Ticker

6/recent/ticker-posts

Header Ads Widget

വിദേശ വാർത്തകൾ

🛫ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുറക്കാൻ ഇടപെടണം; കോടതിയിൽ ഹർജി.

✒️ഗൾഫ് രാജ്യങ്ങളിലേക്കും തിരിച്ചുമുള്ള ഉയർന്ന വിമാനനിരക്ക് (Air Fare) കുറക്കാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ട് ദില്ലി ഹൈക്കോടതിയിൽ റിട്ട് ഹർജി. കേരള പ്രവാസി അസോസിയേഷനാണ് ഹർജി നൽകിയത്. ഇന്ത്യൻ വ്യോമ നിയമത്തിലെ ചട്ടം 135 ചോദ്യം ചെയ്താണ് ഹർജി. ടിക്കറ്റ് നിരക്ക് തീരുമാനിക്കാൻ വിമാന കമ്പനികൾ അധികാരം നൽകിയ ചട്ടങ്ങൾ ചോദ്യം ചെയ്താണ് ഹർജി. ഈ ചട്ടങ്ങൾ ഭരണഘടന വിരുദ്ധമാണെന്നാണ് ഹർജിക്കാർ ആരോപിക്കുന്നത്.

അയ്യായിരം രൂപയില്‍ തുടങ്ങിയിരുന്ന ഗൾഫ് രാജ്യങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളില്‍ പത്തിരട്ടി വരെ വര്‍ധനയുണ്ടായെന്നാണ് യാത്രക്കാർ പരാതിപ്പെടുന്നത്. ആഭ്യന്തര യാത്രകള്‍ക്കും കൂടിയ നിരക്ക് തുടരുകയാണ്. പ്രതിഷേധമുയർന്നിട്ടും ഇതുവരെയും നിരക്ക് കുറക്കാൻ വിമാനക്കമ്പനികളോ ഇടപെടാൻ കേന്ദ്രമോ തയ്യാറായിട്ടില്ല. ഗൾഫ് രാജ്യങ്ങളില്‍ അവധിക്കാലമായ ജൂൺ മുതല്‍ സെപ്റ്റംബർ വരെയുള്ള മാസങ്ങളിലാണ് വിമാനക്കമ്പനികൾ പ്രവാസികളില്‍നിന്നും കൊള്ളലാഭം കൊയ്യുന്നത്. അയ്യായിരം രൂപ മുതല്‍ തുടങ്ങുന്ന ദുബായിലേക്കുള്ള നിരക്കുകൾ നാല്‍പതിനായിരം രൂപ വരെയായി ഉയർത്തിയ സാഹചര്യമുണ്ടായി.

🇦🇪ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ ബിഗ് ടിക്കറ്റ് എടുക്കുന്നവരെ കാത്തിരിക്കുന്നത് തകര്‍പ്പന്‍ സമ്മാനങ്ങള്‍.

✒️മലയാളികളടക്കം നിരവധിപ്പേരെ കോടീശ്വരന്മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ മാസത്തെ പുതിയ 'ബിഗ് സമ്മര്‍ ബൊണാണ്‍സ' സമ്മാന പദ്ധതി പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ വെള്ളിയാഴ്ച വരെ രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവരാണ് ഈ പുതിയ സമ്മാന പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.

രണ്ട് ബിഗ് ടിക്കറ്റുകള്‍ ഒരുമിച്ച് എടുക്കുന്നവര്‍ക്ക് ഒരു ബിഗ് ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കുന്നതിന് പുറമെ ഇവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് 500,000 ദിര്‍ഹത്തിന്റെ ഉറപ്പായ സമ്മാനമാണ് ലഭിക്കുക. ഒപ്പം തെരഞ്ഞെടുക്കപ്പെടുന്ന 12 ഭാഗ്യവാന്മാര്‍ക്ക് അടുത്ത മാസം നടക്കാനിരിക്കുന്ന ഡ്രീം 12 മില്യന്‍ നറുക്കെടുപ്പിലേക്കുള്ള രണ്ട് ടിക്കറ്റുകള്‍ വീതം നല്‍കും. ഇതോടെ ഇവര്‍ക്ക് ഒരുമിച്ച് രണ്ട് ടിക്കറ്റുകളും അതിനോടൊപ്പം ലഭിക്കുന്ന ഒരു ടിക്കറ്റും സമ്മാനമായി ലഭിക്കുന്ന രണ്ട് ടിക്കറ്റുകളും ഉള്‍പ്പെടെ അഞ്ച് ബിഗ് ടിക്കറ്റുകള്‍ സ്വന്തമാവും. ഇതിലൂടെ അടുത്ത നറുക്കെടുപ്പില്‍ ജീവിതം മാറിമറിയുന്ന സമ്മാനം സ്വന്തമാക്കാനുള്ള അവസരവും അഞ്ചിരട്ടിയായി വര്‍ദ്ധിക്കും.

