സംസ്ഥാനത്ത് മഴ രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി. കൊല്ലത്തും തിരുവനന്തപുരത്തും തൃശ്ശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
അതേസമയം, കേരളത്തിൽ മൂന്ന് ദിവസം കൂടി അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഗുരുതര സാഹചര്യത്തെ കരുതിയിരിക്കണം. മിന്നൽ പ്രളയത്തിനും മണ്ണിടിച്ചിലിനും സാധ്യത വളരെ കൂടുതലാണെന്നും കേന്ദ്ര കാലാവസ്ഥ കേന്ദ്രം സീനിയർ സയൻസ്റ്റിസ് ഡോ. ആർ കെ ജെനമണി പറഞ്ഞു. വരും ദിവസങ്ങളിൽ ചിലയിടങ്ങളിൽ 24 മണിക്കൂറില്‍ 200 മില്ലിമീറ്ററിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട്. കൂടുതൽ മഴ മേഘങ്ങൾ അറബിക്കടലിൽ നിന്ന് കേരളത്തിലേക്ക് എത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.
ബുധൻ, വ്യാഴം ദിവസങ്ങളിൽ കേരളത്തിൽ കൂടുതൽ ജാഗ്രത വേണ്ടി വരും. ഈ ദിവസങ്ങളിൽ പരക്കെ അതിശക്തമായ മഴക്കാണ് സാധ്യത. അതിതീവ്രമഴ സാധ്യതയുള്ളതിനാൽ മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾ പൊട്ടൽ സാധ്യത വർധിക്കും. ഈ ദിവസങ്ങളിൽ യാത്രകൾ പ്രത്യേകിച്ച് മലയോര മേഖലയിലേക്കുള്ള യാത്രകൾ പരമാവധി ഒഴിവാക്കണം.
മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ ആറ് പേരാണ് മരിച്ചത്. പത്തനംതിട്ടയിൽ കാർ തോട്ടിലേക്ക് മറിഞ്ഞ് അച്ഛനും രണ്ട് മക്കളും മരിച്ചു. വിഴിഞ്ഞത്ത് വള്ളംമറിഞ്ഞ് മത്സ്യത്തൊഴിലാളിയും മരിച്ചു. റാന്നിയിലും കൂട്ടിക്കലിലും ഒഴുക്കിൽ പെട്ട് 2 പേരെ കാണാതായി. പത്തനംതിട്ട വെണ്ണികുളത്ത് നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് മറിഞ്ഞാണ് ഇടുക്കി ചക്കുപള്ളം സ്വദേശി ചാണ്ടി മാത്യുവും മക്കളായ ഫെബയും ബ്ലെസിയും മരിച്ചത്. 15 മിനിറ്റോളം വെള്ളത്തിൽ മുങ്ങിക്കിടന്ന കാർ നാട്ടുകാരും അഗ്നിരക്ഷാ സേനയുമാണ് കരയ്ക്ക് എത്തിച്ചത്. അഞ്ചുപേര്പോയ വള്ളംമറിഞ്ഞാണ് വിഴിഞ്ഞത്ത് 27 കാരനായ മത്സ്യത്തൊഴിലാളി മരിച്ചത്. മറ്റുള്ളവര്‍ രക്ഷപ്പെട്ടു. പത്തനംതിട്ട അത്തിക്കയത്ത് ഒഴുക്കിൽപ്പെട്ട അറുപതുകാരനെ കണ്ടെത്താനായില്ല. കൂട്ടിക്കല്‍ ചപ്പാത്തില്‍ റിയാസ് എന്ന യുവാവാണ് ഒഴുക്കില്‍പ്പെട്ടത്.
അതേസമയം, മലയോര മേഖലകളിൽ അതിശക്തമായ മഴ തുടരുകയാണ്. മലയോരത്ത് രാത്രിയാത്ര നിരോധിച്ചു. അതിരപ്പള്ളി വാഴച്ചാല്വിനോദ സഞ്ചാരകേന്ദ്രം അടച്ചു. വനത്തിലെ ട്രക്കിങും വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ബോട്ടിങ്ങും നിർത്തി. മഴക്കെടുതി രൂക്ഷമായ മേഖലകളില്‍ ദുരിതാശ്വാസ ക്യാംപുകളും തുറന്നു.കോട്ടയം മൂന്നിലവിൽ ഉരുൾപൊട്ടി. ചിറ്റാര്‍പാലത്തില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് പൊന്മുടിയിലേക്കുള്ള ഗതാഗതം തടസപ്പെട്ടു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കിഴക്കൻ വെള്ളമെത്തിയതോടെ കുട്ടനാട്ടിലും അപ്പര്‍ കുട്ടനാട്ടിലും ജലനിരപ്പ് ഉയര്‍ന്നു.
ചുവപ്പ് മുന്നറിയിപ്പ്
ചൊവ്വാഴ്ച: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി
ബുധനാഴ്ച: കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്വ്യാഴാഴ്ച :എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
ഓറഞ്ച് മുന്നറിയിപ്പ്
ചൊവ്വാഴ്ച-തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്
ബുധനാഴ്ച-തിരുവനന്തപുരം, കണ്ണൂര്‍
വ്യാഴാഴ്ച-പത്തനംതിട്ട, ആലപ്പുഴ, കോട്ടയം
കടലില്‍ പോകരുത്
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്. കണ്‍ട്രോള്‍ റൂം 807 8548 538
സംസ്ഥാനത്തെ അഞ്ച് ഡാമുകളിൽ റെഡ് അലർട്ട്
സംസ്ഥാനത്ത് അഞ്ച് ഡാമുകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചു. കല്ലാർകുട്ടി, പൊന്മുടി, കുണ്ടള, ലോവർ പെരിയാർ, ഇരട്ടയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മുല്ലപ്പെരിയാറിൽ നിന്ന് വെളളം കൊണ്ടുപോകുന്നത് തമിഴ്നാട് നിർത്തി. നെയ്യാർ ഡാമിന്റെ നാലു ഷട്ടറുകളും അഞ്ച് സെന്‍റീ മീറ്റർ വീതം ഉയർത്തി. പേപ്പാറ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. അരുവിക്കര ഡാമിന്‍റെ ഷട്ടറുകൾ 140 സെന്‍റീ മീറ്റർ ഉയർത്തി. പെരിങ്ങൾക്കുത്ത് ഡാമിന്‍റെ ഇപ്പോൾ തുറന്നിരിക്കുന്ന സ്പിൽവേ ഷട്ടറുകൾക്ക് പുറമെ ഒരു സ്ലൂയിസ് ഗേറ്റ് കൂടി തുറക്കും, പത്തനംതിട്ട മൂഴിയാർ അണക്കെട്ടിന്‍റെ മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതം ഉയർത്തി. പമ്പാതീരത്ത് ജാഗ്രതാനിർദേശം നൽകി.
0 Comments