സംസ്ഥാന സർക്കാരും കേരള ഗവർണറുമായുള്ള പോര് തുടരും. ഓർഡിനൻസുകളിൽ കണ്ണടച്ച് ഒപ്പിടില്ലെന്നുള്ള പ്രഖ്യാപനം നടപ്പാക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിങ്കളാഴ്ച കാലാവധി തീരുന്ന 11 ഓർഡിനൻസുകളിലും ഒപ്പിട്ടില്ല. ഇതോടെ 11 ഓർഡിനേൻസുകളും അസാധുവായി. ലോകായുക്ത നിയമ ഭേദഗതി അടക്കമുള്ള ഓർഡിനൻസുകളാണ് അസാധു ആയത്. രാത്രി വൈകിയും ഒപ്പിടുമെന്ന പ്രതീക്ഷയിൽ നിയമ വകുപ്പ് ഉദ്യോഗസ്ഥർ കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രാത്രി വൈകിയെങ്കിലും ഗവർണർ ഒപ്പിട്ടാൽ ഇന്നത്തെ തിയതിയിൽ വിഞാപനം ഇറക്കാനടക്കം ഒരുങ്ങിയിരുന്ന സർക്കാരിന് വലിയ തിരിച്ചടിയാണ് അസാധുവാക്കൽ. പ്രസ് ജീവനക്കാരോട് 12 മണി വരെ സേവൻ തുടരാൻ നിർദേശിച്ചായിരുന്നു സർക്കാർ കാത്തിരുന്നത്. എന്നാൽ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും ഗവർണർ ഒപ്പിടാത്തതോടെ ഗവർണർ - സർക്കാർ പോര് പുതിയ തലത്തിലേക്ക് കടക്കുകയാണ്.
ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ കാലാവധി കഴിയുന്ന 11 ഓര്‍ഡിനന്‍സുകള്‍ പുതുക്കിയിറക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസമ്മതിച്ചതോടെ അവ അസാധുവായി. ഓര്‍ഡിനന്‍സുകള്‍ പുനര്‍വിളംബരം ചെയ്യാന്‍ വിസമ്മതിച്ചതോടെ ഗവര്‍ണറും സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ പുതിയ വഴിത്തിരിവിലെത്തി.
പൊതുപ്രവര്‍ത്തകരുടെ അഴിമതി തെളിഞ്ഞാല്‍ അവര്‍ സ്ഥാനത്ത് തുടരാന്‍ അര്‍ഹരല്ലെന്ന് വിധിക്കാനുള്ള ലോകായുക്തയുടെ അധികാരം എടുത്തുകളയുന്ന ഓര്‍ഡിനന്‍സാണ് ഇക്കൂട്ടത്തിലെ പ്രധാനപ്പെട്ടത്. ലോകായുക്ത വിധിക്കുമേല്‍ മുഖ്യമന്ത്രിക്ക് അധികാരം നല്‍കുന്ന വിവാദ ഭേദഗതിയായിരുന്നു നിലവില്‍വന്നത്.
തിങ്കളാഴ്ച രാത്രി 12 മണിവരെയായിരുന്നു ഓര്‍ഡിനന്‍സുകള്‍ക്ക് സാധുതയുണ്ടായിരുന്നത്. അവ റദ്ദായതോടെ ഈ ഓര്‍ഡിനന്‍സുകള്‍ വരുന്നതിനുമുമ്പുള്ള നിയമം എന്തായിരുന്നുവോ അതാണ് നിലനില്‍ക്കുക. രാജ്ഭവന്‍ വഴിയും നേരിട്ടും സര്‍ക്കാര്‍ പ്രതിനിധികള്‍ ഗവര്‍ണറെ അനുനയിപ്പിക്കാന്‍ നോക്കിയെങ്കിലും വഴങ്ങിയില്ല. സര്‍വകലാശാലകളില്‍ ചാന്‍സലര്‍ എന്നനിലയില്‍ ഗവര്‍ണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന നടപടിയെ ചുറ്റിപ്പറ്റിയായിരുന്നു അനുനയനീക്കം. റദ്ദാക്കപ്പെടുന്നവയില്‍ ഏഴുപ്രാവശ്യംവരെ പുതുക്കിയ ഓര്‍ഡിനന്‍സുകളുണ്ട്. നിയമസഭയില്‍ അവതരിപ്പിച്ച് നിയമനിര്‍മാണം നടത്തുന്നതിനു പകരം ഓര്‍ഡിനന്‍സ് രാജിലേക്കാണ് സംസ്ഥാനം പോകുന്നതെന്നാണ് ഗവര്‍ണറുടെ വിമര്‍ശം.
