെ വെച്ച് കൊള്ളയടിക്കുന്ന മാഫിയാ സംഘങ്ങളുടെ പിടിയിലാണ് വിമാന ടിക്കറ്റ് കച്ചവടമെന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ.എ റഹീം പറ‍ഞ്ഞു. നേരത്തേ ബുക്ക് ചെയ്ത് കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് സ്വന്തമാക്കാനാവാത്തതും പ്രവാസികള്‍ക്ക് തിരിച്ചടിയായി. ഗ്രൂപ്പ് ടിക്കറ്റ് എന്ന പേരിൽ വിമാനക്കമ്പനികൾ ഏജൻസികൾക്ക് ടിക്കറ്റുകൾ മറിച്ചുകൊടുത്താണ് യാത്രക്കാരെ പിഴിയുന്നത്. കോവിഡ് പ്രതിസന്ധി മൂലം കഴിഞ്ഞ രണ്ടു വർഷത്തെ അവധിക്കു നാട്ടിലേക്കു പോകാൻ സാധിക്കാത്ത ആയിരക്കണക്കിനു കുടുംബംഗങ്ങളുടെ യാത്രയാണ് ആകാശകൊള്ളയില്‍ മുടങ്ങിയത്.

🇸🇦സൗദി അറേബ്യയില്‍ 503 പുതിയ കൊവിഡ് കേസുകള്‍; 907 പേര്‍ക്ക് രോഗമുക്തി.

✒️സൗദിയിൽ 503 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. 907 രോഗമുക്തിയും റിപ്പോർട്ട് ചെയ്തു. 

ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 7,96,771 ഉം രോഗമുക്തരുടെ എണ്ണം 7,79,586 ഉം ആയി. രാജ്യത്തെ ആകെ മരണം 9,211 ആണ്. നിലവിൽ 7,974 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

ഇവരിൽ 154 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗങ്ങളിൽ ചികിത്സയിൽ തുടരുന്നു. സൗദിയിൽ നിലവിലെ കൊവിഡ് മുക്തിനിരക്ക് 97.84 ശതമാനവും മരണനിരക്ക് 1.16 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 184, ജിദ്ദ 70, ദമ്മാം 56, മദീന 22, മക്ക 22, ഹുഫൂഫ് 17, ദഹ്റാൻ 16, അബഹ 15.

🇸🇦കൂടുതല്‍ തൊഴില്‍ മേഖലകളില്‍ സ്വദേശിവത്കരണം ഉടന്‍.

✒️സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ കൂടുതല്‍ തൊഴില്‍ രംഗങ്ങളില്‍ സ്വദേശിവത്കരണം കൊണ്ടുവരുമെന്ന് അധികൃതര്‍. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് കീഴിലെ സ്വദേശിവത്കരണത്തിനും വനിതാ ശാക്തീകരണത്തിനമുള്ള പ്രത്യേക വിഭാഗത്തിന്റെ അണ്ടര്‍ സെക്രട്ടറി എന്‍ജി. മാജിദ് അല്‍ദുഹവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പ്രൊജക്ട് മാനേജ്മെന്റ്, ഭക്ഷ്യമേഖല, വിതരണ ശൃംഖലകള്‍ എന്നീ മേഖലകളിലെ കൂടുതല്‍ തൊഴിലുകള്‍ സ്വദേശികള്‍ക്കായി മാറ്റിവെക്കും. സ്വദേശിവല്‍ക്കരണ പദ്ധതികള്‍ സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ എണ്ണം 20.6 ലക്ഷമായി ഉയര്‍ത്തി. ചരിത്രത്തില്‍ ആദ്യമായാണ് സ്വകാര്യ മേഖലയില്‍ സൗദി ജീവനക്കാരുടെ എണ്ണം ഇത്രയും ഉയരുന്നത്. സ്വദേശിവല്‍ക്കരണ പദ്ധതികളിലൂടെ സ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം 35 ശതമാനമായി ഉയര്‍ന്നു. ഓരോ മേഖലയിലും തൊഴില്‍ അന്വേഷിക്കുന്ന ഉദ്യോഗാര്‍ഥികളുടെ എണ്ണം, ഓരോ മേഖലയിലെയും സാമ്പത്തിക വളര്‍ച്ച, സൗദി ജീവനക്കാര്‍ക്കുള്ള ആകര്‍ഷണീയത, സ്വദേശികള്‍ക്ക് തൊഴില്‍ പരിശീലനത്തിനുള്ള ആവശ്യകത, വരും വര്‍ഷങ്ങളില്‍ സൗദി യൂനിവേഴ്സിറ്റികളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്നവരുടെ ലഭ്യത എന്നിവ അടക്കമുള്ള മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഏതെല്ലാം മേഖലകളിലാണ് സൗദിവല്‍ക്കരണം നടപ്പാക്കേണ്ടതെന്ന് നിര്‍ണയിക്കുന്നത്. 

