✒️ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും. പുതിയ സര്‍വീസുകള്‍ തുടങ്ങിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ഒമാന്‍ എയര്‍പോര്‍ട്ട് അഭിനന്ദിച്ചു.
🇸🇦കര്‍ശന പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 10,401 നിയമലംഘകര്‍.
✒️റിയാദ്: സൗദി അറേബ്യയില്‍ തൊഴില്‍, താമസ നിയമലംഘനങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ ശക്തമായി തുടരുന്നു. രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നിന്ന് ഒരാഴ്ചയ്ക്കിടെ 10,401 നിയമലംഘകരെ പിടികൂടി. സുരക്ഷാ സേനയുടെ വിവിധ യൂണിറ്റുകളുടെയും ജവാസത്തിന്റെയും സഹകരണത്തോടെ ജൂലൈ ആറു മുതല്‍ ജൂലൈ 13് വരെ നടത്തിയ ഫീല്‍ഡ് പരിശോധനയിലാണ് ആഭ്യന്തര മന്ത്രാലയ അധികൃതര്‍ ഇത്രയും പേരെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായവരില്‍ 6,786 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ചവരാണ്. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ചതിനാണ് 2,444 പേരെ പിടികൂടിയത്. 1,171 പേര്‍ തൊഴില്‍ നിയമ ലംഘനങ്ങള്‍ക്കും അറസ്റ്റിലായി. അനധികൃതമായി സൗദി അറേബ്യയിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായവരാണ് 203 പേര്‍. ഇവരില്‍ 31 ശതമാനം പേര്‍ യെമന്‍ സ്വദേശികളാണ്. 57 ശതമാനം പേര്‍ എത്യോപ്യക്കാരും 12 ശതമാനത്തോളം മറ്റ് വിവിധ രാജ്യക്കാരുമാണ് പിടിയിലായവരിലുള്ളത്.
സൗദി അറേബ്യയില്‍ നിന്ന് നിയമം ലംഘിച്ച് മറ്റ് അയല്‍ രാജ്യങ്ങളിലേക്ക് കടക്കാന്‍ ശ്രമിച്ച 48 പേരെയും അറസ്റ്റ് ചെയ്തു. നിയമലംഘകര്‍ക്ക് താമസിക്കാനും യാത്ര ചെയ്യാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കിക്കൊടുത്ത എട്ടുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൊത്തം 64,093 നിയമലംഘകര്‍ നിലവില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് നടപടിക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്, അതില്‍ 60,483 പുരുഷന്മാരും 3,610 സ്ത്രീകളുമാണ്. 51,721 നിയമലംഘകരെ യാത്രാരേഖകള്‍ ലഭിക്കുന്നതിനും അവരുടെ വിമാന ടിക്കറ്റ് നടപടികള്‍ക്കുമായി അവരുടെ നയതന്ത്ര ഓഫീസിലേക്ക് റഫര്‍ ചെയ്തു. 10,561 നിയമലംഘകരെ നാടുകടത്തി.
🇶🇦ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താന്‍ ശ്രമം; പിടികൂടി കസ്റ്റംസ്.
✒️ദോഹ: ഖത്തറിലേക്ക് ലഹരിമരുന്ന് കടത്താനുള്ള ശ്രമം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. എയര്‍ കാര്‍ഗോ ആന്‍ഡ് പ്രൈവറ്റ് എയര്‍പോര്‍ട്ട്‌സ് കസ്റ്റംസിലെ പോസ്റ്റല്‍ കണ്‍സൈന്‍മെന്റ്‌സ് കസ്റ്റംസ് വിഭാഗം ഉദ്യോഗസ്ഥരാണ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഷാബു പിടികൂടിയത്.
ബാഗുകളുടെ ഷിപ്പ്മെന്റില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. 508 ഗ്രാം ഷാബുവാണ് പിടിച്ചെടുത്തത്. പിടിച്ചെടുത്ത ലഹരിമരുന്നിന്റെ ചിത്രങ്ങള്‍ കസ്റ്റംസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
🇸🇦സൗദി അറേബ്യയില്‍ ശനിയാഴ്ച വരെ ചൂട് തുടരും.
