🇸🇦സൗദി: ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനം അവസാനിച്ചു; തീർത്ഥാടകരുടെ അവസാന സംഘം മിനായിൽ നിന്ന് മടങ്ങി.
✒️ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമായുള്ള തീർത്ഥാടകരുടെ അവസാന സംഘം 2022 ജൂലൈ 12, ചൊവ്വാഴ്ച വൈകീട്ട് അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയ ശേഷം മിനായിൽ നിന്ന് മക്കയിലേക്ക് മടങ്ങി. ഇതോടെ 2022-ലെ ഹജ്ജ് തീർത്ഥാടനം ഔദ്യോഗികമായി പൂർത്തിയായതായി അധികൃതർ വ്യക്തമാക്കി.
ഒമ്പത് ലക്ഷത്തോളം തീർത്ഥാടകരാണ് ഈ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുത്തത്. ഇതിൽ പകുതിയോളം പേർ ജൂലൈ 12-ന് മിനായിൽ തങ്ങളുടെ അനുഷ്ഠാനങ്ങൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.
തീർത്ഥാടനം പൂർത്തിയാക്കിയ ശേഷം ഇവർ സൗദിയുടെ വിവിധ ഭാഗങ്ങളിലേക്കും, വിദേശത്തേക്കും തിരികെ മടങ്ങുന്നതാണ്. ഇതിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് അറിയിച്ചിട്ടുണ്ട്.
🇸🇦സൗദി: ടാക്സി ഡ്രൈവർമാരുടെ യൂണിഫോം സംബന്ധിച്ച നിയമം പ്രാബല്യത്തിൽ വന്നു.
✒️രാജ്യത്തെ ടാക്സി ഡ്രൈവർമാർക്ക് അംഗീകൃത യൂണിഫോം ഏർപ്പെടുത്തുന്നത് സംബന്ധിച്ച നിയമം 2022 ജൂലൈ 12 മുതൽ സൗദി അറേബ്യയിൽ പ്രാബല്യത്തിൽ വന്നു. 2022 ജൂലൈ 12-ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇത്തരം ഒരു നിയമം ഏർപ്പെടുത്താൻ തീരുമാനിച്ചതായി സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി 2022 മെയ് മാസത്തിൽ അറിയിച്ചിരുന്നു. ഈ തീരുമാനം രാജ്യത്തെ സ്ത്രീ, പുരുഷ ടാക്സി (വാടകയ്ക്കുള്ള സ്വകാര്യ വാഹനങ്ങൾ, ഇ-ആപ്പുകളിലൂടെ യാത്രാ സേവനങ്ങൾ നൽകുന്ന മറ്റു സ്ഥാപനങ്ങളുടെ വാഹനങ്ങൾ എന്നിവ ഉൾപ്പെടെ) ഡ്രൈവർമാർക്ക് ബാധകമാണ്.
ഈ തീരുമാന പ്രകാരം താഴെ പറയുന്ന രീതിയിലാണ് ടാക്സി ഡ്രൈവർമാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നത്:
പുരുഷ ഡ്രൈവർമാർ – ദേശീയ വസ്ത്രം, അല്ലെങ്കിൽ നീണ്ട കൈയോട് കൂടിയ ഗ്രേ നിറത്തിലുള്ള ഷർട്ട്. കറുത്ത പാന്റ്. കറുത്ത ബെൽറ്റ്. ആവശ്യമെങ്കിൽ ഇതിന് പുറമെ ജാക്കറ്റ് ധരിക്കേണ്ടതാണ്.
സ്ത്രീ ഡ്രൈവർമാർ – അബായ, അല്ലെങ്കിൽ ബ്ലൗസ്, പാന്റ്. ഇതിനു പുറമെ ജാക്കറ്റ് അല്ലെങ്കിൽ കോട്ട്.
എല്ലാ ഡ്രൈവർമാരും തങ്ങളുടെ ഐഡി കാർഡ് കൈവശം കരുതേണ്ടതാണ്.
