മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ചു. ജമ്മു കശ്മീരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്വം ഉള്‍പ്പടെ അദ്ദേഹം രാജിവെച്ചിരിക്കുന്നത്. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്നു ഗുലാം നബി ആസാദ്. പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖനുമായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിലെ കോണ്‍ഗ്രസ് പ്രചാരണ സമിതി അധ്യക്ഷസ്ഥാനം ചുമതലയേറ്റെടുത്ത് മണിക്കൂറുകള്‍ക്കകം അദ്ദേഹം രാജിവെച്ചിരുന്നു. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയില്‍ അംഗമായ ഗുലാം നബി ആസാദിനെ സംസ്ഥാന ഘടകത്തിന്റെ പ്രചാരണസമിതി അധ്യക്ഷസ്ഥാനത്ത് നിയമിച്ചത് തരംതാഴ്ത്തലായാണ് അദ്ദേഹം കാണുന്നതെന്ന് ഗുലാം നബിയോട് അടുത്ത വൃത്തങ്ങള്‍ പ്രതികരിച്ചു.
മറ്റേതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോയെന്ന് അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സജീവ രാഷ്ട്രീയത്തില്‍നിന്ന് വിരമിച്ച് സമൂഹിക സേവനത്തില്‍ കൂടുതല്‍ ശ്രദ്ധകൊടുക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നേരത്തെ അദ്ദേഹം പറഞ്ഞിരുന്നു. പ്രയാസകരമായ ഘട്ടത്തില്‍ പൊതുസമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും അദ്ദേഹം കഴിഞ്ഞ വര്‍ഷം നടന്ന ഒരു പൊതുപരിപാടിക്കിടെ പറഞ്ഞിരുന്നു.
2014 മുതല്‍ 2021 വരെ രാജ്യസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന ഗുലാംനബി ആസാദിനെ കോണ്‍ഗ്രസ് രാജ്യസഭയില്‍ നിന്ന് മാറ്റിനിര്‍ത്തിയത് വലിയ വിവാദങ്ങങ്ങള്‍ക്കും ചർച്ചകള്‍ക്കും ഇടയാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹം പാര്‍ട്ടിയുമായി കൂടുതല്‍ അകന്നത്. ജമ്മുകശ്മീരിന്റെ മുന്‍ മുഖ്യമന്ത്രികൂടിയായ ഗുലാംനബി ആസാദ്, മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭയിലും അംഗമായിട്ടുണ്ട്.
ജമ്മു കാശ്മീരിലെ ദോഡ ജില്ലയിലുള്ള ഭലീസയില്‍ റഹ്മത്തുള്ള ഭട്ടിന്റെയും ബസ ബീവിയുടേയും മകനായി 1949 മാര്‍ച്ചിലാണ് ജനനം. കോണ്‍ഗ്രസിലൂടെ തന്നെയാണ് രാഷ്ട്രീയ ജീവിതത്തിന് തുടക്കമിട്ടത്. രണ്ടു തവണ ലോക്‌സഭയിലേക്കും അഞ്ചു തവണ രാജ്യസഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കോണ്‍ഗ്രസിന് അധികാരം നഷ്ടപ്പെടുത്തിയത് രാഹുല്‍, പകത്വയില്ല; രാജിക്കത്തില്‍ കടന്നാക്രമിച്ച് ഗുലാം നബി.
കോണ്‍ഗ്രസിനോട് സലാം പറഞ്ഞ മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് തന്റെ രാജിക്കത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ഉയര്‍ത്തിയത് രൂക്ഷ വിമര്‍ശനം. പക്വതയില്ലാത്ത രാഹുല്‍ ഗാന്ധി പാര്‍ട്ടിയുടെ കെട്ടുറപ്പും കൂടിയാലോചനാ സംവിധാനങ്ങളും തകര്‍ത്തെന്നും രാഹുലും കൂട്ടാളികളുമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച രാത്രിയിലാണ് ഗുലാം നബി ആസാദിന്റെ രാജിക്കത്ത് സോണിയയ്ക്ക് ലഭിച്ചത്.
അഞ്ചു പേജിലുള്ള രാജിക്കത്തില്‍ പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്കും 2014-ലെ അധികാര നഷ്ടത്തിനും കാരണക്കാരന്‍ രാഹുല്‍ ഗാന്ധിയാണെന്ന് സമര്‍ത്ഥിക്കുന്ന ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്. 'ദൗര്‍ഭാഗ്യവശാല്‍, രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം, പ്രത്യേകിച്ച് 2013 ജനുവരിക്ക് ശേഷം, നിങ്ങള്‍ അദ്ദേഹത്തെ വൈസ് പ്രസിഡന്റായി നിയമിച്ചപ്പോള്‍, നിലവിലുണ്ടായിരുന്ന മുഴുവന്‍ കൂടിയാലോചന സംവിധാനവും അദ്ദേഹം തകര്‍ത്തു', ആസാദ് എഴുതുന്നു.

മുതിര്‍ന്ന, പരിചയസമ്പന്നരായ നേതാക്കളെ മുഴുവന്‍ മാറ്റിനിര്‍ത്തി. ഒരു രാഷ്ട്രീയ പരിചയവും ഇല്ലാത്ത അനുയായികളുടെ ഒരു കൂട്ടം പാര്‍ട്ടി കാര്യങ്ങള്‍ നടത്തിത്തുടങ്ങി. രാഹുലിന്റെ പക്വതയില്ലായ്മയുടെ വ്യക്തമായ ഒരു ഉദാഹരണമാണ് യുപിഎ സര്‍ക്കാരിന്റെ കാലത്ത് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കീറി കളഞ്ഞത്. കോണ്‍ഗ്രസ് കോര്‍ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തതും പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചതും രാഷ്ട്രപതി ഒപ്പുവെച്ചതുമായ ഓര്‍ഡിനന്‍സാണ് അദ്ദേഹം കീറി കളഞ്ഞതെന്നും ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി.
0 Comments