✒️സൗദി അറേബ്യയില്‍ തിങ്കളാഴ്ച മുതല്‍ ശനിയാഴ്ച വരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം. റിയാദിന്റെ കിഴ്കന്‍ പ്രദേശങ്ങള്‍, ഖസീം, വടക്കന്‍ അതിര്‍ത്തികള്‍ എന്നിവിടങ്ങളില്‍ താപനില 45 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 47 ഡിഗ്രി വരെയായിരിക്കും.
ഭൂരിഭാഗം ഗവര്‍ണറേറ്റുകളിലും പരമാവധി താപനില 47 ഡിഗ്രി സെല്‍ഷ്യസിനും 50 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. മദീനയിലെയും യാംബുവിന്റെ ചില ഭാഗങ്ങളിലും വരും ദിവസങ്ങളില്‍ ചൂട് ഉയരും. താപനില 47 ഡിഗ്രി മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാകുമെന്നാണ് മുന്നറിയിപ്പ്.
🇶🇦ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശും.
✒️ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി 'സിമൂം' എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും.
അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റുകളില്‍ ഒന്നാണിത്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ഹാനികരമാണ്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്.
🇰🇼കുവൈത്തില്‍ പരിശോധന തുടരുന്നു; താമസ നിയമലംഘകരായ 26 പ്രവാസികള്‍ അറസ്റ്റില്‍.
✒️കുവൈത്തില്‍ നിയമലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നു. ജനറല്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫ് റെസിഡന്‍സി അഫയേഴ്‌സ് നടത്തിയ പരിശോധനയില്‍ 26 നിയമലംഘകര്‍ അറസ്റ്റിലായി.
ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് റെസിഡന്‍സി, തൊഴില്‍ നിയമലംഘകരായ 26 പേരെ അറസ്റ്റ് ചെയ്തത്. സ്‌പോണ്‍സര്‍മാരുടെ അടുത്ത് നിന്ന് ഒളിച്ചോടിയ 15 പേര്‍, കാലാവധി കഴിഞ്ഞ റെസിഡന്‍സ് ഉള്ള 9 പേര്‍, തിരിച്ചറിയല്‍ രേഖകളില്ലാത്ത രണ്ടുപേര്‍ എന്നിവര്‍ അറസ്റ്റിലായവരില്‍പ്പെടും. പിടിയിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
🇰🇼കുവൈത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കിയാല്‍ പിഴ 1.2 ലക്ഷം രൂപയാക്കും.
✒️ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാനിടുന്നത് അടക്കമുള്ള നിയമലംഘനങ്ങള്‍ക്കുള്ള പിഴ വര്‍ധിപ്പിക്കുന്നതടക്കമുള്ള നിയമപരിഷ്‌കരണം കുവൈത്ത് മുന്‍സിപ്പാലിറ്റിയുടെ പരിഗണനയില്‍. നഗരസൗന്ദര്യത്തിന് കോട്ടം തട്ടുന്ന വിധത്തില്‍ ബാല്‍ക്കണിയില്‍ വസ്ത്രം ഉണക്കാന്‍ ഇടുന്നവര്‍ക്ക് 500 ദിനാര്‍ വരെ (1.29 ലക്ഷം ഇന്ത്യന്‍ രൂപ) പിഴ ചുമത്താനാണ് കരട് നിയമത്തിലെ ശുപാര്‍ശ.
