🇴🇲സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം; എംബസിയില്‍ ഓപ്പൺ ഹൗസ്.
✒️ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു .
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.
ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.
🇰🇼കുവൈറ്റ്: ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു.
✒️രാജ്യത്തെ ഹോം ഡെലിവറി ജീവനക്കാർക്ക് പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ കുവൈറ്റ് അധികൃതർ തീരുമാനിച്ചതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റ് ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം, ഭക്ഷ്യവകുപ്പ് തുടങ്ങിയവയിലെ അധികൃതർ ഇക്കാര്യം ചർച്ച ചെയ്തതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇത് പ്രകാരം, കുവൈറ്റിലെ ഹോം ഡെലിവറി ജീവനക്കാർക്ക് ഹെൽത്ത് സർട്ടിഫിക്കറ്റ് ഏർപ്പെടുത്താൻ അധികൃതർ തീരുമാനിച്ചതായാണ് സൂചന.
ഇതിന് പുറമെ, ഇത്തരം ജീവനക്കാർക്ക് യൂണിഫോം ഏർപ്പെടുത്തുന്നതിനും കുവൈറ്റ് അധികൃതർ തീരുമാനിച്ചിട്ടുണ്ട്. ഇത്തരം സേവനങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ കുവൈറ്റ് മുനിസിപ്പാലിറ്റിയുമായി ചേർന്ന് പ്രത്യേക സ്റ്റിക്കർ പതിപ്പിക്കുന്നതിനും അധികൃതർ തീരുമാനിച്ചിട്ടുണ്ട്.
ഈ തീരുമാനങ്ങൾ 2022 ഒക്ടോബർ ഒന്ന് മുതൽ നടപ്പിലാക്കുമെന്നാണ് കരുതുന്നത്.
🇰🇼കുവൈറ്റ്: മുനിസിപ്പാലിറ്റിയിൽ തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കാൻ തീരുമാനം.
✒️രാജ്യത്ത് മുനിസിപ്പാലിറ്റി ജോലികളിൽ ഏർപ്പെട്ടിരിക്കുന്ന പ്രവാസി ജീവനക്കാർക്ക് പകരം പടിപടിയായി സ്വദേശികളെ നിയമിക്കാൻ കുവൈറ്റ് ഒരുങ്ങുന്നതായി സൂചന. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
കുവൈറ്റിലെ മുനിസിപ്പൽ വകുപ്പുകളിൽ തൊഴിലെടുക്കുന്ന വിദേശികൾക്ക് പകരമായി കുവൈറ്റ് പൗരന്മാരെ നിയമിക്കുന്നതിനായി മുനിസിപ്പാലിറ്റി വകുപ്പ് മന്ത്രി റാണ അൽ ഫാരിസ് മൂന്ന് ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന ഒരു പദ്ധതി തയ്യാറാക്കിയതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ പദ്ധതിയുടെ ആദ്യ ഘട്ടം 2022 സെപ്റ്റംബർ 1 മുതൽ നടപ്പിലാകുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആദ്യ ഘട്ടത്തിൽ ഇത്തരത്തിലുള്ള ജീവനക്കാരിൽ 33 ശതമാനം പേരെ ഒഴിവാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്. അടുത്ത 33 ശതമാനം ജീവനക്കാരെ ഒഴിവാക്കുന്ന രണ്ടാം ഘട്ടം 2023 ഫെബ്രുവരി മുതലും, മൂന്നാം ഘട്ടം 2023 ജൂലൈ മുതലും നടപ്പിലാക്കുന്നതാണ്.
പ്രാഥമിക നടപടികളുടെ ഭാഗമായി ഇത്തരത്തിലുള്ള ജീവനക്കാരുടെ പട്ടിക വകുപ്പ് മന്ത്രി ആവശ്യപ്പെട്ടതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പുതിയ വിദേശികളെ മുനിസിപ്പാലിറ്റികളിൽ നിയമിക്കുന്നത് തടയുന്നതിനുള്ള നടപടികളും വകുപ്പ് കൈക്കൊണ്ടിട്ടുണ്ട്.
🇸🇦സൗദി: ഹജ്ജ് 2023; ആഭ്യന്തര ഹജ്ജ് തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നേരത്തെ ആരംഭിക്കും.
✒️അടുത്ത വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ആഭ്യന്തര തീർത്ഥാടകർക്കുള്ള രജിസ്‌ട്രേഷൻ നടപടികൾ നേരത്തെ ആരംഭിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹജ്ജ്, ഉംറ മന്ത്രാലയത്തിലെ സ്രോതസ്സുകളെ ഉദ്ധരിച്ച് കൊണ്ടാണ് മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ റിപ്പോർട്ട് പ്രകാരം അടുത്ത ഹജ്ജ് തീർത്ഥാടനത്തിനുള്ള രജിസ്‌ട്രേഷൻ 2022 സെപ്റ്റംബറിൽ ആരംഭിക്കുന്നതാണ്. ഇതോടൊപ്പം അടുത്ത ഹജ്ജ് സീസണുമായി ബന്ധപ്പെട്ട് നടപ്പിലാക്കുന്ന ഏതാനം നടപടിക്രമങ്ങളും മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.