ഇക്കാര്യത്തില്‍ ഓരോ മേഖലകളുടെയും പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും ഏകോപനം നടത്തുന്നു. ഓരോ മേഖലയെയും കുറിച്ച് സമഗ്ര സര്‍വേ നടത്തി, ഈ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സൗദിവല്‍ക്കരണ തീരുമാങ്ങള്‍ പ്രഖ്യാപിക്കുന്നതെന്നും എന്‍ജി. മാജിദ് അല്‍ദുഹവി പറഞ്ഞു. ഈ വര്‍ഷം 30 സൗദിവല്‍ക്കരണ തീരുമാനങ്ങള്‍ പ്രഖ്യാപിക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആലോചിക്കുന്നതായി വകുപ്പ് മന്ത്രി എന്‍ജി. അഹ്മദ് അല്‍രാജ്ഹി നേരത്തെ വെളിപ്പെടുത്തിയിരുന്നു.

നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് സൗദിവല്‍ക്കരണത്തിന് അനുയോജ്യമായ തൊഴിലുകള്‍ തെരഞ്ഞെടുക്കുകയെന്നും മന്ത്രി പറഞ്ഞു. ലൈസന്‍സ് ആവശ്യമായ ഏവിയേഷന്‍ മേഖലാ തൊഴിലുകള്‍, ഒപ്റ്റോമെട്രി പ്രൊഫഷനുകള്‍, പീരിയോഡിക്കല്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ഷന്‍ തൊഴിലുകള്‍, തപാല്‍, കൊറിയര്‍ ഓഫീസ് തൊഴിലുകള്‍, കസ്റ്റമര്‍ സര്‍വീസ് തൊഴിലുകള്‍, ഏഴു പ്രവര്‍ത്തന മേഖലകളിലെ സെയില്‍സ് എന്നീ മേഖലകളില്‍ സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കുന്ന ആറു തീരുമാനങ്ങള്‍ കഴിഞ്ഞ ബുധനാഴ്ച മാനവശേഷി, സാമൂഹിക വികസന മന്ത്രി പ്രഖ്യാപിച്ചിരുന്നു.

🇰🇼കൊവിഡ് 19; കുവൈത്തില്‍ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ചു.

✒️കൊവിഡ് വാക്‌സിന്റെ നാലാം ഡോസ് വാക്‌സിനേഷന്‍ ആരംഭിച്ച് കുവൈത്ത് ആരോഗ്യ മന്ത്രാലയം. ആദ്യ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ സ്വീകരിച്ച് നാലുമാസം കഴിഞ്ഞ 50 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് നാലാം ഡോസ് വാക്‌സിന് യോഗ്യത. ഇവര്‍ക്ക് മിശ്രിഫിലെ കേന്ദ്രത്തിലെത്തി രണ്ടാം ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കാം. 12നും 50നും ഇടയില്‍ പ്രായമുള്ള പ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും നാലാം ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ട്. എന്നാല്‍ നാലാം ഡോസ് വാക്‌സിന്‍ നിര്‍ബന്ധമാക്കിയിട്ടില്ല.

🇰🇼കുവൈത്തില്‍ കൊവിഡ് രോഗികള്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍.

✒️കുവൈത്തില്‍ കൊവിഡ് ബാധിതര്‍ക്ക് അഞ്ചു ദിവസം ഹോം ക്വാറന്റീന്‍. രോഗം സ്ഥിരീകരിക്കുന്നത് മുതല്‍ അഞ്ചു ദിവസം ഐസൊലേഷനില്‍ കഴിയണം. കൊവിഡ് ബാധിതരുടെ ഫോളോ അപ്പിന് കുവൈത്ത് ആരോഗ്യ മന്ത്രാലയം പുതിയ സംവിധാനം ഏര്‍പ്പെടുത്തി. 