നിലവില്‍ ബാല്‍ക്കണിയിലും ജനലിലും വസ്ത്രം ഉണക്കാനിടുന്നത് 100 ദിനാര്‍ മുതല്‍ 300 ദിനാര്‍ വരെ പിഴ ചുമത്താവുന്ന കുറ്റമാണ്. ഇത് 500 ദിനാറാക്കി ഉയര്‍ത്താനാണ് നിര്‍ദ്ദേശം. അനാവശ്യമായ വസ്തുക്കള്‍ ബാല്‍ക്കണിയില്‍ കൂട്ടിയിടുന്നതും നിയമലംഘനമാണ്. നടപ്പാതകള്‍, തെരുവുകള്‍, പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍, കടല്‍ത്തീരം, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നതും നിരോധിച്ചു. നിയമം ലംഘിച്ച് നിരോധിത സ്ഥലങ്ങളില്‍ ബാര്‍ബിക്യൂ ചെയ്യുന്നവര്‍ക്ക് 2,000 മുതല്‍ 5,000 ദിനാര്‍ വരെ പിഴ ഈടാക്കുമെന്നും കരട് നിയമത്തില്‍ നിര്‍ദ്ദേശമുണ്ട്.
🇦🇪യുഎഇ പ്രസിഡന്റിന്റെ ഫ്രഞ്ച് പര്യടനത്തിന് തുടക്കം; ഔദ്യോഗിക ബഹുമതികളോടെ സ്വീകരിച്ച് ഫ്രാന്‍സ്.
✒️തന്ത്രപ്രധാന മേഖലകളില്‍ സഹകരണം ശക്തമാക്കുക എന്ന ലക്ഷ്യത്തോടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് തുടക്കമായി. പാരിസിലെത്തിയ ശൈഖ് മുഹമ്മദിനെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ നേരിട്ടെത്തി സ്വീകരിച്ചു. സൈനിക മ്യൂസിയം ലെസന്‍ വാലീഡ് സന്ദര്‍ശിച്ച യുഎഇ പ്രസിഡന്റ് സൈന്യത്തിന്റെ ഗാര്‍ഡ് ഓഫ് ഓര്‍ണര്‍ സ്വീകരിച്ചു.
സൈനിക മ്യൂസിയത്തില്‍ പ്രതിരോധ മന്ത്രി സെബാസ്റ്റിയന്‍ ലികോര്‍ണുവിന്റെ നേതൃത്വത്തില്‍ ഫ്രഞ്ച് റിപ്പബ്ലിക്കന്‍ ഗാര്‍ഡിന്റെ അകമ്പടിയോടെയാണ് സ്വാഗതമോതിയത്. യുഎഇയുടെയും ഫ്രാന്‍സിന്റെയും ദേശീയ ഗാനങ്ങള്‍ സൈനിക ബാന്‍ഡ് അവതരിപ്പിച്ചു. അതിനു ശേഷം നെപ്പോളിയന്‍ ബോണപാര്‍ട്ടിന്റെ ശവകുടീരം സന്ദര്‍ശിച്ച യുഎഇ പ്രസിഡന്റ് തുടര്‍ന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ ഔദ്യോഗിക വസതിയായ എലീസി കൊട്ടാരത്തിലേക്ക് പുറപ്പെട്ടു.
യുഎഇയുടെ തന്ത്രപ്രധാന സഖ്യകക്ഷിയായ ഫ്രാന്‍സില്‍ എത്തിയതിനും പ്രസിഡന്റ് മാക്രോണുമായി കൂടിക്കാഴ്ച നടത്താന്‍ കഴിഞ്ഞതിലും വലിയ സന്തോഷമുണ്ടെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. പല മേഖലകളിലും ദീര്‍ഘകാല പങ്കാളിത്തം ഇരുരാജ്യങ്ങളും തമ്മിലുണ്ടെന്നും സമൃദ്ധമായ ഭാവിയിലേക്ക് കൂടുതല്‍ സഹകരണവും ശക്തമായ ബന്ധവും പ്രതീക്ഷിക്കുന്നുവെന്നും അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി അദ്ദേഹം ട്വീറ്റ് ചെയ്തു.
🇴🇲പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് വന്‍തോതില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു.
