Ticker

6/recent/ticker-posts

Header Ads Widget

ഇന്നത്തെ വിദേശ വാർത്തകൾ

🇦🇪യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ ഇന്ത്യക്കാര്‍ക്ക് ഫീസ് ഈടാക്കാതെ പുതിയ പാസ്‍പോര്‍ട്ട് നല്‍കും.

✒️യുഎഇയിലെ പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമായ പ്രവാസികളില്‍ നിന്ന് പുതിയ പാസ്‍പോര്‍ട്ടിന് ഫീസ് ഈടാക്കുന്നില്ല. പ്രളയ ബാധിതര്‍ക്കായി കോണ്‍സുലേറ്റ് പ്രത്യേക പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍. പ്രളയത്തില്‍ വിലപ്പെട്ട രേഖകള്‍ ഉള്‍പ്പെടെ വലിയ നഷ്ടങ്ങള്‍ സംഭവിച്ച പ്രവാസികള്‍ക്ക് ആശ്വാസമായിരിക്കുകയാണ് കോണ്‍സുലേറ്റിന്റെ നടപടി.

പ്രളയത്തില്‍ പാസ്‍പോര്‍ട്ട് നഷ്‍ടമാവുകയോ നശിച്ചുപോവുകയോ ചെയ്‍ത എണ്‍പതോളം പ്രവാസികള്‍ ഇതുവരെ പാസ്ർപോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കിയതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. അപേക്ഷകള്‍ സ്വീകരിക്കാനും തുടര്‍ നടപടികള്‍ സ്വീകരിക്കാനുമായി വിപുലമായ സംവിധാനങ്ങളാണ് കോണ്‍സുലേറ്റ് ഒരുക്കിയിരിക്കുന്നതെന്ന് അപേക്ഷ നല്‍കിയ പ്രവാസികള്‍ പ്രതികരിച്ചു. 

കുടുംബാംഗങ്ങളുടെ ഉള്‍പ്പെടെ പാസ്‍പോര്‍ട്ടുകള്‍ നഷ്‍ടമായവര്‍ രേഖകള്‍ സഹിതം പാസ്‍പോര്‍ട്ട് സേവാ ക്യാമ്പില്‍ അപേക്ഷ നല്‍കി. എല്ലാവരുടെയും ഫീസ് ഒഴിവാക്കി നല്‍കുകയും രണ്ട് മണിക്കൂര്‍ കൊണ്ട് നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്‍തു. ഫീസ് ഒഴിവാക്കിയതു വഴി വലിയ സാമ്പത്തിക ബാധ്യത ഒഴിവായെന്നും പ്രളയത്തില്‍ ദുരിതം അനുഭവിച്ച പ്രവാസികളിലൊരാള്‍ പ്രതികാരിച്ചു. 

യുഎഇയിലെ സാമൂഹിക പ്രവര്‍ത്തകരും കോണ്‍സുലേറ്റിന്റെ നടപടികളെ സ്വാഗതം ചെയ്‍തു. സ്വീകരിക്കുന്ന അപേക്ഷകള്‍ പരിശോധനയ്‍ക്കായി അയക്കുകയാണ് ചെയ്യുന്നത്. പരിശോധനയ്ക്ക് കുറച്ച് സമയമെടുക്കുമെങ്കിലും നടപടികള്‍ എളുപ്പത്തിലാക്കിയത് പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാണ്. പ്രളയ ബാധിതരായ പ്രവാസികളെ സഹായിക്കുന്ന കാര്യത്തില്‍ മറ്റ് രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളെ അപേക്ഷിച്ച് ഏറ്റവും മികച്ച പ്രവര്‍ത്തനമാണ് ഇന്ത്യന്‍ കോണ്‍സുലേറ്റ് നടത്തുന്നതെന്നും പ്രവാസികള്‍ പ്രതികരിച്ചു.

യുഎഇയിലെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകളും പ്രളയ ബാധിത പ്രദേശങ്ങളിലെ പ്രവാസികളും ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാസ്‍പോര്‍ട്ട് സേവാ ക്യാമ്പ് സംഘടിപ്പിച്ചതെന്ന് കോണ്‍സുലേറ്റ് നേരത്തെ അറിയിച്ചിരുന്നു. 'പ്രളയത്തില്‍ പാസ്‍പോര്‍ട്ടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയോ നഷ്ടമാവുകയോ ചെയ്‍ത ഇന്ത്യന്‍ പൗരന്മാരില്‍ നിന്ന് പ്രത്യേക പരിഗണനയോടെ അപേക്ഷകള്‍ സ്വീകരിക്കുകയാണെന്നും ഓഗസ്റ്റ് 28 വരെ ഇത്തരത്തില്‍ അപേക്ഷകള്‍ സ്വീകരിക്കുന്നത് തുടരുമെന്നും' ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‍പോര്‍ട്ട്, അറ്റസ്റ്റേഷന്‍ ആന്റ് എജ്യൂക്കേഷന്‍ കോണ്‍സുല്‍ രാംകുമാര്‍ തങ്കരാജ് പറഞ്ഞു. കോണ്‍സുലേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതായും ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ വിധ സഹായവും നല്‍കുമെന്ന് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🇰🇼ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു താമസിച്ചാല്‍ പ്രവാസികളുടെ ഇഖാമ റദ്ദാവും.

✒️കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് ഇനി മുതല്‍ ആറ് മാസത്തിലധികം രാജ്യത്തിന് പുറത്ത് താമസിക്കാനാവില്ല. ഇത്തരത്തില്‍ ആറ് മാസത്തിലഘധികം വിദേശത്ത് താമസിക്കുന്നവരുടെ ഇഖാമ റദ്ദാവും. നവംബര്‍ ഒന്നാം തീയ്യതി മുതല്‍ പുതിയ നിബന്ധന പ്രാബല്യത്തില്‍ വരുമെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

കുവൈത്തിലെ നിയമപ്രകാരം പ്രവാസികള്‍ക്ക് രാജ്യത്തിന് പുറത്ത് താമസിക്കാനുള്ള പരമാവധി ദൈര്‍ഘ്യം ആറ് മാസമാണ്. എന്നാല്‍ കൊവിഡ് സമയത്ത് മാനുഷിക പരിഗണന മുന്‍നിര്‍ത്തി പ്രവാസികള്‍ക്ക് ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നില്‍ക്കാനും താമസ രേഖകള്‍ ഓണ്‍ലൈനായി പുതുക്കാനും പ്രത്യേക അനുമതി നല്‍കിയിരുന്നു. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ (ആര്‍ട്ടിക്കിള്‍ 18 പ്രകാരമുള്ള വിസ) ആറ് മാസത്തിലധികം രാജ്യത്തിന് പുറത്തു നിന്നാല്‍ വരുന്ന നവംബര്‍ ഒന്നാം തീയ്യതി മുതല്‍ വിസ റദ്ദാക്കാനുള്ള ശുപാര്‍ശക്ക് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള താമസകാര്യ വകുപ്പ് അംഗീകാരം നല്‍കാന്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

പുതിയ നിയമമനുസരിച്ച് മേയ് ഒന്നിന് മുമ്പ് കുവൈത്തില്‍ നിന്ന് പുറത്തുപോയ പ്രവാസികള്‍ നവംബര്‍ ഒന്നിന് മുമ്പ് രാജ്യത്ത് തിരിച്ചെത്തിയില്ലെങ്കില്‍ വിസ റദ്ദാവും. ആര്‍ട്ടിക്കിള്‍ 22, 24 എന്നിവ പ്രകാരം പ്രവാസികള്‍ക്ക് അനുവദിക്കുന്ന ആശ്രിത, കുടുംബ വിസകള്‍ക്കും ഇതേ നിബന്ധന ബാധകമാക്കിയിട്ടുണ്ടെന്ന് കുവൈത്തിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു.

🇦🇪യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച രാജ് കുമാറിന്റെ ചിതാ ഭസ്മം നാട്ടിലെത്തിക്കാന്‍ തയ്യാറായി താഹിറ.

✒️ദുബൈ: യുഎഇയില്‍ കൊവിഡ് ബാധിച്ച് രണ്ട് വര്‍ഷം മുമ്പ് മരിച്ച തമിഴ്‍നാട് സ്വദേശിയുടെ ചിതാഭസ്‍മം നാട്ടിലെത്തിക്കാന്‍ തയ്യാറായി കോഴിക്കോട്ടുകാരി താഹിറ. രണ്ടു വര്‍ഷത്തോളമായി ചിതാഭസ്‍മം നിധിപോലെ കാത്തുസൂക്ഷിച്ചിരിക്കുകയായിരുന്ന കോട്ടയംകാരന്‍ സിജോയില്‍ നിന്ന് താഹിറ കഴിഞ്ഞ ദിവസം ചിതാഭസ്‍മമടങ്ങിയ പെട്ടി ഏറ്റുവാങ്ങി. അടുത്ത ദിവസം തന്നെ നാട്ടിലേക്ക് പറക്കുന്ന താഹിറ, കന്യാകുമാരിയിലെത്തി ചിതാഭസ്‍മം രാജിന്റെ മക്കള്‍ക്ക് കൈമാറും.