ഈ തീരുമാനം പാലിക്കാത്തവർക്കെതിരെ നിയമ നടപടികൾ ഉണ്ടാകുമെന്ന് സൗദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
🇰🇼കുവൈറ്റ്: ഹജ്ജ് തീർത്ഥാടനം കഴിഞ്ഞെത്തുന്നവർക്ക് 3 ദിവസത്തിനകം PCR ടെസ്റ്റ് നിർബന്ധം.
✒️ഹജ്ജ് തീർത്ഥാടനത്തിന് ശേഷം രാജ്യത്ത് തിരികെ എത്തുന്ന തീർത്ഥാടകർ കുവൈറ്റിലേക്ക് പ്രവേശിക്കുന്ന തീയതി മുതൽ മൂന്ന് ദിവസത്തിനകം ഒരു PCR ടെസ്റ്റ് നടത്തേണ്ടതാണെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ജൂലൈ 12-ന് രാത്രിയാണ് കുവൈറ്റ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
ഇത്തരം പരിശോധനകൾ നടത്തുന്നതിനായി ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള പരിശോധനാ കേന്ദ്രങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ജാബിർ ബ്രിഡ്ജ് പരിശോധനാ കേന്ദ്രം ദിനവും വൈകീട്ട് 5 മുതൽ രാത്രി 10 വരെ പ്രവർത്തിക്കുമെന്നും, ജാബിർ അൽ അഹ്മദ് ഹോസ്പിറ്റലിൽ നിന്ന് രാവിലെ 8 മുതൽ രാത്രി 12 വരെ ഈ സേവനം ലഭ്യമാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇതിന് പുറമെ അംഗീകൃത സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളിൽ നിന്നും ഈ പരിശോധന നടത്താവുന്നതാണ്. PCR ടെസ്റ്റ് റിസൾട്ട്, തുടർന്നുള്ള നടപടിക്രമങ്ങൾ എന്നിവ ഇമ്മ്യൂൺ ആപ്പിലൂടെ അറിയിക്കുന്നതാണ്. രോഗലക്ഷണങ്ങൾ പ്രകടമാക്കുന്നവർ രാജ്യത്ത് തിരികെ എത്തി 10 ദിവസത്തിനകം ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് ചികിത്സ സ്വീകരിക്കേണ്ടതാണ്.
🇸🇦ഇന്ത്യൻ ഹാജിമാരുടെ മടക്കം വെള്ളിയാഴ്ച മുതൽ.
✒️ഹജ്ജിന് പരിസമാപ്തിയായതോടെ ഇന്ത്യന്‍ തീർഥാടകരുടെ മടക്കയാത്ര വെള്ളിയാഴ്ച ആരംഭിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് ജിദ്ദ ഹജ്ജ് ടെര്‍മിനലിൽനിന്ന് 377 തീർഥാടകരുമായി കൊച്ചിയിലേക്കാണ് ആദ്യ വിമാനം. ഇന്ത്യൻ സമയം രാത്രി 10ന് കൊച്ചിയിൽ ഇറങ്ങും. വെള്ളിയാഴ്ച വൈകീട്ട് 4.55ന് 376 തീർഥാടകരുമായി മറ്റൊരു വിമാനം കൂടി കൊച്ചിയിലേക്ക് പുറപ്പെടും.
കേന്ദ്ര കമ്മിറ്റിക്ക് കീഴില്‍ എത്തിയ ഇന്ത്യന്‍ തീർഥാടകരുടെ മദീന യാത്രയും വെള്ളിയാഴ്ച ആരംഭിക്കും. എട്ടു ദിവസത്തെ സന്ദർശനം പൂർത്തിയാക്കി ജൂലൈ 23നാണ് മദീനയില്‍നിന്ന് അവരുടെ മടക്കം തുടങ്ങുന്നത്. സ്വകാര്യ ഗ്രൂപ്പുകളില്‍ എത്തിയ ഹാജിമാരുടെ മടക്കം വ്യാഴാഴ്ച ആരംഭിക്കും. മുഴുവന്‍ മലയാളി ഹാജിമാരും ഹജ്ജിന് മുമ്പേ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയിരുന്നു.