✒️ഒമാനില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് പിടിച്ചെടുത്തത് വന്‍തോതില്‍ മദ്യവും പുകയില ഉല്‍പ്പന്നങ്ങളും. തെക്കന്‍, വടക്കന്‍ അല്‍ ബത്തിനാ ഗവര്‍ണറേറ്റുകളില്‍ പ്രവാസികള്‍ക്കായുള്ള രണ്ട് സ്ഥലങ്ങളില്‍ ഒമാന്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മദ്യവും പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തത്.
മുസന്ന, സുവൈഖ് വിലായത്തുകളില്‍ നിന്നാണ് പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തത്. കടത്താനും വിതരണം ചെയ്യാനുമായി സൂക്ഷിച്ചവയാണ് ഇവയെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.
🇦🇪യുഎഇയിലെ ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി; രണ്ട് പ്രവാസികള്‍ അറസ്റ്റില്‍.
✒️അബുദാബി: യുഎഇയിലെ ജോലി സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്‍തു. അബുദാബിയിലായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ റെയ്‍ഡിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെടുത്തത്.
ജോലി ചെയ്‍തിരുന്ന ഫാമില്‍ 14 കഞ്ചാവ് ചെടികളാണ് ഇവര്‍ വളര്‍ത്തിയിരുന്നത്. മയക്കുമരുന്ന് വിതരണത്തിനും മയക്കുമരുന്ന് ഉപയോഗത്തിനുള്ള പ്രോത്സാഹനത്തിനുമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്റെ ഉത്തരവ് പ്രകാരം ചെടികള്‍ ഫാമില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.
ഫാമിന്റെ ഉടമ സ്ഥിരമായി ഫാമില്‍ എത്തിയിരുന്നില്ല. ഇത് ഉപയോഗപ്പെടുത്തിയായിരുന്നു കഞ്ചാവ് കൃഷി. ഓരോ ഫാം ഉടമകളും, തങ്ങളുടെ തൊഴിലാളികള്‍ എന്താണ് ചെയ്യുന്നതെന്ന കാര്യം നിരീക്ഷിക്കണമെന്നും തൊഴിലാളികള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കണമെന്നും അബുദാബി പൊലീസ് ക്രിമിനല്‍ സെക്യൂരിറ്റി സെക്ടറിലെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ താഹിര്‍ ഗരീബ് അല്‍ ദാഹിരി പറഞ്ഞു. ഫാമുകളില്‍ തൊഴിലാളികളെ നിയമ ലംഘനം നടത്താനോ നിരോധിത വസ്‍തുക്കള്‍ സൂക്ഷിക്കാനോ കഞ്ചാവ് പോലുള്ള ലഹരി വസ്‍തുക്കള്‍ കൃഷി ചെയ്യാനോ അനുവദിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടു.
കഞ്ചാവ് ചെടികള്‍ പോലുള്ളവ ശ്രദ്ധയില്‍പെട്ടാല്‍ അവ അധികൃതരെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. യുഎഇയില്‍ മയക്കുമരുന്നിനെതിരെ ജാഗത പുലര്‍ത്താന്‍ പൊലീസിനൊപ്പം പൊതുജനങ്ങളും കൈകോര്‍ക്കണം. മയക്കുമരുന്നുകളെക്കുറിച്ചോ അല്ലെങ്കില്‍ അവ കടത്തുന്നവരെക്കുറിച്ചോ എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 999 എന്ന നമ്പറലോ അല്ലെങ്കില്‍ 8002626 എന്ന നമ്പറിലോ വിവരമറിയിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
🇦🇪യുഎഇയില്‍ വിവിധയിടങ്ങളില്‍ മഴ; ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍.
✒️അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിലും മറ്റ് ചില പ്രദേശങ്ങളിലും ചൊവ്വാഴ്ച മഴ ലഭിച്ചതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴ പെയ്യുന്ന സാഹചര്യത്തില്‍ വാഹനം ഓടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. റോഡിലെ ഇലക്ട്രോണിക് ബോര്‍ഡുകളില്‍ ദൃശ്യമാവുന്ന വേഗ പരിധി കര്‍ശനമായി പാലിക്കണമെന്നാണ് നിര്‍ദേശം.