ഓഗസ്റ്റ് മൂന്നാം തീയ്യതി യുഎഇ സമയം വൈകുന്നേരം 7.30നാണ് അടുത്ത ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കാനിരിക്കുന്നത്. ഗ്രാന്റ് പ്രൈസ് സ്വന്തമാക്കുന്ന ഭാഗ്യവാനെ കാത്തിരിക്കുന്നത് 1.2 കോടി ദിര്‍ഹമാണ് (25 കോടിയോളം ഇന്ത്യന്‍ രൂപ). 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി ഒരു ലക്ഷം ദിര്‍ഹവും നാലാം സമ്മാനമായി 50,000 ദിര്‍ഹവും നല്‍കും. ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജ് വഴിയും യുട്യൂബ് ചാനലിലൂടെയും നറുക്കെടുപ്പ് തത്സമയം കാണാന്‍ സാധിക്കും.

ഉറപ്പുള്ള ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കാന്‍ കൂടുതല്‍ അവസരങ്ങളും ബിഗ് ടിക്കറ്റ് ഒരുക്കുകയാണ്. ബിഗ് സമ്മര്‍ ബൊണാണ്‍സയില്‍ ഉള്‍പ്പെടുന്നതിന് പുറമെ ഇപ്പോള്‍ ടിക്കറ്റുകള്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ആരാധകര്‍ക്ക് ഈ മാസത്തിലെ അവസാന പ്രതിവാര നറുക്കെടുപ്പിലും പങ്കാളികളാവാം. ഇതിലൂടെ മൂന്ന് ലക്ഷം ദിര്‍ഹമാണ് സമ്മാനമായി ലഭിക്കുക.

ഉറപ്പായ ഈ ക്യാഷ് പ്രൈസുകള്‍ സ്വന്തമാക്കുന്നവരുടെ പേരും വിവരങ്ങളും ബിഗ് ടിക്കറ്റ് ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.aeയില്‍ താഴെ പറയുന്ന തീയ്യതികളില്‍ പ്രസിദ്ധീകരിക്കും.

ജൂലൈ 30 - 5,00,000 ദിര്‍ഹത്തിന്റെ സമ്മര്‍ ബൊണാണ്‍സ നറുക്കെടുപ്പ്
ഓഗസ്റ്റ് 1 - 3,00,000 ദിര്‍ഹത്തിന്റെ പ്രതിവാര നറുക്കെടുപ്പ്
ഓഗസ്റ്റ് 3 - ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ്.
നറുക്കെടുപ്പുകളെക്കുറിച്ചുള്ള എല്ലാ വിവരങ്ങള്‍ക്കും അറിയിപ്പുകള്‍ക്കും ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൌണ്ടുകളും വെബ്‍സൈറ്റും സന്ദര്‍ശിക്കുക. അടുത്ത വലിയ വിജയം നേടാനുള്ള സമയം ഇതാ എത്തിക്കഴിഞ്ഞു.

പ്രൊമോഷന്‍ തീയ്യതികള്‍ക്കിടയില്‍ ഉപഭോക്താക്കള്‍ വാങ്ങുന്ന എല്ലാ ബിഗ് ടിക്കറ്റുകളും തൊട്ടുടനെ വരുന്ന നറുക്കെടുപ്പിലേക്കായിരിക്കും പരിഗണിക്കുക. മറിച്ച് പിന്നീട് വരുന്ന എല്ലാ പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലും ഈ ടിക്കറ്റുകള്‍ പരിഗണിക്കപ്പെടില്ല.

🇸🇦ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു നഗരമൊരുങ്ങുന്നു; ഡിസൈന്‍ പുറത്തുവിട്ട് എം.ബി.എസ്.

