🇸🇦സൗദി: തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ്.
✒️രാജ്യത്ത് ഒരു തൊഴിലുടമയുടെ കീഴിൽ വർക്ക് പെർമിറ്റുകളുള്ള പ്രവാസി തൊഴിലാളികളെ മറ്റു തൊഴിലുടമകൾക്ക് കീഴിൽ ജോലിചെയ്യാൻ അനുവദിക്കുന്ന വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രവാസി തൊഴിലാളികളെ നിയമവിരുദ്ധമായി നിയമിക്കുകയും, പ്രവാസികളെ മറ്റു സ്ഥാപനങ്ങളിൽ ജോലികൾ ചെയ്യാൻ അനുവദിക്കുകയും, പ്രവാസി തൊഴിലാളികളെ വ്യക്തിപരമായ ലാഭങ്ങൾക്കായി മറ്റു തൊഴിലുകളിൽ ഏർപ്പെടുന്നതിന് അനുവദിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങൾക്ക് ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വീഴ്ച്ചകൾ നടത്തുന്ന സ്ഥപനങ്ങൾക്ക് 10000 റിയൽ പിഴ ചുമത്തുന്നതാണ്.
ഇതോടൊപ്പം, ഇത്തരം സ്ഥാപനങ്ങളുടെ നിയമന ലൈസൻസ് പരമാവധി അഞ്ച് വർഷം വരെ റദ്ദ് ചെയ്യപ്പെടാവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളുടെ വിവരങ്ങൾ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുമെന്നും, ഇതിനായി വരുന്ന ചെലവ് സ്ഥാപനങ്ങളിൽ നിന്ന് തന്നെ ഈടാക്കുമെന്നും പബ്ലിക് പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു.
ഇത്തരം നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങളുടെ മാനേജിങ്ങ് ഡയറക്ടർ പദവിയിലിരിക്കുന്ന വ്യക്തിക്ക് പരമാവധി ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കാനിടയുണ്ടെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഇത്തരം പദവികളിലിരിക്കുന്ന പ്രവാസികളെ സൗദി അറേബ്യയിൽ നിന്ന് നാട് കടത്തുന്നതാണ്.
🇸🇦സൗദി അറേബ്യയുടെ തെക്കൻ മേഖലയിൽ കനത്ത മഴയും വെള്ളപ്പൊക്കവും.
✒️റിയാദ്: സൗദി അറേബ്യയുടെ തെക്കൻ മേഖലയിലുള്ള അസീര്‍ പ്രവിശ്യയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ തുടരുന്നു. പ്രവിശ്യയുടെ വിവിധ ഭാഗങ്ങള്‍ ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, രിജാല്‍ അല്‍മാ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്ത്, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ തുടരുന്നു.
അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയതാണ്. അബഹയുടെ വടക്ക് ഭാഗത്ത് ബനീ മാലിക് ഗ്രാമത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ റശൂദ് അല്‍ഹാരിസി പകര്‍ത്തിയ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്.
🇸🇦സൗദിയിൽ ഇനി കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നാളുകൾ; ജനങ്ങൾക്ക് മുന്നറിയിപ്.
✒️വരുംദിനങ്ങളിൽ സൗദി അറേബ്യ കാലാവസ്‌ഥാ വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം. രാജ്യത്തിന്റെ ചില പ്രദേശങ്ങളിൽ താപനില വർധിക്കുകയും പൊടിക്കാറ്റ് ഉയരുകയും ചെയ്യുമ്പോൾ മറ്റ് ചില സ്ഥലങ്ങളിൽ മൂടൽ മഞ്ഞും മഴയുമുണ്ടാകും. മദീന, ഖസീം റിയാദ്, ദമ്മാം എന്നീ പ്രദേശങ്ങളിൽ ചൂട് വർധിക്കുമ്പോൾ ത്വാഇഫ്, അസീർ മേഖലകളിൽ മഞ്ഞിനും മഴയ്ക്കുമാണ് സാധ്യത. മഴയുള്ള പ്രദേശത്തെ ജനങ്ങൾ പാറക്കെട്ടുകൾ നിറഞ്ഞ കുന്നിൻ ചെരുവിലെ റോഡുകളിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്നും ഒഴുക്കിൽ താഴ്‌വരകളിലെ തോടുകൾ മുറിച്ചുകടക്കരുതെന്നും ജനറൽ ഡയറക്‌ടറേറ്റ് ഓഫ് ട്രാഫിക് (മൂറൂർ) പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. അപ്രകാരം ചെയ്യുന്നത് ശിക്ഷാർഹമായ കുറ്റമായി കണക്കാക്കപ്പെടും.
കുത്തൊഴുക്കിൽ താഴ്‌വരകളും പാറക്കെട്ടുകളും മുറിച്ചുകടക്കുന്നത് ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന ഗതാഗത നിയമലംഘനമാണെന്ന് ട്രാഫിക് വൃത്തങ്ങൾ പറഞ്ഞു. മുന്നറിയിപ്പ് അവഗണിക്കുകയും തോടുകളുടെ ഒഴുക്കിനിടെ താഴ്‌വരകളും പാറക്കെട്ടുകളും അശ്രദ്ധമായി മുറിച്ചുകടക്കുകയും ചെയ്യുന്നവർക്ക് 5,000 മുതൽ 10,000 റിയാൽ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഉദ്യോഗസ്ഥർ അറിയിച്ചു.
മക്ക മേഖലയിലെ ഉയർന്ന പ്രദേശങ്ങൾക്ക് പുറമെ നജ്‌റാൻ, ജീസാൻ, അസീർ, അൽബാഹ എന്നീ പ്രദേശങ്ങളിൽ കാറ്റിനും ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പ്രതിദിന അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ആലിപ്പഴ വർഷവും ഉണ്ടായേക്കും. റിയാദിന്റെയും കിഴക്കൻ പ്രവിശ്യയുടെയും തെക്കൻ ഭാഗങ്ങളിൽ ഇടിമിന്നലും പൊടിക്കാറ്റിനോടൊപ്പമുള്ള മഴയ്ക്കുമാണ് സാധ്യത. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കാലാവസ്ഥ അത്യന്തം ചൂടായിരിക്കുമെന്നും കാലാവസ്‌ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ഇതിനിടയിൽ കോടമഞ്ഞ് പുതച്ച തെക്കൻ സൗദിയിലെ അൽബാഹയിലെ കാഴ്ചകൾ ആസ്വദിക്കാൻ ആളുകളുടെ ഒഴുക്കാണ്. എന്നാൽ ഈ യാത്രകൾക്കിടയിലും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
0 Comments