കാലാവസ്ഥ പ്രതികൂലമാവുന്ന സമയത്ത് അബുദാബിയിലെ റോഡുകളില്‍ പാലിക്കേണ്ട പരമാവധി വേഗപരിധി ഇലക്ട്രോണിക് ഇന്‍ഫര്‍മേഷന്‍ ബോര്‍ഡുകളില്‍ ദൃശ്യമാക്കുകയാണ് ചെയ്യാറുള്ളത്. അല്‍ ഐനില്‍ മഴ ലഭിച്ചെന്ന വിവരവും യുഎഇയിലെ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള മഴയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍തിട്ടുമുണ്ട്.
യുഎഇയിലെ വിവിധ സ്ഥലങ്ങളില്‍ വരും ദിവസങ്ങളിലും മഴ ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പ്രവചിച്ചു. അടുത്ത മൂന്ന് ദിവസം വരെ മഴ ലഭിക്കുമെന്നാണ് അറിയിപ്പ്. ഉഷ്ണകാലമാണെങ്കിലും ഇപ്പോള്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദം കാരണവും രാജ്യത്ത് തുടര്‍ന്നു വരുന്ന ക്ലൗഡ് സീഡിങ് നടപടികള്‍ കാരണവുമാണ് മഴ ലഭിക്കുന്നത്.
🇦🇪ബന്ധുക്കളെ കണ്ടെത്തി; യുഎഇയില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കും.
✒️ദുബൈയില്‍ മരണപ്പെട്ട കൊല്ലം ചവറ സ്വദേശി മനാഫ് ഗഫൂറിന്റെ (52) മൃതദേഹം നാട്ടിലെത്തിക്കും. മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ ദുബൈയിലെ സാമൂഹിക പ്രവര്‍കത്തകന്‍ നസീര്‍ വാടാനപ്പള്ളി സഹായം തേടിയിരുന്നു. എന്നാല്‍ മനാഫിന്റെ ബന്ധുക്കള്‍ തന്നെ ബന്ധപ്പെട്ടതായും മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു.
റാസല്‍ഖൈമയിലെ പൊലീസ് മോര്‍ച്ചറിയിലാണ് മനാഫ് ഗഫൂറിന്റെ മൃതദേഹം ഇപ്പോള്‍ സൂക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ദുബൈയില്‍ വെച്ചാണ് മനാഫ് മരണപ്പെട്ടതെന്ന് ദുബൈ പൊലീസും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതരും സാമൂഹിക പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ബന്ധുക്കളെ കണ്ടെത്താന്‍ ശ്രമിച്ചത്. പിതാവ് - ഗഫൂര്‍, മാതാവ് - റംലത്ത് ബീവി, ഭാര്യ - സുല്‍ഫത്ത് ബീവി എന്നീ വിവരങ്ങളും സഫ മന്‍സില്‍, മടപ്പള്ളി, മുകുന്ദപുരം പി.ഒ, ചവറ, കൊല്ലം എന്ന വിലാസവുമാണ് അധികൃതര്‍ നല്‍കിയത്. മനാഫിന്റെ ബന്ധുക്കളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നസീര്‍ വാടാനപ്പള്ളി നന്ദി അറിയിച്ചു.
🇸🇦‘സിം’ എടുക്കാൻ തിരിച്ചറിയല്‍ രേഖ കൊടുത്തു കേസിൽ കുടുങ്ങി; ഏഴുവർഷമായി നാട്ടിൽ പോകാനാകാതെ പ്രവാസി.
✒️ഏഴു വർഷം മുമ്പ് ആദ്യമായി സൗദിയിലെത്തിയപ്പോൾ വഴിയരികിലെ പെട്ടിക്കടയിൽ നിന്ന് മൊബൈൽ സിം വാങ്ങുമ്പോൾ ഇത് തന്‍റെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കുമെന്ന് ഈ ചെറുപ്പക്കാരൻ കരുതിയില്ല. താൻ നൽകിയ വിവരങ്ങൾ ദുരുപയോഗം ചെയ്ത മാഫിയ സംഘം സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ അകപ്പെട്ട് നാട്ടിൽ പോകാനാവാതെ അലയുകയാണ് കന്യാകുമാരി, കരുങ്കൽ സ്വദേശിയായ സാജു (28).