എന്നാല്‍, വി.സി. നിയമനങ്ങളില്‍ ചാന്‍സലറുടെ അധികാരം വെട്ടിക്കുറയ്ക്കുന്നതിനുള്ള ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ കൊണ്ടുവരാന്‍ തീരുമാനിച്ചതാണ് ഗവര്‍ണറെ പ്രകോപിപ്പിച്ചതെന്നാണ് വിലയിരുത്തല്‍. ഉടനടി നടക്കേണ്ട കേരള സര്‍വകലാശാല വി.സി. നിയമനം ഇരുകൂട്ടരും തമ്മിലുള്ള തര്‍ക്കത്തിന് ആക്കംകൂട്ടി.
ജനാധിപത്യത്തിന് ഭൂഷണമല്ല
ഓര്‍ഡിനന്‍സുകളില്‍ കണ്ണടച്ച് ഒപ്പിടില്ല. ഫയലുകള്‍ വിശദമായി പഠിക്കാന്‍ സമയം വേണം. ജനാധിപത്യത്തില്‍ ഓര്‍ഡിനന്‍സിലൂടെ ഭരിക്കുന്നത് ഭൂഷണമല്ല. ദേശീയയോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിക്ക് പുറപ്പെടുന്നതിനു തൊട്ടുമുമ്പാണ് ഫയലുകള്‍ ഒന്നിച്ച് രാജ്ഭവനിലെത്തിയത്. അവ പരിശോധിക്കാന്‍ സമയം ലഭിച്ചിട്ടില്ല. തന്റെ അധികാരം കുറയ്ക്കാന്‍ നീക്കം നടക്കുന്നതായുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. ഗവര്‍ണറുടെ അധികാരം സംബന്ധിച്ച് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. അടിയന്തര സാഹചര്യങ്ങളില്ലാതെ ഓര്‍ഡിനന്‍സ് ഇറക്കാനാണെങ്കില്‍ നിയമനിര്‍മാണ സഭകളുടെ പ്രസക്തിയെന്താണ്. - ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.
ഇനി നിയമസഭ വഴി നിയമമാകണം
ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ ഇനി നിയമസഭയില്‍ ബില്ലായി കൊണ്ടുവന്ന് പാസാക്കുകയാണ് സര്‍ക്കാരിനുമുമ്പിലുള്ള വഴി. ഓര്‍ഡിനന്‍സിലെ ഉള്ളടക്കത്തോടല്ല ഗവര്‍ണറുടെ എതിര്‍പ്പ്. സഭ ഇവ പാസാക്കി ഗവര്‍ണര്‍ ഒപ്പിടുമ്പോള്‍ മാത്രമേ നിയമമാകൂ. ഓര്‍ഡിനന്‍സ് റദ്ദാകുന്നതുമുതല്‍ സഭ ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിടുന്നതുവരെയുള്ള ഇടക്കാലത്തേക്ക് നിയമത്തിന് പ്രാബല്യം നല്‍കണമെന്ന വ്യവസ്ഥകൂടി ബില്ലില്‍ ഉള്‍പ്പെടുത്താന്‍ വ്യവസ്ഥയുണ്ട്. ഇത് നടപ്പാകുന്നതുവരെ പഴയ നിയമമായിരിക്കും ബാധകം.
അതേസമയം സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഓര്‍ഡിനൻസ് രാജ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവർ രംഗത്തെത്തിയിരുന്നു. ഭരണഘടനയിലെ ആർട്ടിക്കിൾ 213 സർക്കാർ ദുരുപയോഗം ചെയ്യുകയാണെന്നാണ് ചെന്നിത്തലയുടെ കുറ്റപ്പെടുത്തൽ. ലോകായുക്ത നിയമ ദേദഗതിയിൽ ഒരു കാരണവശാലും ഒപ്പിടരുതെന്നാണ് സതീശൻ ആവശ്യപ്പെട്ടത്.
0 Comments