2020 മെയ് മാസമാണ് അല്‍ ഐനില്‍ കൊവിഡ് ബാധിച്ച് മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാര്‍ മരിച്ചത്. കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം നാട്ടിലെത്തിക്കാന്‍ സാധിക്കാത്തതിനാല്‍, യുഎഇയില്‍ തന്നെ സംസ്‍കരിച്ച ശേഷം ചിതാ ഭസ്‍മം അജ്‍മാനിലെ ഖലീഫ ആശുപത്രിയില്‍ സൂക്ഷിച്ചു. രാജയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ കൊവിഡ് ബാധിതയായ അദ്ദേഹത്തിന്‍റെ ഭാര്യയും മരണപ്പെട്ടു. അച്ഛനെ അവസാനമായി കാണാന്‍ കഴിയാന്‍ ഭാഗ്യം ലഭിക്കാതിരുന്ന അദ്ദേഹത്തിന്റെ മക്കള്‍, അദ്ദേഹത്തിന്റെ ചിതാ ഭസ്‍മമെങ്കിലും ലഭിക്കണമെന്ന് ആഗ്രഹിക്കുകയായിരുന്നു.

ഒരു വാട്സ്ആപ് ഗ്രൂപ്പില്‍ നിന്നാണ് കോട്ടയം സ്വദേശി സിജോ, രാജ് കുമാറിന്റെ മക്കളുടെ ഈ ആഗ്രഹം അറിഞ്ഞത്. അദ്ദേഹം രേഖകള്‍ വരുത്തി ആശുപത്രിയില്‍ നിന്ന് ചിതാ ഭസ്‍മം ഏറ്റുവാങ്ങി, സ്വന്തം താമസ സ്ഥലത്ത് സൂക്ഷിച്ചു. രണ്ട് വര്‍ഷമായി ചിതാ ഭസ്‍മം സൂക്ഷിച്ചെങ്കിലും അത് നാട്ടിലെത്തിക്കാന്‍ അദ്ദേഹത്തിന് പല കാരണങ്ങള്‍ കൊണ്ട് സാധിച്ചില്ല. ഇതിനിടെ കൊവിഡ് പ്രതിസന്ധിയില്‍ ഒരു വര്‍ഷത്തോളം ജോലി നഷ്ടമാവുകയും ചെയ്‍തു. നാട്ടിലേക്ക് പറക്കുന്ന ഉറ്റവരോടെല്ലാം ചിതാ ഭസ്‍മം കൊണ്ടുപോകുന്ന കാര്യം അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ചിതാ ഭസ്‍മം കൊണ്ടുപോകുന്നതിനും നിരവധി നടപടിക്രമങ്ങള്‍ പൂര്‍ത്തിയേക്കേണ്ടതുണ്ടായിരുന്നു.

മരിച്ച രാജയുടെ മക്കള്‍ എല്ലാ ദിവസവും സിജോയെ വിളിക്കും, അച്ഛന്റെ ഓര്‍മ്മകളുറങ്ങുന്ന പെട്ടി ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍. ഇതുവരെ ഭാര്യയും കുട്ടിയും പോലും അറിയാതെ ചിതാഭസ്മം താമസ സ്ഥലത്ത് സൂക്ഷിച്ച സിജോ, അടുത്തിടെ കുടുംബം നാട്ടിലേക്ക് പോയ ശേഷമാണ് സുമനസുകളുടെ സഹായം തേടാന്‍ തീരുമാനിച്ചത്. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതാവിനു പിന്നാലെ പിതാവും നഷ്ടമായ കുട്ടികളുടെ ദുഖം അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്ന സിജോക്ക് മനസിലാക്കാന്‍ ഒരു പ്രയാസവുമുണ്ടായില്ല.