ദമ്മാമിലെ ഒരു കമ്പനിയിൽ മേസൻ ജോലിക്കായാണ് സാജു എത്തിയത്. സൗദി റെസിഡന്റ് പെർമിറ്റായ ഇഖാമ ലഭിച്ച ഉടനെ സീകോ ബിൽഡിങ് പരിസരത്തെ ഒരു കടയിൽ നിന്ന് മൊബൈൽ സിം വാങ്ങി. അതിനാവശ്യമായ രേഖയായി നൽകിയത് ഇഖാമയുടെ പകർപ്പാണ്. ഒരു വർഷത്തിനുശേഷം ജോലിചെയ്യുന്ന സ്ഥലത്തേക്ക് സ്‍പോൺസറോടൊപ്പം പൊലീസ് എത്തിയപ്പോഴാണ് താൻ ചതിയിലകപ്പെട്ട വിവരം അറിയുന്നത്. രാജുവിന്റെ രേഖ ഉപയോഗിച്ച് വേറെയും ഫോൺ കണക്ഷനുകൾ എടുക്കുകയും ബാങ്കിൽ അക്കൗണ്ട് തുറന്ന് പണം കവരുകയും ചെയ്തു എന്നായിരുന്നു കേസ്.
താൻ നിരപരാധിയാണെന്ന് വാദിച്ചിട്ടും തെളിവുകൾ സാജുവിന് എതിരായിരുന്നു. സൈസഹാത്തിലേയും ഖത്വീഫിലേയും പൊലീസ് സ്റ്റേഷനുകളിൽ പാർപ്പിച്ച സാജുവിനെ പിന്നെ ത്വാഇഫിലേക്ക് കൊണ്ടുപോയി. അവിടെയും കേസുണ്ട് എന്നാണ് പൊലീസ് പറഞ്ഞതത്രേ. ഇതോടെ ദമ്മാമിലുള്ള സാജുവിന്റെ സഹോദരൻ സ്റ്റാലിൻ സഹായം തേടി ദമ്മാം ഗവർണർ ഹൗസിൽ പരാതി നൽകി. തുടർന്ന് ത്വാഇഫ് ജയിലിൽ നിന്ന് വിട്ടയച്ചു. ഇതോടെ കേസുകൾ അവസാനിച്ചു എന്ന ധാരണയിലായിരുന്നു.
ഇതിനിടയിൽ ജോലിചെയ്തിരുന്ന നിർമാണ കമ്പനി ചുവപ്പ് കാറ്റഗറിയിൽ വീഴുകയും കഴിഞ്ഞ നാലു വർഷമായി ഇഖാമ പുതുക്കാൻ കഴിയാതാവുകയും ചെയ്തു. ഏക സഹോദരി സൈജിയുടെ വിവാഹം നിശ്ചയിച്ചതോടെ ഫൈനൽ എക്സിറ്റിൽ നാട്ടിൽ പോകാൻ ശ്രമിച്ചപ്പോഴാണ് പഴയ കേസ് പൂർണമായും പരിഹരിക്കപ്പെട്ടില്ല എന്നറിയുന്നത്. സ്‍പോൺസർ പോലും ഇല്ലാതായ സാഹചര്യത്തിൽ ഇനി എങ്ങനെ കേസിന് പരിഹാരം കാണും എന്നറിയാത്ത ആശങ്കയിലാണ് സാജു. ദമ്മാമിലെ സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെ സഹായം തേടിയിരിക്കുകയാണ് സാജു ഇപ്പോള്‍.
🇸🇦സൗദി അറേബ്യയിൽ ഇന്ന് കൊവിഡ് മൂലം മരണങ്ങളില്ലാത്ത ദിനം.