✒️ലോകാത്ഭുതങ്ങളിലൊന്നാവാൻ സൗദി അറേബ്യയിലൊരു വിസ്‍മയ നഗരമൊരുങ്ങുന്നു. റോഡുകൾ, കാറുകൾ, മലിനീകരണം എന്നിവയൊന്നുമില്ലാത്ത ഒരു നഗരം. നൂറ് ശതമാനം മാലിന്യ മുക്തമായ ഒരു ഭാവി നഗരം. ഇതുവരെയുള്ള എല്ലാ നഗര, പാർപ്പിട സങ്കൽപങ്ങളെയും പൊളിച്ചെഴുതുന്ന വിപ്ലവകരമായ നഗര പാർപ്പിട ഡിസൈനാണ് സൗദി അറേബ്യയുടെ സ്വപ്ന പദ്ധതി പ്രദേശമായ ‘നിയോമി’ൽ യാഥാർഥ്യമാകാൻ പോകുന്നത്. ‘ദ ലൈൻ’ എന്ന ഭാവി നഗരത്തിന്റെ ഡിസൈൻ തിങ്കളാഴ്ച സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ജിദ്ദയിൽ പുറത്തുവിട്ടു.
സൗദി അറേബ്യയുടെ വടക്കേ അതിർത്തിയിൽ ചെങ്കടൽ തീരത്താണ് നിയോം പദ്ധതി. അതിനുള്ളിൽ 200 മീറ്റർ വീതിയിൽ 170 കിലോമീറ്റർ നീളത്തിൽ കടൽനിരപ്പിൽ നിന്ന് 500 മീറ്റർ ഉയരത്തിൽ ലംബമായ (ഒറ്റ നേര്‍രേഖയിൽ) ആകൃതിയിലാണ് ദ ലൈൻ നഗര പാർപ്പിട പദ്ധതി ഒരുങ്ങുക. രണ്ട് പുറംഭിത്തികളാൽ സംരക്ഷിക്കപ്പെടുന്ന നഗരത്തിന്റെ ഉയരം 488 മീറ്ററായിരിക്കും. 170 കിലോമീറ്റർ നീളത്തിൽ, 488 മീറ്റർ ഉയരത്തിൽ നിർമിക്കപ്പെടുന്ന ഈ ഭിത്തികളെ ചുറ്റുമുള്ള കാഴ്ചകൾ പ്രതിഫലിപ്പിക്കുന്ന കണ്ണാടി കൊണ്ട് പൊതിയും. നേർരേഖയിൽ പരസ്പരം അഭിമുഖീകരിച്ചിരിക്കും വിധം ഈ ഭിത്തികൾക്കുള്ളിൽ രണ്ട് വരികളിലായി വീടുകൾ നിർമിക്കപ്പെടും.

170 കിലോമീറ്റർ നീളത്തിൽ 200 മീറ്റർ വീതിക്കുള്ളിൽ ഇരുവശങ്ങളിലായി ഉയരുന്ന വീടുകളിൽ 90 ലക്ഷം ആളുകൾക്ക് സ്ഥിരതാമസം നടത്താനാവും. ഇത്രയും ലക്ഷം താമസക്കാരെ ഉൾക്കൊള്ളാനാവും വിധം 34 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ നിർമിക്കപ്പെടുന്ന ഈ നഗരം സമാന ശേഷിയുള്ള മറ്റ് നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ അത്ഭുതപ്പെടുത്തുന്നതായി മാറും. അമിതവ്യയമില്ലാതെ തന്നെ ഏറ്റവും മികച്ച അടിസ്ഥാനസൗകര്യം ഒരുക്കാനും മറ്റ് നഗരങ്ങളിൽ ജനവാസത്തിന് ആവശ്യമായി വരുന്നത്ര പ്രവർത്തനങ്ങൾ കൂടാതെ തന്നെ ഉയർന്ന കാര്യക്ഷമത സൃഷ്ടിക്കാനും കഴിയുന്നതാണ് ‘ദ ലൈൻ’ രൂപകൽപന.
വർഷം മുഴുവനും അനുയോജ്യമായ കാലാവസ്ഥ ഈ നഗരനിവാസികൾക്ക് അനുഭവിക്കാനാവും. കാൽനടയായി യാത്ര ചെയ്യുമ്പോൾ ചുറ്റുമുള്ള പ്രകൃതിയെ ഉള്ളുതുറന്ന് ആസ്വദിക്കാനും കഴിയും. നഗരത്തിനുള്ളിൽ താമസക്കാരുടെ എല്ലാ ദൈനംദിന ആവശ്യങ്ങളും അഞ്ചുമിനുട്ടിനുള്ളിൽ നിറവേറ്റാനുള്ള സൗകര്യങ്ങളുണ്ടായിരിക്കും. ഇത്രയും സമയത്തിനുള്ളിൽ എത്തിച്ചേരാനാവും വിധം പൊതു പാർക്കുകൾ, കാൽനടയാത്രക്കുള്ള ഭാഗങ്ങൾ, സ്‌കൂളുകൾ, ജോലി സ്ഥലങ്ങൾ, വീടുകൾ എന്നിവ ക്രമീകരിക്കും.

🔊ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തി നിമിഷങ്ങള്‍ക്കകം ഭാര്യ മരിച്ചു.