സിജോയുടെ അഭ്യര്‍ത്ഥന വാര്‍ത്തകളില്‍ നിറഞ്ഞതോടെ അല്‍ ഐന്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓഡിയോളജിസ്റ്റായ കോഴിക്കോടുകാരി താഹിറ ആ ദൗത്യം ഏറ്റെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു. ഇതിനാവശ്യമായ നടപടിക്രമങ്ങളെല്ലാം കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് പൂര്‍ത്തീകരിച്ചതായി താഹിറ പറഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളില്‍ നാട്ടിലേക്ക് പോയി ചിതാ ഭസ്‍മം രാജ് കുമാറിന്റെ ബന്ധുക്കളെ ഏല്‍പ്പിക്കാനാവുമെന്നാണ് താഹിറയുടെ പ്രതീക്ഷ. എല്ലാ പിന്തുണയുമായി ഭര്‍ത്താവ് ഫസല്‍ റഹ്മാനും മക്കളും ഒപ്പമുണ്ട്.

രാജ് കുമാറിന്റെ മരണ വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വീട്ടില്‍ ബന്ധുക്കള്‍ പ്രതീകാത്മകമായി കല്ലറയൊരുക്കി സംസ്‍കാര ചടങ്ങുകള്‍ നടത്തിയിരുന്നു. ചിതാ ഭസ്‍മവുമായി താഹിറ എത്തുമ്പോള്‍ അത് കല്ലറയില്‍ അടക്കം ചെയ്ത് ചടങ്ങുകള്‍ നടത്തണമെന്നാണ് രാജ് കുമാറിന്റെ മക്കളുടെ ആഗ്രഹം.

🇦🇪യുഎഇയില്‍ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളില്ല, 823 പുതിയ രോഗികള്‍.

✒️അബുദാബി: യുഎഇയില്‍ പുതിയ കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു. രാജ്യത്തെ ആരോഗ്യ - പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇന്ന് രാജ്യത്ത് 823 പേര്‍ക്കാണ് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പ്രതിദിന കൊവിഡ് കേസുകള്‍ ആയിരത്തില്‍ താഴെ റിപ്പോര്‍ട്ട് ചെയ്യുന്നത് തുടരുകയാണ്.

രാജ്യത്ത് ചികിത്സയിലായിരുന്ന 819 കൊവിഡ് രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് പുതിയ കൊവിഡ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുതിയതായി നടത്തിയ 234,950 കൊവിഡ് പരിശോധനകളില്‍ നിന്നാണ് രാജ്യത്തെ പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 1,003,129 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 981,884 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,339 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടിട്ടുള്ളത്.

🇧🇭നിയമ ലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ പരിശോധന; നിരവധിപ്പേര്‍ അറസ്റ്റില്‍.

✒️ബഹ്റൈനില്‍ നിയമലംഘകരായ പ്രവാസികളെ കണ്ടെത്താന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ നിരവധിപ്പേര്‍ അറസ്റ്റിലായി. ക്യാപിറ്റല്‍ ഗവര്‍ണറേറ്റിലായിരുന്നു കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്. പിടിയിലായ നിയമലംഘകര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി അധികൃതര്‍ അറിയിച്ചു.

പാസ്ർപോർട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്‍.എ), ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ), ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റ് എന്നിവ സംയുക്തമായാണ് പരിശോധന നടത്തിയത്. വിവിധ സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ച് നാഷണാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്‍റ് റെസിഡന്‍സ് അഫയേഴ്‍സ് ഡയറക്ടറേറ്റ് നിരന്തരം പരിശോധനകള്‍ നടത്തിവരികയാണെന്ന് പോര്‍ട്ട്സ്, സെര്‍ച്ച് ആന്റ് ഫോളോ അപ്പ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ ദോസരി പറഞ്ഞു. നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിന് പുറമെ മറ്റ് എന്തെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ എല്ലാ ഗവര്‍ണറേറ്റുകളിലെയും വാണിജ്യ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

🎙️ഐസിഎഫ് ഓക്സിജന്‍ പ്ലാന്റ് നാളെ നാടിന് സമര്‍പ്പിക്കും.

✒️മസ്‌കത്ത്: മലപ്പുറം ഗവണ്മെന്റ് താലൂക്ക് ആശുപത്രിക്ക് വേണ്ടി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) നിര്‍മ്മിച്ച ഓക്സിജന്‍ പ്ലാന്റ് സമര്‍പ്പണം ആഗസ്ത് 13 ശനിയാഴ്ച്ച ഉച്ചക്ക് രണ്ട് മണിക്ക് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൊവിഡ് വ്യാപന കാലയളവില്‍ മുഖ്യമന്ത്രി നോര്‍ക്ക മുഖേന ആവശ്യപ്പെട്ടതനുസരിച്ചാണ് കേരള മുസ്ലിം ജമാഅത്ത് പ്രവാസി ഘടകമായ ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) കേരളത്തിന് ആശ്വാസകരമാകുന്ന പദ്ധതി ഏറ്റെടുത്തത്.

ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെ പ്രവാസി സംഘടനകള്‍ക്ക് ഏറ്റെടുക്കാവുന്ന പല പദ്ധതികളും നോര്‍ക്ക മുന്നോട്ട് വെച്ചിരുന്നു. കൊവിഡ് പോലെയുള്ള രോഗങ്ങളാല്‍ ജീവവായു ലഭിക്കാതെ വിലപ്പെട്ട ജീവനുകള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ ഏറെ അനിവാര്യമായതെന്ന് മനസ്സിലാക്കിയാണ് നിര്‍ദ്ദേശങ്ങളില്‍ ഏറ്റവും ചെലവ് വരുന്ന പദ്ധതി തന്നെ ഏറ്റെടുക്കാന്‍ ഐ സി എഫ് തയ്യാറായത്. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിര്‍മാണം പൂര്‍ത്തിയായിവരുന്ന രണ്ടാമത്തെ പ്ലാന്റ് വൈകാതെ സമര്‍പ്പിക്കാനാകും. ആരോഗ്യ വകുപ്പിന്റെയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെയും (കെ എം എസ് സി എല്‍) അനുമതിയോടെ കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പദ്ധതികള്‍ ഏറ്റെടുത്തത്. ഒന്നരക്കോടി രൂപയാണ് രണ്ട് പ്ലാന്റുകള്‍ക്കുമായി ഇതിനികം ചെലവായത്. 200 എല്‍ പി എം ഉത്പ്പാദന ശേഷിയുള്ള പ്ലാന്റാണ് മലപ്പുറത്തു സ്ഥാപിച്ചത് (ചെലവ് 45,97,554 രൂപ). സോഷ്യല്‍ മീഡിയ സങ്കേതങ്ങളും മറ്റും ഉപയോഗിച്ച് പ്രവാസികള്‍ക്കിടയില്‍ നടത്തിയ ജനകീയ വിഭവ സമാഹരണത്തിലൂടെയാണ് പ്ലാന്റുകള്‍ക്കുള്ള തുക കണ്ടെത്തിയത്.

പ്രാണവായുവിന് വേണ്ടിയുള്ള ഈ പദ്ധതിക്ക് ജാതി മത ഭേദമന്യേ സമൂഹത്തിന്റെ നാനാ തുറകളില്‍ നിന്നുമുള്ള ജനങ്ങളുടെ അഭൂതപൂര്‍വ്വമായ പിന്തുണയാണ് ലഭിച്ചതെന്ന് നേതാക്കള്‍ പറഞ്ഞു. താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് സേവനം ചെയ്യുന്നതിന് പരിശീലനം നേടിയ എസ് വൈ എസിന്റെ 200 സാന്ത്വനം വളണ്ടിയര്‍മാരുടെ സമര്‍പ്പണവും നാളത്തെ പരിപാടിയില്‍ നടക്കും. കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പ്ലാന്റിന്റെ ഉദ്ഘാടനവും കേരള മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സ്വിച്ചു ഓണ്‍ കര്‍മവും നിര്‍വ്വഹിക്കും.

സമര്‍പ്പണത്തോടനുബന്ധിച്ച് ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന സമ്മേളനത്തില്‍ പി. ഉബൈദുല്ല എം എല്‍ എ അധ്യക്ഷത വഹിക്കും. സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി വളണ്ടിയര്‍ സമര്‍പ്പണം നടത്തും. മനഗരസഭാ ചെയര്‍മാന്‍ മുജീബ് കാടേരി, സമസ്ത നേതാക്കളായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സാരഥികളായ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സി പി സൈദലവി മാസ്റ്റര്‍, മജീദ് കക്കാട്, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, മുസ്തഫ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഫിനാ. സെക്രട്ടറി മുഹമ്മദ് പറവൂര്‍, ഐ സി എഫ് നേതാക്കളായ അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, അബ്ദുല്‍ കരീം ഹാജി മേമുണ്ട, അബ്ദുല്‍ ഹമീദ് ചാവക്കാട്, സി പി എം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്, ഡി സി സി പ്രസിഡന്റ് വി എസ് ജോയ്, നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിദ്ദീഖ് നൂറേങ്ങല്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ്, എസ് വൈ എസ് ജില്ലാ സെക്രട്ടറി മുജീബ് വടക്കെ മണ്ണ ചടങ്ങില്‍ സംബന്ധിക്കും.

