ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പ് ലോംഗ് ജമ്പിൽ മലയാളി താരം എം. ശ്രീശങ്കർ ഫൈനലിൽ പ്രവേശിച്ചു. യോഗ്യതാ റൗണ്ടിൽ 8.00 മീറ്ററാണ് ശ്രീശങ്കർ ചാടിയത്. ലോക അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ ലോംഗ് ജമ്പിൽ ഫൈനലിൽ എത്തുന്ന അദ്യ ഇന്ത്യൻ പുരുഷ താരമാണ് എം. ശ്രീശങ്കർ. സീസൺ റെക്കോഡുകളിൽ ശ്രീശങ്കർ 8.36 മീറ്റർ ചാടി രണ്ടാമതാണ്
2018ലെ കോമൺവെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ സംഘത്തിൽ ശ്രീശങ്കറെ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അനാരോഗ്യത്തെ തുടർന്ന് ഇവന്റിന് 10 ദിവസം മുമ്പ് പിന്മാറേണ്ടി വന്നിരുന്നു. 2018 ഏഷ്യൻ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് 7.47 മീറ്റർ ചാടി വെങ്കലം നേടിയിട്ടുണ്ട്. 2018ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ, റൺ-അപ്പ് പ്രശ്‌നങ്ങളുമായി മല്ലിട്ടാണ് ഫൈനലിൽ 7.95 മീറ്ററോടെ ആറാം സ്ഥാനത്തെത്തിയത്.
എന്നാല്‍ ഇതേയിനത്തില്‍ പങ്കെടുത്ത മുഹമ്മദ് അനീസ് യഹിയയും ജെസ്വിന്‍ ആള്‍ഡ്രിന്‍ ജോണ്‍സണും ഫൈനല്‍ കാണാതെ പുറത്തായി. ജെസ്വിന്‍ 7.79 മീറ്ററും യഹിയ 7.73 മീറ്ററുമാണ് കണ്ടെത്തിയത്.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ ഇന്ത്യയുടെ അവിനാശ് മുകുന്ദ് സാബ്ലെ ഫൈനലിലെത്തി. ഹീറ്റ്‌സില്‍ മൂന്നാമനായാണ് താരം ഫൈനലിലെത്തിയത്. ഹീറ്റ്‌സ് മൂന്നിലാണ് താരം പങ്കെടുത്തത്.
ഉദ്ഘാടന മത്സരങ്ങളിലൊന്നായ വനിതകളുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ പെറുവിന്റെ കിംബെര്‍ലി ഗാര്‍ഷ്യ ലിയോണ്‍ സ്വര്‍ണം നേടി. 20 കിലോമീറ്റര്‍ ഒരു മണിക്കൂറും 26 മിനിറ്റും 58 സെക്കന്റുമെടുത്താണ് താരം 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയത്.
പോളണ്ടിന്റെ കാറ്റര്‍സൈന സെഡ്‌സിയോബ്ലോ വെള്ളിയും ചൈനയുടെ ഷിജിയെ ക്യുയാങ് വെങ്കലവും നേടി. ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മത്സരിച്ച പ്രിയങ്ക ഗോസ്വാമി നിരാശപ്പെടുത്തി. 34-ാം സ്ഥാനത്താണ് പ്രിയങ്ക മത്സരം പൂര്‍ത്തീകരിച്ചത്. 20 കിലോമീറ്റര്‍ പൂര്‍ത്തിയാക്കാന്‍ താരം ഒരു മണിക്കൂറും 39 മിനിറ്റും 42 സെക്കന്‍ഡുമെടുത്തു.
പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയുടെ സന്ദീപ് കുമാറും നിരാശപ്പെടുത്തി. ഫൈനലില്‍ താരം 40-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു മണിക്കൂറും 31 മിനിറ്റും 58 സെക്കന്‍ഡുമെടുത്താണ് താരം മത്സരം പൂര്‍ത്തീകരിച്ചത്. ഈ ഇനത്തില്‍ ജപ്പാന്‍ സ്വര്‍ണവും വെള്ളിയും നേടി. തോഷികാസു യമനിഷി സ്വര്‍ണവും കോകി ഇക്കേഡ വെള്ളിയും നേടി. സ്വീഡന്റെ പെര്‍സിയസ് കാള്‍സ്റ്റോം വെങ്കലം സ്വന്തമാക്കി.
0 Comments