തീർത്ഥാടകരെ തിരഞ്ഞെടുക്കുന്ന നിലവിലെ നറുക്കെടുപ്പ് സമ്പ്രദായം ഒഴിവാക്കാനും നേരിട്ടുള്ള രെജിസ്ട്രേഷൻ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
65 വയസിന് മുകളിൽ പ്രായമുള്ളവർക്കായി ഹജ്ജ് ക്വാട്ടയുടെ 25 ശതമാനം നീക്കിവെക്കുന്നതാണ്.
ഇക്കണോമിക് 2 എന്ന ഒരു പുതിയ പാക്കേജ് ഹജ്ജ് പാക്കേജുകളുടെ ഭാഗമായി ഉൾപ്പെടുത്തുന്നതാണ്.
തീർത്ഥാടകർക്ക് ഫീസ് രണ്ട് തവണകളിലായി അടയ്ക്കുന്നതിന് സൗകര്യം നൽകുന്ന ഒരു പുതിയ പേയ്മെന്റ് സമ്പ്രദായം ഏർപ്പെടുത്തുന്നതാണ്. തീർത്ഥാടകർക്ക് 2022 ഡിസംബർ 24-ന് മുൻപായി രണ്ട് തവണകളായി ഫീസ് അടച്ച് തീർക്കാൻ അനുവദിക്കുന്ന രീതിയിലാണ് ഇത് നടപ്പിലാക്കുന്നതെന്നാണ് സൂചന.
🇴🇲ഒമാനിൽ ടെലികോം മേഖലയിലെ ചില ജോലികളിൽ വിദേശികൾക്ക് വിലക്ക് വരുന്നു.
✒️ഒമാനിലെ ടെലികോം മേഖലയിലെ ചില ജോലികളിൽ നിന്ന് വിദേശികളെ വിലക്കി ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രാ) തീരുമാനം പുറത്തിറക്കി (109/2022). ഐ.ടി ഉപകരണങ്ങൾ, സംവിധാനങ്ങൾ, നെറ്റ്വർക്ക് എന്നിവയുടെ സ്ഥാപിക്കലും അറ്റകുറ്റപ്പണിയും പൂർണമായും സ്വദേശിവത്കരിക്കുന്നതിനുള്ള തീരുമാനമാണ് ട്രാ എടുത്തിട്ടുള്ളത്. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച ശേഷം ഈ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ട്രാ അധികൃതർ അറിയിച്ചു.
തീരുമാനത്തിന്‍റെ മൂന്നാം ആർട്ടിക്ൾ അനുസരിച്ച് ടെലികോം സേവനങ്ങൾക്ക് ലൈസൻസ് എടുത്തിട്ടുള്ള സ്ഥാപനങ്ങൾ വയറുകളോ ഒപ്റ്റിക്കൽ ഫൈബർ കേബിളുകളോ സ്ഥാപിക്കുന്ന പ്രവൃത്തികൾ ചെയ്യുമ്പോൾ, അതിന്‍റെ അവസാനഘട്ട ജോലികൾ വിദേശികളെ ഏൽപ്പിക്കാൻ പാടില്ല. കമ്മ്യൂണിക്കേഷൻ കേബിളുകൾ വലിക്കുക, സ്ഥാപിക്കുക, കണക്ട്ട് ചെയ്യുക, അറ്റകുറ്റപ്പണികൾ നടത്തുക തുടങ്ങിയ പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കാനും വിദേശികളെ അനുവദിക്കില്ല.
ടെലികോം എക്സ്ചേഞ്ചുകൾ, വിതരണകേന്ദ്രങ്ങൾ, സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ കമ്മ്യൂണിക്കേഷൻ ഉപകരണങ്ങളോ സംവിധാനങ്ങളോ കൈകാര്യം ചെയ്യാനും വിദേശികൾക്ക് കഴിയില്ല. വീടുകളിൽ കമ്മ്യൂണിക്കേഷൻ-ഐ.ടി ഉപകരണങ്ങളോ നെറ്റ്വർക്കോ സ്ഥാപിക്കുന്ന ജോലികളും വിദേശികളെ ഏൽപ്പിക്കരുതെന്നാണ് തീരുമാനം.
തീരുമാനം പ്രാബല്യത്തിൽ വന്ന് മൂന്ന് മാസത്തിനുള്ളിൽ ഈ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഇവ നടപ്പാക്കുന്നതിനുള്ള നടപടികൾ എടുക്കേണ്ടതാണ്.
ടെലികമ്മ്യൂണിക്കേഷൻ സേവനങ്ങൾക്ക് ഒമാനിൽ രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങളുമായി കരാറിൽ ഏർപ്പെടുന്നതിന് ട്രായുടെ മുൻകൂർ അനുമതി വാങ്ങേണ്ടതാണ്. കരാർ സംബന്ധിച്ച വിവരങ്ങൾ ഓരോ ആറുമാസം കൂടുമ്പോൾ അതോറിറ്റി തയാറാക്കിയിട്ടുള്ള നിശ്ചിത ഫോമിൽ സമർപ്പിക്കുകയും വേണം.
