Ticker

6/recent/ticker-posts

Header Ads Widget

കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടൽ, പൊന്മുടിയിൽ വിനോദസഞ്ചാരികൾ കുടുങ്ങി; സംസ്ഥാനത്ത് ജാഗ്രതാനിർദേശം.

സംസ്ഥാനത്ത് വീണ്ടും കാലവർഷം ശക്തമാകുന്നു. തിരുവനന്തപുരം, കോട്ടയം, കൊല്ലം ജില്ലകളിൽ ശക്തമായ മഴ പെയ്യുകയാണ്. നിരവധിയിടങ്ങളിൽ മലവെള്ളപ്പാച്ചിലുണ്ടായി. കോട്ടയത്ത് വീണ്ടും ഉരുൾപൊട്ടി. പല പ്രദേശങ്ങളിലും വെള്ളം കയറിയ നിലയിലാണ്. പൊന്മുടിയിൽ വിനോദ സഞ്ചാരികൾ കുടുങ്ങിക്കിടക്കുന്നതായണ് റിപ്പോർട്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം മലയോര മേഖലകളിൽ ശക്തമായ മഴ തുടരുകയാണ്. പൊന്മുടിയിൽക എത്തിയ വിനോദസഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. കല്ലാറിൽ നിന്ന് മീൻ മുട്ടി വെള്ളച്ചാട്ടം കാണാൻ പോകുന്ന വഴിയിലുള്ള കൈത്തോട് നിറഞ്ഞു കവിഞ്ഞൊഴുകുന്നതിനാല്‍ അക്കരെയുള്ള വിനോദ സഞ്ചാരികൾക്ക് ഇപ്പുറത്ത് എത്താൻ കഴിയാത്ത സാഹചര്യമാണുള്ളത്. വാഹനങ്ങളൊക്കെ അക്കരെ കുടുങ്ങിക്കിടക്കുകയാണ്. കുറച്ചു പേരെ നാട്ടുകാർ ചേർന്ന് ഇക്കരയ്ക്ക് എത്തിച്ചു. പല വീടുകളിലും വെള്ളം കയറിയ നിലയിലാണ്. പ്രദേശത്തുള്ളവർ സുരക്ഷിതരാണെന്നാണ് വിവരം. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ട സാഹചര്യം വന്നാൽ അതിനുവേണ്ടിയിട്ടുള്ള സൗകര്യങ്ങൾ പഞ്ചായത്തും അധികൃതരും ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം ജില്ലയിൽ അടുത്ത ദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി. നദികൾ, ജലാശയങ്ങൾ, തോടുകൾ തുടങ്ങിയ സ്ഥലങ്ങളിൽ കുളിക്കാനോ അലക്കാനോ മൃഗങ്ങളെ കുളിപ്പിക്കാനോ ഇറങ്ങരുതന്നും കടലിന് സമീപം പോവുകയോ കടലിൽ ഇറങ്ങുകയോ ചെയ്യരുതന്നും രാത്രിയാത്രകൾ പരമാവധി ഒഴിവാക്കണമെന്നും വാഹനങ്ങൾ വേഗത കുറച്ച് പോകണമെന്നും കളക്ടർ അറിയിച്ചു.

ഓറഞ്ച് അലേർട്ട് ഉള്ളതിനാൽ തിങ്കളാഴ്ച മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ തിരുവനന്തപുരം വന്യജീവി ഡിവിഷനിലെ നെയ്യാർ, കോട്ടൂർ, പേപ്പാറ എന്നീ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചിടുന്നതായി തിരുവനന്തപുരം വൈൽഡ് ലൈഫ് വാർഡൻ അറിയിച്ചു.

കോട്ടയത്ത് മീനച്ചിൽ താലൂക്കിൽ മൂന്നിലവിൽ ഉരുൾപൊട്ടി. നഗരത്തിൽ വെള്ളം കയറിയ നിലയിലാണ്. ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കനത്ത മഴയാണ്. ഇതിനെത്തുടർന്നാണ് മൂന്നിലവിൽ ഉരുൾപൊട്ടിയത്. ജനവാസ മേഖലയിൽ അല്ല ഉരുൾപൊട്ടിയതെന്നാണ് വിവരം. മേച്ചാൽ തോട് കരകവിഞ്ഞ് ഒഴുകിയതിനെത്തുടർന്നാണ് നഗരത്തിൽ വെള്ളം കയറിയത്. പലരും ബന്ധുവീടുകളിലേക്കും മറ്റും മാറിയിട്ടുണ്ട്. ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.