ശ്ലോനിക് ആപ്പിന് പകരം ഇമ്യൂണ്‍ ആപ്പ് ആണ് ഇനി നിരീക്ഷണത്തിനും ഫോളോ അപ്പിനും ഉപയോഗിക്കുക. ഐസൊലേഷനില്‍ കഴിയുന്ന അഞ്ച് ദിവസത്തിന് ശേഷം അഞ്ച് ദിവസം മാസ്‌ക് ധരിക്കാനും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനം തടയാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്.

🛫എമിറേറ്റ്‌സ് വിമാനത്തില്‍ ദ്വാരം കണ്ടെത്തി; അപകടമില്ലാതെ ലക്ഷ്യസ്ഥാനത്തിറക്കി.

✒️ഓസ്‌ട്രോലിയയിലെ ബ്രിസ്ബനിലേക്ക് പറന്ന എമിറേറ്റ്‌സ് എയര്‍ലൈന്‍സിന്റെ വിമാനത്തിന് സാങ്കേതിക തകരാര്‍ കണ്ടെത്തി. വെള്ളിയാഴ്ച സര്‍വീസ് നടത്തിയ എമിറേറ്റ്‌സിന്റെ ഇ കെ 430 എന്ന വിമാനത്തിനാണ് തകരാര്‍ സംഭവിച്ചത്. 

വിമാനത്തിന്റെ ടയര്‍ പൊട്ടുകയും പുറംഭാഗത്ത് ഒരു ദ്വാരം കണ്ടെത്തുകയും ചെയ്തു. എന്നാല്‍ അപകടമുണ്ടാകാതെ തന്നെ വിമാനം ലക്ഷ്യസ്ഥാനത്തിറക്കി. പറക്കലിനിടയിലാണ് വിമാനത്തിന്റെ 22 ടയറുകളില്‍ ഒരെണ്ണം പൊട്ടിയതായി ശ്രദ്ധയില്‍പ്പെട്ടത്. വിമാനത്തിന്റെ തൊലിഭാഗം എന്നറിയപ്പെടുന്ന സ്ഥലത്ത് ഒരു ദ്വാരവും കണ്ടെത്തി. എന്നാല്‍ ഇത് വിമാനത്തിന്റെ ഫ്യൂസ്ലേജിലോ ഫ്രെയിമിലോ ഘടനയിലോ സ്വാധീനം ചെലുത്തുന്ന തകരാര്‍ അല്ലായിരുന്നു. അതുകൊണ്ട് തന്നെ വിമാനം സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് ഇറക്കാന്‍ തടസ്സമുണ്ടായില്ലെന്ന് അധികൃതര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

🇴🇲ഒമാനില്‍ വാഹനാപകടം; ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്.

✒️ഒമാനിലെ ആദം-ഹൈമ റോഡിലുണ്ടായ വാഹനാപകടത്തില്‍ നാല് സ്വദേശികള്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒരു കുടുംബത്തില്‍പ്പെട്ടവരാണ് മരിച്ചതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. 

ദോഫാര്‍ ഗവര്‍ണറേറ്റിലേക്ക് പോകുകയായിരുന്നു കാര്‍. ഞായറാഴ്ച രാവിലെയയാിരുന്നു അപകടം ഉണ്ടായത്. അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് കുറച്ച് സമയം ഗതാഗതം തടസ്സപ്പെട്ടു. പരിക്കേറ്റവരെ നിസ്വ റഫെറല്‍ ആശുപത്രിയലേക്ക് എയര്‍ലിഫ്റ്റ് ചെയ്തുവെന്ന് അധികൃതര്‍ അറിയിച്ചു. റോയല്‍ ഒമാന്‍ പൊലീസിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

🇴🇲ഒമാനില്‍ മരുഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ മരിച്ചു.


