Ticker

6/recent/ticker-posts

Header Ads Widget

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമത്തിൽ സമ്മേളിച്ചത് പത്ത് ലക്ഷം തീർഥാടകർ...

ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാസംഗമം ഇന്ന് മക്കയിലെ അറഫാ മൈതാനിയിലും നമീറ പള്ളിയിലും ജബൽ റഹ്മ കുന്നിലുമായി നടന്നു. പത്ത് ലക്ഷം തീർഥാടകരാണ് അറഫയിൽ നിൽക്കുകയെന്ന ചടങ്ങിനും നമീറ പള്ളിയിൽ പ്രവാചകൻ മുഹമ്മദ് നബിയുടെ ഹജ്ജ് പ്രഭാഷണത്തെ അനുസ്മരിപ്പിച്ച് നടത്തുന്ന പ്രഭാഷണം കേൾക്കുന്നതിനും ജബൽ റഹ്മയിൽ കയറി പ്രാർത്ഥിക്കുന്നതിനുമായി എത്തിയത്.
ലോകത്തിന്റെ നാനാഭാഗത്തുനിന്ന് എത്തിയ എട്ടരലക്ഷം പേരും സൗദിയിൽനിന്നുള്ള സ്വദേശികളും വിദേശികളുമായ ഒന്നരലക്ഷം പേരും ഉൾപ്പെടെ മൊത്തം പത്ത് ലക്ഷം തീർത്ഥാടകരാണ് ഇത്തവണ ഹജ്ജിൽ പങ്കെടുക്കുന്നത്. അതിൽ എണ്‍പതിനായിരത്തോളം പേർ ഇന്ത്യൻ ഹാജിമാരാണ്. ആകെ 165 രാജ്യങ്ങളിൽ നിന്നുള്ളവർ ഹജ്ജിനെത്തിയിട്ടുണ്ട്. ഹജ്ജിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങാണ് അറഫാസംഗമം. ഇതിൽ പങ്കെടുത്തില്ലെങ്കിൽ ഹജ്ജ് പൂർത്തിയാകില്ല. അതുകൊണ്ട് തന്നെ രോഗികളായി ആശുപത്രികളിൽ കഴിഞ്ഞവരെ പോലും ആംബുലൻസുകളിലും എയർ ആംബുലൻസുകളിലും അറഫയിൽ എത്തിച്ചു.
ഒരു ദശകത്തിനിടെ ആദ്യമായാണ് വെള്ളിയാഴ്ചയും അറഫാദിനവും ഒന്നിച്ചുവന്നത്. നമിറ പള്ളിയിൽ സൗദിയിലെ മുതിർന്ന പണ്ഡിതസഭാംഗം ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ അറഫാ പ്രസംഗം നിർവഹിച്ചത്. പ്രസംഗം ശ്രവിച്ചതിന് ശേഷം ദുഹർ, അസർ നമസ്കാരങ്ങൾ ഒരുമിച്ച് നിർവഹിച്ച തീർത്ഥാടകർ സൂര്യാസ്തമനം വരെ അറഫയിൽ ചെലവഴിച്ചു. രാത്രി മുസ്ദലിഫ എന്ന മറ്റൊരു പുണ്യസ്ഥലത്തേക്ക് പോകും. അവിടെ രാപ്പാർക്കും.

ശനിയാഴ്ച പുലർച്ചയോടെ ജംറയിൽ പിശാചിനെ കല്ലെറിയൽ കർമം നിർവഹിക്കാനായി പോകും. ശേഷം ബലികർമം നടത്തും. ഇതോടെ ഹജ്ജിന്റെ കര്‍മങ്ങള്‍ പകുതി പൂർത്തിയാകും. ശേഷം മക്കയിൽ കഅ്ബക്ക് ചുറ്റും പ്രദക്ഷിണം നടത്തും. സഫ, മർവ കുന്നുകൾക്കിടയിലെ ഓട്ടം പൂർത്തിയാക്കും. ഇതും കഴിഞ്ഞാൽ താമസസ്ഥലമായ മിനായിലേക്ക് എല്ലാ ഹാജിമാരും മടങ്ങും. ശേഷം ചൊവ്വാഴ്ച വരെ എല്ലാദിവസവും ജംറയിൽ പിശാചിനെ കല്ലെറിയല്‍ കര്‍മം തുടരും. അതുകൂടി കഴിഞ്ഞാൽ ഈ വർഷത്തെ ഹജ്ജിന്റെ ചടങ്ങുകള്‍ പൂർത്തിയാകും...

Post a Comment

0 Comments