മുണ്ടക്കയം എരുമേലി ഭാഗങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. പല പ്രദേശങ്ങളിലും വെള്ളം കയറി. ആളപായം ഉണ്ടായതായി റിപ്പോർട്ടില്ല. ജില്ലാ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ഇടപെടൽ നടത്തിക്കൊണ്ടിരിക്കുന്നു. ജില്ലയിൽ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം എരുമേലിയിലും ഉരുൾപൊട്ടലുണ്ടായിരുന്നു.

കൊല്ലത്ത് അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലുണ്ടായ മലവെള്ളപ്പാച്ചിലില്‍ ഒരാള്‍ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്. ഒഴുക്കില്‍പ്പെട്ട കിഷോർ എന്ന ആളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാലേകാലോടെയായിരുന്നു സംഭവം. ഉച്ചയ്ക്ക് ശേഷമായി മലവെള്ളപ്പാച്ചിൽ ഉണ്ടായത്. തമിഴ്‌നാട് സ്വദേശികളടക്കം നിരവധിപേര്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടം കാണുന്നതിന് ഞായറാഴ്ച എത്തിയിരുന്നു. വെള്ളച്ചാട്ടത്തില്‍ കുളിച്ചുകൊണ്ടിരുന്നവരാണ് അപ്രതീക്ഷിതമായുണ്ടായ മലവെള്ളപ്പാച്ചിലില്‍ പെട്ടത്.

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ തീവ്ര മഴ മുന്നറിയിപ്പാണ് നൽകിയിട്ടുള്ളത്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴയ്ക്കാണ് സാധ്യത. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച തിരുവനന്തപുരം മുതൽ തൃശ്ശൂർ വരെ എട്ട് ജില്ലകളിലും, ബുധനാഴ്ച തിരുവനന്തപുരം മുതൽ വയനാട് വരെ പന്ത്രണ്ട് ജില്ലകളിലും വ്യാഴാഴ്ച പത്തനംതിട്ട മുതൽ കാസർകോട് വരെ പന്ത്രണ്ട് ജില്ലകളിലും ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ട്രോളിങ് നിരോധനം അവസാനിച്ചെങ്കിലും മത്സ്യത്തൊഴിലാളികൾ അടുത്ത അഞ്ചു ദിവസത്തേക്ക് കടലിൽ പോകരുതെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്.

മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലേർട്ടിന് സമാനമായ ജാഗ്രത പാലിക്കണം. മലയോര മേഖലകളിലുള്ളവരെ ഉടനെ തന്നെ മുൻകരുതലിന്റെ ഭാഗമായി ക്യാമ്പുകളിലേക്ക് മാറ്റേണ്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.


അണക്കെട്ടുകളുടെ താഴെ താമസിക്കുന്നവർ അണക്കെട്ടുകളിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുക്കി വിടാനുള്ള സാധ്യത മുൻകൂട്ടി കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തുകയും അധികൃതരുടെ നിർദേശങ്ങൾക്ക് അനുസരിച്ച് ആവശ്യമെങ്കിൽ മാറിത്താമസിക്കുകയും വേണം. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കോഴിക്കോട് പ്രത്യേക കടലാക്രമണ ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 ജൂലൈ 31 മുതൽ ആഗസ്റ്റ് 4 വരെ അറബിക്കടലും സമീപപ്രദേശങ്ങളിലും കടൽ പ്രക്ഷുബ്ധമാവാനും ഉയർന്ന തിരമാലക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും ദേശീയ സമുദ്ര ഗവേഷണ കേന്ദ്രവും മുന്നറിപ്പ് നൽകിയിരിക്കുന്നു. തിങ്കളാഴ്ച രാവിലെ മുതൽ അറബിക്കടലിൽ 1 മീറ്ററിൽ അധികം ഉയരത്തിൽ തിരമാലക്ക് സാധ്യത ഉണ്ട്. അർധരാത്രി മുതൽ ട്രോളിങ് നിരോധനം അവസാനിക്കുന്നതിനാലും മത്സ്യത്തൊഴിലാളികൾ കടലിൽ പോവാൻ കൂടുതൽ സാധ്യത ഉള്ളതിനാലും ഫിഷറീസ് വകുപ്പും കോസ്റ്റ് ഗാർഡും പ്രത്യേകം ശ്രദ്ധിക്കണം. അറബിക്കടലിൽ അടുത്ത 5 ദിവസങ്ങളിൽ യാതൊരു കാരണവശാലും മൽസ്യബന്ധനം നടത്താൻ പാടുള്ളതല്ലെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി.

Post a Comment

0 Comments