✒️ഒമാനില്‍ മരൂഭൂമിയില്‍ കുടുങ്ങിയ രണ്ട് തമിഴ്‌നാട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. തിരുനെല്‍വേലി സ്വദേശി സയ്യിദ് മുഹമ്മദ് അമീസ് സിക്കന്ദര്‍ (30), ട്രിച്ചി രാധനെല്ലൂര്‍ സ്വദേശി ഗണേഷ് വര്‍ധാന്‍ (33) എന്നിവരെയാണ് നാലാം ദിവസം ഒബാറിന് സമീപമുള്ള ഫസദില്‍ നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരുഭൂമിയില്‍ തൊഴില്‍ ആവശ്യങ്ങള്‍ക്കായി പോയവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നാണ് അപകടം ഉണ്ടായത്. മരുഭൂമിയില്‍ കുടുങ്ങിയ ഇവര്‍ കനത്ത ചൂടില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരണപ്പെടുകയായിരുന്നെന്നാണ് കരുതുന്നത്. ജൂണ്‍ 28നായിരുന്നു തുംറൈത്തിന് പടിഞ്ഞാറ് ഒമാന്റെ ബോര്‍ഡര്‍ ഭാഗമായ ഒബാറിലേക്ക് സര്‍വ്വേ ജോലിക്കായി ഇവര്‍ പോയത്. പിന്നീട് ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇവര്‍ സഞ്ചരിച്ച നിസാന്‍ പട്രോള്‍ വാഹനത്തിന്റെ ടയര്‍ മണലില്‍ താഴ്ന്നുപോകുകയായിരുന്നു. വാഹനത്തിന് കുറച്ച് അകലെ മാറിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. 

വെഹിക്കിള്‍ മോണിറ്ററിങ് സിസ്റ്റം (ഐവിഎംഎസ്) സിഗ്നല്‍ കാണിക്കാതിരുന്നത് കൊണ്ട് ഇവരുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ കമ്പനി അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല. പൊലീസില്‍ പരാതി നല്‍കിയ ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിച്ചിരുന്നു. എയര്‍ലിഫ്റ്റ് ചെയ്ത മൃതദേഹങ്ങള്‍ സലാല സുല്‍്ത്താന്‍ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റി.

🇦🇪ബിഗ് ടിക്കറ്റിലൂടെ 30 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി.

✒️അബുദാബി ബിഗ് ടിക്കറ്റിന്റെ 241-ാമത് സീരീസ് നറുക്കെടുപ്പില്‍ 1.5 കോടി ദിര്‍ഹം (32 കോടിയിലേറെ ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസിയായ സഫ്വാന്‍ നിസാമെദ്ദീന്‍. അബുദാബിയില്‍ താമസിക്കുന്ന സഫ്വാന്‍ വാങ്ങിയ 011830 എന്ന നമ്പര്‍ ടിക്കറ്റ് ആണ് സമ്മാനാര്‍ഹമായത്. സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവീസ് സ്വദേശിയാണ് ഇദ്ദേഹം.

277709 എന്ന ടിക്കറ്റ് നമ്പരിനുടമയായ ഇന്ത്യക്കാരനായ ഗോമസ് ഫ്രാന്‍സിസ് ബോണിഫേസ് ആണ് രണ്ടാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം സ്വന്തമാക്കിയത്. മൂന്നാം സമ്മാനമായ 100,000 ദിര്‍ഹം നേടിയത് ഇന്ത്യക്കാരനായ മുഹമ്മദ് അഷ്‌റഫ് ആണ്. 223246 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്. 258613 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യയില്‍ നിന്നുള്ള സോനു മാത്യൂ നാലാം സമ്മാനമായ 50,000 ദിര്‍ഹം നേടി. ഡ്രീം കാര്‍ പ്രൊമോഷനില്‍ ഇന്ത്യയില്‍ നിന്നുള്ള ജെബാരമ്യ വരതരാജ് 020021 എന്ന ടിക്കറ്റ് നമ്പരിലൂടെ മാസെറാതി ഗിബ്ലി വാഹനം സ്വന്തമാക്കി.

🇸🇦ഹജ്ജിന് അനുമതിയില്ലാത്തവര്‍ക്ക് യാത്രാസൗകര്യം ഒരുക്കിയാല്‍ തടവും പിഴയും.

✒️അനുമതിപത്രമില്ലാത്തവരെ ഹജ്ജിന് കൊണ്ടുപോകാന്‍ വാഹന സൗകര്യമൊരുക്കുന്നവര്‍ക്ക് ആറ് മാസംവരെ തടവും 50,000 റിയാല്‍ വരെ പിഴയും ശിക്ഷിക്കുമെന്ന് സൗദി ആഭ്യന്തര വകുപ്പിന്റെ മുന്നറിയിപ്പ്.

മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വാഹനത്തിലെ ഒരോ വ്യക്തിക്കും 50,000 റിയാല്‍ വീതം എന്ന നിലയിലായിരിക്കും പിഴ. വാഹനത്തിന്റെ ഡ്രൈവര്‍ ഒരു പ്രവാസിയാണെങ്കില്‍ ശിക്ഷ നടപ്പാക്കിയ ശേഷം നാടുകടത്തും. രാജ്യത്തേക്ക് പുനഃപ്രവേശിക്കുന്നത് തടയും. ഗതാഗതത്തിന് ഉപയോഗിക്കുന്ന വാഹനം കണ്ടുകെട്ടും.