ഹാജിമാരുടെ യാത്ര എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഹജ്ജ് സർവിസ് കമ്പനികളുടെ സഹായത്തോടെ ലഗേജുകള്‍ 24 മണിക്കൂര്‍ നേരത്തെ എയര്‍പോർട്ടുകളില്‍ എത്തിക്കുമെന്ന് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. രണ്ട് ബാഗേജുകൾ ആണ് തീർഥാടകർക്ക് അനുവദിച്ചിട്ടുള്ളത്. 40 കിലോ വരെ ഭാരമുള്ള ലഗേജ് കൊണ്ടുപോകാവുന്നതാണ്.
ഹാജിമാര്‍ക്കുള്ള അഞ്ച് ലിറ്റര്‍ സംസം വെള്ളം ബോട്ടിലുകള്‍ നേരത്തെ തന്നെ മുഴുവന്‍ എംബാര്‍ക്കേഷന്‍ പോയന്റുകളിലും എത്തിച്ചിട്ടുണ്ട്. യാത്രയാകുന്ന തീർഥാടകർ വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം നടത്തി, പോകുന്നതിന് 12 മണിക്കൂർ മുമ്പ് റൂമുകളിൽ തിരിച്ചെത്തണമെന്ന് ഇന്ത്യൻ ഹജ്ജ് മിഷൻ നിർദേശം നൽകിയിട്ടുണ്ട്. രോഗികളായ ഹാജിമാരെ നേരത്തെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ആഗസ്റ്റ് 13ഓടെ മുഴുവൻ തീർഥാടകരുടെയും മടക്കം പൂർണമാവും.
🇦🇪അബൂദബി അൽ മഖ്ത പാലം ശനിയാഴ്ച വരെ അടച്ചിടും.
✒️അൽ മഖ്ത പാലം ശനിയാഴ്ച വരെ ഭാഗികമായി അടച്ചിടുമെന്ന് അധികൃതർ അറിയിച്ചു. മുനിസിപ്പാലിറ്റി വകുപ്പും അബൂദബിയുടെ സംയോജിത ഗതാഗത കേന്ദ്രവും (ഐ.ടി.സി) ആണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. അൽ മഖ്ത പാലത്തിലെ ഇരുവശത്തേക്കുമുള്ള ഏറ്റവും ഇടതുവശത്തെ ലെയിനുകളാണ് ശനിയാഴ്ച രാവിലെ 5.30 വരെ അടച്ചിടുക. ഏഴുമാസം നീളുന്ന പാലം നവീകരണത്തിന്‍റെ ഭാഗമായാണ് അടച്ചിടൽ. ഒക്ടോബറോടെ നവീകരണം പൂർത്തിയാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
അബൂദബിയെ മറ്റിടങ്ങളുമായി ബന്ധിപ്പിക്കാനായി 1968ലാണ് അൽ മഖ്ത പാലം നിർമിച്ചത്. ആസ്ത്രേലിയൻ എൻജിനീയറായ വാഗ്നർ ബിറോ ആണ് പാലത്തിന്‍റെ ആദ്യരൂപം നിർമിച്ചത്. ഇത് പിന്നീട് വിപുലപ്പെടുത്തുകയായിരുന്നു.
🇦🇪ആദ്യ പ്രഭാഷണത്തിൽ പ്രവാസി സമൂഹത്തെയും പരമാർശിച്ച് ശൈഖ് മുഹമ്മദ്.
✒️രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ ആദ്യ പ്രഭാഷണത്തിൽ പൗരന്മാർക്കൊപ്പം പ്രവാസി സമൂഹത്തെയും പ്രത്യേകം പരാമർശിച്ച് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ. പ്രതിസന്ധികളിൽ നിശ്ചയദാർഢ്യത്തോടെ നിലയുറപ്പിച്ച ജനങ്ങളെ ലഭിച്ചത് വലിയ ഭാഗ്യമാണെന്ന് പറഞ്ഞ ശേഷം 'അതുപോലെ, ഈ രാജ്യത്തെ തങ്ങളുടെ രണ്ടാമത്തെ ഭവനമായി കണക്കാക്കുന്ന പ്രവാസികളുടെ മൂല്യവത്തായ പങ്കിനെ വളരെ ഉള്ളിൽതട്ടി അഭിനന്ദിക്കുന്നു' എന്നായിരുന്നു പരാമർശം.