ഐ സി എഫ് ഒമാന്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് റാസിഖ്, സാന്ത്വനം സെക്രട്ടറി റഫീഖ് ധര്‍മടം, അഡ്മിന്‍, പി ആര്‍ ആന്റ് മീഡിയ പ്രസിഡന്റ് ഡോ. സാഹിര്‍ കുഞ്ഞമ്മദ്, അഡ്മിന്‍, പി ആര്‍ ആന്റ് മീഡിയ സെക്രട്ടറി ജാഫര്‍ ഒടത്തോട്, എജുക്കേഷന്‍ സെക്രട്ടറി അഹ്മദ് സഗീര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി നിഷാദ് ഗുബ്ര എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

🇸🇦സൗദിയില്‍ 106 പുതിയ കൊവിഡ് കേസുകള്‍, ഒരു മരണം.

✒️റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് 80 പേര്‍ ഗുരുതരനിലയില്‍. 24 മണിക്കൂറിനിടെ ഒരാള്‍ മരിക്കുകയും ചെയ്തു. പുതുതായി 106 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 

ചികിത്സയില്‍ കഴിയുന്നവരില്‍ 183 പേര്‍ കൂടി രോഗമുക്തരായി. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 811,748 ആയി. ആകെ രോഗമുക്തരുടെ എണ്ണം 798,564 ആയി ഉയര്‍ന്നു. ആകെ മരണസംഖ്യ 9,266 ആയി. രോഗബാധിതരില്‍ 3,918 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഗുരുതരനിലയിലുള്ളവര്‍ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ്.

24 മണിക്കൂറിനിടെ 6,988 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തി. റിയാദ് 25, ജിദ്ദ 19, ദമ്മാം 10, മദീന 4, ത്വാഇഫ് 4, ഖോബാര്‍ 4, ദഹ്‌റാന്‍ 4, അല്‍ബാഹ 3, ഹുഫൂഫ് 3, ബുറൈദ 2, മക്ക 2, അബ്ഹ 2, ജീസാന്‍ 2, നജ്‌റാന്‍ 2, ഉനൈസ 2, ജുബൈല്‍ 2 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

🇦🇪ശൈഖ് ഹംദാന്റെ കമന്റ്; ഒറ്റ ചിത്രത്തിലൂടെ വൈറലായി മലയാളി യുവാവ്.

✒️ഒരൊറ്റ ചിത്രത്തിലൂടെ ദുബൈയില്‍ ശ്രദ്ധേയനായി മലയാളി യുവാവ്. കോഴിക്കോട് സ്വദേശിയും ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറുമായ നിഷാസ് അഹ്മദ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രത്തിന് ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കമന്റ് ഇട്ടതോടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്. 
ബുര്‍ജ് ഖലീഫ പശ്ചാത്തലമാക്കി 28കാരനായ നിഷാസ് പകര്‍ത്തിയ ചിത്രമാണ് ശൈഖ് ഹംദാന്റെ ഹൃദയം കവര്‍ന്നത്. തന്റെ ഇന്‍സ്റ്റാഗ്രം പേജില്‍ നിന്നാണ് ശൈഖ് ഹംദാന്‍ ചിത്രത്തിന് താഴെ കമന്റിട്ടത്. എന്നാല്‍ ഇത് വിശ്വസിക്കാനാവുന്നില്ലെന്നും നന്ദി അറിയിക്കുന്നതായും നിഷാസ് മറുപടിയും നല്‍കി. അമേരിക്കയില്‍ നിന്നും വന്ന തന്റെ സുഹൃത്തുക്കളിലൊരാള്‍ ബഹുനില കെട്ടിടത്തിന്റെ ടെറസില്‍ ഇരിക്കുന്ന ചിത്രമാണ് നിഷാസ് പകര്‍ത്തിയത്. ദുബൈയിലെ ബുര്‍ജ് ഖലീഫയും മറ്റ് കെട്ടിടങ്ങളും പശ്ചാത്തലമായി വരുന്നതാണ് ചിത്രം. കഴിഞ്ഞ വര്‍ഷം ദുബൈ മാള്‍ ഫൗണ്ടന് മുന്നിലൂടെ ബോട്ട് പോകുന്ന നിഷാസ് പകര്‍ത്തിയ ചിത്രത്തിന് ശൈഖ് ഹംദാന്‍ ലൈക്ക് അടിച്ചിരുന്നു. 2019ലാണ് നിഷാസ് ദുബൈയില്‍ എത്തിയത്.

Post a Comment

0 Comments