Ticker

6/recent/ticker-posts

Header Ads Widget

അച്ഛനമ്മമാർ ജോലിക്ക് പോകുംമുമ്പ് അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കണം; വീണ്ടും കളക്ടര്‍ മാമന്‍...

മഴ കനക്കുന്ന പശ്ചാത്തലത്തിൽ കുട്ടികൾക്ക് പ്രത്യേക സ്നേഹോപദേശവുമായി വീണ്ടും ആലപ്പുഴ ജില്ലാ കളക്ടർ വി.ആര്‍. കൃഷ്ണ തേജ. അദ്ദേഹം കളക്ടറായി ചുമതലയേറ്റ ശേഷം കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കിലൂടെ കുട്ടികൾക്ക് നൽകിയ സന്ദേശവും വൈറലായിരുന്നു. സ്കൂളുകൾ നാളെയും അവധിയാണെന്ന് ഓർമ്മിപ്പിച്ച കളക്ടര്‍ കഴിഞ്ഞ ദിവസം പറഞ്ഞ കാര്യങ്ങൾ മറക്കരുതെന്നും വ്യക്തമാക്കി...

അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണമെന്നും പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണമെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ജില്ലാ കളക്‌ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചതിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് വി.ആർ കൃഷ്‌ണ തേജ ആലപ്പുഴ ജില്ലാ കളക്‌ടറായി നിയമിതനായത്. കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം, അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം തുടങ്ങിയ സ്നേഹോപദേശങ്ങളാണ് അദ്ദേഹം ഇന്നലെ കുട്ടികൾക്ക് നൽകിയത്.

ആലപ്പുഴ ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം.

പ്രിയപ്പെട്ട കുട്ടികളെ, നാളെയും അവധിയാണ് കേട്ടോ. എന്ന് വെച്ച് ഇന്നലെ പറഞ്ഞതൊന്നും മറക്കല്ലേ…
മഴക്കാലമായത് കൊണ്ട് തന്നെ അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ അവരുടെ ബാഗിൽ കുട, മഴക്കോട്ട്‌ എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം കേട്ടോ… പോകുന്നതിന് മുൻപ് അവരെ കെട്ടി പിടിച്ച് ഉമ്മ കൊടുക്കണം. ഞങ്ങൾ ഇവിടെ കാത്തിരിക്കുന്നെന്നും സൂക്ഷിച്ച് വണ്ടി ഓടിച്ച് വൈകിട്ട് നേരത്തെ വരണമെന്നും സ്നേഹത്തോടെ പറയണം. നല്ല ശീലങ്ങൾ പാലിക്കണം. മിടുക്കരാകണം.

കളക്ടറുടെ ഇന്നലത്തെ ഫേസ്ബുക്ക് പേജ് പോസ്റ്റ്‌...

ഒരുപാട് സ്‌നേഹത്തോടെ
നിങ്ങളുടെ പ്രിയപ്പെട്ട
കളക്ടര്‍ മാമന്‍...

പ്രിയ കുട്ടികളെ,
ഞാന്‍ ആലപ്പുഴ ജില്ലയില്‍ കളക്ടറായി ചുമതല ഏറ്റെടുത്തത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. 
എന്റെ ആദ്യ ഉത്തരവ് തന്നെ നിങ്ങള്‍ക്ക് വേണ്ടിയാണ്. നിങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണ്. 
നാളെ നിങ്ങള്‍ക്ക് ഞാന്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. 

എന്ന് കരുതി വെള്ളത്തില്‍ ചാടാനോ ചൂണ്ട ഇടാനോ പോകല്ലേ. നമ്മുടെ ജില്ലയില്‍ നല്ല മഴയാണ്. എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കണം. അച്ഛൻ അമ്മമാര്‍ ജോലിക്ക് പോയിട്ടുണ്ടാകും. അവരില്ലെന്ന് കരുതി പുറത്തേക്ക് ഒന്നും പോകരുത്. പകര്‍ച്ചവ്യാധി അടക്കം പകരുന്ന സമയമാണ്. പ്രത്യേകം ശ്രദ്ധിക്കണം.

കൃത്യ സമയത്ത് ഭക്ഷണം കഴിക്കണം. അവധിയെന്ന് കരുതി മടി പിടിച്ച് ഇരിക്കാതെ പാഠ ഭാഗങ്ങള്‍ മറിച്ചു നോക്കണം. നന്നായി പഠിച്ച് മിടുക്കരാകൂ...

സനേഹത്തോടെ

Post a Comment

0 Comments