യു.എ.ഇ രൂപീകൃതമായത് മുതൽ രാജ്യം കെട്ടിപ്പടുക്കുന്നതിലും വികസിപ്പിക്കുന്നതിലും തുടർച്ചയായ സംഭാവനകളർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
🇸🇦സൗദി അറേബ്യയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ട് ലക്ഷം കടന്നു.
✒️സൗദി അറേബ്യയിൽ പുതിയതായി 480 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടയിൽ രണ്ട് കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ചികിത്സയിൽ കഴിയുന്ന കൊവിഡ് രോഗികളില്‍ 598 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 801,349 ആയി. ആകെ രോഗമുക്തരുടെ എണ്ണം 786,220 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,225 ആയി.
രോഗബാധിതരിൽ 5,904 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 160 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 24 മണിക്കൂറിനിടെ 13,997 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി.
റിയാദ് - 119, ജിദ്ദ - 90, ദമ്മാം - 44, മക്ക - 32, മദീന - 24, ഹുഫൂഫ് - 16, ത്വാഇഫ് - 15, അൽബാഹ - 11, അബ്ഹ - 10, ബുറൈദ - 8, നജ്റാൻ - 7, ജീസാൻ - 6, ഖോബാർ - 6, ദഹ്റാൻ - 6, തബൂക്ക് - 5, ഹാഇൽ - 4, ഖമീസ് മുശൈത്ത് - 4, ഉനൈസ - 3, അൽറസ് - 3, ജുബൈൽ - 3, ബൽജുറൈഷി - 3, അൽഖർജ് - 3 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
🇦🇪യുഎഇയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിച്ച ബൈക്ക് യാത്രക്കാരന്‍ കാറിടിച്ച് മരിച്ചു.
✒️യുഎഇയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഉമ്മുല്‍ഖുവൈനിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടമെന്ന് ഉമ്മുല്‍ ഖുവൈന്‍ പൊലീസ് ട്വീറ്റ് ചെയ്‍തു.
ഉമ്മുല്‍ ഖുവൈന്‍ മാള്‍ ഇന്റര്‍സെക്ഷനില്‍ വെച്ച് ചുവപ്പ് സിഗ്നല്‍ ലംഘിച്ച് മുന്നോട്ട് നീങ്ങിയ ബൈക്ക് യാത്രക്കാരനെ മറ്റൊരു ദിശയില്‍ നിന്നു വന്ന കാര്‍ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരിലൊരാള്‍ മരണപ്പെടുകയും ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്‍തു. അപകടത്തിന്റെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണമായും തകര്‍ന്നു. കാറിനും കാര്യമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്.
🇦🇪യുഎഇയില്‍ വാഹനാപകടം; അഞ്ച് പേര്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്.
✒️യുഎഇയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച എമിറേറ്റ്സ് റിങ് റോഡിലായിരുന്നു അപകടം. ആറ് പേര്‍ സഞ്ചരിച്ചിരുന്ന ഒരു വാഹനം പെട്ടെന്ന് ഒരു വശത്തേക്ക് തിരിയുകയും ഒരു ഹെവി ട്രക്കുമായി കൂട്ടിയിടിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
കാറില്‍ യാത്ര ചെയ്യുകയായിരുന്ന അഞ്ച് പേരും മരണപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റു. അപകടം സംബന്ധിച്ച വിവരം റാസല്‍ഖൈമ പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചയുടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘങ്ങളും നാഷണല്‍ ആംബുലന്‍സും സ്ഥലത്തെത്തി. യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്റെ എയര്‍ വിങ് ഉദ്യോഗസ്ഥര്‍ ഹെലികോപ്റ്റര്‍ എത്തിച്ചാണ് പരിക്കേറ്റയാളിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയത്. മൃതദേഹങ്ങള്‍ റോഡ് മാര്‍ഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. മരണപ്പെട്ടവരെയും പരിക്കേറ്റവരെയും സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. എന്നാല്‍ അറബ് വംശജരാണ് ഈ വാഹനത്തിലുണ്ടായിരുന്നതെന്ന് യുഎഇയിലെ ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
🎙️പ്രവാസി മലയാളി താമസസ്ഥലത്ത് ഉറക്കത്തിൽ മരിച്ചു.