🇦🇪യുഎഇയില്‍ 1,812 പുതിയ കൊവിഡ് കേസുകള്‍ കൂടി; 24 മണിക്കൂറിനിടെ രണ്ട് മരണം.

✒️യുഎഇയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 1,812 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്ത് ചികിത്സയിലായിരുന്ന 1,930 കൊവിഡ് രോഗികളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായത്. കൊവിഡ് ബാധിച്ച് രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് പുതിയ മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. പുതിയതായി നടത്തിയ 3,13,381 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 9,51,196 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 9,31,446 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,319 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ 17,431 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്.

🇦🇪യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്.

✒️യുഎഇയിലെ ബീച്ചുകള്‍ സന്ദര്‍ശിക്കന്നവര്‍ക്ക് പ്രത്യേക മുന്നറിയിപ്പുമായി അധികൃതര്‍. ബീച്ചുകളിലുണ്ടാകുന്ന അപകടങ്ങളും മുങ്ങി മരണങ്ങളും കുറയ്‍ക്കാന്‍ ലക്ഷ്യമിട്ട് ഒരു മാസം നീണ്ടു നില്‍ക്കുന്ന ബോധവത്കരണ ക്യാമ്പയിനിന് ഫുജൈറ പൊലീസ് കഴിഞ്ഞ ദിവസം തുടക്കം കുറിച്ചു.

ഉഷ്ണകാലത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഫുജൈറ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹകരണത്തോടെ ശനിയാഴ്ച ക്യാമ്പയിനിന് തുടക്കം കുറിച്ചതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. കടലില്‍ നീന്തുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങള്‍ വിവരിക്കുന്ന പ്രത്യേക ലഘുലേഖകള്‍ ബീച്ചുകളില്‍ എത്തുന്നവര്‍ക്കിടയില്‍ വിതരണം ചെയ്യും. ഇംഗീഷ്, ഹിന്ദി, ഉറുദു ഭാഷകളില്‍ ഇത്തരത്തിലുള്ള സന്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്.

ഉഷ്ണ കാലത്ത് ബീച്ചുകളിലും പൂളുകളിലും മുങ്ങി മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുള്ള സാഹചര്യത്തിലാണ് ഇത്തവണ നേരത്തെ തന്നെ ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കന്നതെന്ന് ഫുജൈറ പൊലീസ് മീഡിയ ആന്റ് പബ്ലിക് റിലേഷന്‍സ് മേധാവി ക്യാപ്റ്റന്‍ മുഹമ്മദ് ഹസന്‍ അന്‍ ബസ്‍രി പറഞ്ഞു. കുട്ടികളെയും കൂട്ടി ബീച്ചിലേക്ക് പോകുന്ന കുടുംബങ്ങള്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ബീച്ചുകളില്‍ നീന്തുന്നവര്‍ ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം. ഒപ്പം സൂര്യാസ്‍തമയത്തിന് ശേഷം കടലില്‍ ഇറങ്ങുന്നത് ഒഴിവാക്കണം. ബീച്ചുകള്‍ക്ക് പുറമെ റിസോര്‍ട്ടുകളിലും ഹോട്ടലുകളിലുമെല്ലാം അധികൃതര്‍ ബോധവത്കരണ ക്യാമ്പയിനുമായി എത്തുന്നുണ്ട്.

🇸🇦ബലിപെരുന്നാള്‍ അവധി; ജവാസാത്ത് ഓഫീസുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു.

✒️ബലിപെരുന്നാള്‍ അവധി ദിവസങ്ങളില്‍ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട് (ജവാസാത്ത്) ഓഫീസുകളുടെ പ്രവര്‍ത്തന സമയം പ്രഖ്യാപിച്ചു. ജൂലൈ 10 ഞായറാഴ്ച മുതല്‍ 14 വ്യാഴാഴ്ച വരെ എല്ലാ പ്രദേശങ്ങളിലെയും പ്രധാന ഓഫീസുകളുടെ സമയം രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു മണി വരെയായിരിക്കും.