✒️ഒരു മാസം പ്രായമുള്ള കുഞ്ഞിനെ കാണാന്‍ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്നെത്തിയ ഉടന്‍ ഭാര്യ കുഴഞ്ഞുവീണ് മരിച്ചു. കാസര്‍കോഡ് കുമ്പള ആരിക്കാടി മുഹിയുദ്ദീന്‍ മസ്‍ജിദ് റോഡില്‍ അഷ്റഫിന്റെ ഭാര്യ സഫാന (25) ആണ് മരിച്ചത്. 

ഒരു മാസം മുമ്പാണ് സഫാന കുഞ്ഞിന് ജന്മം നല്‍കിയത്. ആശുപത്രിയില്‍ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങിയ സഫാന, മുപ്പത്തിയഞ്ചാം ദിവസമായ ചൊവ്വാഴ്‍ച കുഞ്ഞിന്റെ തൊട്ടില്‍ കെട്ടല്‍ ചടങ്ങുകള്‍ക്കായാണ് ഭര്‍ത്താവിന്റെ വീട്ടിലെത്തിയത്. ദുബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് അഷ്റഫ് ചൊവ്വാഴ്‍ച ഉച്ചയോടെ വീട്ടിലെത്തുകയും ചെയ്‍തു.

ഭര്‍ത്താവ് വീട്ടിലെത്തി അധികം സമയം കഴിയുന്നതിന് മുമ്പ് സഫാന കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ കുമ്പളയിലെ ജില്ലാ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയായിരുന്നു. മഞ്ചേശ്വരം മര്‍ത്തനയിലെ അബ്‍ദുല്ല - ആഇശ ദമ്പതികളുടെ മകളാണ്. സഹോദരന്‍ - അല്‍ത്താഫ്. മൃതദേഹം ആരിക്കാടി മുഹിയുദ്ദീന്‍ ജുമാ മസ്‍ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 326 പേർക്ക്.

🖌️റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 326 പേർക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നവരിൽ 574 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ പുതിയ കൊവിഡ് മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 808,742 ആയി. ആകെ രോഗമുക്തരുടെ എണ്ണം 793,416 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,243 ആണ്. രോഗബാധിതരിൽ 6,083 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 143 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,361 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 86, ജിദ്ദ - 53, ദമ്മാം - 24, മക്ക - 14, മദീന - 12, അൽബാഹ - 10, ത്വാഇഫ് - 9, ഹുഫൂഫ് - 9, ബുറൈദ - 8, അബ്ഹ - 6, ജീസാൻ - 5, ദഹ്റാൻ - 5, തബൂക്ക് - 4, ഹാഇൽ - 4, ഖമീസ് മുശൈത്ത് - 4, നജ്റാൻ - 4, ഖോബാർ - 3, യാംബു - 3, അൽറസ് - 3, ബൽജുറൈഷി - 3, ഹഫർ അൽ ബാത്വിൻ - 3, ഉനൈസ - 2, ജുബൈൽ - 2, ഖത്വീഫ് - 2, മൻദഖ് - 2, ഖർജ് - 2, വാദി ദവാസിർ - 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.

🇴🇲ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ അടച്ചുപൂട്ടി; നിരവധി സ്ഥാപനങ്ങള്‍ക്കെതിരെ നടപടി.

✒️മസ്കറ്റ്: ഒമാനിൽ മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ മന്ത്രാലയം അടച്ചുപൂട്ടി. ഗുണനിലവാര മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം (MoH) മൂന്ന് സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾ സ്ഥിരമായി അടച്ചുപൂട്ടിക്കൊണ്ടുള്ള നടപടി സ്വീകരിച്ചത്.

ഇതിനു പുറമെ 18 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് താത്കാലിക വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിരവധിപ്പേരുടെ പ്രവര്‍ത്തനാനുമതിയും എടുത്തുകളഞ്ഞതായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു. രാജ്യത്ത് രണ്ട് സ്വകാര്യ സ്‍പെഷ്യലൈസ്‍ഡ് ആരോഗ്യ സ്ഥാപനങ്ങള്‍ക്കെതിരെയും നടപടി സ്വീകരിച്ച് താത്കാലികമായി അടച്ചുപൂട്ടി. 

സ്വകാര്യ മേഖലയിലെ 66 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. അനുമതിയില്ലാതെ സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കിയ 34 സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായും ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.  അതേസമയം അടച്ചുപൂട്ടല്‍ ഉള്‍പ്പെടെ നടപടികള്‍ നേരിട്ട സ്ഥാപനങ്ങളുടെയൊന്നും പേരുകളോ മറ്റ് വിവരങ്ങളോ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Post a Comment

0 Comments