✒️റിയാദ്: സൗദി അറേബ്യയിൽ ചൊവ്വാഴ്ച കൊവിഡ് മൂലം പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‍തില്ല. പുതിയതായി 707 പേർക്കാണ് രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിൽ കഴിഞ്ഞിരുന്നവരിൽ 389 പേർ സുഖം പ്രാപിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊവിഡ് കേസുകളുടെ എണ്ണം 805,277 ആയി. ആകെ രോഗമുക്തരുടെ എണ്ണം 788,760 ആയി ഉയർന്നു. രാജ്യത്തെ ആകെ കൊവിഡ് മരണസംഖ്യ 9,233 ആണ്.
സൗദി അറേബ്യയില്‍ ഇപ്പോള്‍ 7,284 കൊവിഡ് ബാധിതരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 152 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,771 ആർ.ടി - പി.സി.ആർ പരിശോധനകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തി. റിയാദ് - 204, ജിദ്ദ - 110, ദമ്മാം - 64, മക്ക - 39, ഹുഫൂഫ് - 39, മദീന - 24, ത്വാഇഫ് - 16, അബ്ഹ - 16, അൽബാഹ - 14, ജീസാൻ - 11, ദഹ്റാൻ - 11, ബുറൈദ - 9, ഖോബാർ - 7, ഹാഇൽ - 6, ഹഫർ അൽ ബാത്വിൻ - 6, തബൂക്ക് 5, ഖമീസ് മുശൈത്ത് - 5, ഉനൈസ - 5, അൽറസ് - 5, ഖർജ് - 5, നജ്റാൻ - 4, അറാർ - 3, യാംബു - 3, സാറത് ഉബൈദ - 3, ജുബൈൽ - 3, സബ്‍യ - 3, ബൽജുറൈഷി - 3, അൽഉല എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്.
🇴🇲ഒമാൻ: ജൂലൈ 31-നകം വാറ്റ് റിട്ടേൺ സമർപ്പിക്കണമെന്ന് അറിയിപ്പ്.
✒️2022 വർഷത്തെ രണ്ടാം പാദത്തിലെ മൂല്യവർദ്ധിത നികുതി (Value Added Tax – VAT) റിട്ടേൺ 2022 ജൂലൈ 31-നകം സമർപ്പിക്കണമെന്ന് ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
നികുതി റിട്ടേൺ ഫയൽ ചെയ്യുന്നവർ, ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും, സാമ്പത്തിക വിവരങ്ങളും നിർദിഷ്ട ഫോം അനുസരിച്ച് സമർപ്പിക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇതിനായുള്ള ഫോം ഒമാൻ ടാക്സ് അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.
🇰🇼കുവൈറ്റ്: കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തി.
✒️കാറുകളിൽ ശബ്ദമലിനീകരണത്തിനിടയാക്കുന്ന എല്ലാ തരം എക്സ്ഹോസ്റ്റ് സംവിധാനങ്ങൾക്കും വിലക്കേർപ്പെടുത്തിയതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
കാറുകളിൽ ഉപയോഗിക്കുന്നതിനുള്ള സ്പോർട്സ് എക്സ്ഹോസ്റ്റ് സംവിധാനങ്ങൾ, അവയുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങൾ എന്നിവയുടെ ഇറക്കുമതി, ഉത്‌പാദനം, വിൽപ്പന എന്നിവയ്ക്കും, ഇത്തരം ഉപകരണങ്ങൾ വാഹനങ്ങളിൽ സ്ഥാപിക്കുന്നതിനും ഈ വിലക്ക് ബാധകമാണെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കുവൈറ്റ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി വകുപ്പ് മന്ത്രി ഫഹദ് അൽ ഷാരിയൻ ഇതുമായി ബന്ധപ്പെട്ട് ഒരു ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.