🇦🇪ദുബൈയില്‍ അജ്ഞാത മൃതദേഹം; തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്.
✒️ദുബൈയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിയാന്‍ സഹായം തേടി പൊലീസ്. ദുബൈ അല്‍ റഫ്ഫ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിന്റെ മൃതദേഹത്തില്‍ തിരിച്ചറിയാനുള്ള രേഖകളില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. ഇദ്ദേഹത്തെ കാണാതായതായി പരാതിയും ലഭിച്ചിട്ടില്ല.
ദുബൈ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് ആന്‍ഡ് സയന്‍സിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദുബൈ പൊലീസിന്റെ കോള്‍ സെന്ററില്‍ ബന്ധപ്പെടണം. ഫോണ്‍- (04) 901.
🇸🇦രണ്ടുവയസ്സുകാരി പ്രവാസി മലയാളി ബാലിക ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു.
✒️മലയാളിയായ രണ്ടുവയസുകാരി സൗദിയില്‍ ബക്കറ്റിലെ വെള്ളത്തില്‍ വീണ് മരിച്ചു. കോഴിക്കോട് കുറ്റിച്ചിറ സ്വദേശി കടാക്കല്‍ ആബിദിന്റെയും മാളിയേക്കല്‍ ഫറയുടെയും ഇളയ മകള്‍ റന (2 വയസ്സ്) ആണ് ദമ്മാമില്‍ നിര്യാതയായത്.
ഒരാഴ്ച മുമ്പ് ജുബൈലിലെ താമസ സ്ഥലത്ത് ബാത്ത്റൂമിലെ വെള്ളം നിറച്ചുവെച്ച ബക്കറ്റില്‍ വീണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ജുബൈല്‍ അല്‍മന ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍നിന്ന് പിന്നീട് ദമ്മാം അല്‍മന ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വെന്റിലേറ്ററില്‍ കഴിഞ്ഞിരുന്ന റാനയുടെ ജീവന്‍ രക്ഷിക്കാനുള്ള ഡോക്ടര്‍മാരുടെ തീവ്ര ശ്രമത്തിനൊടുവില്‍ ഇന്ന് രാവിലെ മാതാപിതാക്കളെയും കുടുംബങ്ങളെയും കണ്ണീരിലാഴ്ത്തി മരണത്തിനു കീഴടങ്ങുകയായിരുന്നു. സഹോദരന്‍ റയ്യാന്‍, സഹോദരി റിനാദ്.
🇦🇪ലോക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ തനിച്ചാക്കരുത്; ഈ വര്‍ഷം രക്ഷപ്പെടുത്തിയത് 36 പേരെ.
✒️അടച്ചിട്ട വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്ക് ഇരുത്തി പുറത്തു പോകരുതെന്ന് മുന്നറിയിപ്പുമായി ദുബൈ പൊലീസ് ജനറല്‍ കമാന്‍ഡ്. വേനല്‍ക്കാലത്ത് ഉള്‍പ്പെടെ ഇത്തരത്തില്‍ ലോക്ക് ചെയ്ത വാഹനങ്ങളില്‍ കുട്ടികളെ ഒറ്റക്കിരുത്തുന്നത് പലപ്പോഴും അപകടത്തിന് ഇടയാക്കും. വേനല്‍ക്കാലത്ത് പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ 70 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് ഉയര്‍ന്നേക്കാം.
ഈ വര്‍ഷം തുടക്കം മുതല്‍ ലോക്ക് ചെയ്ത കാറുകളില്‍ അപകടകരമായ രീതിയില്‍ കണ്ടെത്തിയ 36 കുട്ടികളെ ലാന്‍ഡ് റെസക്യൂ സംഘം രക്ഷപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി കുറച്ചു നേരത്തേക്ക് ആണെങ്കില്‍ പോലും പോകരുതെന്ന് മാതാപിതാക്കളോട് ദുബൈ പൊലീസ് ആവശ്യപ്പെട്ടു. കുട്ടികളുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാത്തത് ശിക്ഷാര്‍ഹമാണെന്നും പൊലീസ് ഓര്‍മ്മപ്പെടുത്തി.
അതേസമയം വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അബുദാബി പൊലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വാഹനങ്ങളില്‍ കുട്ടികളെ ഒറ്റയ്ക്കാക്കി പോകരുത്. പത്ത് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് കാറില്‍ ചൈല്‍ഡ് സീറ്റ് ഉണ്ടാകണമെന്നും പൊലീസ് അറിയിച്ചു. കുട്ടികളെ വാഹനങ്ങളുടെ മുന്‍സീറ്റിലിരുത്തി യാത്ര ചെയ്യുന്നത് ഗുരുതര കുറ്റമാണ്. 400 ദിര്‍ഹം പിഴയും ഡ്രൈവറുടെ ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയിന്റുമാണ് ശിക്ഷ.
0 Comments