വൈകിട്ടത്തെ ഷിഫ്റ്റിലെ പ്രവൃത്തി സമയം റിയാദ് അല്‍ഖര്‍ജ് ഗവര്‍ണറേറ്റില്‍ അല്‍റോഷന്‍ മാളിലെ ഇലക്ട്രോണിക് സേവന വിഭാഗത്തിലും അല്‍റിമാല്‍ ഡിസ്ട്രിക്ടിലെ പാസ്‌പോര്‍ട്ട് വിഭാഗം ഓഫീസില്‍ ഞായര്‍ മുതല്‍ വ്യാഴം വരെ വൈകിട്ട് നാല് മണി മുതല്‍ ഒമ്പത് മണി വരെയായിരിക്കും. മക്ക മേഖലയിലെ സായാഹ്ന ഷിഫ്റ്റില്‍ ജിദ്ദ തഹ്ലിയ മാള്‍, സെറാഫി മാള്‍, റെഡ് സീ മാള്‍ ജവാസാത്ത് ഡിവിഷനുകളില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ രാത്രി 10 വരെയും ആയിരിക്കും. അടിയന്തര സര്‍വീസുകള്‍ക്ക് പൗരന്മാരും വിദേശികളും അബ്ഷീര്‍ പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് അപ്പോയിന്റ്‌മെന്റ് മുന്‍കൂട്ടി എടുക്കണം.

🇶🇦ബൈക്ക് വേണ്ട; ഖത്തറില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 3.30 വരെ ഫുഡ് ഡെലിവറി കാറില്‍ മാത്രം.

✒️ഖത്തറിലെ ഫുഡ് ഡെലിവറി കമ്പനികള്‍ ഇനി മുതല്‍ രാവിലെ പത്തിനും വൈകുന്നേരം 3.30നും ഇടയ്‍ക്കുള്ള സമയത്ത് ബൈക്കുകള്‍ക്ക് പകരം കാറുകളിലായിക്കും ഭക്ഷണമെത്തിക്കുക. ഉഷ്‍ണകാലത്ത് ചൂടു കൂടിയ സാഹചര്യത്തിലാണ് ഡെലിവറി ജീവനക്കാരുടെ ബൈക്ക് യാത്രയ്‍ക്ക് തൊഴില്‍ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്.

രാവിലെ 10 മണി മുതല്‍ ആരംഭിക്കുന്ന നിയന്ത്രണം വൈകുന്നേരം 3.30 വരെ നീണ്ടുനില്‍ക്കും. ജൂലൈ ഒന്ന് മുതല്‍ സെപ്‍റ്റംബര്‍ 15 വരെ ഇതേ രീതിയിലായിക്കും ഭക്ഷണ വിതരണം. ഡെലിവറി ജീവനക്കാരുടെ ആരോഗ്യവും സുരക്ഷയും പരിഗണിച്ചാണ് അധികൃതരുടെ തീരുമാനം. അതേസമയം പുതിയ നിയന്ത്രണത്തെ സ്വാഗതം ചെയ്‍ത് രാജ്യത്തെ ഭക്ഷണ വിതരണ കമ്പനികളും സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി.

ഉഷ്ണ കാലത്ത് ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി ഗവണ്‍മെന്റ് സ്വീകരിക്കുന്ന നടപടികളെ സ്വാഗതം ചെയ്യുന്നതായും തൊഴില്‍ മന്ത്രാലയം മുന്നോട്ടുവെച്ച നിബന്ധനകള്‍ പൂര്‍ണമായും പാലിക്കുകയും ചെയ്യുമെന്ന് തലബാത്ത് ട്വീറ്റ് ചെയ്‍തു. ഖത്തറില്‍ തുറസായ സ്ഥലങ്ങളില്‍ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കുന്ന തരത്തിലുള്ള ജോലികള്‍ക്ക് ജൂണ്‍ ഒന്ന് മുതല്‍ തന്നെ അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും സമാനമായ തരത്തിലുള്ള ഉച്ചവിശ്രമ നിയമങ്ങള്‍ ഇതിനോടകം പ്രാബല്യത്തില്‍ വന്നു.

ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍; കമ്പനികള്‍ക്ക് നിര്‍ദ്ദേശം
ദോഹ: ഖത്തറില്‍ ഉച്ചവിശ്രമ നിയമം പ്രാബല്യത്തില്‍. താപനില ഉയര്‍ന്നതോടെയാണ് തുറസ്സായ സഥലങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ജോലി സമയത്തില്‍ നിയന്ത്രണം പ്രഖ്യാപിച്ചത്.

Post a Comment

0 Comments