കാറുകളിൽ നിലവിലുള്ള എക്സ്ഹോസ്റ്റ് സംവിധാനങ്ങളിൽ അമിത ശബ്ദത്തിനിടയാകുന്ന രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിൽ നിന്ന് കുവൈറ്റിലെ വർക്ക്ഷോപ്പുകൾ, ഗാരേജുകൾ എന്നിവയെയും വിലക്കിയിട്ടുണ്ട്. ഇത്തരം ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിനായി ജനറൽ ട്രാഫിക് വകുപ്പിൽ നിന്ന് പ്രത്യേക അനുമതി നേടിയിട്ടുള്ള സ്ഥാപനങ്ങളെ മാത്രമാണ് ഈ വിലക്കിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഈ തീരുമാനത്തിൽ വീഴ്ച്ച വരുത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
🇴🇲ഒമാൻ: ദോഫാറിലേക്കുള്ള പാതകളിൽ പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തിയതായി ROP.
✒️ദോഫാർ ഗവർണറേറ്റിലേക്കുള്ള റോഡുകളിൽ റോയൽ ഒമാൻ പോലീസ് പ്രത്യേക പട്രോളിംഗ് ഏർപ്പെടുത്തി. 2022 ജൂലൈ 18-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
രാജ്യത്ത് നിലനിൽക്കുന്ന അസ്ഥിര കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്താണ് ഈ നടപടി. അപകട സാധ്യതകൾ കണക്കിലെടുത്ത് കൊണ്ട് അടിയന്തിര ഘട്ടങ്ങളിൽ എയർ ആംബുലൻസ് സേവനങ്ങൾ നൽകുന്നതിന് ജനറൽ ഡയറക്ടറേറ്റ് ഓഫ് പോലീസ് ഏവിയേഷൻ വിഭാഗം സജ്ജമായതായും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനും, വേഗപരിധി സംബന്ധിച്ച നിർദ്ദേശങ്ങൾ മറികടക്കരുതെന്നും ROP പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വന്തം സുരക്ഷ മുൻനിർത്തിയും, റോഡിലെ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനും ജാഗ്രത പുലർത്താൻ ഡ്രൈവർമാരോട് ROP നിർദ്ദേശിച്ചിട്ടുണ്ട്.
രാത്രി സമയങ്ങളിൽ ഈ പ്രദേശങ്ങളിലെ റോഡുകളിൽ മൃഗങ്ങളുടെ സാന്നിദ്ധ്യം ഉണ്ടാകാനിടയുണ്ടെന്നും, അതിനാൽ ജാഗ്രത പുലർത്തണമെന്നും ROP ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വാഹനങ്ങളുടെ അറ്റകുറ്റപ്പണികളെല്ലാം കൃത്യമായി തീർത്തിട്ടുണ്ടെന്ന് ഉറപ്പ് വരുത്താനും, വാഹനങ്ങളിൽ ഒരു ഫസ്റ്റ് എയ്ഡ് ബോക്സ് സൂക്ഷിക്കാനും പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
💵എക്സ്ചേഞ്ച് റേറ്റ്👇
🇺🇸യു എസ് ഡോളർ : 79.90
🇪🇺യൂറൊ : 81.73
🇬🇧ബ്രിട്ടീഷ് പൗണ്ട് : 95.82
🇦🇺ഓസ്ട്രേലിയൻ ഡോളർ : 55.10
🇸🇬സിംഗപ്പൂർ ഡോളർ : 57.38
🇸🇦സൗദി റിയാൽ : 21.29
🇶🇦ഖത്തർ റിയാൽ : 21.94
🇦🇪യു എ ഇ ദിർഹം : 21.74
🇰🇼കുവൈറ്റ് ദിനാർ : 259.70
🇴🇲ഒമാനി റിയാൽ : 207.70
🇧🇭ബഹ്‌റൈൻ ദിനാർ : 212.39
🇲🇾മലേഷ്യൻ റിംഗിറ്റ് : 17.94
🇨🇳ചൈനീസ് യുവാൻ : 11.84
🅁🄴🄰🄻 🄼🄴🄳🄸🄰 🄻🄸🅅🄴🪙
0 Comments