✒️താമസസ്ഥലത്ത് മലയാളി ഉറക്കത്തിൽ മരിച്ചു. മലപ്പുറം നിലമ്പൂർ ഉപ്പട സ്വദേശി കോട്ടക്കുന്ന് കിഴക്കേടത്ത് വീട്ടിൽ വർഗീസ് - മറിയാമ്മ ദമ്പതികളുടെ മകൻ യോഹന്നാൻ (48) ആണ് മരിച്ചത്. ഗൾഫ് സ്റ്റീൽ എന്ന കമ്പനിയിൽ സ്‌കഫോൾഡിങ് സൂപർവൈസറായിരുന്നു.
കഴിഞ്ഞ ഏഴുവർഷമായി ഇതേ കമ്പനിയിലെ ജീവനക്കാരനാണ് യോഹന്നാൻ. രണ്ടുമാസം മുമ്പ് മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് നാട്ടിൽ പോയി വന്നിരുന്നു. ചൊവ്വാഴ്ച രാവിലെ ക്യാമ്പിലെ താമസസ്ഥലത്ത് ഉറക്കമുണരാത്തതിനെ തുടർന്ന് സഹപ്രവർത്തകർ വിളിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസെത്തി മൃതദേഹം ജുബൈൽ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ തുടങ്ങി. ഭാര്യ - ഏലിയാമ്മ. മക്കൾ - ശാലു, ഷാനി, ശാലിനി, മരുമക്കൾ - ലിബിൻ വർഗീസ്, ജിബിൻ മാത്യു.
🎙️കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു.
✒️കാനഡയില്‍ ബോട്ട് അപകടത്തില്‍പെട്ട് മൂന്ന് മലയാളി യുവാക്കള്‍ മുങ്ങി മരിച്ചു. കാനഡയിലെ ആല്‍ബര്‍ട്ടയിലായിരുന്നു അപകടം. മലയാറ്റൂര്‍ നീലീശ്വരം വെസ്റ്റ്, നടുവട്ടം സ്വദേശി കോനുക്കുടി ജിയോ പൈലി (33), കളമശേരി സ്വദേശി കെവിന്‍ ഷാജി (21), ചാലക്കുടി ആതിരപ്പിള്ളി മാവേലില്‍ ലിയോ മാവേലി (41) എന്നിവരാണ് മരിച്ചത്.
കാനഡയിലെ ബാന്‍ഫ് നാഷണല്‍ പാര്‍ക്കിലുള്ള കാന്‍മോര്‍ സ്‍പ്രേ തടാകത്തിലായിരുന്നു അപകടം. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു. തൃശൂര്‍ സ്വദേശി ജിയോ ജോഷിയാണ് രക്ഷപ്പെട്ടത്. അദ്ദേഹം ആശുപത്രിയില്‍ ചികിത്സയിലാണ്. അവധി ആഘോഷിക്കാനായി പോയ സംഘമാണ് അപകടത്തില്‍പെട്ടത്. ഞായറാഴ്ച രാവിലെ പ്രാദേശിക സമയം 10.30നായിരുന്നു അപകടം. സംഘത്തിലുണ്ടായിരുന്ന ജിയോയുടെ ബോട്ടിലാണ് ഇവര്‍ യാത്ര ചെയ്‍തിരുന്നത്. എന്നാല്‍ തടാകത്തില്‍വെച്ച് ബോട്ട് മറിയുകയായിരുന്നു. കടുത്ത തണുപ്പായിരുന്നതിനാല്‍ ഇവര്‍ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
0 Comments